കുടുംബം ബജറ്റിലൊതുങ്ങുമ്പോള്‍

ജസീല കെ.ടി പൂപ്പലം No image

നിത്യോപയോഗ വസ്തുക്കളുടെ വില ദിനേന കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ വിലയല്ല ഈ മാസം. ഒരു കിലോ അരിക്ക് സഹകരണ സംഘങ്ങളില്‍ വരെ ഇരുപത് രൂപയില്‍ കൂടുതല്‍ നല്‍കണം. ഓണം, ക്രിസ്തുമസ്, റംസാന്‍ ചന്തകളില്‍ രണ്ടു രൂപ ഇളവുകിട്ടിയ അരിയാണ് ഇങ്ങനെ വിലകൂടി ലഭിക്കുന്നത്. മറ്റ് അവശ്യസാധനങ്ങള്‍ക്കും വില ഏറിയും കുറഞ്ഞുമിരിക്കുന്നു. വരുമാനമാകട്ടെ വിലവര്‍ധനക്കനുസരിച്ച് കൂടാതെയുമിരിക്കുമ്പോള്‍ കുടുംബബജറ്റ് താളം തെറ്റുന്നു. മാറിവരുന്ന ജീവിത ശൈലിയും നിലവാരവും ഉയര്‍ന്ന ചെലവുകളും കുടുംബബജറ്റ് ഉണ്ടാക്കേണ്ട സ്ഥിതിയിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ശ്രമിച്ചാല്‍ നമുക്ക് സ്വയം ജീവിതത്തിന്റെ ഗ്രാഫ് നിയന്ത്രിക്കാനാവും.
കണക്കുകൂട്ടല്‍ തെറ്റുന്നത്
കുടുംബജീവിതത്തിന് ശാരീരികാധ്വാനം മാത്രം പോര. അല്‍പം ആസൂത്രണ മികവും ബുദ്ധി വൈഭവവും കൂടി വേണം. ശ്രദ്ധയും ആസൂത്രണവും വിലയിരുത്തലും കണക്കെഴുത്തും കൂട്ടലുമെല്ലാം ഇതിന്റെ പരിധിയില്‍ പെടുന്നു. ആലോചനയും സൂക്ഷ്മതയും വളരെയേറെ ആവശ്യമാണ്. കുടുംബത്തിന്റെ വരവും ചെലവും പൊരുത്തപ്പെടാതെ വരുമ്പോള്‍ കണക്കുകൂട്ടലുകള്‍ പലതും തെറ്റുന്നു.
വീട്ടുകാരിയുടെ റോള്‍
ഗൃഹനായിക ഒരിക്കലും ഒരു വീട്ടുവേലക്കാരിയല്ല. പാകം ചെയ്യുക, അലക്കുക, വീട് വൃത്തിയാക്കുക തുടങ്ങിയവയൊക്കെയാണ് വീട്ടുവേലക്കാരി മാനസിക പിരിമുറുക്കമില്ലാതെ ചെയ്യുന്നത്. ഇതിന് കൂടുതലായും ശാരീരികാധ്വാനമേ വേണ്ടൂ. ഇവിടെയാണ് ഒരു കുടുംബിനിയുടെ മഹനീയ സ്ഥാനം. നേരത്തെ സൂചിപ്പിച്ച കാര്യങ്ങള്‍ മാത്രമാണ് കുടുംബകാര്യങ്ങള്‍ എന്ന് ധരിച്ച് അവ ഉഷാറായി ചെയ്യുന്ന ധാരാളം സ്ത്രീകളെ കാണാം. നേരം പുലര്‍ന്നത് മുതല്‍ പാതിര വരെ വീട്ടുജോലിയെടുക്കുന്ന കുടുംബിനിയുടെ വിചാരവും ഇതുതന്നെയാണ്. തങ്ങളുടെ കര്‍ത്തവ്യം ഇതുമാത്രമാണെന്ന് സ്ത്രീകളും, ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ലെന്ന് പുരുഷന്മാരും ചിന്തിക്കുന്നു.
കുടുംബഭദ്രത ലക്ഷ്യം
വീട്ടുഭരണം കൂട്ടുത്തരവാദിത്തമാണ്. അടുക്കളയായാലും ആരാമമായാലും കുടുംബനാഥനും കുടുംബനാഥയും ഒരുപോലെ കൈകാര്യം ചെയ്യേണ്ട വിശാലമായ ലോകമാണത്. അകത്തവളും പുറത്ത് ഞാനും എന്ന രീതിയാണ് ആദ്യമായി മാറ്റേണ്ടത്. കുടുംബം തന്റെ കൂടി ശ്രദ്ധയിലാകണമെന്ന പുരുഷന്റെ ആശയം ദൃഢത വര്‍ധിപ്പിക്കും.
