പെണ്ണിടങ്ങളുടെ പ്രസക്തി

സല്‍വ കെ.പി No image

പെണ്ണുങ്ങളില്ലാത്ത നോമ്പു തുറകളെപ്പറ്റി ഈ പംക്തിയില്‍ എഴുതിയിരുന്നു. പെണ്ണുങ്ങള്‍ക്ക് മാത്രമായി കഴിഞ്ഞ റമദാനില്‍ ജി.ഐ.ഒ സംസ്ഥാനഘടകം നോമ്പുതുറ നടത്തി. ദീദി ദാമോദര്‍, കെ.കെ ഷാഹിന, കെ. അജിത തുടങ്ങിയ ഒട്ടേറെ പ്രമുഖ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ചില പ്രാദേശിക പെണ്‍കൂട്ടായ്മകളും ഇത്തരം ഇഫ്താറുകള്‍ നടത്താറുണ്ട്. ഭക്ഷണമൊരുക്കുന്നതിലെ ഭാരം കൊണ്ടായിരിക്കാം അത് വ്യാപകമാവാത്തത്. സ്ത്രീകളുടെ മുന്‍കൈയില്‍ നടത്തുന്ന പരിപാടികളൊക്കെ സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ മുന്നേറ്റത്തിന്റെയുമൊക്കെ അടയാളങ്ങളാണ്. അവരുടെ സംഘടനാ പാടവം, നേതൃശേഷി തുടങ്ങിയവയുടെ വിളംബരവുമാണത്. എന്നാല്‍ അതിലെല്ലാമപ്പുറം ഒത്തുചേരലുകള്‍ അനല്‍പമായ ആഹ്ലാദവും സംതൃപ്തിയും നല്‍കാറുണ്ട് സ്ത്രീകള്‍ക്ക്.
സാമൂഹ്യ ജീവിയാണ് മനുഷ്യന്‍. സാമൂഹികമായ കൊള്ളക്കൊടുക്കലിലൂടെയാണ് മനുഷ്യന്‍ ജീവിക്കുന്നത്. ശേഷികളും വിഭവങ്ങളും പരസ്പരം പങ്കുവെക്കുമ്പോള്‍ പെരുകുകയും പോരായ്മകള്‍ തീരുകയും ചെയ്യും. സന്തോഷവും, സങ്കടവും സമ്പത്തും അറിവും കൈമാറുന്നത് കുടുംബത്തിനകത്ത് മാത്രം സാധിക്കുന്ന കാര്യമല്ല. അങ്ങാടികള്‍, ആരാധനാലയങ്ങള്‍, തൊഴിലിടങ്ങള്‍, ആഘോഷങ്ങള്‍, മേളകള്‍ തുടങ്ങി ആളു കൂടുന്നിടത്തൊക്കെ നടക്കുന്നുണ്ട്. ഈ പൊതു മണ്ഡലങ്ങളൊന്നും തന്നെ സ്ത്രീയെ ഉള്‍ക്കൊണ്ടവയല്ല. തൊഴില്‍ മണ്ഡലം ഉദാഹരണമായെടുക്കാം. ടീച്ചറുദ്യോഗമാണ് സ്ത്രീകള്‍ക്ക് ഏറ്റവും നല്ല തൊഴിലെന്ന് നമ്മള്‍ പറയും. അധ്യാപനമെന്ന തൊഴില്‍ സ്‌ത്രൈണ പ്രകൃതത്തെ സൂക്ഷ്മമായി ഉള്‍ക്കൊള്ളുന്ന ഒന്നായത് കൊണ്ടല്ല. മറിച്ച് കുട്ടികളെയും വീടും പരിപാലിക്കാന്‍ കുറച്ചു കൂടി അവധിയാനുകൂല്യങ്ങള്‍ അതില്‍ കൂടുതലുണ്ട് എന്നത് കൊണ്ടാണത്.
