കേട്ടു കേള്‍വി വൈറസുകള്‍

സ്വാലിഹ No image

മഹാനായ സ്വഹാബി ഇബ്‌നു അബ്ബാസ് പറയുന്നു: ''ഒരിക്കല്‍ പ്രവാചകന്‍ വലീദ് ബ്‌നു ഉഖ്ബ എന്നയാളെ സകാത്ത് പിരിച്ചെടുക്കാനായി ബനൂ മുസ്തലിഖ് ഗോത്രത്തിലേക്ക് അയച്ചു. വിവരമറിഞ്ഞ് മുസ്തലിഖ് ഗോത്രക്കാര്‍ പ്രവാചകന്റെ പ്രതിനിധിയെ സ്വീകരിക്കാനായി കൂട്ടത്തോടെ ഇറങ്ങിവന്നു. ഇവരൊന്നിച്ച് തന്നെ കൊല്ലാന്‍ വരികയാണെന്ന് തെറ്റിദ്ധരിച്ച് വലീദ് ഉടന്‍ തന്നെ മദീനയിലേക്ക് തിരിച്ചുപോന്നു. എന്നിട്ട് പ്രവാചകനോട് ഇങ്ങനെ പറഞ്ഞു: 'മുസ്തലിഖുകാര്‍ സകാത്ത് നല്‍കാന്‍ കൂട്ടാക്കുന്നില്ല.' ഇത് പ്രവാചകനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. അവര്‍ക്കെതിരെ സൈനിക നീക്കത്തിന് വരെ ആലോചനയുണ്ടായി. അതിനിടെ മുസ്തലിഖുകാര്‍ പ്രവാചക സന്നിധിയില്‍ വന്നുകയറി. അവര്‍ പറഞ്ഞു: പ്രവാചകരേ, താങ്കളുടെ പ്രതിനിധി വഴിക്ക് വെച്ച് തിരിച്ച് പോന്നതായി അറിയാന്‍ കഴിഞ്ഞു, താങ്കള്‍ ഞങ്ങളോട് കോപിച്ചിരിക്കുകയാണെന്നും. താങ്കളില്‍ നിന്ന് ഒരു സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തിരിച്ച് പോന്നതെന്നും ഞങ്ങള്‍ ഭയപ്പെടുന്നു. താങ്കളും താങ്കളുടെ പ്രതിനിധിയും ഞങ്ങളോട് കോപിക്കാതിരിക്കാന്‍ ഞങ്ങള്‍ സര്‍വലോക നാഥനില്‍ ശരണം തേടുന്നു. അപ്പോഴാണ് ഖുര്‍ആനിലെ ഹുജറാത്ത് അധ്യായത്തിലെ ഈ സൂക്തം(6) അവതരിച്ചത്: ''വിശ്വാസികളേ, വല്ല കുബുദ്ധിയും ഏതെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണത്. അങ്ങനെ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും.''
'നാം നമുക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണ് സ്വാതന്ത്ര്യം' എന്ന ഡച്ച് പഴമൊഴിയും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം. കേട്ടുകേള്‍വികള്‍ പാടി നടക്കുന്നതിന്റെ അപകടത്തെക്കുറിച്ചാണ് നാം പറഞ്ഞുവരുന്നത്. ചിലപ്പോഴത് മനഃപ്പൂര്‍വമാകാം, ചിലപ്പോള്‍ മനഃപൂര്‍വമല്ലാതെയും. ഈ സംഭവത്തില്‍ വലീദ് മനഃപൂര്‍വം ഊഹമോ കിംവദന്തിയോ പരത്തുകയായിരുന്നില്ല. താന്‍ ഊഹിച്ചെടുത്തത് ശരിയാണോ എന്ന് ഉറപ്പ് വരുത്തിയില്ല എന്നതാണ് അദ്ദേഹം വരുത്തിയ തെറ്റ്്. ഇതൊരു സാധാരണ തെറ്റല്ല. ഒരു യുദ്ധത്തിന് കാരണമാക്കുമായിരുന്ന ഗുരുതര വീഴ്ചയാണ്. സമൂഹങ്ങള്‍ക്കിടയില്‍ മനഃപൂര്‍വം കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത് എത്ര വലിയ കുറ്റകൃത്യത്തിലാണെന്ന് ആലോചിക്കുന്നില്ല.
