ഏഴു പെണ്‍കുട്ടികള്‍

റഹ്മാന്‍ മുന്നൂര് No image

കാഴ്ച: മൂന്ന്
ആണ്‍തടവുകാരുടെ കൂടാരത്തില്‍ നിന്നും പത്തമ്പത് വാര അകലെ ഏഴു പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി നിര്‍മിച്ച കൂടാരം. സമയം രാത്രി. ക്യാമ്പില്‍ എല്ലാവരും ഉറക്കമാണ്. കാറ്റിന്റെ ചെറിയ മൂളക്കമല്ലാതെ മറ്റു ശബ്ദങ്ങളൊന്നുമില്ല. പെണ്‍കുട്ടികള്‍ ഏഴു പേരും ഉറങ്ങാതെ കിടക്കുകയാണ്.
അവരിലൊരാള്‍ കൂടാരത്തിന്റെ കര്‍ട്ടന്‍ അല്‍പം പൊക്കി വെളിയിലേക്ക് നോക്കി. ഉറക്കം തൂങ്ങി നിലത്തിരിക്കുന്ന പാറാവുകാരനെ കണ്ട് അവള്‍ തന്റെ തൊട്ടടുത്ത് കിടന്ന പെണ്‍കുട്ടിയുടെ കാതില്‍ മന്ത്രിച്ചു.
''പാറാവുകാരന്‍ ഉറക്കം പിടിച്ചിട്ടുണ്ട്.''
അവള്‍ അത് അവളുടെ തൊട്ടടുത്ത് കിടക്കുന്ന പെണ്‍കുട്ടിയുടെ കാതില്‍ പറഞ്ഞു. അങ്ങനെ ഏഴ് പെണ്‍കുട്ടികള്‍ക്കും ആ സന്ദേശം ലഭിച്ചു. അതിന് ശേഷം ആദ്യത്തെ പെണ്‍കുട്ടി പതുക്കെ എഴുന്നേറ്റ്, വിരിപ്പില്‍ ഒരാള്‍ കിടക്കുന്നതായി തോന്നിക്കുന്ന വിധം കമ്പിളി ചുരുട്ടി വെച്ച് പതുക്കെ പുറത്തിറങ്ങി. ഒരു ടവ്വല്‍ കൊണ്ട് പാറാവുകാരന്റെ മൂക്ക് പൊത്തിയപ്പോള്‍ അയാള്‍ മയങ്ങി നിലത്ത് വീണു. അവള്‍ പെട്ടെന്ന് ഓടി ഇരുട്ടില്‍ മറഞ്ഞു.
ആണ്‍തടവുകാരുടെ കൂടാരത്തിന് മുമ്പില്‍ കത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ അവിടെ കാവല്‍ നില്‍ക്കുന്ന പാറാവുകാരന്റെ മുഖം അവള്‍ കണ്ടു. കുനിഞ്ഞിരുന്ന് എന്തോ വായിക്കുകയാണയാള്‍. ഖുര്‍ആന്‍ ഓതുകയാവാം. മരങ്ങളുടെ മറ പറ്റി കൂടാരത്തിന്റെ പിന്‍ഭാഗത്തേക്ക് ചെന്ന അവള്‍ പതിഞ്ഞ സ്വരത്തില്‍ വിളിച്ചു.
പെണ്‍കുട്ടി: റോബിന്‍, റോബിന്‍.
അകത്ത് നിന്ന് റോബിന്‍: ആരാണ് ?
മോബി: ഞാനാണ് മോബി.
റോബിന്‍: അകത്തേക്ക് വാ. ഇതാ, ഇതിലെ, ഇതിലെ...
റോബിന്‍ കാണിച്ചുകൊടുത്ത പഴുതിലൂടെ അവള്‍ കൂടാരത്തിന്റെ അകത്തേക്ക് നുഴഞ്ഞു കയറി
റോബിന്‍: മറ്റുളളവരെവിടെ ?
