സ്‌പൈനല്‍കോഡ്‌

എ.യു. റഹീമ, പാലക്കാട് No image

ചൂടുളള ഭക്ഷണം അയാള്‍ക്കരികില്‍ വെച്ച് അവള്‍ പോയി. അത് വായയോട് ചേര്‍ന്നുതന്നെ ഇരിപ്പുണ്ട്. പക്ഷെ, ‘അതൊന്നു വായ്ക്കുളളില്‍ എത്തി കിട്ടിയിരുന്നെങ്കില്‍’ അയാള്‍ സര്‍വശക്തിയും ചോര്‍ന്നുപോയ തന്റെ ശരീരം ഒന്നനക്കാന്‍ വൃഥാ മോഹിച്ചു! അയാളുടെ ശരീരത്തില്‍ ചലനമുളള അവയവം തല മാത്രമാണ്. അത് ചെരിച്ചുപിടിച്ച് ഭക്ഷണത്തിലേക്ക് നാവു നീട്ടിനോക്കി. ഇല്ല! കഴിയുന്നില്ല!
വിശപ്പിന്റെ രൂക്ഷത വര്‍ധിപ്പിച്ചുകൊണ്ട് ആ ഭക്ഷണം, പാത്രത്തിനുളളില്‍ തണുത്തുറഞ്ഞു കിടന്നു. ഏറെ താമസിയാതെ, ആ ദുര്‍ഗന്ധകൂട്ടിലെ ഒരംശമായി അതും മാറി!
അയാള്‍, തന്റെ നിശ്ചലമായ കൈകളിലേക്ക് കണ്ണീരോടെ നോക്കി. ഗതകാല ചിന്തകള്‍ അയാളെ വലയം ചെയ്തു.
“അച്ഛാ, അച്ഛന്റെ കൈക്കുളളിലെ പൂച്ചകുട്ടിയെ കാണിച്ചു തര്വോ?” - തന്റെ ഓമന മകന്‍ അപ്പൂന്റെ കിളിക്കൊഞ്ചല്‍ അയാളെ കോരിത്തരിപ്പിച്ചു.
അയാള്‍ കൈ ഉയര്‍ത്തി മസിലു പെരുപ്പിച്ചു. ഉരുണ്ടുകൂടിയ മസിലില്‍ തൊട്ടുകൊണ്ടയാള്‍ പറഞ്ഞു : “ദാ പൂച്ചക്കുട്ടി”
അവന്‍ കിടുകിടാ ചിരിക്കുന്നതിന്റെ ശബ്ദം അയാള്‍ ഇപ്പോഴും കേള്‍ക്കുന്നതുപോലെ. വരണ്ട ചുണ്ടുകള്‍ പുഞ്ചിരിക്കാന്‍ പാടുപെട്ടു.
അവന്‍ അടുത്തുളളതുപോലെ.““എവിടെ”? അയാളുടെ നിറകണ്ണുകള്‍, മുന്നോട്ടു നോക്കിക്കൊണ്ടിരുന്നു. “ഇല്ല! ആരുമില്ല! തന്റെ മകനും സഹധര്‍മിണിയും - ആരും!”
~ഒന്നിനും കൊളളാതായ തന്നെ ഇനി ആര്‍ക്കു വേണം? ദൈവത്തിനു പോലും തന്നെ വേണ്ടല്ലോ!
നീണ്ട രണ്ടു വ്യാഴവട്ടങ്ങള്‍ തന്നോടൊന്നും ഉരിയാടാതെ കടന്നുപോയി. എത്രയെത്ര വസന്തങ്ങള്‍, തന്റെ നിശ്ചലതയുടെ ഊഷരഭൂമിയിലേക്ക് ഒന്ന് എത്തിനോക്കുക പോലും ചെയ്യാതെ കടന്നുപോയി! ഇലകൊഴിഞ്ഞ ഒരു മരം പോലെ വീണുകിടക്കുന്ന തന്റെ നിശ്ചല ശരീരത്തെ നോക്കി, ജീവസ്സുറ്റ ആന്തരികാവയവങ്ങള്‍ നെടുവീര്‍പ്പിട്ടു! പുറത്ത് താന്‍ നട്ടു വളര്‍ത്തിയ ചെന്തെങ്ങില്‍ കരിക്കിന്‍ കുലകള്‍, താങ്ങാനാകാത്ത ദുഃഖഭാരത്താല്‍ തലതാഴ്ത്തി നിന്നു. ഒരു ഇളനീരെങ്കിലും പകര്‍ന്നു നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത്!
ചെന്തെങ്ങ്! അതിപ്പോഴും അവിടെ തന്നെയുണ്ട്. ആ ദുര്‍ദിനത്തിന്റെ ദൃക്‌സാക്ഷിയായി. ചിന്തകള്‍ വീണ്ടും അയാളെ വേട്ടയാടി.
