തട്ടത്തിന്‍ മറയത്ത് ഹിലാല്‍ എല്‍വര്‍

സഅദ് സല്‍മി No image

¦ജദാലിയ: ഈ പുസ്തകം എഴുതാനുണ്ടായ സാഹചര്യം?
ഹിലാല്‍ എല്‍വര്‍: മുഖമക്കനയുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ എനിക്കുണ്ടായ തീക്ഷ്ണമായ അനുഭവങ്ങളാണ് ഈ പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ചത്. തുര്‍ക്കി യഥാര്‍ഥത്തില്‍ ഒരു വിഭജിത സമൂഹമാണ്. 99 ശതമാനത്തോളം വരുന്ന ജനവിഭാഗം മുസ്‌ലിംകളാണെന്ന് മാത്രമല്ല, അവ ഒരു മതാത്മക സമൂഹം കൂടിയാണ്. അതേസമയം ഈ രാജ്യം ഒരു മതേതര നിയമ ക്രമവും സാമൂഹിക ഘടനയും വികസിപ്പിച്ചെടുത്തു. എന്റെ കുടുംബാന്തരീക്ഷത്തില്‍ തന്നെ ഈ ദ്വന്ദ്വാത്മകത ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. എന്റെ ഉമ്മ നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള ഭക്തയായ മുസ്‌ലിമായിരുന്നു. തുര്‍ക്കിയിലെ മതേതര ചുറ്റുപാടുമായി ഇഴുകിചേരാന്‍ അവര്‍ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികള്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ സാക്ഷിയാണ്.
1990-കളില്‍ അങ്കാറയിലെ നിയമ വിദ്യാലയത്തില്‍ പഠിക്കവെ യൂണിവേഴ്‌സിറ്റികളില്‍ മുഖമക്കന നിരോധിച്ചതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ക്ക് ഞാന്‍ സാക്ഷിയാവുകയുണ്ടായി. മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന നീതി രഹിതമായ ഇത്തരം മതേതര നടപടിക്രമങ്ങളുടെ രൂക്ഷത എനിക്ക് നന്നായി ബോധ്യപ്പെട്ടു.
¦ഏതെല്ലാം തരത്തിലുള്ള വിഷയങ്ങളെയും പ്രശ്‌നങ്ങളെയുമാണ് ഈ പുസ്തകം അഭിസംബോധന ചെയ്യുന്നത്?
ഒരു നിയമ പണ്ഡിതയെന്ന നിലക്ക്, നിയമ തടസ്സങ്ങളിലും കോടതി തീരുമാനങ്ങളിലുമാണ് ഞാന്‍ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. മുഖമക്കനയുമായി ബന്ധപ്പെട്ട വിവാദത്തെ അതിന്റെ സാമൂഹിക- രാഷ്ട്രീയ പരിസരത്ത് നിന്നാണ് ഞാന്‍ നോക്കിക്കാണുന്നത്. മതേതര വ്യവഹാരങ്ങളുടെ ഒളിയജണ്ടകള്‍ വെളിവാക്കുന്നതിനും ലിംഗസമത്വം തിരിച്ചറിയുന്നതിനും ഇസ്‌ലാമോഫോബിയ കണ്ടെത്തുന്നതിനും മുഖമക്കന ഒരു രൂപകമാണ്. അതുകൊണ്ട് തന്നെ കോടതി തീരുമാനങ്ങളും നിയമ യുദ്ധങ്ങളും ഈ വിഷയത്തെ സംബന്ധിച്ച മുന്‍ പഠനങ്ങളും എന്റെ ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട്.
പുസ്തകം തുര്‍ക്കിയെ കുറിച്ച് മാത്രമല്ല, യൂറോപ്പിലെ മനുഷ്യാവകാശ കോടതിയുടെ നിര്‍ണായക തീരുമാനങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. കൂടാതെ ഫ്രാന്‍സ്, ജര്‍മന്‍ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ മുഖമക്കനയുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളും ഞാന്‍ പരിശോധിക്കുന്നുണ്ട്. അവസാനമായി, അമേരിക്കക്ക് ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രാധാന്യത്തെയും ഞാന്‍ നിരീക്ഷിക്കുന്നു.
