മക്കള്‍ നല്ലവരായിടാന്‍

എന്‍.പി ഹാഫിസ് മുഹമ്മദ് No image

അമ്മയും അച്ഛനും എന്റെ മുന്നിലിരിക്കുന്നു. അച്ഛന്റെ മുഖത്തൊരുതരം മരവിപ്പ്. കച്ചവടക്കാരനാണയാള്‍. സമ്പാദ്യങ്ങളുണ്ട്. കുടുംബത്തിനൊരു സല്‍പേരുണ്ട്. മറ്റുള്ളവര്‍ക്ക് സഹായങ്ങളാകും വിധം ചെയ്യുന്നുണ്ട്. ഇതൊക്കെ പറഞ്ഞ് അയാള്‍ പരിതപിക്കുന്നു: 'എന്തുണ്ടായിട്ടെന്ത്, എന്റെ മോന്‍ ഇങ്ങനെയായിപ്പോയല്ലോ?'
അമ്മയുടെ കണ്ണു നിറഞ്ഞിട്ടുണ്ട്. അവരിടക്ക് വിതുമ്പിപ്പോകുന്നു: 'പഠിക്കുന്നില്ല. സാരല്യ, മര്യാദക്ക് മറ്റുള്ളവരോട് പെരുമാറിയാല്‍ മതിയായിരുന്നു.' എന്തിനും തര്‍ക്കുത്തരം. ധിക്കാരം. ദേഷ്യം പിടിച്ചാല്‍ കൈയില്‍ കിട്ടുന്നത് തകര്‍ക്കും. താഴെയുള്ള സഹോദരിയെ വേദനിപ്പിക്കും. അവര്‍ പറഞ്ഞു: ''എന്തിനാ ഇങ്ങനെ എനിക്കൊരു ജീവിതം.''
നാല്‍പത് വയസ്സിന് താഴെയുള്ള രക്ഷിതാക്കള്‍ മകന്റെ പെരുമാറ്റ ദൂഷ്യങ്ങള്‍ പറഞ്ഞ് കത്തുന്ന മനസ്സോടെ ചോദിക്കുന്നു: 'മോന്‍ ശര്യാവോ സാര്‍?'
നല്ല മക്കളെ പെറ്റ വയറേ തണുക്കൂ. രക്ഷിതാക്കള്‍ മക്കള്‍ നല്ലവരാകാന്‍ മാത്രമേ ആശിക്കൂ. മക്കള്‍ക്ക് വേണ്ടിയാണ് അവരുടെ ജീവിതം. ഒരു പിതാവ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: 'രണ്ട് കുട്ട്യേളാ, അവരെ ഒരു വഴിക്കാക്കണമെന്ന് വിചാരിച്ച് ഇത്രേം പാടുപെട്ടു. ചെയ്യാവുന്നതൊക്കെ ചെയ്തു. ഒടുവില്, ഞാനൊരു വഴിക്കായിപ്പോയി.'
കാലാതീതമായ, ദേശാതീതമായ ശുദ്ധ ബന്ധമാണ് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ളത്. ഏതു സാംസ്‌കാരിക ചുറ്റുപാടുകളിലും രക്ഷാകര്‍തൃത്വം പ്രധാനപ്പെട്ടതാണ്. മാതാപിതാക്കള്‍ പട്ടിണി കിടന്ന് മക്കളെ പോറ്റുന്നു. സ്‌നേഹവും പരിചരണവും നല്‍കി സുരക്ഷിതത്വത്തിന്റെ കൂടാരത്തില്‍ അവര്‍ മക്കള്‍ക്ക് വളര്‍ച്ചക്കനുകൂലമായ ചുറ്റുപാടുകള്‍ ഉണ്ടാക്കുന്നു. ആവുംവിധം ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. കുട്ടി ഒരു പൊന്നുമ്മ കൊണ്ട് അവര്‍ക്ക് ആഹ്ലാദം നല്‍കുന്നു. അടുപ്പവും അനുസരണവും കൊണ്ട് അവര്‍ക്ക് മറുപടി കൊടുക്കുന്നു. മക്കള്‍ എവിടെയെത്തിയാലും രക്ഷിതാക്കളെ നന്ദിയോടെ, കടപ്പാടോടെ ഓര്‍ക്കുന്നു. അവരില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒന്നുമാവുകയില്ലായിരുന്നുവെന്ന് വിധേയത്വത്തോടെ എന്നും സ്മരിക്കുന്നു.
