വിവാഹത്തിനൊരുങ്ങുമ്പോള്‍

ഇല്‍യാസ് മൗലവി No image

ഇസ്‌ലാമില്‍ വളരെയേറെ ഗൗരവമുള്ള വിഷയമാണ് വിവാഹം. ഒരാളുടെ ജീവിതത്തിലെ നിര്‍ണായകമായ വിവാഹം താല്‍കാലിക ഏര്‍പ്പാടല്ല. മരണം വരെ നിലനില്‍ക്കേണ്ട ബന്ധമാണ്. മരണം വരെ എന്നല്ല ഇസ്‌ലാമിക വിശ്വാസമനുസരിച്ച് പരലോകത്തേക്ക് കൂടി നീണ്ടുനില്‍ക്കുന്ന കാര്യം. അതുകൊണ്ടു തന്നെ ദാമ്പത്യം ശാശ്വതമായി നിലനില്‍ക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഇസ്‌ലാം ഏര്‍പ്പെടുത്തി. അതിനുപയുക്തമാകുന്ന നിയമങ്ങളും വിധികളും ആവിഷ്‌കരിച്ചു.
ആ നിയമവിധികള്‍ എത്രമാത്രം പ്രായോഗികമാക്കുന്നുവോ അത്രകണ്ട് ദാമ്പത്യ ജീവിതവും കുടുംബ ജീവിതവും സ്വസ്ഥവും സംതൃപ്തി നിറഞ്ഞതും ശാന്തവുമായിരിക്കും. അതിനോടുള്ള അവഗണനയുടെ തോതനുസരിച്ച് അത് അസ്വസ്ഥവും അശാന്തവുമായിരിക്കും. നിയമം തെറ്റിക്കുന്നത് ബോധപൂര്‍വമാകട്ടെ, അറിവില്ലായ്മ മൂലമാകട്ടെ പ്രത്യാഘാതം ഒരുപോലെയായിരിക്കും. അറിവില്ലായ്മ അപകടം വര്‍ധിപ്പിക്കുകയല്ലാതെ അത് ഒഴിവാക്കുന്നതിന് കാരണമാകില്ല. അതിനാല്‍ ഈ രംഗത്തെ ഇസ്‌ലാമിന്റെ പാഠങ്ങളില്‍ ചിലത് സൂചിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
വിവാഹാലോചന
വിവാഹത്തിന്റെ പ്രാഥമിക ഒരുക്കമാണ് വിവാഹാലോചന. അറബിയില്‍ 'ഖിത്ബ' എന്നാണ് ഇതിന് പറയുക. ഖുര്‍ആനില്‍ ഈ അര്‍ഥത്തില്‍ തന്നെ ഈ പദം വന്നിട്ടുണ്ട്. ഇതിന്റെ മൂലാര്‍ഥം രണ്ടു പേര്‍ക്കിടയിലുണ്ടാവുന്ന സംസാരം എന്നാണ്. മൗലികാര്‍ഥത്തില്‍ തന്നെ ഇരു കക്ഷികള്‍ക്കുമിടയില്‍ സംസാരം നടക്കുന്നതാണ് ഖിത്ബയുടെ താല്‍പര്യം. വിവാഹം ചെയ്യാന്‍ പോകുന്നവര്‍ക്ക് പരസ്പരം പരിചയപ്പെടാനും തിരിച്ചറിയാനും തുറന്ന് പറയാനും അവസരമുണ്ടാവുകയും ശേഷം അടുത്ത നടപടിയിലേക്ക് കടക്കുകയും ചെയ്യാവുന്നതാണ്.
ഇവിടെ പലപ്പോഴും വഞ്ചിക്കപ്പെടുക സ്ത്രീകളായിരിക്കും. ഒന്ന് നേരെ കാണാനും പരിചയപ്പെടാനും സംസാരിക്കാനുമൊന്നും അവസരം ലഭിക്കാതെ, 'ചെറുക്കന് വളരെ തിരക്കാണ്, അല്‍പം ലീവേ ഉള്ളൂ, ഉടനെ തിരിച്ചുപോകണം, വളരെ പെട്ടെന്ന് വിവാഹം നടത്തേണ്ടതുണ്ട്' തുടങ്ങിയ ന്യായങ്ങള്‍ പറഞ്ഞ് അങ്ങുമിങ്ങും ആലോചിക്കാതെ വിവാഹത്തിലേക്ക് എടുത്തുചാടുന്നത് വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും കുറവല്ല. ഇവിടെ വിവാഹം വൈകുന്നല്ലോ എന്ന് ബേജാറാവുന്ന സഹോദരിമാര്‍ക്കും രക്ഷിതാക്കള്‍ക്കും വിവാഹം നേരത്തെയാകുന്നു എന്നതുകൊണ്ട് മാത്രം എല്ലാം ശുഭമായി കലാശിക്കുമെന്ന് ആശ്വസിക്കാമോ.
ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരുമേനിയുടെയും സ്വഹാബാക്കളുടെയും മാതൃക നാം മനസ്സിലാക്കേണ്ടതുണ്ട്. തന്റെ മകള്‍ ഹഫ്‌സയുടെ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ അവള്‍ക്കൊരു വരനെ തേടി ഉമര്‍ (റ) ആദ്യം ഉസ്മാന്‍ (റ)നെ സമീപിച്ചു. അദ്ദേഹം പെട്ടെന്നൊരു മറുപടിയും കൊടുത്തില്ല. അല്‍പം നിരാശയോടെ അദ്ദേഹം അബൂബക്കര്‍ (റ)നെ സമീപിച്ചു. അദ്ദേഹത്തിന്റെ പ്രതികരണവും ഉമര്‍ (റ) പ്രതീക്ഷിച്ചത്ര അനുകൂലമായിരുന്നില്ല. പിന്നീട് തിരുമേനി (സ) ഹഫ്‌സയെ വിവാഹം ചെയ്യുകയുണ്ടായി. യഥാര്‍ഥത്തില്‍ ഈ രണ്ടുപേരും പിന്മാറിയത് മറ്റൊന്നും കൊണ്ടായിരുന്നില്ല. മറിച്ച് തിരുമേനി (സ)ക്ക് ഹഫ്‌സയെ വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു എന്ന് അബൂബക്കറിന് അറിയാമായിരുന്നു. എന്നാല്‍ തിരുമേനി അത് വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാല്‍ ആ കാര്യം വെളിപ്പെടുത്താന്‍ അവരുടെ ഉയര്‍ന്ന മാന്യത വിസമ്മതിച്ചു. ആ കാര്യം പിന്നീട് അബൂബക്കര്‍ ഉമറിനോട് ഇങ്ങനെ വിശദീകരിച്ചു: ''പ്രിയപ്പെട്ട ഉമര്‍, അന്ന് താങ്കള്‍ ഹഫ്‌സയുടെ വിവാഹവുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ചപ്പോള്‍ എന്റെ പ്രതികരണം താങ്കള്‍ക്ക് വിഷമമുണ്ടാക്കിയതായി എനിക്ക് തോന്നിയിരുന്നു. ശരിയല്ലേ?'' ''അതെ ശരിയായിരുന്നു.'' ഉമര്‍ പറഞ്ഞു. അന്നേരം അബൂബക്കര്‍ പറഞ്ഞു: ''തിരുമേനി (സ) അവളെ സ്മരിച്ചത് ഞാന്‍ കേട്ടിരുന്നു. ആ രഹസ്യം താങ്കളോട് വെളിപ്പെടുത്തണ്ട എന്നതിനാലാണ് ഞാനന്ന് അനുകൂലമായി മറുപടി തരാഞ്ഞത്. തിരുമേനി അവളെ വിവാഹം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ തന്നെ അവളെ വിവാഹം ചെയ്യുമായിരുന്നു.'' (സ്വയ്യാബിയുടെ 'മൗസൂഅത്തുസ്സീറ' എന്ന ഗ്രന്ഥത്തില്‍ നിന്ന്)
വിവാഹാലോചനകള്‍ മുടങ്ങുന്നതും നിശ്ചയിക്കപ്പെട്ടത് നടക്കാതിരിക്കുന്നതുമെല്ലാം നമ്മുടെ നാട്ടില്‍ നടക്കാറുള്ളതാണല്ലോ. അല്ലാഹുവില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന വിശ്വാസികളായവര്‍ അത്തരം വേളകളിലൊന്നും നിരാശരാവുകയല്ല വേണ്ടത്, നേരെ മറിച്ച് തനിക്ക് അതിനേക്കാള്‍ മെച്ചപ്പെട്ടതൊന്ന് അല്ലാഹു കണ്ടുവെച്ചിട്ടുണ്ടാവുമെന്ന് ആശ്വസിച്ച് അല്ലാഹു കണക്കാക്കിയ ആ സമയത്തിനായി കാത്തിരിക്കുക എന്നതാണ്. വളരെ നേരത്തെ തന്നെ കൊട്ടും കുരവയുമായി വൈവാഹിക ജീവിതം ആരംഭിക്കാന്‍ അവസരം ലഭിച്ചവരില്‍, എല്ലാ സ്വസ്ഥതയും നഷ്ടപ്പെട്ട് നരകയാതനക്ക് വിധേയരാവേണ്ടി വന്ന എത്രയോ പേരുണ്ട് സഹോദന്മാരിലും സഹോദരിമാരിലും. അതിനാല്‍ ഓരോരുത്തരും മനസ്സിലാക്കേണ്ട, ഉറച്ച് വിശ്വസിക്കേണ്ടതാണ് ഈ ലോകത്ത് ഒരില അനങ്ങണമെങ്കില്‍ വരെ അല്ലാഹു കണക്കാക്കിയ സമയത്തേ അത് സംഭവിക്കൂ എന്ന്. (അല്‍ അന്‍ആം: 59) ''നിങ്ങളുടെ റബ്ബിന്റെ ദൃഷ്ടിയില്‍ പെടാതെയോ വ്യക്തമായ ഒരു പട്ടികയില്‍ രേഖപ്പെടുത്താതെയോ ഭൂമിയില്‍ ഒരു അണു തുല്യമായ വസ്തുവുമില്ല.'' (യൂനുസ്: 69) എന്നുവെച്ച് നിഷ്‌ക്രിയരായിരിക്കണമെന്നല്ല. മറിച്ച്, നല്ലൊരു ഇണയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയും അതിന്റെ വിജയത്തിനായി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും വേണം. പ്രാര്‍ഥനയുടെ ഫലം പലപ്പോഴും അതിശയകരമായ രൂപത്തിലായിരിക്കും കാണുക. പലപല ആലോചനകള്‍ വന്നു, എല്ലാം പല കാരണങ്ങളാല്‍ മുടങ്ങി, അവസാനം എല്ലാം ഒത്ത ഒരാലോചന, അവസാനഘട്ടത്തിലെത്തിയപ്പോള്‍ അതും മുടങ്ങി. അങ്ങനെയിരിക്കെ യാതൊരു ശ്രമവും കൂടാതെ അപ്രതീക്ഷിതമായൊരു അന്വേഷണം വരികയും വളരെ ഭംഗിയായി വിജയകരമായി നടക്കുകയും ചെയ്തു. ഇപ്പോഴവര്‍ വളരെ സന്തോഷത്തോടെ മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കും വിധം സ്വസ്ഥമായി കഴിയുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കഥകള്‍ നാം എത്രയോ കേള്‍ക്കാറുണ്ട്.
ഇണകളാവാനിരിക്കുന്നവരും തങ്ങളുടെ മക്കള്‍ക്ക് അവരുടെ ദീനിനും ദുനിയാവിനും ഐശ്വര്യം വരുത്തുന്ന യോജിച്ച ഇണയെ ലഭിക്കാനായി രക്ഷിതാക്കളുമെല്ലാം പ്രാര്‍ഥിക്കണം. മയ്യത്ത് നമസ്‌കരിക്കുമ്പോള്‍ ചൊല്ലുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ഥനയില്‍ പരലോക മോക്ഷത്തിന് പ്രാര്‍ഥിക്കുന്ന കൂട്ടത്തില്‍ ഉത്തമരായ ഇണയെ പരലോകത്ത് നല്‍കണേ എന്ന് പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ ഈ ലോകത്തെ കാര്യം പ്രത്യേകിച്ച് ഉണര്‍ത്തേണ്ടതുണ്ടോ? കണ്‍കുളിര്‍മ നല്‍കുന്ന ഇണയെ പ്രദാനം ചെയ്യണേ എന്ന പ്രാര്‍ഥന ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ടല്ലോ. (അല്‍ഫുര്‍ഖാന്‍ : 74)
വിവാഹിതരാവാന്‍ പോകുന്നവര്‍ പരസ്പരം കാണുക എന്നത് വിവാഹാലോചനയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിവാഹം ഒരു താല്‍കാലിക പരിപാടിയല്ല. മറിച്ച് ശാശ്വതമായ ബന്ധം സ്ഥാപിക്കലാണത്. കാരണം ദാമ്പത്യം ശാശ്വതമാവാന്‍ അത് ഏറെ ഉചിതമായ കാര്യമത്രെ. തിരുമേനി ഇതുപറയാന്‍ ഒരു പശ്ചാത്തലമുണ്ട്. അവിടുത്തെ അനുചരന്മാരില്‍ പെട്ട മുഗീറത്തുബ്‌നു ശുഅ്ബ വിവാഹിതനാവാന്‍ പോകുന്നു വെന്നും അതിനുള്ള പുറപ്പാടിലാണെന്നും പെണ്ണുറപ്പിച്ചു എന്നും അറിയാന്‍ ഇടയായ സന്ദര്‍ഭത്തില്‍ തിരുമേനി മുഗീറയോട് ചോദിച്ചു: 'നീ അവളെ കണ്ടോ?' 'ഇല്ല' മുഗീറ പറഞ്ഞു. അനന്തരം തിരുമേനി പറഞ്ഞു: ''എങ്കില്‍ നീ അവളെ ചെന്ന് കാണാന്‍ ശ്രമിക്ക്. അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ തമ്മിലുള്ള ബന്ധം ശാശ്വതമാവാന്‍ ഏറെ സഹായിക്കും.''
