ഉമ്മു ഐമന്‍.

അബ്ദുല്ല നദ്‌വി കുറ്റൂര്‍ No image

നീഗ്രോ അടിമയായിരുന്ന ഉമ്മുഐമനിന്റെ ശരിയായ പേര് ബറക എന്നാണ്. പിതാവ് സഅ്‌ലബ് ഇബ്‌നു അംറ്. ഉബൈദ ഇബ്‌നു സൈദുമായുള്ള ദാമ്പത്യബന്ധത്തില്‍ ഐമന്‍ എന്നു പേരുള്ള കുഞ്ഞ് ജനിച്ചതുകൊണ്ടാണ് ഉമ്മുഐമന്‍ (ഐമന്റെ ഉമ്മ) എന്ന പേരില്‍ അവര്‍ പ്രസിദ്ധയായത്. പ്രവാചകന്‍(സ) ജനിക്കും മുമ്പേ ഇവര്‍ പ്രവാചക കുടുംബത്തിലെ അടിമയായിരുന്നു. പ്രവാചകന്റെ മാതാവ് അകാല ചരമം പ്രാപിക്കുമ്പോള്‍ ഇവര്‍ കൂടെയുണ്ടായിരുന്നു. അവരാണ് കുട്ടിയെ മക്കയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഉമ്മു ഐമന്‍ കുഞ്ഞിനെ പരിലാളിച്ചു വളര്‍ത്തി. പ്രവാചകന്‍ അവരെ ഉമ്മാ എന്ന് വിളിക്കുമായിരുന്നു. പ്രവാചകന്റെ പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ മരണാനന്തരം പിതൃവ്യന്‍ അബൂത്വാലിബ് പ്രവാചകന്റെ സംരക്ഷണ ബാധ്യത എറ്റെടുത്തപ്പോഴും ഉമ്മുഐമന്‍ പോറ്റുമ്മയായി തുടര്‍ന്നു.
പ്രവാചകന്‍ ഖദീജയെ വിവാഹം കഴിച്ചപ്പോള്‍ ഉമ്മു ഐമനോടുള്ള തന്റെ കടപ്പാടും, പരിപാലിച്ചു വളര്‍ത്തിയതിലുള്ള ആത്മാര്‍ഥതയും പരിഗണിച്ച് അവരെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഉബൈദ് ഇബ്‌നു സൈദുമായുള്ള അവരുടെ വിവാഹം നടന്നത്. ഈ ബന്ധത്തിലാണ് ഐമന്‍ എന്ന കുഞ്ഞുണ്ടായത്. പ്രവാചകന് ഏറെ പ്രിയപ്പെട്ട ഐമന്‍ പിന്നീട് ഹുനൈന്‍ യുദ്ധത്തില്‍ രക്തസാക്ഷിയായി. പ്രവാചകന്‍ ഉമ്മു ഐമനെ പല പേരുകളില്‍ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ ഉമ്മാ എന്ന് വിളിക്കും. ചിലപ്പോള്‍ ഉമ്മു ഐമന്‍ എന്നും മറ്റു ചിലപ്പോള്‍ എന്റെ ഉമ്മക്ക് ശേഷമുള്ള ഉമ്മാ എന്നും വിളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അവരുടെ മുഖത്ത് നോക്കി ഇത് എന്റെ കുടുംബത്തിലെ ബാക്കിയാണ് എന്നും പറഞ്ഞിട്ടുണ്ട്.
ഉമ്മു ഐമന് അനേകം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. ആദ്യ കാലത്ത് തന്നെ അവര്‍ ഇസ്‌ലാം ആശ്ലേഷിച്ചെങ്കിലും അവരുടെ ഭര്‍ത്താവ് ശിര്‍ക്കില്‍ അടിയുറച്ച് നിന്നു. ഇത് വിവാഹമോചനത്തില്‍ കലാശിച്ചു. അതിന് ശേഷം പ്രവാചകനെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഉമ്മുഐമനെ നോക്കി പ്രവാചകന്‍ പറഞ്ഞു: ''സ്വര്‍ഗസ്ഥയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉമ്മുഐമനെ കല്യാണം കഴിക്കുക.'' അങ്ങനെയാണ് മഹതിയെ വിവാഹം കഴിക്കാന്‍ പ്രമുഖരില്‍ ഒരാളായ സൈദുബ്‌നു ഹാരിസ് മുന്നോട്ട് വരുന്നത്. ഈ ദാമ്പത്യത്തിലാണ് പ്രവാചകന്റെ സ്‌നേഹഭാജനമായ ഉസാമ ജനിക്കുന്നത്.
