നോവുകളില്‍ വിടര്‍ന്ന കാവ്യ പുഷ്പം

വി.പി.എ അസീസ്‌ No image

തൊലിയുടെ നിറം നോക്കി മനുഷ്യരുടെ വില തിട്ടപ്പെടുത്തുന്ന വംശമേന്മാ മനോഭാവത്തിന്റെ മൂര്‍ദ്ധാവില്‍ പ്രഹരമേല്‍പിച്ചുകൊണ്ടായിരുന്നു കറുത്തവര്‍ഗക്കാരനായ ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കുയര്‍ന്നത്. വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമുളള രാജ്യത്തെ ആദ്യത്തെ കറുത്ത വംശജനായ രാഷ്ട്രസാരഥിയായി മാറി ഒബാമ ചരിത്രം കുറിച്ചു. ആ അധികാര ലബ്ധി അടിച്ചമര്‍ത്തപ്പെട്ട നിരവധി കീഴാള വംശങ്ങളുടെ പ്രതീക്ഷകള്‍ക്ക് ആക്കം പകര്‍ന്നു.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒബാമ ഭരണകൂടത്തിനു കീഴില്‍ ഒരു കറുത്തവര്‍ഗക്കാരിക്ക് ആസ്ഥാന കവി പദവിയും ലഭ്യമായിരിക്കുന്നു. രണ്ട് ദശകങ്ങള്‍കൊണ്ട് ഇതാദ്യമായാണ് ഒരു ആഫ്രോ-അമേരിക്കന്‍ വംശജ ഈ പദവിയില്‍ നിയമിക്കപ്പെടുന്നത്. 46-കാരിയായ കവയിത്രി നടാഷ ട്രെത്‌വേയാണ് 'പോയറ്റ് ലോറേറ്റ്' (ആസ്ഥാന കവി) പദവിയിലേക്ക് നിയമിതയായി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നത്.
അമേരിക്കയിലെ ഏറ്റവും വലിയ ബഹുമതിയായ 'പുലിറ്റ്‌സര്‍ പുരസ്‌കാരം' ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കി കീര്‍ത്തിമതിയായ ഈ യുവതി അറ്റ്‌ലാന്റയിലെ എമോറിസര്‍ സര്‍വകലാശാലയിലെ അധ്യാപികയാണ്.
1966-ല്‍ മിസിസിപ്പിയിലെ ഗള്‍ഫ്‌പോര്‍ട്ടില്‍ ജനിച്ച നടാഷയുടെ ബാല്യം പ്രശ്‌ന സങ്കീര്‍ണതകളുടേതായിരുന്നു. കവികൂടിയായ പിതാവ് എറിക് ട്രെത്‌വേയും മാതാവ് ആന്‍ടേണ്‍ ബോയും പിണങ്ങിപ്പിരിഞ്ഞത് ബാലികയായ നടാഷയുടെ ഹൃദയത്തെ മുറിപ്പെടുത്തി. അമ്മ രണ്ടാം വിവാഹം കഴിച്ചെങ്കിലും ആ ബന്ധത്തിനും അല്‍പായുസ്സ് മാത്രമാണുണ്ടായിരുന്നത്. രണ്ടാം ഭര്‍ത്താവിന്റെ പീഡനങ്ങളേറ്റ് അമ്മയുടെ ജീവന്‍ പൊലിഞ്ഞത് അവളുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമായിരുന്നു. തന്റെ 19-ാം വയസ്സിലായിരുന്നു മാതാവിന്റെ വിയോഗം. മാതൃമരണം പകര്‍ന്ന അഗാധദുഃഖത്തില്‍ നിന്ന് കരകയറാനുള്ള ഉപാധി എന്ന നിലയിലായിരുന്നു നടാഷ കവിതാരചനയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടത്. തന്റെ ഭാവവൈവിധ്യങ്ങളും അനുഭവങ്ങളും ആവിഷ്‌കരിക്കാനുതകുന്ന ഏറ്റവും ഫലപ്രദമായ വാക്കുകള്‍ക്കുവേണ്ടി ഹൃദയം പരതുന്ന സര്‍ഗമൂഹൂര്‍ത്തങ്ങളില്‍ അവള്‍ക്ക് വേദനകളെ വിസ്മരിക്കാന്‍ സാധിക്കുമായിരുന്നു.