ഇവിടെ പുരുഷനോടാണ് ഇത് പറഞ്ഞതെന്ന് വെച്ച് സ്ത്രീകള്‍ക്കിതിന് അവകാശമില്ല എന്ന് ആരും ധരിക്കേണ്ടതില്ല. ''നിങ്ങള്‍ തമ്മിലുള്ള ബന്ധം ശാശ്വതമാവാന്‍'' എന്ന് പ്രവാചകന്‍ പറഞ്ഞതില്‍ നിന്നും രണ്ടു പേരും പരസ്പരം കണ്ട് ഇഷ്ടപ്പെടുകയെന്നത് ബന്ധം ശാശ്വതമാവുന്നതില്‍ എന്തുമാത്രം സഹായിക്കുമെന്നത് വ്യക്തമാണ്. സ്ത്രീക്ക് പുരുഷനെ ഇഷ്ടമില്ലാതെ നിര്‍ബന്ധിതയാക്കപ്പെട്ട് തനിക്ക് ഇഷ്ടമില്ലാത്തവരുടെ കൂടെ പോവാന്‍ വിധിക്കപ്പെട്ടവളും സ്വമേധയാല്‍ തൃപ്തിപ്പെട്ട ഒരുത്തന്റെ കൂടെ രക്ഷിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ വിവാഹത്തിലേര്‍പ്പെടുന്നവളും തമ്മില്‍ അന്തരമുണ്ട്. മുഗീസ് എന്നു പേരുള്ള ഒരു സഹാബി (അദ്ദേഹം അടിമയായിരുന്നു) അടിമസ്ത്രീകളില്‍പെട്ട ബരീറയെ വിവാഹം ചെയ്തു. അടിമകള്‍ക്ക് സാമ്പത്തികമായി തെണ്ടം നല്‍കി അടിമത്വത്തില്‍ നിന്നും മോചനം നേടാനുള്ള സൗകര്യമുണ്ടായിരുന്നു. അങ്ങനെ ആയിശാ (റ)യുടെ സഹായത്തോടെ ബരീറ സ്വതന്ത്രയായി. തന്റെ കാര്യം താന്‍ തന്നെ തീരുമാനിക്കാനവകാശം ലഭിച്ചു. നേരത്തെ അടിമത്വത്തിന്റെ പേരില്‍, അടിമയായിരുന്ന മുഗീസിനെ വേള്‍ക്കേണ്ടി വരുമായിരുന്നു സുന്ദരിയും സുശീലയുമായിരുന്ന ബരീറയ്ക്ക്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ആ നിര്‍ബന്ധിതാവസ്ഥയില്ല. അങ്ങനെ മുഗീസുമായി ബന്ധം വേര്‍പ്പെടുത്താന്‍ അവര്‍ തീരുമാനിച്ചു. ഇത് മനസ്സിലാക്കിയ മുഗീസ് ബരീറയുടെ പിന്നാലെ അവര്‍ പോകുന്നിടത്തേക്കെല്ലാം കരഞ്ഞുകൊണ്ട് കണ്ണുനീരൊലിപ്പിച്ച് ചുറ്റാന്‍ തുടങ്ങി. തിരുമേനി (സ)യോട് വിഷയത്തില്‍ ഇടപെട്ട് ശിപാര്‍ശ ചെയ്യണമെന്നും മുഗീസ് ആവശ്യപ്പെട്ടു. അങ്ങനെ തിരുമേനി (സ) ബരീറയെ കണ്ട് ഇങ്ങനെ ചോദിച്ചു: ''ബരീറ, നിന്റെ തീരുമാനം ഒന്ന് പുനഃപരിശോധിച്ചുകൂടെ?'' അപ്പോള്‍ ബരീറ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നോട് കല്‍പിക്കുകയാണോ? ഇത് താങ്കളുടെ കല്‍പനയാണോ?'' 'അല്ല, അത് കേവലം എന്റെ ശിപാര്‍ശ മാത്രമാണ്.' ''എങ്കില്‍ എനിക്കദ്ദേഹത്തെ വേണ്ടാ.'' അങ്ങനെ അവര്‍ വേര്‍പിരിയുകയായിരുന്നു. ബുഖാരിയും അബൂദാവൂദുമെല്ലാം ഇത് ഉദ്ധരിച്ചിട്ടുണ്ട്.