പുരുഷന്മാരെക്കാള്‍ ഒട്ടും കുറയാത്ത ധീരതയും ശൗര്യവുമായിരുന്നു ഉമ്മു ഐമന്. ഉഹ്ദ് യുദ്ധത്തില്‍ പുരുഷന്മാര്‍ തോറ്റോടിയപ്പോള്‍ അവര്‍ യുദ്ധഭൂമിയില്‍ അടിപതറാതെ ഉറച്ചുനിന്ന് ഒരു പിടി മണ്ണ് വാരി ഓടുന്നവരോട് ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു. 'ഹേയ്, നിന്റെ വാള്‍ ഇങ്ങ് തന്നേക്കൂ. ഇതാ ചര്‍ക്കാ- നൂല്‍ നൂല്‍ക്കുകയാണ് നിനക്ക് നല്ലത്.' ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ മുന്‍പല്ല് പൊട്ടുകയും ചുണ്ടില്‍ വ്രണമാകുകയും മുഖത്ത് രക്തം തളംകെട്ടുകയും ചെയ്തപ്പോള്‍ ഉമ്മു ഐമന്‍ അങ്ങേയറ്റം പരിഭ്രാന്തയായി. പ്രവാചകന്റെ ജീവന് അപായമൊന്നും പറ്റിയിട്ടില്ലെന്ന് അറിഞ്ഞപ്പോഴാണ് അവര്‍ക്ക് സമാധാനമായത്. യുദ്ധഭൂമിയില്‍ വെച്ച് ശത്രുക്കളില്‍ ഒരാള്‍ മഹതിയെ അമ്പുകൊണ്ട് മുറിവേല്‍പ്പിച്ചു. യുദ്ധഭൂമിയില്‍ വീണുകിടക്കുന്ന മഹതിയെ കണ്ട പ്രവാചകന്‍ ഒരു അമ്പെടുത്ത് സഅദ്ബ്‌നു അബീവഖാസിന് നല്‍കി അക്രമിയെ എറിയാനേല്‍പ്പിച്ചു. സഅദ് ശത്രുവിനെ അമ്പെയ്ത് വീഴ്ത്തിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞു ''അവര്‍ക്ക് വേണ്ടി സഅദ് പകരം വീട്ടി.'' ദാഹിച്ചവര്‍ക്ക് വെള്ളം നല്‍കിയും പരിക്കേറ്റവരെ ശുശ്രൂഷിച്ചും ഉമ്മുഐമന്‍ വീണ്ടും കര്‍മഭൂമിയില്‍ സജീവമായി. ഖൈബര്‍ യുദ്ധത്തിലും സേവന സന്നദ്ധരായ സ്ത്രീകളുടെ മുന്‍പന്തിയില്‍ തന്നെ മഹതിയുണ്ടായിരുന്നു.
പ്രവാചകന്‍ ഉമ്മു ഐമനുമായി വളരെ അടുത്ത് ഇടപഴകുകയും അമിതമായി ആദരിക്കുകയും ചിലപ്പോഴെല്ലാം നര്‍മഭാവത്തില്‍ അവരോട് സംസാരിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ പ്രവാചകനെ സമീപിച്ച് മഹതി ഉമ്മു ഐമന്‍ ഇപ്രകാരം പറഞ്ഞു: 'പ്രവാചകരെ! എനിക്ക് വാഹനപ്പുറത്ത് കയറാന്‍ മോഹമുണ്ട്. എന്നെ വാഹനപ്പുറത്ത് കയറ്റൂ.' പ്രവാചകന്‍ പ്രത്യുത്തരം നല്‍കി: 'ഞാന്‍ നിങ്ങളെ ഒട്ടകക്കുട്ടിയുടെ പുറത്ത് കയറ്റിയേക്കാം.' അവര്‍ പറഞ്ഞു: 'പ്രവാചകരെ! അതിന് എന്നെ താങ്ങാന്‍ കഴിയില്ല. ഒട്ടകക്കുട്ടി എനിക്ക് വേണ്ട.' പ്രവാചകന്‍ പറഞ്ഞു: 'ഞാന്‍ നിങ്ങളെ ഒട്ടകക്കുട്ടിയുടെ പുറത്ത് മാത്രമേ കയറ്റുകയുള്ളൂ.' ദുഃഖ പരവശയായ മഹതിയെ സമാധാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 'എല്ലാ ഒട്ടകങ്ങളും ഒരു പെണ്ണൊട്ടകത്തിന്റെ കുട്ടിയാണ്.'