ഇത്രയധികം സ്ത്രീകള്‍ ദിനേന യാത്ര നടത്തുന്ന കേരളത്തില്‍ സ്ത്രീകള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ മൂത്രപ്പുരകള്‍ എത്രയെണ്ണമുണ്ട്? തിരൂരിലെ ഇ. ടോയ്‌ലറ്റും എ.എസ്.സി ഗര്‍ഭിണികള്‍ക്കായി പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളുളൊരുക്കിയതുമൊക്കെ അഭിനന്ദിക്കപ്പെടേണ്ടതാണ്. പക്ഷേ, ഇത്തരം കാര്യങ്ങളൊന്നും സ്ത്രീ സംഘടനകളുടെ മുഖ്യ അജണ്ടകളിലേക്ക് വന്നിട്ടില്ല. ഇത്തരം പരിഗണനകളില്‍ പോലും സ്ത്രീകളുടെ ശാരീരിക പ്രത്യേകതകളെ മാത്രമേ കണക്കിലെടുത്തു കാണുന്നുള്ളൂ. അതിനപ്പുറം സ്ത്രീകളുടെ ആത്മീയവും മാനസികവുമായ കഴിവുകളുടെ ഉയര്‍ച്ചയും വളര്‍ച്ചയും സാധ്യമാകുന്ന അഥവാ ചേതനകളെ സാക്ഷാത്കരിക്കുന്ന ഇടങ്ങള്‍ കേരളത്തിലില്ലെന്ന് തന്നെ പറയാം. പഠന കാലം കഴിയുന്നതോടെ കാമ്പസിലെ പ്രതിഭകളൊക്കെ മുങ്ങിപ്പോവുന്നത് ഈ ഇല്ലായ്മകളിലേക്കാണ്. പക്ഷേ, ഇതിന്റെ വിപണി സാധ്യത ചാനലുകളും വാട്ടര്‍ തീം അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമൊക്കെ എന്നോ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.
തൊഴിലാണ് പിന്നെ സ്ത്രീകള്‍ക്ക് കുറച്ചെങ്കിലും ആത്മാവിഷ്‌കാരങ്ങള്‍ക്ക് ഇടം നല്‍കുന്നത്. പരിമിതികളും പ്രയാസങ്ങളും ഉണ്ടായിരിക്കെ തന്നെ സ്ത്രീകള്‍ തൊഴിലിലേക്കാകര്‍ഷിക്കപ്പെടാന്‍ ഇതൊരു കാരണമാണ്. ഇവിടെയാണ് നടേ പറഞ്ഞ കൂട്ടായ്മകളുടെ പ്രസക്തി. ഒരേപോലെ ചിന്തിക്കുന്നവരും വിശ്വസിക്കുന്നവരും ജീവിക്കുന്നവരും മാത്രമല്ല വിഭിന്നമായ ചുറ്റുപാടുകളും വിശ്വാസവും ആശയങ്ങളും താല്‍പര്യവുമുള്ളവര്‍ക്കും പങ്ക് വെക്കാനും സംസാരിക്കാനും ഈ കൂട്ടായ്മകളില്‍ സാധിക്കും. ആത്മീയത, പുസ്തകം, സിനിമ, രാഷ്ട്രീയം, കവിത തുടങ്ങിയവ മാത്രമല്ല പത്തിരിയും വരട്ടും നാപ്കിനും തട്ടവുമൊക്കെ കടന്നുവരുന്ന ചര്‍ച്ചകള്‍. ഇഫക്ടീവ് പാരന്റിംഗിനെ കുറിച്ച് സംസാരമധ്യേ സൈക്കോളജിസ്റ്റ് സുഹൃത്ത് പറഞ്ഞു. ''ഒന്നര വയസ്സുള്ള മകനെ വളര്‍ത്തുമ്പോള്‍ എനിക്ക് പോലും ആശയക്കുഴപ്പങ്ങള്‍ വരുന്നുണ്ട്.'' കൂട്ടുകുടുംബങ്ങളില്‍ പാരന്റിംഗ് അനുഭവങ്ങള്‍ പകുത്ത് തരാന്‍ ഒരു പാട് പേരുണ്ടാകും. സാമൂഹ്യ സാഹചര്യങ്ങളും കുടുംബ ഘടനയുമൊക്കെ ഒരുപാട് മാറിയ ഇക്കാലത്ത് പാരന്റിംഗ് അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ വേദികള്‍ അത്യാവശ്യമാണ്.