പലരും ജീവിതത്തിന്റെ ഏറ്റവും വലിയ ഐഹിക ധര്‍മമായി രക്ഷാകര്‍തൃത്വത്തെ കണക്കാക്കുന്നു. ഈ ഭൂമിയില്‍ വന്നുപെട്ടതു പോലും മക്കളെ പോറ്റി വളര്‍ത്താനാെണന്നവര്‍ കരുതുന്നു. അവരഭിമാനത്തോടെ ഒരിക്കലും മായാത്ത ഓര്‍മകള്‍ താലോലിക്കുന്നു. ധന്യജീവിതത്തിന് സര്‍വേശ്വരനോട് നന്ദി പറയുന്നു.
ചിലര്‍ക്ക് വിധിക്കപ്പെട്ടതിതല്ല. രക്ഷാകര്‍ത്താക്കളെന്ന നിലയില്‍ ദുരന്തപൂര്‍ണമായ അനുഭവ കഥകളാണ് അവര്‍ക്ക് പറയാനുള്ളത്. വേദനകള്‍ മാത്രമാണ് അവര്‍ക്ക് ഓര്‍ക്കാനുള്ളത്. മക്കളവര്‍ക്കൊരു പേടിസ്വപ്നമാണ്. തള്ളാനും കൊള്ളാനും കഴിയാതെ എരിയുന്നു. ജീവിതം തന്നെ മടുക്കുന്നു.
രക്ഷിതാക്കള്‍ പലരും കൗണ്‍സലിംഗ് ടേബിളില്‍ വെച്ച് ചോദിച്ചിട്ടുണ്ട്: 'എന്താ ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്? എവിടാ പിഴച്ചത് എന്നാ അറിയാത്തേ; അതൊന്ന് അറിയാന്‍ പറ്റ്വോ?'
പല രക്ഷിതാക്കളും മക്കളെ ഏറ്റവും ഉചിതമായ വിധം വളര്‍ത്തിയിട്ടേ ഉള്ളു എന്ന് കരുതുന്നു. പട്ടിണി കിടത്തിയിട്ടില്ലെന്ന് മാത്രമല്ല, ഏറ്റവും രുചികരമായ ഭക്ഷണമേ കൊടുത്തിട്ടുള്ളൂ. ഏറ്റവും നല്ല കളിപ്പാട്ടമേ വാങ്ങിക്കൊടുത്തിട്ടുള്ളൂ. വിലപിടിച്ച ഉടുപ്പുകളാണ് വാങ്ങിക്കൊടുത്തത്. പ്രശസ്ത വിദ്യാലയത്തിലാണ് പഠിപ്പിച്ചത്. എന്ത് ചോദിച്ചാലും നിവര്‍ത്തിച്ചു കൊടുത്തു. എന്നിട്ടും മകന്‍/മകള്‍ എങ്ങനെ ഈവിധമായി? അവര്‍ ഉത്തരം കിട്ടാതെ പുകയുന്നു.
കുട്ടികള്‍ രക്ഷാകര്‍ത്താക്കളോ കുടുംബമോ ആഗ്രഹിക്കാത്ത വിധം വഴി പിഴക്കുന്നതിന് കാരണങ്ങള്‍ പലതാണ്. ശാരീരീകവും മാനസികവും സാമൂഹികവുമായ കാരണങ്ങള്‍ കുട്ടിയുടെ പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് കാരണമാകാവുന്നതാണ്. ജൈവശാസ്ത്രപരമായ ചില ഘടകങ്ങള്‍ കുട്ടികളിലെ ചില വൈകല്യങ്ങള്‍ക്കും വ്യവഹാരപരമായ തകരാറുകള്‍ക്കും വഴിവെക്കാറുണ്ട്. നാഡീസംബന്ധമായ തകരാറുകള്‍ പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് അടിസ്ഥാനമാകുന്നു. വളരെ കുറഞ്ഞ ശതമാനം കുട്ടികള്‍ക്ക് മാത്രമേ ഇത്തരം ശാരീരികമായ കാരണങ്ങള്‍ വ്യക്തിത്വ വൈകല്യങ്ങള്‍ ഉണ്ടാക്കാറുള്ളൂ. അത് എത്രയും ചെറിയപ്രായത്തില്‍ തന്നെ കണ്ടുപിടിക്കാനും വൈദ്യശാസ്ത്ര-മനഃശാസ്ത്ര സംയുക്ത ചികിത്സ കൊണ്ട് കുറെയൊക്കെ പരിഹാരം കാണാനും സാധിച്ചാല്‍ ഭാഗ്യമായി. മാറാരോഗമാണെങ്കില്‍ നിത്യശ്രദ്ധയും പരിചരണവും, ചിലപ്പോള്‍ ചികിത്സയും അനിവാര്യമായി വരുന്നു.