പ്രവാചകന്‍ തന്നെ അമിതമായി ആദരിക്കുന്നുണ്ടെന്ന് മനസ്സിലാക്കി ഉമ്മു ഐമന്‍ തിരുമേനിയോട് അതിര് കവിഞ്ഞ് സംസാരിക്കുമായിരുന്നു. ആയിശ പറഞ്ഞു: ''ഒരിക്കല്‍ പ്രവാചകന്‍ വെള്ളം കുടിക്കുകയായിരുന്നു. ഉമ്മു ഐമന്‍ അപ്പോള്‍ നബിയുടെ സമീപത്തുണ്ട്. അവര്‍ പറഞ്ഞു: ''പ്രവാചകരെ, എന്നെയും വെള്ളം കുടിപ്പിക്കൂ.'' അന്നേരം ഞാന്‍ അവരോട് പറഞ്ഞു: ''നിങ്ങള്‍ ആരോടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ഓര്‍മയുണ്ടോ? നിങ്ങള്‍ പ്രവാചകനെ കൊണ്ട് വല്ലാതെ അടിമവേല ചെയ്യിപ്പിക്കുന്നുണ്ട്.'' പ്രവാചകന്‍ പറഞ്ഞു: 'ഉമ്മുഐമന്‍ പറഞ്ഞതാണ് ശരി.' ഇതും പറഞ്ഞ് പ്രവാചകന്‍ അദ്ദേഹത്തിന്റെ തൃക്കൈകൊണ്ട് അവരെ വെള്ളം കുടിപ്പിച്ചു.
ഉമ്മു ഐമന്‍ പ്രവാചക കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കഴിഞ്ഞിരുന്നത്. പ്രവാചകന്റെ പ്രഥമ പത്‌നി ഖദീജയുടെ മരണത്തിന് അവര്‍ സാക്ഷിയായിരുന്നു. അവരുടെയും പ്രവാചകപുത്രി സൈനബിന്റെയും മറ്റ് പത്‌നിമാരായ സൗദയുടെയും ഉമ്മു സല്‍മയുടെയും മയ്യിത്ത് കുളിപ്പിച്ചത് മഹതിയായിരുന്നു. ഫാത്തിമയും ഇസ്‌ലാമിന്റെ അശ്വഭടനായ അലിയും തമ്മില്‍ നടന്ന മംഗള മുഹൂര്‍ത്തത്തിന് പ്രവാചകന്‍ അവരെ പ്രത്യേകം ക്ഷണിച്ചുവരുത്തിയിരുന്നു.
ഉമ്മു ഐമനെ ഏറ്റവുമധികം നൊമ്പരപ്പെടുത്തിയ സംഭവം പ്രവാചകന്റെ ദേഹവിയോഗമായിരുന്നു. പ്രവാചകന്റെ മരണാനന്തരം അബൂബക്കറും ഉമറും കൂടി മഹതിയെ ആശ്വസിപ്പിക്കാനായി ചെന്നു. അന്നേരം ഒരു കൊച്ചു കുഞ്ഞിനെ പോലെ അവര്‍ വിതുമ്പിക്കരഞ്ഞു. ആഗതര്‍ മഹതിയെ ആശ്വസിപ്പിച്ചു. 'മഹതി എന്തിനു കരയണം. പ്രവാചകന്‍ പോയത് അല്ലാഹുവിലേക്ക്, കൂടുതല്‍ നന്മയിലേക്കാണല്ലോ.' മഹതി പ്രതിവചിച്ചു. 'അതിന്റെ പേരിലല്ല, ആകാശത്ത് നിന്ന് വഹ്‌യ് നിലച്ചുപോയല്ലോ എന്നതിന്റെ പേരിലാണ് ഞാന്‍ കരയുന്നത്.' ഈ സംസാരം അവര്‍ ഇരുവരെയും കരയിപ്പിച്ചു.
പ്രവാചകവിയോഗത്തിന് ശേഷം ഏകദേശം അഞ്ച് വര്‍ഷക്കാലം മാത്രമാണ് ഉമ്മു ഐമന്‍ ജീവിച്ചത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top