മനസ്സിലെ അസൂയയും വെറുപ്പും മറ്റു ദുര്‍വികാരങ്ങളുമാണ് ഒരാളെ മനഃപൂര്‍വം ഊഹങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്തെങ്കിലും എവിടെ നിന്നെങ്കിലും കേട്ടാല്‍ മതി, അയാളത് ആഹ്ലാദത്തോടെ ഏറ്റെടുത്തുകൊള്ളും. എതിരാളികളെ അടിക്കാന്‍ കിട്ടിയ വടിയായി അതിനെ ഉപയോഗിക്കും. തന്റെ എതിരാളികളില്‍ ഒരു പാട് നന്‍മകളുണ്ടാവും. അതൊന്നും ഈ ഊഹാപോഹ പ്രചാരകര്‍ കാണുകയേ ഇല്ല. 'നന്മകള്‍ പറയപ്പെടുമ്പോള്‍ ചെവിപൊട്ടനായി നില്‍ക്കും, വേണ്ടാത്തത് കേള്‍ക്കാന്‍ ചെവി വിടര്‍ത്തി നില്‍ക്കും' എന്നൊരു അറബിക്കവി പാടിയിട്ടുണ്ട്.
''സമാധാനത്തിന്റെയോ ഭയത്തിന്റെയോ വല്ല വാര്‍ത്തയും വന്നുകിട്ടിയാല്‍ അവരത് കൊട്ടിഘോഷിക്കും. മറിച്ച്, അവരത് ദൈവദൂതനും അവരിലെത്തന്നെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചിരുന്നെങ്കില്‍ ഉറപ്പായും അവരിലെ നിരീക്ഷണ പാടവമുള്ളവര്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ പിശാചിന്റെ പിന്നാലെ പോകുമായിരുന്നു. ഏതാനും ചിലരൊഴികെ.'' ഈ ഖുര്‍ആനിക സൂക്തത്തെ ശഹീദ് സയ്യിദ് ഖുത്വ്ബ് ഇങ്ങനെ വിശദീകരിക്കുന്നു: ഇസ്‌ലാമിക സമൂഹത്തില്‍ വ്യവസ്ഥക്ക് കീഴ്‌പ്പെടാതെ നില്‍ക്കുന്ന ചിലയാളുകളുണ്ടാവും. ഊഹങ്ങളും കേട്ടുകേള്‍വികളും പ്രചരിപ്പിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ക്ക് പിടിപാടുണ്ടാവുകയില്ല. ഒരു വ്യക്തിയെക്കുറിച്ചാവും ചിലപ്പോള്‍ ഊഹം പറഞ്ഞിട്ടുണ്ടാവുക. പക്ഷെ അത് സമൂഹത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ചിട്ടുണ്ടാവും. ചിലപ്പോള്‍ ഈ ആദര്‍ശസമൂഹത്തോട് കാര്യമായ കടപ്പാടൊന്നും ഇല്ലാത്തവരായിരിക്കും ഇക്കൂട്ടര്‍. ഊഹപ്രചാരണം നാശനഷ്ടമുണ്ടാക്കുന്നുണ്ടെങ്കില്‍ ഉണ്ടാക്കട്ടെ എന്നാവും അവരുടെ ചിന്ത. രണ്ട് തരം ഊഹപ്രചാരണങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഒന്ന്, തെളിവുകളുടെ പിന്‍ബലത്തില്‍ ഏത് നിമിഷവും ശത്രുവിന്റെ ആക്രമണമുണ്ടാവുമെന്ന് കരുതി മുന്‍കരുതലുകളോടെ നിലയുറപ്പിക്കുന്ന ഒരു സമൂഹത്തില്‍ കേവലം ഊഹാപോഹങ്ങളുടെ ബലത്തില്‍ അങ്ങനെയൊന്നുമില്ലെന്ന് പ്രചരിപ്പിച്ച് ആ ജാഗ്രത ഇല്ലാതാക്കുക. രണ്ട്്,സമാധാനം നിലനില്‍ക്കുന്ന സമൂഹത്തില്‍ പല കേട്ടുകേള്‍വികളും ഏറ്റുപിടിച്ച് ഭീതി പരത്തുക. രണ്ട് പ്രവൃത്തികള്‍ക്കും വിനാശകരമായ പരിണിതിയായിരിക്കും ഉണ്ടാവുക.
'സംസാരിക്കുന്നവന്‍ ഭ്രാന്തനാണെങ്കില്‍, കേള്‍ക്കുന്നവന്‍ വിവേകമതിയായിരിക്കണം' എന്നൊരു അറബി ചൊല്ലുണ്ട്്. ഊഹാപോഹങ്ങള്‍ വരുത്തിവെക്കുന്ന വിനകളെ തടുക്കാന്‍ സമൂഹത്തിലെ ഓരോ വ്യക്തിയും ജാഗരൂകനാവണമെന്നാണ് അത് നല്‍കുന്ന സന്ദേശം. ചൈനയിലെ ഒരു നഗരത്തില്‍ ഇന്റര്‍നെറ്റിലൂടെയും മറ്റും വ്യക്തിഹത്യ നടത്തുന്നവര്‍ക്കും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും 630 ഡോളര്‍ പിഴയിടുന്നുണ്ട്്. പ്രവാചകന്‍ പറഞ്ഞു: 'പറഞ്ഞുകേള്‍ക്കുന്നവയെ യാത്രാവാഹനമാക്കുന്നവന്‍ എത്ര നികൃഷ്ടന്‍.'