മാനസികമായ കാരണങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തില്‍ പ്രതികൂല പ്രകടനങ്ങള്‍ വരുത്താറുണ്ട്. അമിതമായ ദേഷ്യം, വെറുപ്പ്, പക, നശീകരണസ്വഭാവം, അക്രമവാസന തുടങ്ങിയവ മനഃശാസ്ത്രപരമായ കാരണങ്ങളാല്‍ ചില കുട്ടികളില്‍ കാണുന്നു. ഇത്തരം മാനസിക ഘടകങ്ങളെ പലപ്പോഴും രക്ഷിതാക്കള്‍ക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നില്ല. നേരത്തെ കണ്ടെത്തി മനഃശാസ്ത്ര ചികിത്സയോ കൗണ്‍സലിംഗോ ഇത്തരം കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത്തരം കുട്ടികളെ ചികിത്സിക്കാനാവുന്ന ചൈല്‍ഡ് ക്ലിനിക്കുകള്‍ നമ്മുടെ നാട്ടില്‍ എണ്ണത്തില്‍ വളരെ കുറച്ചേ ഉള്ളൂ എന്നതാണ് ഖേദകരം.
സാമൂഹികാന്തരീക്ഷമാണ് കുട്ടികളുടെ സ്വഭാവ വൈകല്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കുടുംബം, അയല്‍പക്കം, സുഹൃത്തുക്കള്‍, മാധ്യമങ്ങള്‍ തുടങ്ങിയവ കുട്ടിയുടെ സാമൂഹീകരണത്തില്‍ സാരമായ പങ്കുവഹിക്കുന്നുണ്ട്. വെറുക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക സാഹചര്യം ആരോഗ്യകരമായ മനസ്സിന്റെ നിര്‍മിതി നടത്തുന്നില്ല. കുട്ടികളില്‍ ആത്മാഭിമാനം വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്ക് നല്ല പങ്കുണ്ട്. അംഗീകരിക്കപ്പെടുകയും പ്രോത്സാഹനം ലഭിക്കുകയും ചെയ്യുന്ന കുട്ടികള്‍ ഉയര്‍ന്ന ആത്മാഭിമാനമുള്ളവരായി തീരുന്നു. വൈകാരികമായ സന്തുലിതാവസ്ഥ അവര്‍ നേടിയെടുക്കുന്നു. ചുറ്റുമുള്ള ലോകം അടുപ്പവും സുരക്ഷിതത്വവും നല്‍കുമ്പോള്‍ അതാണ് തനിക്കേറ്റവും ഇണങ്ങിയതെന്ന് കുട്ടി തിരിച്ചറിയുന്നു.
കുടുംബത്തില്‍ വെച്ച് ലഭിക്കുന്ന സൗഹൃദാന്തരീക്ഷവും അംഗീകാരവും കുട്ടിയുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിക്കുന്നു. നല്ലതു ചെയ്യാനുള്ള പ്രേരണയായി തീരുന്നു. നേട്ടങ്ങളുണ്ടാക്കാനും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമുള്ള ആഗ്രഹങ്ങള്‍ കുട്ടിയില്‍ വളരുന്നു. ജയങ്ങള്‍ ആത്മവിശ്വാസം ഏറ്റും. പരാജയങ്ങളുണ്ടാവുമ്പോള്‍ താങ്ങും തണലുമാണ് ലഭിക്കുന്നതെങ്കില്‍ കുട്ടി സ്വയം തിരുത്താന്‍ ശ്രമിക്കുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാനും പ്രതികൂല സാഹചര്യങ്ങള്‍ പോലും അഭിമുഖീകരിക്കാനും അത് പാതയൊരുക്കുന്നു.