ഇവിടെ തിരുമേനി (സ) ബരീറ എന്ന സ്ത്രീയുടെ വ്യക്തിത്വം മാനിക്കുന്നത് നാം കാണുന്നു. തനിക്കിഷ്ടമില്ലാത്തവന്റെ കൂടെ തുടരാനായി തിരുമേനിയെ പോലുള്ള ഒരു മഹാന്റെ ശിപാര്‍ശയുണ്ടായിട്ടു പോലും അത് നിരസിക്കാനും സ്വന്തം ഭാഗഥേയം തെരഞ്ഞെടുക്കാനുമുള്ള അവകാശം തിരുമേനി തന്നെ വകവെച്ചുകൊടുക്കുകയായിരുന്നു. ഇസ്‌ലാമിക നിയമം അതാണെങ്കില്‍ ഞാന്‍ അത് കൂട്ടാക്കാന്‍ തയ്യാറാണ് എന്ന അര്‍ഥത്തിലാണ് ബരീറ അത് താങ്കളുടെ കല്‍പ്പനയാണോ എന്നാരാഞ്ഞതിന്റെ താല്‍പര്യം. അങ്ങനെയല്ല ഞാനൊരു ശിപാര്‍ശ ചെയ്യുക മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്ന് പ്രവാചകന്‍.
പെണ്‍കുട്ടികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ, ഒരു വിവാഹാലോചനയിലും പങ്കെടുപ്പിക്കാതെ എല്ലാം തീരുമാനിക്കുകയും ഭാവിയോര്‍ത്ത് ഗത്യന്തരമില്ലാതെ, താനായിട്ട് പ്രശ്‌നമാക്കണ്ട എന്ന് വിചാരിച്ച് താന്‍ പൂര്‍ണമായും ഇഷ്ടപ്പെടാത്തവരോടൊപ്പം കെട്ടിച്ചയക്കപ്പെടുന്ന പ്രവണത കാണാറുണ്ട്. അത്തരം രക്ഷിതാക്കള്‍ മനസ്സിലാക്കിയിരിക്കേണ്ടതാണ് ഇങ്ങനെയുള്ള ഹദീസുകള്‍.
ഇമാം ഗസ്സാലി പറയുന്നു: ''അവളുടെ ഭാഗം സൂക്ഷ്മതയോടെ പരിഗണിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം വിവാഹം കൊണ്ട് ബന്ധിക്കപ്പെടുകയാണവള്‍. അതില്‍ നിന്നവള്‍ക്ക് മോചനമില്ല, പുരുഷനാണെങ്കില്‍ വിവാഹമോചനം ചെയ്യാനാകും. അതിനാല്‍ ഒരാള്‍ തന്റെ മകളെ ഒരക്രമിക്കോ തെമ്മാടിക്കോ ബിദ്അത്തുകാരനോ കള്ളുകുടിയനോ വിവാഹം ചെയ്തുകൊടുക്കുകയാണെങ്കില്‍ അവള്‍ തന്റെ ദീനിനോട് തെറ്റുചെയ്തു. കുടുംബബന്ധം മുറിച്ചതിലൂടെയും തെറ്റായ തിരഞ്ഞെടുപ്പിലൂടെയും അല്ലാഹുവിന്റെ കോപത്തിന് പാത്രമാവുകയും ചെയ്തു. (ഇഹ്‌യാ ഉലൂമിദ്ദീന്‍)
ഇമാം ഹസനുബ്‌നു അലിയോട് ഒരാള്‍ ചോദിച്ചു: ''എനിക്ക് ഒരു മകളുണ്ട്, അവളെ ആര്‍ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്നാണ് താങ്കളുടെ അഭിപ്രായം?'' അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിനെ ഭയപ്പെടുന്നവന് വിവാഹം ചെയ്തു കൊടുക്കുക. കാരണം അവന് ഇഷ്ടപ്പെട്ടാല്‍ അവളെ ആദരിക്കും. അഥവാ ദേശ്യം പിടിച്ചാല്‍ അവളോട് അനീതി ചെയ്യുകയില്ല.''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top