¦താങ്കളുടെ മുന്‍ പഠനങ്ങളില്‍ നിന്നും എഴുത്തില്‍ നിന്നും ഈ പുസ്തകം വ്യതിരിക്തമാകുന്നതും അവയുമായി ബന്ധപ്പെടുന്നതും എങ്ങനെയാണ്?
എന്റെ മുന്‍ പഠനങ്ങളില്‍ നിന്നുള്ള മടങ്ങിപ്പോക്കാണ് യഥാര്‍ഥത്തില്‍ ഈ പുസ്തകമെന്ന് ഞാന്‍ പറയും. വ്യത്യസ്ത പ്രശ്‌നങ്ങള്‍ പരിഗണിക്കാനും അവയെ നിയമപരമായ വീക്ഷണ കോണിലൂടെ അവലോകനം ചെയ്യാനും ഇതര സാമൂഹ്യ ശാസ്ത്രജ്ഞരെക്കാള്‍ നിയമജ്ഞര്‍ക്ക് ധാരാളം സാധ്യതകളുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തില്‍ എനിക്കുള്ള താല്‍പര്യവും അറിവുമാണ് ഭാഗികമായി ഞാന്‍ ആശ്രയിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് ഒരുപാട് പ്രൊഫഷണല്‍ അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. എങ്കിലും, മുമ്പ് സഞ്ചരിച്ച ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്കാണ് ഞാന്‍ ഈ പുസ്തത്തിലൂടെ യാത്ര തിരിക്കുന്നത്.
¦ഈ പുസ്തകം ആരെല്ലാം വായിക്കുമെന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്? ഏതൊക്കെ തരത്തിലുള്ള പ്രതിഫലനങ്ങള്‍ ഉണ്ടാകുമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?
ആദ്യമായി, തുര്‍ക്കിയിലേയും അതുപോലെ യൂറോപ്പിലേയും ജഡ്ജിമാരും നിയമവിദ്യാര്‍ഥികളും ഈ പുസ്തകം വായിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവരുടെ മനസ്സ് മാറ്റാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും, കോടതി തീരുമാനങ്ങള്‍ ജനജീവിതത്തില്‍ ഏത് തരത്തിലുള്ള പ്രതിഫലനമാണ് ഉണ്ടാക്കുന്നത് എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ സഹായകമാകും. കോടതി തീരുമാനങ്ങള്‍ എന്നത് ലളിതമായ തീര്‍പ്പുകളല്ല. ഈ ആഗോളീകരണ കാലത്ത് അവര്‍ക്ക് വളരെയധികം പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മുസ്‌ലിം സ്ത്രീയുടെ പ്രശ്‌നങ്ങളില്‍ ഒരു ധാരണയും ഇല്ലാത്ത, അതേ സമയം താല്‍പര്യമുള്ള ആളുകള്‍ക്ക് ലളിതമെന്ന് തോന്നാവുന്ന മുഖമക്കന രൂക്ഷമായ രാഷ്ട്രീയ കൊടുങ്കാറ്റിന് എങ്ങനെയാണ് ഇടയാക്കിയതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുക എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മുഖമക്കനയുടെ വ്യാപകമായ പ്രചാരണത്തിന് പിന്നിലുള്ള പ്രചോദനത്തെ ഏതെങ്കിലും ഒരു പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് മാത്രം തീരുമാനിക്കുക അസാധ്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരുപാട് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണമായ പ്രശ്‌നമാണിത്. സന്തുലിതമായ രീതിയില്‍ മുഖമക്കന വിവാദത്തെ മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് സാധിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
¦തുര്‍ക്കിക്ക് പുറത്തുള്ള മുഖമക്കനയെക്കുറിച്ച സമകാലിക ചര്‍ച്ചകള്‍ ഈ പുസ്തകം എങ്ങനെയൊക്കെ ബാധിക്കണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?