പ്രവാചക പത്‌നി ആഇശക്കെതിരെയുണ്ടായ അപവാദ പ്രചരണത്തിന് തുടക്കമിട്ടത് കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂല്‍ ആയിരുന്നു. ചില സ്വഹാബികള്‍ പോലും ആ പ്രചാരണങ്ങളില്‍ വീണുപോവുകയും അതേറ്റ് പിടിക്കുകയും ചെയ്തതില്‍ നിന്ന്് എത്ര ആസൂത്രിതമായാണ് അത് സംഘടിപ്പിക്കപ്പെട്ടതെന്ന് ഊഹിക്കാം. തെറ്റിധാരണകളുടെ പുകമറ നീക്കാന്‍ ദിവ്യവെളിപാട് തന്നെ വേണ്ടിവന്നു. അന്നൂര്‍ അധ്യായത്തിലെ 11 മുതല്‍ 18 വരെയുള്ള സൂക്തങ്ങളില്‍ ആ കുറ്റകൃത്യത്തിന്റെ ബീഭത്സത വ്യക്തമാവുന്നുണ്ട്. ''നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവ ്‌കൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായ കൊണ്ട് പറഞ്ഞുപരത്തി. നിങ്ങളത് നിസ്സാരമെന്ന്് കരുതി. എന്നാല്‍ അല്ലാഹുവിങ്കല്‍ അത് ഗുരുതരമായ കാര്യമാണ്. ''ഈ പ്രയോഗങ്ങള്‍ ശ്രദ്ധിച്ച് നോക്കൂ. വര്‍ത്തമാനം നാവില്‍ നിന്ന് നാവിലേക്ക്് പോവുകയാണ്. അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച ചിന്തയോ വീണ്ടുവിചാരമോ അന്വേഷണമോ ഒന്നുമില്ല. അവരുടെ ഹൃദയമോ ബുദ്ധിയോ വിവേകമോ ഒന്നും പ്രവര്‍ത്തിക്കുന്നില്ല.
ചരിത്രത്തില്‍ നിന്ന് മറ്റൊരു ഉദാഹരണം കാണുക. ഒരു വല്ല്യുമ്മ തനിക്ക് അനന്തര സ്വത്ത് വേണമെന്ന് ആവശ്യപ്പെട്ട് ഖലീഫ അബൂബക്കറിന്റെ അടുത്ത് വന്നു. മരിച്ചയാളുടെ വല്ല്യുമ്മക്ക് ആ വ്യക്തിയുടെ സ്വത്തില്‍ അവകാശമുണ്ടെന്നതിന് തനിക്ക് ഖുര്‍ആനിലോ സുന്നത്തിലോ തെളിവൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇനി അങ്ങനെ ഉണ്ടോ എന്ന് മറ്റുള്ളവരോട് ചോദിച്ചതിന് ശേഷം പറയാമെന്നും ഖലീഫ വാക്ക് കൊടുത്തു. ഖലീഫ ജനങ്ങളോട് കാര്യം തിരക്കി. അപ്പോള്‍ ഒരു വല്ല്യുമ്മക്ക്് പ്രവാചകന്‍ ആറിലൊന്ന് കൊടുത്ത കാര്യം മുഗീറത്തുബ്‌നു ശുഅ്ബയും മുഹമ്മദുബ്‌നു മസ്‌ലമയും സാക്ഷ്യപ്പെടുത്തി. ഖലീഫ അപ്രകാരം വിധിക്കുകയും ചെയ്തു. സത്യാവസ്ഥ അന്വേഷിക്കുന്നതിന്റെ ഒരു മാതൃകയാണിത്.
ഭൗതിക താല്‍പര്യങ്ങള്‍ക്കോ കേള്‍വിക്കാര്‍ക്ക് ഹരം പകരാനോ ഒക്കെയായിരിക്കും ഊഹാപോഹങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഇത് പിശാചിന്റെ പ്രവൃത്തിയാണെന്നും പിശാച് നിങ്ങളുടെ ഒന്നാമത്തെ ശത്രുവാണെന്നും ഖുര്‍ആന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് (ഫാത്വിര്‍: 6). അന്വേഷിച്ച് ഉറപ്പ് വരുത്തിയ ശേഷമേ ഏത് കാര്യത്തെക്കുറിച്ചും അഭിപ്രായം പറയാവൂ.
വിവ: സ്വാലിഹ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top