എന്തിനും പഴിക്കപ്പെടുന്ന കുട്ടിയുടെ മാനസികാരോഗ്യം തകര്‍ക്കപ്പെടുന്നു. കടുത്ത ശിക്ഷകള്‍ കുട്ടിയെ തളര്‍ത്തുന്നുണ്ട്. ചിത്രം വരക്കുന്ന കുട്ടിയെ കുറ്റപ്പെടുത്തുമ്പോള്‍ കുട്ടിയുടെ ഇഷ്ടവും വളര്‍ത്തിയെടുക്കാവുന്ന കഴിവുമാണ് ഇല്ലാതാക്കുന്നത്. പാട്ടുപാടാനോ കഥകള്‍ വായിക്കാനോ കളിക്കാനോ താല്‍പര്യമുള്ള കുട്ടികള്‍ക്ക് പ്രശംസ നല്‍കി പഠനമേഖലയിലും നേട്ടങ്ങളുണ്ടാക്കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്. ഉള്ള കഴിവിനെ കുറ്റപ്പെടുത്തുന്നതോടെ വളര്‍ത്താനിടയുള്ള മറ്റുകഴിവുകളെ കൂടിയാണ് രക്ഷിതാക്കളും, പല അധ്യാപകരും ഇല്ലാതാക്കുന്നത്. പ്രിയപ്പെട്ടവരില്‍ നിന്ന് ലഭിക്കാതെ പോകുന്ന അംഗീകാരം മനസ്സില്‍ കുറിച്ച് മോശപ്പെട്ട വിലയിരുത്തലിനും തീരുമാനത്തിനുമാണ് മാര്‍ഗമൊരുക്കുന്നത്.
കുട്ടികള്‍ക്ക് ആവശ്യമുള്ള നിര്‍ദേശങ്ങളും കല്‍പനകളും കൊടുക്കുമ്പോള്‍ തന്നെ, അര്‍ഹതപ്പെട്ട സ്വാതന്ത്ര്യവും നല്‍കേണ്ടതുണ്ട്. അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും ആശയങ്ങള്‍ കൈമാറാനും തോന്നലുകള്‍ പങ്കുവെക്കാനും കുടുംബത്തിലും വിദ്യാലയത്തിലും വെച്ച് സാധിക്കേണ്ടതുണ്ട്. കര്‍ശനമായ വിലക്കുകളും കടുത്ത ശിക്ഷകളും മാത്രം ലഭിക്കുന്ന കുട്ടിയില്‍ വിപരീത ഫലങ്ങളാണ് പലപ്പോഴും ഉണ്ടാക്കുന്നത്. കുട്ടിക്ക് അവനവനോട് തന്നെയുള്ള ഇഷ്ടവും ആദരവും നശിപ്പിക്കുന്ന വിധം വിമര്‍ശനങ്ങളും ശിക്ഷകളും നല്‍കിക്കൊണ്ടിരിക്കുന്നതും ഒഴിവാക്കണം.
കുട്ടി സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ പുച്ഛിച്ച് തള്ളരുത്. അവരുടെ ഭാവനയെ രക്ഷിതാക്കളും അധ്യാപകരും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കുട്ടികള്‍ കളികളില്‍ നിന്ന് പലതും പഠിക്കുന്നുണ്ട്. അവര്‍ക്കതിനുള്ള അന്തരീക്ഷവും സമയവും അനുവദിച്ചുകൊടുക്കുകയും സമയം പാലിക്കാന്‍ ചെറുപ്പത്തിലേ ശീലിപ്പിക്കുകയും വേണം. ബുദ്ധിശക്തിയും ഓര്‍മശക്തിയും വളര്‍ത്തിയെടുക്കുന്ന കളിപ്പാട്ടങ്ങള്‍ വാങ്ങിച്ചു കൊടുക്കേണ്ടതുണ്ട്. കഥകള്‍ പറഞ്ഞുകൊടുക്കുന്നത് കുട്ടികളുടെ ഗ്രഹണശേഷിയും, കഥകളും പാട്ടുകളും പഠിപ്പിക്കുന്നതും ആശയവിനിമയ ശക്തി വളര്‍ത്താന്‍ സഹായിക്കുന്നു. കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുക്കണം. പഠിക്കാന്‍ നിശ്ചിത സമയം ഉണ്ടാക്കിയെടുക്കാന്‍ പരിശീലിപ്പിക്കുന്നത് നല്ലതാണ്.