മോബി: കൂടാരത്തിലുണ്ട്.
റോബിന്‍: കുഴപ്പമില്ലല്ലോ.
മോബി: ഇല്ല, എന്തിനാ ഉറക്കെ കരഞ്ഞത് ?
റോബിന്‍: വെറുതെ, അഭിനയിച്ചതാ. നിങ്ങള്‍ എങ്ങനെയാണ് ഇവിടെ എത്തിയത് ?
മോബി: ക്രിസ്റ്റഫര്‍ സലാഹുദ്ദീനെ അമ്പെയ്തു. അത് ഉന്നം പിഴച്ചു. സലാഹുദ്ദീന്റെ ഭടന്മാര്‍ ഞങ്ങളെ തിരഞ്ഞു വന്നു. ഞങ്ങള്‍ ആയുധങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ട് അതിന്റെ മുകളില്‍ ഒട്ടകത്തെ കിടത്തി. അവരുടെ പരിശോധനയില്‍ ആയുധങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. അതുകൊണ്ട് ഞങ്ങളെ അവര്‍ വിശ്വസിച്ചു. സലാഹുദ്ദീന്‍ ഞങ്ങള്‍ക്ക് അഭയം തന്നു. പുരുഷന്മാരെ വിട്ടയക്കുകയും ചെയ്തു.
റോബിന്‍: അവര്‍ ഇപ്പോള്‍ എവിടെയാണ് ?
മോബി: ഇവിടെ അടുത്തൊരിടത്തുണ്ട്.
റോബിന്‍: നീ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് കെയ്‌റോവില്‍ പോകണം. സുഡാനി പട്ടാളവുമായി ബന്ധപ്പെട്ട്, എന്തുകൊണ്ടാണ് അവര്‍ കലാപം നടത്താതിരുന്നത് എന്ന് മനസ്സിലാക്കണം. നാജി എന്തിനാണ് അഗസ്തസ് രാജാവിന് കത്തയച്ചത്? അയാള്‍ ഞങ്ങളെ ചതിക്കുകയായിരുന്നോ ? അല്ലെങ്കില്‍ പിന്നെ എന്താണ് സംഭവിച്ചത് എന്നൊക്കെ മനസ്സിലാക്കണം. ഞാന്‍ തടവുചാടി നിങ്ങളുടെ അടുക്കലെത്തും. പക്ഷേ, ഇപ്പോള്‍ അത് സാധ്യമാണെന്ന് തോന്നുന്നില്ല. നീ പൊയ്‌ക്കോ. അധികം ഇവിടെ നില്‍ക്കുന്നത് അപകടമാണ്. വല്ലവരും കണ്ടാല്‍, എല്ലാവരുടെയും കഥ കഴിയൂം. പൊയ്‌ക്കോ.
മോബി ഇരുളിന്റെ മറ പറ്റി നടന്നു. അല്‍പം മുന്നോട്ടു ചെന്നപ്പോള്‍ ഒരു കാല്‍പെരുമാറ്റം കേട്ട് ഭയന്ന് ഒരു മരത്തിന്റെ പിന്നിലേക്ക് നീങ്ങിനിന്നു.
കാഴ്ച നാല്
ഇരുളില്‍ നിന്ന് ഒരു പുരുഷന്റെ കനത്ത ശബ്ദം.
ആരാണത്? അവിടെ നില്‍ക്ക്.
അത് ഫഖ്‌റുല്‍ മിസ്‌രിയാണ്. മരത്തിന്റെ പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന മോബിയെ അയാള്‍ കണ്ടിട്ടുണ്ട്.
മോബി ശബ്ദംകേട്ട ഭാഗത്തേക്ക് നോക്കി. ഫഖ്‌റുല്‍ മിസ്‌രി തന്റെ അടുത്തേക്ക് നടന്നുവരുന്നത് കണ്ട് അവള്‍ ഭയന്ന് ഓടാന്‍ തുടങ്ങി. അവളുടെ പിന്നാലെ ഫാറൂഖ് അല്‍മിസ്‌രിയും ഓടി.