“സുന്ദരേട്ടാ, മുറ്റത്തെ ചെന്തെങ്ങീന്നൊരു കരിക്കിട്ട് അപ്പൂന് കൊടുത്തേ...” തന്റെ സഹധര്‍മിണിയുടെ സ്‌നേഹഭാഷണം കേട്ട് അപ്പൂന് കരിക്കിട്ടു കൊടുക്കാന്‍ തെങ്ങില്‍ കയറിയതാണ്. കരിക്കിനോടൊപ്പം പൊഴിഞ്ഞുവീണത് തന്റെ സുന്ദര ശരീരമായിരുന്നു. പിടിച്ചുകയറാന്‍ ഉപയോഗിച്ച പിടിവളളി കൈയില്‍ നിന്നു വഴുതി അകലെ തെറിച്ചുവീണു! ആ വീഴ്ചയിലാണ് ജീവിതത്തിന്റെ പിടിവളളി പൊട്ടിപ്പോയത്! വീഴ്ചയില്‍ നട്ടെല്ലിനേറ്റ ക്ഷതം അതിനകത്തെ സ്‌പൈനല്‍ കോഡിനെ ബാധിക്കുന്നത് ആളുകളുടെ അശ്രദ്ധമായ കോരിയെടുക്കലിലാണ് എന്ന് പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞാണ് അറിഞ്ഞത്. സ്‌പൈനല്‍കോഡ് തകര്‍ന്നാല്‍ പിന്നെ കഴുത്തിന് താഴെ നിശ്ചലമായി പോകുമത്രെ!
അയാള്‍ വെറുതെ മോഹിച്ചു - വീണിടത്തു നിന്നു തന്നെ നട്ടെല്ലുവളയാതെ, ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍! എങ്കില്‍ തനിക്ക് പിന്നീട് എഴുന്നേറ്റു നടക്കാമായിരുന്നു!! പക്ഷെ, തന്റെ ശരീരത്തിലെ സ്‌പൈനല്‍കോഡ് മാത്രമല്ല തകര്‍ന്നു പോയത്, മനസ്സിന്റെ സ്‌പൈനല്‍ കോഡ് കൂടിയായിരുന്നു! തന്റെ ഇഷ്ടഭാജനം എല്ലാം തകര്‍ത്തെറിഞ്ഞ് അകന്നുപോയപ്പോള്‍ തന്നെ മാത്രം ജീവിക്കാന്‍ അനുവദിച്ചതെന്തിനെന്നയാള്‍ ചിന്തിച്ചു?
ഭക്ഷണമല്ല, വിഷം പോലും അടുത്തുണ്ടെങ്കില്‍ എടുത്ത് കഴിച്ച് ഇതൊന്നവസാനിപ്പിച്ചിരുന്നെങ്കില്‍ എന്നു പലവട്ടം ആലോചിച്ചിട്ടുണ്ട്. പക്ഷെ അതിനു പോലും കഴിയുന്നില്ലല്ലോ!
നീണ്ട ഇരുപത്തഞ്ചാമാണ്ടിനിടയില്‍ ഒരിക്കല്‍ പോലും തന്റെ ഭാര്യയൊന്നെത്തി നോക്കിയില്ല! ഇരുപത്തെട്ടു വയസ്സായ തന്റെ മകന്‍ വന്നിരുന്നു. സ്‌നേഹത്തോടെ ആളുകള്‍ നല്‍കിയിരുന്ന നാണയകൂട്ടങ്ങളുടെ കിലുക്കവുമായി അവന്‍ നടന്നകന്നു പോയി!
ആ വീട് അയാളുടേത് കൂടിയായതിനാല്‍ ഇരുളടഞ്ഞ ചായ്പില്‍ കരിപുരണ്ട് തലമാത്രമുളള ഈ ജീവിതം തുടിച്ചുകൊണ്ടിരിക്കുന്നു. തന്റെ തലയ്ക്കരികില്‍ വരെ ഈ ഭക്ഷണം എത്തിച്ചവരെ പോലും അയാള്‍ ഒരിക്കലും പഴിക്കില്ല. കാരണം നാലുനാള്‍ മുമ്പ് താനറിയാതെ പോയ്‌കൊണ്ടിരിക്കുന്ന മലത്തിലാണല്ലോ കിടപ്പ്! ദുര്‍ഗന്ധം സഹിക്കാതെയാണവര്‍ ഭക്ഷണം വച്ചിട്ടുപോയതും! എന്റെ ശരീരത്തെ അവരെങ്ങിനെ വൃത്തിയാക്കും? അവരെന്റെ അനുജന്റെ ഭാര്യയല്ലേ....!
ഞങ്ങളദ്ദേഹത്തെ വടകരയുളള ആരുമില്ലാത്തവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്ന ആശ്രമത്തിലാക്കി, കുളിപ്പിച്ച് കുട്ടപ്പനാക്കി, ആഹാരം കഴിപ്പിച്ച് സന്തുഷ്ടനാക്കി.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top