കണക്കുകൂട്ടാം
വീട്ടുപകരണങ്ങള്‍ വാങ്ങുന്നത് കുടുംബബജറ്റിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. പണവുമായി കടയില്‍ കയറി മോഹിപ്പിക്കുന്ന പരസ്യങ്ങളില്‍ വീണ് കൂടുതല്‍ പണം കൊടുത്ത് അവ സ്വന്തമാക്കുന്നതിനേക്കാള്‍ ബജറ്റില്‍ വകയിരുത്തിയ പണത്തിനുള്ളില്‍ നിന്നുകൊണ്ട് ഗുണമേന്മയുള്ള ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങുകയാണ് ബുദ്ധിമതികള്‍ ചെയ്യേണ്ടത്. ഇഷ്ടപ്പെട്ടവ വാങ്ങുന്നതിന് മുമ്പ് ഒരു പ്ലാന്‍ വേണം. ഏതൊക്കെ ഉപകരണങ്ങളാണ് ഇപ്പോള്‍ വീട്ടിലേക്ക് ആവശ്യം, അത് അത്യാവശ്യമുള്ളതാണോ, മേനി പറയാനുള്ളതാണോ പരസ്യ വാചകത്തിലുള്ളതിനേക്കാള്‍ ഏറെ ഗുണനിലവാരമുള്ളതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതാണോ എന്നെല്ലാം പരിശോധിക്കുന്നതും കണക്കുകൂട്ടല്‍ നടത്തുന്നതും ഉചിതമാണ്.
കുറവു വരുത്തി പരിഹാരം
തയ്യാറാക്കിയ ബജറ്റ് ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതാണ്. കടയില്‍ കൊടുക്കേണ്ട തുക ആകെ കരുതിവെച്ച തുകക്കുള്ള അത്രയും തന്നെയാണോ, ബജറ്റില്‍ ഒതുങ്ങുന്നതാണോ, കുറച്ചെങ്കിലും കടബാധ്യത വരുത്തുമോ എന്നൊക്കെ പരിശോധിക്കാം. എങ്ങനെ നോക്കിയാലും കടം പറയേണ്ടി വരുമെന്നാണെങ്കില്‍ അത്യാവശ്യമില്ലാത്ത സാധനം ആ മാസം വാങ്ങാതിരിക്കുന്നതായിരിക്കും ഉചിതം. വില താരതമ്യേന കുറവുള്ളതും ഗുണമേന്മയുണ്ട് എന്ന് ബോധ്യപ്പെട്ടതുമായ സാധനം എടുക്കുകയും ചെയ്യാം.
അംഗങ്ങള്‍ക്കനുസരിച്ച്
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുമ്പോഴും ഈ ചിന്ത അനിവാര്യം തന്നെ. മൊത്ത വിതരണ സ്ഥാപനങ്ങളില്‍ ഹോള്‍സെയില്‍ വിലക്ക് ഒരു ചാക്ക് അരി വാങ്ങുന്നത് പരീക്ഷിക്കാവുന്നതേയുള്ളൂ. സര്‍ക്കാറിന്റെ സഹകരണ സ്ഥാപനങ്ങള്‍ അല്‍പം ആശ്വാസം തരുന്നവയാണ്. കൂടുതല്‍ എടുക്കുമ്പോള്‍ വിലയില്‍ ഇളവുതരുന്ന സ്ഥാപനങ്ങളുണ്ടെങ്കില്‍ കൂടുതല്‍ ഉപകാരപ്രദം തന്നെ. അരി, പഞ്ചസാര തുടങ്ങിയവ എത്ര വാങ്ങിയാലും അധികമാവില്ലല്ലോ. വാഷിംഗ് പൗഡര്‍ ചെറിയ പാക്ക് വാങ്ങുന്നതിനേക്കാള്‍ ആദായം വലിയ പാക്ക് വാങ്ങുന്നതായിരിക്കും. ഒരു കിലോ പാക്കുമായി ഇവയെ താരതമ്യം ചെയ്യുമ്പോഴായിരിക്കും ബജറ്റിലെ ലാഭം നമ്മളറിയുന്നത്. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കണം ബജറ്റ്.
ലഭ്യമായ വിഭവം വെച്ചുവേണം
വരവിനനുസരിച്ചായിരിക്കണം എന്നും ബജറ്റ് തയ്യാറാക്കേണ്ടത്. അയല്‍ക്കാരന്റെയോ ബന്ധുക്കളുടെയോ സീരിയലിലും സിനിമയിലും കാണുന്ന ജീവിതമോ അനുകരിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ആസൂത്രണത്തിന്റെ പ്രാധാന്യം ഇവിടെ പ്രസക്തമാണ്. കുടുംബജീവിതത്തിന്റെ സുഖവും സമാധാനവും സംതൃപ്തിയും ഭാവനയുടെയും ചിന്തയുടെയും പങ്ക് എത്രയുണ്ടോ അതിനനുസരിച്ചായിരിക്കും. നമുക്ക് ലഭ്യമായ വിഭവങ്ങള്‍, വരുമാനം, സമയം, ഊര്‍ജം, അറിവ് ഇവ ഉപയോഗിച്ച് ജീവിത നിലവാരം ക്രമീകരിക്കണം. ഓരോ ചെലവും അതാത് ദിവസങ്ങളില്‍ കുറിച്ച് വെക്കുന്നത് ചെലവുകള്‍ കുറക്കാനും ബജറ്റില്‍ നീക്കിയിരിപ്പ് നടത്താനും സാധിക്കും.
സന്ദര്‍ഭവും തീരുമാനവും
വീട്ടമ്മയുടെ തന്റേടവും കരവിരുതും സന്ദര്‍ഭത്തിനനുസരിച്ച് തീരുമാനമെടുക്കുന്നതിലാണെന്ന് പഴമക്കാര്‍ പറയുന്നത് ഓര്‍ത്തുവെക്കണം. വിവേകവും ദീര്‍ഘദൃഷ്ടിയും ഇതിനനിവാര്യമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top