നീണ്ട ഓട്ടം അവസാനിക്കുന്നത് ഒരു കൂടാരത്തിന്റെ മുന്നിലാണ്. കൂടാരത്തിന്റെ വാതിലിനു മുന്നില്‍ മോബി കിതച്ചു കൊണ്ട് നിന്നു.
മോബി: ക്രിസ്റ്റഫര്‍, ക്രസ്റ്റഫര്‍, വാതില്‍ തുറക്ക്.
ക്രിസ്റ്റഫര്‍ വന്ന് വാതില്‍ തുറന്നപ്പോള്‍ മോബി വെട്ടിയിട്ട മരം പോലെ അയാളുടെ ശരീരത്തിലേക്ക് മറിഞ്ഞു വീണു. അയാള്‍ അവളെ മാറോട് ചേര്‍ത്തു പിടിച്ചു.
മോബി: അപകടം. അയാള്‍ പിറകെ വരുന്നുണ്ട്.
ക്രിസ്റ്റഫര്‍: ആര്?
മോബി: സലാഹുദ്ദീന്റെ ഭടന്‍.
കിസ്റ്റഫര്‍: വരട്ടെ. ഞാന്‍ നോക്കിക്കോളാം. നീ അകത്ത് പോയി കിടക്ക്.
അപ്പോഴേക്കും ഫഖ്‌റുല്‍ മിസ്‌രി അവിടെ എത്തി.
ഫ.മി: ആ പെണ്‍കുട്ടിയെ എനിക്ക് വിട്ടുതരൂ.
ക്രിസ്റ്റഫര്‍: തരാമല്ലോ. അകത്തേക്ക് വരൂ.
ഫ.മി: അവളെ തരാനാണ് പറഞ്ഞത്.
ഫഖ്‌റുല്‍ മിസ്‌രി കൈ നീട്ടി മോബിയെ ബലമായി പിടിച്ച് വലിക്കുന്നു. ക്രിസ്റ്റഫര്‍ അവളെ അയാള്‍ക്ക് വിട്ടു കൊടുത്തു.
ക്രിസ്റ്റഫര്‍: കൊണ്ടു പൊയ്‌ക്കോളൂ.
ഫഖ്‌റുല്‍ മിസ്‌രി അയാളെ രൂക്ഷമായൊന്ന് നോക്കി, മോബിയെ കൈ പിടിച്ച് വലിച്ച് പോകാനൊരുങ്ങുന്നു.
മോബി: അരുത് ക്രിസ്റ്റഫര്‍, എന്നെ കൊണ്ടുപോകാന്‍ അനുവദിക്കരുത്. ഇദ്ദേഹം എന്നെ സലാഹുദ്ദീന് കൊടുക്കും. എനിക്ക് പേടിയാണ് സലാഹുദ്ദീനെ. അയാളെന്നെ പിച്ചിച്ചീന്തും.
ക്രിസ്റ്റഫര്‍: ആര് സലാഹുദ്ദീനോ?
മോബി: അതേ, അയാള്‍ തന്നെ.
ഫ.മി: കള്ളമാണ് ഇവള്‍ പറയുന്നത്. സലാഹുദ്ദീന്‍ അത്തരക്കാരനല്ല.
മോബി: നിങ്ങള്‍ക്കറിയില്ല സലാഹുദ്ദീനെ. അയാള്‍ മൃഗമാണ്. കാട്ടുമൃഗം. അയാള്‍ കാരണമാണ് ഞാന്‍ ഒളിച്ചോടിയത് തന്നെ.
ഫ.മി: ഇല്ല, ഞാനത് വിശ്വസിക്കില്ല. ഞാന്‍ നിന്നെ കൊണ്ടുപോവുക തന്നെ ചെയ്യും.