രക്ഷിതാക്കളെ കണ്ടാണ് കുട്ടികള്‍ ജീവിതത്തിലെ മാതൃകകള്‍ ഉണ്ടാക്കുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹവും വിദ്വേഷവും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. മാതൃകാ കുടുംബം കുട്ടിയെ ജീവിതത്തെ ഇഷ്ടപ്പെടാനും സഹജീവികളെ സ്‌നേഹിക്കാനും പഠിപ്പിക്കുന്നു. സംഘര്‍ഷഭരിതമായ വീട് ശിഥിലീകരണത്തിന് കാരണമാകുന്നു.
ശേഷക്രിയ
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുമുണ്ട്.
Cകുട്ടികളെല്ലാം വ്യത്യസ്തരാണ്. ഈ വ്യത്യസ്തത അംഗീകരിച്ചുകൊണ്ടാവണം അവരോട് ഇടപഴകേണ്ടത്.
Cകുട്ടികളെ താരതമ്യപ്പെടുത്തരുത്.
Cകുട്ടികളുടെ ലോകം തങ്ങളുടേത് പോലെയാവണമെന്ന് വലിയവര്‍ ശാഠ്യം പിടിക്കരുത്.
Cകുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കൊടുക്കുക. രക്ഷിതാക്കളുടെ രുചിയോ മുന്‍വിധിയോ അവരുടെ ഭക്ഷണ കാര്യത്തില്‍ പാലിക്കരുത്.
Cകുട്ടിയെ അംഗീകരിക്കേണ്ട നിമിഷങ്ങളില്‍ അത് ചെയ്യുക. നല്ലവാക്കുകള്‍ക്ക് മാന്ത്രിക ഫലമുണ്ടാവും. പ്രശംസ മറ്റുള്ളവരുടെ മുമ്പില്‍ വെച്ചാവട്ടെ.
Cകുട്ടികള്‍ക്ക് അബദ്ധം പറ്റുമ്പോള്‍ മൊത്തം വ്യക്തിത്വത്തെ അക്രമിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്.
Cസംശയങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം നല്‍കുക. അതിനെ വിഡ്ഢിത്തമായി പഴി ചാരരുത്. കുട്ടികളുടെ അന്വേഷണ താല്‍പര്യത്തെയും കണ്ടെത്താനുള്ള വാസനയെയും അതില്ലാതാക്കും.
Cകുട്ടികളിലെ ശാഠ്യം ഉണ്ടാക്കുന്നതും വളര്‍ത്തുന്നതും രക്ഷിതാക്കളാണ്. അവര്‍ ആവശ്യപ്പെടുന്ന സാധനം അപ്പോള്‍ തന്നെ നല്‍കുക. അലമുറയിടുമ്പോള്‍ മാത്രം അതുവരെ കിട്ടാത്തത് ലഭിക്കുമ്പോള്‍ കുട്ടി ശാഠ്യം ശീലമാക്കുന്നു.
Cകുട്ടിയെ ബോധ്യപ്പെടുത്തിയാവണം രക്ഷിതാക്കള്‍ അവരോട് അരുതെന്ന് പറയുന്ന കാര്യങ്ങള്‍ ആവശ്യമെങ്കില്‍ ചെയ്യേണ്ടത്.
ശിക്ഷ നല്‍കേണ്ട സന്ദര്‍ഭത്തില്‍ നല്‍കുക. എന്തിനാണ് ശിക്ഷയെന്ന് കുട്ടി അറിഞ്ഞിരിക്കണം. രക്ഷിതാക്കളിലൊരാള്‍ ശിക്ഷനല്‍കുമ്പോള്‍ മറ്റെയാള്‍ രക്ഷക്കായി ചെല്ലരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിയെ ന്യായീകരിക്കുന്നതും അപകടകരമാണ്. രക്ഷിതാക്കളിരുവരും ശിക്ഷയുടെ കാര്യത്തില്‍ ഒരു തീരുമാനമാവണം എടുക്കേണ്ടത്. കടുത്ത ശാരീരിക വേദനയുണ്ടാക്കുന്ന ശിക്ഷകളൊരിക്കലും നല്‍കുകയുമരുത്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top