ജീവിതം പുതുക്കിക്കൊണ്ടിരിക്കുന്ന ചിന്തകളും വഴികളും ഉരുത്തിരിഞ്ഞുവരും എന്നതാണ് ഇത്തരം കൂട്ടായ്മകളുടെ നേട്ടം. അടുക്കളയിലെ പൊടിക്കൈകള്‍ മാത്രമല്ല, മാലിന്യ നിര്‍മാര്‍ജനം, സാമ്പത്തിക സ്വാശ്രയത്വം, ടൈം മാനേജ്‌മെന്റ് തുടങ്ങി സേവനം, സമരം എന്നിവയിലൊക്കെ പുതിയ രീതികള്‍ ഉണ്ടായി വരും. അംഗീകാരം, ആദരവ് ഒക്കെ മനുഷ്യജീവിതത്തിന്റെ ചേതനകളില്‍പ്പെട്ടതാണ്. കുടുംബിനിയാണ്, മാതാവാണ് എന്നതിന്റെ പേരില്‍ മാത്രമല്ല. ഒരു പെണ്ണും സമൂഹത്തില്‍ ആദരിക്കപ്പെടാറില്ല. (ഭര്‍ത്താവോ മക്കളോ പ്രശസ്തരായവരൊഴികെ) സര്‍ഗാത്മകത, നേതൃസംഘടനാ ശേഷി, മറ്റ് കഴിവുകള്‍ ആവിഷ്‌കരിക്കാനും അംഗീകരിക്കപ്പെടാനും അതുവഴി ആദരിക്കപ്പെടാനും ഈ പെണ്‍കൂട്ടായ്മകളിലൂടെ സാധിക്കും. അതവര്‍ക്ക് സംതൃപ്തിയും ആത്മവിശ്വാസവും നല്‍കും. സ്ത്രീകളില്‍ ആരോപിക്കപ്പെടുന്ന ഒരുപാട് പാതിത്വങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കാനും ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയും. അസൂയക്കാര്‍, പരദൂഷണപ്രിയര്‍, രാഷ്ട്രീയവീക്ഷണമില്ലാത്തവര്‍, പിന്‍ബുദ്ധികള്‍ തുടങ്ങി ഒട്ടേറെ പഴികള്‍ ഒളിഞ്ഞും തെളിഞ്ഞും കേള്‍ക്കുന്നവളാണ് സ്ത്രീകള്‍. അനേകം ചേതനകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. അതിനെ ശരിയായ രീതിയില്‍ സാക്ഷാത്കരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ദുഷിച്ചു പോകും. നന്മ, നീതി, സാഹോദര്യം തുടങ്ങിയ മൂല്യങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ സംഘടിക്കും പോലെ തന്നെ വെറുപ്പ്, പക, വിദ്വേഷം എന്നിവയുടെ അടിസ്ഥാനത്തിലും മനുഷ്യന്‍ സംഘടിക്കുന്നുണ്ട്. സ്ത്രീകളുടെ ചേതനകളെ ഗര്‍ഭം, പ്രസവം, ശിശുപരിപാലനം, ഗൃഹഭരണം എന്നിവയില്‍ പരിമിതപ്പെടുത്തുമ്പോള്‍ മറ്റുള്ളവയെല്ലാം ഇത്തരം ദുശിപ്പുകളായി മാറും. അറിവിന്റെയും അവബോധത്തിന്റെയും കാര്യവും അങ്ങനെത്തന്നെ. പിന്നീടൊരിക്കലും തനിക്ക് ഉപകരിക്കാത്ത പ്രത്യുല്‍പാദിപ്പിക്കേണ്ടാത്ത അറിവും വിവരവും ഒരാളും (ആണും