ക്രിസ്റ്റഫര്‍: അവളെ നിങ്ങള്‍ക്ക് കൊണ്ടുപോകാം. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എങ്കിലും അവള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കുന്നതിന് വിരോധമുണ്ടോ?
ഫ.മി: ഇവളുടെ കള്ളക്കഥകള്‍ ഞാനെന്തിന് കേള്‍ക്കണം?
ക്രിസ്റ്റഫര്‍: കള്ളമോ സത്യമോ എന്ന് കേട്ടശേഷം തീരുമാനിക്കാമല്ലോ. വരൂ അകത്തേക്ക് കയറിയിരിക്കാം.
ഫഖ്‌റുല്‍ മിസ്‌രി അവരോടൊപ്പം കൂടാരത്തിനകത്ത് കയറി. അവിടെ നിലത്ത് വിരിച്ച ഒരു കമ്പളത്തില്‍ കച്ചവടക്കാരായ മറ്റു നാലുപേരോടൊപ്പം അവര്‍ ഇരുന്നു. ഫഖ്‌റുല്‍ മിസ്‌രിക്ക് അഭിമുഖമായിട്ടാണ് മോബി ഇരുന്നത്. പന്തത്തിന്റെ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങിയ അവളുടെ സുന്ദരമായ മുഖത്തേക്ക് അറിയാതെ നോക്കിപ്പോയ അയാള്‍ പെട്ടെന്ന് തന്നെ കണ്ണുകള്‍ പിന്‍വലിച്ചു.
ക്രിസ്റ്റഫര്‍: പറയൂ മോബി, എന്താണ് സലാഹുദ്ദീന്‍ നിന്നെ ചെയ്തത്?
മോബി: സലാഹുദ്ദീന്‍ സംരക്ഷണം തന്നപ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചതാണ്. പക്ഷേ, രാത്രി ആയതോടെ കാര്യങ്ങള്‍ മാറി. ഒരു ഭടന്‍ വന്ന് ഞങ്ങളെ ഏഴു പേരെയും കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ സലാഹുദ്ദീന്റെ കൂടാരത്തിലെത്തിയപ്പോള്‍ അദ്ദേഹം പടത്തലവന്‍മാരോടൊപ്പം മദ്യം സേവിക്കുകയായിരുന്നു. സലാഹുദ്ദീന്‍ അടക്കം അവര്‍ ഏഴു പേരാണുണ്ടായിരുന്നത്. എന്നെ സലാഹുദ്ദീന് വേണ്ടി അവിടെ ഉപേക്ഷിച്ച് മറ്റുള്ളവരെ ഓരോരുത്തര്‍ വായ പൊത്തിപ്പിടിച്ച് ബലമായി വലിച്ച് പുറത്തേക്ക് കൊണ്ട് പോയി. ഞാന്‍ പേടിച്ച് വിറച്ചു കൊണ്ട് അവിടെത്തന്നെ നിന്നു. സലാഹുദ്ദീന്‍ അടുത്ത് വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, അമീര്‍ ഇതാണോ താങ്കള്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സംരക്ഷണം? പരിഹാസം നിറഞ്ഞ ഒരു ചിരിയായിരുന്നു അതിനുള്ള മറുപടി.
ക്രിസ്റ്റഫര്‍ എഴുന്നേറ്റു പോയി ഒരു കൂജയില്‍ ഖഹ്‌വയുമായി വന്ന് അത് കോപ്പകളില്‍ ഒഴിച്ച് ഓരോരുത്തര്‍ക്കായി വിതരണം ചെയ്തു. ഖഹ്‌വ കുടിച്ചുകൊണ്ട് മോബി വിവരണം തുടര്‍ന്നു.
