മാലിന്യരോഗത്തിന് സംസ്‌കരണ മരുന്ന്‌

സി.എ.സെയ്ത് ആലുവ No image

കുടുംബത്തെ അലട്ടുന്ന പ്രധാനപ്രശ്‌നമാണ് മാലിന്യ നിര്‍മാര്‍ജനം. വിശാലമായ പറമ്പുകളും തോടുകളും ഉണ്ടായിരുന്ന കാലത്ത് വീട്ടില്‍ ഉപയോഗിച്ച് ബാക്കിവരുന്ന ഓരോ വസ്തുവും വളരെയധികം ഉപയോഗപ്രദമായിരുന്നു.
കാലം മാറി. പ്ലാസ്റ്റിക് യുഗം വന്നതോടെ കുടുംബാന്തരീക്ഷത്തിലും മാറ്റം വന്നു. ഉപയോഗം കഴിഞ്ഞ് ബാക്കിവരുന്നവയുടെ സംരക്ഷണം പ്രശ്‌നമായി മാറി. ഫ്‌ളാറ്റ് സംസ്‌കാരം വളര്‍ന്നതോടെ അത് വളരെയധികം രൂക്ഷമായിത്തീര്‍ന്നു. നഗരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ നഗരപ്രാന്തങ്ങളില്‍ കൊണ്ടുപോയി തള്ളുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. ഗ്രാമങ്ങളിലെ വീട്ടകങ്ങളിലെ ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക്ക് കുട്ടകളിലാക്കി നഗരത്തിലെ റോഡുവക്കില്‍ ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഉള്ളത്. കൂടാതെ അറവ് മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍, ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ എന്നിവയും വളര്‍ന്നുകൊണ്ടേയിരിക്കുന്നു.
2011 ജൂണില്‍ കോട്ടക്കല്‍ പറപ്പൂരില്‍ ചേര്‍ന്ന ഐ.ആര്‍.ഡബ്ലിയു (ഐഡിയല്‍ റിലീഫ് വിംഗ്) വാര്‍ഷിക ക്യാമ്പ് മാലിന്യ നിര്‍മാര്‍ജനത്തില്‍ പുതിയ അവബോധം ഗ്രാമങ്ങളിലെ കുടുംബങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ടു. ആദ്യമായി ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി റോഡുകളില്‍ തള്ളുന്ന സംസ്‌കാരത്തില്‍ നിന്ന് മാറ്റി നാം സൃഷ്ടിക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണം നാം തന്നെ നടത്തുമെന്ന ആഹ്വാനം വീടുകളില്‍ പരിചയപ്പെടുത്തുന്നതിന് തീരുമാനമായി.
സാധ്യതാ പഠനത്തിനു ശേഷം തെരഞ്ഞെടുത്ത ഗ്രാമപ്രദേശങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണത്തോടൊപ്പം അടുക്കളത്തോട്ട നിര്‍മാണവും എന്ന പദ്ധതിക്ക് രൂപംനല്‍കി. വ്യക്തിശുചിത്വത്തിന് പ്രാധാന്യം നല്‍കുന്നവര്‍ പരിസര ശുചിത്വം മറന്നുപോകുന്നു എന്നതിനാല്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തി. അതിനുവേണ്ടി കോഴിക്കോട് ചില വ്യക്തികള്‍ ജൈവമാലിന്യ സംസ്‌കരണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 'ബയോ പെഡസ്റ്റല്‍ കോളം' എന്ന മാലിന്യ സംസ്‌കരണ സംവിധാനം ചില മാറ്റങ്ങളോടെ പ്രചരിപ്പിക്കുന്നതിന് ഐ.ആര്‍.ഡബ്ലിയുടെ സഹായത്തോടെ ശ്രമിച്ചു.
എട്ട് ഇഞ്ച് വ്യാസവും മൂന്ന് മീറ്റര്‍ നീളവുമുള്ള ഒരു പൈപ്പ്, ഒരു ബക്കറ്റ്, കുറച്ച് മെറ്റല്‍, ഒരു ടൈലിന്റെ പീസ് എന്നിവയാണ് ആവശ്യമായ വസ്തുക്കള്‍. ബക്കറ്റില്‍ മെറ്റല്‍ ഇട്ട് അതില്‍ കുത്തിനിര്‍ത്തുന്ന പി.വി.സി പൈപ്പ് ബക്കറ്റ് മൂടത്തക്കവിധം മണ്ണില്‍ കുഴിയെടുത്ത് അതില്‍ വെച്ച് മണ്ണിട്ട് മൂടുക. തുടര്‍ന്ന് പൈപ്പിന്റെ ചുറ്റുഭാഗത്തുമായി മണ്ണ് കൂനകൂട്ടികൊടുക്കണം. പൈപ്പില്‍ കുറച്ച് വെള്ളമൊഴിക്കുക. തുടര്‍ന്ന് വീട്ടിലെ ദൈനംദിനമുണ്ടാക്കുന്ന ജൈവമാലിന്യങ്ങള്‍ പൈപ്പില്‍ നിക്ഷേപിക്കുകയും വാസന പുറത്ത് വരാതിരിക്കുന്നതിന് ടൈല്‍പീസ് കൊണ്ട് മൂടിവെക്കുകയും വേണം. ജൈവമാലിന്യങ്ങള്‍ മണ്ണില്‍ ലയിച്ച് വളമായിത്തീരുന്നു. കോളത്തിന്റെ ചുറ്റുമായി പച്ചക്കറി തൈകള്‍ വളര്‍ത്താം. കോളത്തില്‍ ഇടക്ക് അല്‍പം യൂറിയ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. വളരെ വേഗത്തില്‍ മാലിന്യങ്ങള്‍ ജീര്‍ണിച്ച് മണ്ണില്‍ ലയിക്കും.
സാധാരണ കുടുംബത്തിലെ വെയ്സ്റ്റ് ഇടുന്നതിന് നാല് മുതല്‍ അഞ്ച് മാസം വരെ ഇത് ഉപയോഗിക്കാം. ഇത് നിറഞ്ഞു കഴിഞ്ഞാല്‍ മറ്റൊരു കോളം നിര്‍മിച്ച് അതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കണം.
ജീര്‍ണിച്ച് തീരുന്ന മുറക്ക് ആദ്യ കോളം മാറ്റി സ്ഥാപിക്കാവുന്നതാണ്. ഒരു കോളം നിര്‍മാണത്തിന് ആയിരത്തില്‍ താഴെ മാത്രമാണ് ചെലവ് വരിക. വീട്ടിലെ പച്ചക്കറി, മത്സ്യ-മാംസ ഭക്ഷ്യാവശിഷ്ടങ്ങള്‍ തുടങ്ങിയവ ഇതില്‍ നിക്ഷേപിക്കാവുന്നതാണ്.
വളരെ ചെലവുകുറഞ്ഞതും സാങ്കേതികത്വം ഇല്ലാത്തതും മണ്ണിനെ ജൈവ സംപുഷ്ടമാക്കുന്നതുമായ ഈ സംസ്‌കരണരീതി സാധാരണ കുടുംബങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണ്.
2011 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി കീഴുമാട് ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കോട്ടയം, ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തിലെ 60 വീടുകളിലും ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം ഇത്തരത്തിലുള്ള കോളങ്ങള്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top