പെണ്ണും) ഓര്‍ത്തുവെക്കാന്‍ വേണ്ടി മാത്രം ഓര്‍ത്തുവെക്കാറില്ല. അതുകൊണ്ട് തന്നെ ബിരിയാണിയുടെ കൂട്ടും തീയുടെ ചൂടും കൃത്യമായി ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നവര്‍ക്ക് അറബ് വസന്തത്തിന്റെ കാലവും കാരണങ്ങളും കൃത്യമായി ഓര്‍ത്തുവെക്കേണ്ടി വരുന്നില്ല. ആത്മസാക്ഷാത്കാരത്തിന്റെ നല്ല വഴികള്‍ തെളിയിച്ചെടുക്കാന്‍ പെണ്‍കൂട്ടായ്മകള്‍ക്ക് കഴിയും. സ്ത്രീകളുടെ പ്രകൃതത്തെ ഉള്‍ക്കൊള്ളും വിധം വിശാലമാവുകയേ വേണ്ടൂ. എല്ലാ സ്ത്രീകളും ഇങ്ങനെയാണോ? മതം, സാമ്പത്തികം, പ്രദേശം തുടങ്ങിയ വ്യത്യാസങ്ങള്‍ സ്ത്രീകളെ വ്യത്യസ്തരാക്കുന്നില്ലേ എന്നൊക്കെ ചോദിക്കാം. കേരളത്തെ സംബന്ധിച്ചിടത്തോളം ആധുനിക വിദ്യാഭ്യാസ രീതികളും അച്ചടി ദൃശ്യ മാധ്യമങ്ങളും വളര്‍ത്തിയെടുത്ത് സ്ത്രീ സമൂഹത്തില്‍ നല്ലൊരു പങ്കിനെയും ഉള്‍ക്കൊള്ളാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയും.
പ്ലെയിന്‍ ഗ്ലാസ്
ധനാഢ്യനായ ഒരാള്‍ മരണപ്പെട്ടു. ആട്, കോഴി, താറാവ്, പശു, കാള, എരുമ തുടങ്ങിയ ജംഗമ വസ്തുക്കളുടെ മേല്‍നോട്ടം നടത്തിയിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. എഴുപത്തി രണ്ടാം വയസ്സിലും അതവര്‍ നന്നായി ചെയ്തിരുന്നു. സ്വത്ത് ഭാഗിക്കുമ്പോള്‍ മക്കള്‍ തീരുമാനിച്ചു. ഇനി ഉമ്മയെ പ്രയാസപ്പെടുത്തേണ്ട. എല്ലാ ജന്തു പറവകളെയും പിരിച്ചു വിട്ടു. മാസത്തില്‍ 20,000 രൂപ വരുമാനമുള്ള ഒരു കട വകയിരുത്തി. അധികം കഴിഞ്ഞില്ല ഉമ്മാക്ക് ഇരിപ്പുറക്കുന്നില്ല. മക്കളെയും മരുമക്കളെയും വീട്ടില്‍ വരുന്നവരെയും ചീത്ത വിളിക്കുന്നു. മനോഭ്രാന്തിന് ചികിത്സിച്ചിട്ടും ആശ്വാസമില്ല. അവസാനം അകന്ന ഒരു ബന്ധു പറഞ്ഞു. 'ഇങ്ങള് ഓള്‍ക്ക് നാല് പയ്യിനെ വാങ്ങിക്കൊടുക്ക്' അതോടെ തീര്‍ന്നു പ്രശ്‌നം. വീണ്ടും അവര്‍ സജീവമായി. സുജൂദില്‍ പോവാന്‍ മുട്ടു മടങ്ങുന്നില്ല. എന്നത് മാത്രമാണ് ഇപ്പോഴത്തെ വിഷമം.
ഇവരെയും ഫെമിനിസ്റ്റെന്ന് വിളിക്കുമോ എന്തോ!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top