ഇംഗ്ലീഷ് ഭാഷാസാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം സര്‍ഗാത്മക രചനയില്‍ എം.ഫില്ലും സ്വന്തമാക്കിയ നടാഷ 2000-ല്‍ തന്റെ പ്രഥമ കവിതാ സമാഹാരം പുറത്തിറക്കി. 'ഡൊമസ്റ്റിക് വര്‍ക്ക്' (ഗാര്‍ഹിക വേല) എന്ന ശീര്‍ഷകത്തിലുള്ള ഈ സമാഹാരം പേരു സൂചിപ്പിക്കുന്നതുപോലെ വീട്ടുജോലികളാല്‍ ക്ലേശമനുഭവിക്കുന്ന ആയമാരുടെയും അലക്കുകാരികളുടെയും കൂലിവേലക്കാരുടെയും യാതനകളെ പ്രമേയമാക്കുന്ന കവിതകളുടെ ശേഖരമായിരുന്നു. സ്വന്തം അമ്മയുടെയും അമേരിക്കയില്‍ വര്‍ണ വിവേചനങ്ങള്‍ക്കിരയായ കീഴാള സ്ത്രീകളുടെയും അനുഭവ പരിസരങ്ങളില്‍ നിന്ന് കണ്ടെടുത്ത ഇതിവൃത്തങ്ങളടങ്ങിയ ഈ കവിതകള്‍ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലേക്കുള്ള ചൂണ്ടുപലകകള്‍ കൂടിയായിരുന്നു.
അമേരിക്കന്‍ ആഭ്യന്തര കലാപത്തിന് വഴിവെച്ച അടിമത്വ വിമോചന പ്രക്ഷോഭങ്ങളും കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ച നാനാവിധ പീഡകളും നടാഷയുടെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നത് കാണാം. കറുത്തവരെ വെള്ളക്കാര്‍ സ്വന്തം സ്വത്തായാണ് പരിഗണിച്ചിരുന്നത്. അവര്‍ക്ക് വ്യക്തിപരമായ അവകാശങ്ങള്‍ അനുവദിച്ചിരുന്നില്ല. അക്ഷരാഭ്യാസം പോലും തടയപ്പെട്ടു. ധിക്കരിക്കുന്നവര്‍ മരണം വരെ മര്‍ദിക്കപ്പെട്ടു. എബ്രഹാം ലിങ്കണ്‍ അധികാരമേറിയതോടെയാണ് അമേരിക്കയില്‍ അടിമത്ത സമ്പ്രദായം നിരോധിക്കപ്പെട്ടത്.
കറുത്ത വര്‍ഗക്കാരുടെ ദൈന്യജീവിതത്തെ ആധാരമാക്കി നോവലുകള്‍ രചിച്ച ടോണി മോറിസണ്‍, ആലീസ് വാക്കര്‍ തുടങ്ങിയ എഴുത്തുകാരികളെ നടാഷ പ്രചോദക കേന്ദ്രങ്ങളായി സദാ ആദരിക്കുന്നു. ഇന്ന് കറുത്ത വര്‍ഗക്കാരും കറുത്ത വംശജരായ എഴുത്തുകാരും അമേരിക്കയിലെ അവഗണിക്കാനാവാത്ത ശക്തികളായി മാറിയിരിക്കുന്നു. വര്‍ത്തമാനകാല അമേരിക്കന്‍ സാഹിത്യത്തിന്റെ പുതിയ വാഗ്ദാനമായ നടാഷ ആസ്ഥാനകവി പദവിയിലൂടെ സാംസ്‌കാരിക മണ്ഡലത്തില്‍ ചക്രവര്‍ത്തിനിക്ക് തുല്യമായ ഉത്തുംഗതയിലേക്കാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ചരിത്രത്തിന്റെ മധുരമായ പ്രതികാര നിര്‍വഹണം. ''അടിമസ്ത്രീ യജമാനര്‍ക്കു ഇസം നല്‍കുന്ന സന്ദര്‍ഭം വന്നണയും'' എന്ന പ്രവചനം സാക്ഷാല്‍ക്കരിക്കപ്പെടുകയാകാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top