ഒരു കാട്ടുമൃഗത്തെ പോലെയാണ് സലാഹുദ്ദീന്‍ പെരുമാറിയത്. ജീവന്‍ പോയാലും അദ്ദേഹത്തിന് വഴങ്ങുകയില്ലെന്ന് ഞാനും തീരുമാനിച്ചു. ഒടുവില്‍ ഒരുവിധം രക്ഷപ്പെട്ട് പുറത്തെത്തി. ഇനിയും അവിടെ നില്‍ക്കുന്നത് ആപത്താണെന്ന് മനസ്സിലാക്കി ഓടിപ്പോരുകയായിരുന്നു.
ഖഹ്‌വ അകത്ത് ചെന്നപ്പോള്‍ ഫഖ്‌റുല്‍ മിസ്‌രിക്ക് മനസ്സിന്റെ താളം തെറ്റുന്നതായി തോന്നി. തലക്ക് കനം കൂടുന്നതായും ശരീരം തളരുന്നതായും അനുഭവപ്പെട്ടു.
മോബി: അമീര്‍ ഇങ്ങനെയാണെങ്കില്‍ പടത്തലവന്മാര്‍ എങ്ങനെയിരിക്കും. എന്റെ കൂട്ടുകാരികളുടെ കഥ എന്തായിരിക്കും.
കൂട്ടുകാരികളെ ഓര്‍ത്തപ്പോള്‍ മോബിയുടെ തൊണ്ട ഇടറി. അവള്‍ കണ്ണുനീര്‍ തുടച്ചു.
ഫ.മി: സത്യമാണോ ഞാന്‍ കേള്‍ക്കുന്നതെല്ലാം.
മോബി: രാവിലെ സലാഹുദ്ദീന്റെ സ്വഭാവം കണ്ടപ്പോള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ വരെ തീര്‍ച്ചപ്പെടുത്തിയതായിരുന്നു ഞങ്ങള്‍. ഇത്ര വൃത്തികെട്ടവനാണ് അദ്ദേഹമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
ഫ.മി: കപടനാണ് സലാഹുദ്ദീനെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ ഞാന്‍ നില്‍ക്കുമായിരുന്നില്ല. എന്തായാലും ഇനി അദ്ദേഹത്തിന്റെ താവളത്തിലേക്ക് ഞാനില്ല.
ക്രിസ്റ്റഫര്‍: താങ്കള്‍ എന്തുചെയ്യാന്‍ പോകുന്നു?
ഫ.മി: ഞാന്‍ എന്റെ വീട്ടിലേക്ക് പോവുകയാണ്. ഇനിയുള്ള കാലം ഏതെങ്കിലും പള്ളിയിലോ സൂഫി ആശ്രമത്തിലോ ആത്മീയ കാര്യങ്ങളില്‍ മുഴുകി ജീവിക്കും.
ക്രിസ്റ്റഫര്‍: പക്ഷെ, സലാഹുദ്ദീന്‍ താങ്കളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ?
മോബി; അദ്ദേഹം ഇപ്പോള്‍ തന്നെ നമ്മെ തെരഞ്ഞ് ആളെ വിട്ടിട്ടുണ്ടാവും.
കിസ്റ്റഫര്‍: ഇവിടെ നില്‍ക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ക്ക് ആപത്താണ്. നിങ്ങള്‍ ഉടനെ സ്ഥലം വിടുന്നതാണ് നല്ലത്. കെയ്‌റോയില്‍ എന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹത്തിന് ഞാന്‍ എഴുത്ത് തരാം. ഉടനെ യാത്രക്ക് ഒരുങ്ങിക്കൊള്ളൂ.
മോബി എഴുന്നേറ്റ് ചെന്ന് ഫഖ്‌റുല്‍ മിസ്‌രിയുടെ കൈപിടിച്ചപ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഒരു കുളിരനുഭവപ്പെട്ടു.
മോബി: വരൂ, ഈ വസ്ത്രം മാറി കച്ചവടക്കാരുടെ വേഷത്തില്‍ നമുക്ക് സ്ഥലം വിടാം.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top