കുട്ടിക്കൂട്ടം

വൈ. ഇര്‍ഷാദ്‌ No image

'Save something for some one' എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂറോപ്പില്‍ എലിമെന്ററി സ്‌കൂള്‍ കുട്ടികള്‍ തങ്ങളുടെ Pocket money സമാഹരിച്ച് കിട്ടിയ ഭീമന്‍ തുക ഭൂകമ്പ ദുരിത ബാധിതര്‍ക്ക് നല്‍കിയ കഥ മുമ്പ് വായിച്ചിട്ടുണ്ട്. നമ്മുടെ കോട്ടയത്തെ ബേക്കര്‍ സ്‌കൂളിലെ വീടില്ലാത്ത കൂട്ടുകാര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയ സംഭവവും സമീപ കാലത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ തരത്തില്‍ തങ്ങളുടെ സാമൂഹ്യ ദൗത്യം നാളെയല്ല: ഇന്നു തന്നെയാണ് നിര്‍വഹിക്കാനുള്ളത് എന്ന് പ്രഖ്യാപിക്കുകയാണ് 'മലര്‍വാടി ചില്‍ഡ്രന്‍സ് തിയേറ്ററി'ന്റെ '8GB' എന്ന ടെലി സിനിമയിലൂടെ ഒരു കുട്ടി കൂട്ടം.
ജാസി, റോഷന്‍, അജ്മല്‍, ചക്കി എന്നീ ഇണപിരിയാത്ത കൂട്ടുകാരാണ് സിനിമയിലെ 8GB സംഘം. സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ നിന്ന് വരുന്ന അവരെ പരസ്പരം ഒത്തിണക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചുമതലാ ബോധമാണ്. അതിനു വേണ്ടി അവര്‍ നടത്തുന്ന സാഹസികമായ പരിശ്രമങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് '8GB'-യുടെ ഇതിവൃത്തം.
ജാസിയും റോഷനും അജ്മലും സ്‌കൂളില്‍ പോകുന്നതിന് മുമ്പ് പത്രവിതരണത്തിന് പോയി ലഭിക്കുന്ന വരുമാനം ഒന്നിച്ചൊരു സമ്പാദ്യമായി സൂക്ഷിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി ചക്കിയെന്ന പെണ്‍കുട്ടിയുമുണ്ടവര്‍ക്കൊപ്പം. നിര്‍ധന കുടുംബത്തില്‍ നിന്ന് വരുന്ന ജാസിക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ വീട്ടുകാരുടെ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍ ദമ്പതികളുടെ മകനായ റോഷനാവട്ടെ തന്റെ അമ്മയില്‍ നിന്ന് കടുത്ത ശകാരം നേരിടേണ്ടി വരുന്നു. മാത്രമല്ല അത് വീട്ടില്‍ വലിയ സംഘര്‍ഷത്തിന് വഴിവെക്കുന്നു. എങ്കിലും പഠനത്തിലും പഠനേതര പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവു പുലര്‍ത്തുന്ന 8GB സംഘം പ്രതിസന്ധികളെ വകവെക്കാതെ തങ്ങളുടെ ദൗത്യവുമായി മുന്നോട്ട് പോകുന്നു. അതിനിടയില്‍ ഒരു കൂട്ടുകാന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടുന്ന കണ്ണന്‍ കൂടി 8GB സംഘത്തില്‍ ചേരുന്നു.
ഒരിക്കല്‍ പത്രവിതരണത്തിനിടെ വീട്ടില്‍ അവശനിലയില്‍ കണ്ട റിട്ടയര്‍ഡ് മേജറിനെ 8GB സംഘം ആശുപത്രിയിലെത്തിക്കുന്നു. അത് അത്യാസന്ന നിലയിലായ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നു. അങ്ങനെ ആ കൂട്ടം പഠിച്ചും കളിച്ചും മറ്റുള്ളവരിലേക്ക് സഹായ ഹസ്തം നീട്ടിയും മുന്നേറുന്നതിനിടയില്‍ അവരുടെ മുഴുവന്‍ സമ്പാദ്യവുമായി അജ്മല്‍ എന്ന കൂട്ടുകാരന്‍ അപ്രത്യക്ഷനാവുന്നു. പണവുമായി കടന്നുകളഞ്ഞ അജ്മലിന്റെ പശ്ചാത്തലം '8GB' സംഘത്തിന് തികച്ചും ദുരൂഹമായ അവന്റെ സാഹചര്യങ്ങളിലേക്കുള്ള യാത്ര അവരില്‍ പുതിയൊരു വെളിച്ചം പകര്‍ന്നു നല്‍കി.
അന്‍സാര്‍ നെടുമ്പാശേരിയുടെ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് ഇരിങ്ങല്ലൂരാണ്. സിനിമയുടെ സൗന്ദര്യ ശാസ്ത്ര വിശകലനത്തില്‍ കുറെയേറെ ദൗര്‍ബല്യങ്ങള്‍ ചിത്രത്തില്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും സന്ദേശപ്രദമായ ഒരു സ്വോദ്ദേശ ചലച്ചിത്രമെന്ന നിലക്ക് '8GB' (ആ പേരിന്റെ ഉദ്ദേശ്യം വ്യക്തമല്ല) അഭിനന്ദനമര്‍ഹിക്കുന്നു. കുട്ടികളെ അവരുടെ കുട്ടിത്തത്തില്‍ തന്നെ അവതരിപ്പിച്ചെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.
സംസ്ഥാനത്തെ പ്രൈമറി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിജ്ഞാനോത്സവം സംഘടിപ്പിച്ചും സംസ്ഥാനതലത്തില്‍ നാടകോത്സവം (Children Qstage) നടത്തിയും ചരിത്രം സൃഷ്ടിച്ച മലര്‍വാടി ബാലസംഘത്തിന്റെ ശ്രദ്ധേയമായൊരു കാല്‍വെപ്പാണ് ഈ ടെലി സിനിമ. കേവലം ഒരു സിനിമ എന്നതിനപ്പുറം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു കാമ്പയിനായി വളര്‍ത്താന്‍ കഴിയുന്ന സന്ദേശമാണ് മലര്‍വാടി ഈ ചിത്രത്തിലൂടെ പങ്കുവെക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top