തുര്‍ക്കിക്ക് പുറത്തുള്ള സമകാലിക സംവാദങ്ങളുടെ മേല്‍ പെട്ടെന്നുള്ള സ്വാധീനം ഈ പുസ്തകം ഉണ്ടാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വളരെ പോസിറ്റീവായി വികസിപ്പിച്ച് വരുന്നുണ്ട്. യൂണിവേഴ്‌സിറ്റികളിലെ മുഖമക്കന നിരോധത്തെ കുറച്ച് കൊണ്ട് വരാന്‍ 2002 മുതല്‍ തന്നെ തുര്‍ക്കി ഗവണ്‍മെന്റ് പോസിറ്റീവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും യൂണിവേഴ്‌സിറ്റികളിലെയും പൊതു സ്ഥാപനങ്ങളിലെയും മുഖമക്കനയുടെ ഉപയോഗത്തെ കുറിച്ച് ഇപ്പോഴും വ്യക്തമായ നിയമവ്യക്തതയില്ല.
ഈ പുസ്തകത്തിലെ എന്റെ ലക്ഷ്യങ്ങളിലൊന്ന് മുഖമക്കന ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ശബ്ദം നല്‍കുകയും അവര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന രൂക്ഷമായ സ്വത്വപ്രതിസന്ധി ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുക എന്നുമാണ്. മുഖമക്കനയുമായി ബന്ധപ്പെട്ട് ഇതിനു മുമ്പ് പുറത്തിറങ്ങിയ മതേതര ആഖ്യാനങ്ങളോട് ഈ പുസ്തകം തീര്‍ച്ചയായും കലഹത്തിലാണ്. അതുകൊണ്ട് തന്നെ വീര്യം നിറഞ്ഞ 'മതേതര ആക്രമണങ്ങള്‍' ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ഈ പുസ്തകത്തെ ശരിയായ ദിശയില്‍ തന്നെ മനസ്സിലാക്കും. തങ്ങളുടെ ജീവിതത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്ന ഭക്തരായ മുസ്‌ലിം സ്ത്രീകളുടെ സങ്കീര്‍ണമായ ഇത്തരം പ്രശ്‌നങ്ങളോട് വായനക്കാര്‍ പോസിറ്റീവായി പ്രതികരിക്കും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
¦താങ്കള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് പ്രൊജക്ടുകള്‍ എന്തൊക്കെയാണ്?
പ്രധാനമായും രണ്ട് പ്രൊജക്ടുകളാണ് ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇറ്റലിയിലെ ഒരു ഹൈസ്‌കൂള്‍ ക്ലാസ്മുറിയില്‍ കുരിശ് രൂപം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്പിലെ മനുഷ്യാവകാശ കോടതി നടത്തിയ വിധിന്യായത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന പ്രൊജക്ടാണ് ആദ്യത്തേത്. മുന്‍പത്തെ മുഖമക്കന വിവാദത്തിലെയും കിരിശു രൂപവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലെയും മതേതരത്വത്തെക്കുറിച്ച കോടതിയുടെ വീക്ഷണത്തെ തുലനം ചെയ്യുക എന്നത് വളരെ പ്രധാനമാണ്. മുഖമക്കന വിവാദത്തില്‍ എടുത്ത വിധിന്യായത്തില്‍ നിന്നും വ്യത്യസ്തമായാണ് കുരിശുരൂപവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കോടതി ഇടപെട്ടത്. കുരിശ് രൂപം എന്നത് മതാത്മകമായ ചിഹ്നം മാത്രമല്ല, മറിച്ച് ഇറ്റലിയുടെ സാംസ്‌കാരിക അടയാളം കൂടിയാണ് എന്ന വാദത്തെ കോടതി സ്വീകരിക്കുകയായിരുന്നു. അതിനാല്‍ തന്നെ കുരിശ് രൂപത്തെ മതേതര വിരുദ്ധമായി കാണാന്‍ പാടില്ല. ക്രിസ്ത്യാനിറ്റിയുടെയും ഇസ്‌ലാമിന്റെയും വിഷയങ്ങളെ വ്യത്യസ്തമായ രീതിയില്‍, ഓരേ തത്വ സംഹിത (മതേതരത്വം) ഉപയോഗിച്ച് കൊണ്ട് നോക്കിക്കാണുന്ന യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ ഇരട്ടത്താപ്പ് നയത്തെ മനസ്സിലാക്കാന്‍ ഈ സംഭവം തന്നെ ധാരാളമാണ്. കാലാവസ്ഥാ മാറ്റത്തോടുള്ള മനുഷ്യാവകാശ നിയമത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് രണ്ടാമത്തെ പ്രൊജക്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top