വെളിച്ചം പകര്‍ന്ന് ഈ പെണ്‍കുട്ടികള്‍

ഫര്‍സാനാ സ്വാലിഹ് No image

പ്രപഞ്ചം മുഴുവന്‍ നിശ്ശബ്ദമായിരുന്ന രാവിലാണ് ജിബ്രീല്‍ ഖുര്‍ആന്റെ ആദ്യ വരികള്‍ പ്രവാചകന്റെ കാതുകളില്‍ പകര്‍ന്നത്. പ്രപഞ്ചത്തെ മുഴുവന്‍ വശീകരിക്കുന്ന, ഏത് കഠിന ഹൃദയവും ലോലമാക്കുന്ന മാസ്മരികതയായിരുന്നു ആ വരികള്‍ക്ക്. അജ്ഞതയിലും അന്ധകാരത്തിലുമായിരുന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ചു ആ വരികള്‍. എഴുത്തും വായനയുമറിയാത്ത പ്രവാചകനാണ് അനീതിക്കും അധര്‍മത്തിനുമെതിരെ വെളിച്ചത്തെ നയിച്ചത്. ഖുര്‍ആന്‍ പകര്‍ന്ന അറിവാണ് ഇരുട്ടില്‍ വീണുപോയ സമൂഹത്തിന് വഴി കാട്ടിയത്. കാലം പോയി, അത്യാധുനിക സൌകര്യങ്ങളും മറ്റും കൂടിയപ്പോള്‍ പ്രവാചകന്റെ വെളിച്ചമെത്തേണ്ട സമുദായത്തിന്റെ വലിയൊരു ശതമാനം ഇരുട്ടിലേക്ക് വഴി മാറിപ്പോയി. വീട്ടില്‍ പ്രായമായവര്‍ക്കു വേണ്ടി മാത്രം മാറ്റി വെക്കപ്പെട്ട ഗ്രന്ഥമായി പലര്‍ക്കും വിശുദ്ധ ഖുര്‍ആന്‍. എന്നാല്‍ ഇരുട്ടിലേക്ക് പതിച്ചു കൊണ്ടിരിക്കുന്ന സമുദായത്തെ കുറിച്ച ആശങ്കയിലേക്ക് പ്രതീക്ഷയുടെ ഇത്തിരി പൊന്‍വെയില്‍ വീശുന്നതായിരുന്നു ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം 'തര്‍തീല്‍ 12'. കേരളത്തില്‍ ആദ്യമായാണ് പെണ്‍കുട്ടികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം നടത്തുന്നത്. മാധുര്യം കൊണ്ടും ഭംഗി കൊണ്ടും പെണ്‍കുട്ടികള്‍ ശ്രോതാക്കളുടെ ഹൃദയം കീഴടക്കി. നിശബ്ദതയില്‍ പിറന്ന വരികള്‍ സദസ്സിനെ നിശബ്ദമാക്കിയെന്ന് തന്നെ പറയാം.
നൂഹ അബ്ദുല്‍ റഹീം (എറണാകുളം) നെയാണ് മികച്ച ഖാരിഅയായി തെരഞ്ഞെടുത്തത്. വി.ഐ സുമയ്യ (എറണാകുളം) രണ്ടാം സ്ഥാനവും റഫീഹ അബ്ദുല്‍ ഖാദര്‍ (കണ്ണൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെക്കന്ററിതല വിജയികളായ 34 പേരാണ് ഫൈനലില്‍ മാറ്റുരച്ചത്. ഇതില്‍ ജേതാക്കളായ പത്തു പേരില്‍ നിന്നാണ് മൂന്ന് സ്ഥാനക്കാരെയും തെരഞ്ഞെടുത്തത്. നിരാശയേക്കാളേറെ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു മത്സരമെന്നാണ് നുഹയുടെയും സുമയ്യയുടെയും അഭിപ്രായം.
അല്‍ഐനില്‍ പള്ളിയില്‍ ഇമാമായ അബ്ദുല്‍ റഹീം ഇസ്ഹാഖിന്റെ അഞ്ച് മക്കളില്‍ മൂന്നാമത്തെയാളാണ് നൂഹ. പേരിനെ അന്വര്‍ഥമാക്കുന്നു നൂഹയുടെ ജീവിതം. ഉപ്പയുടെ ശ്രുതി മധുരമായ ഖുര്‍ആന്‍ പാരായണം കേട്ടു വളര്‍ന്ന നൂഹക്ക് ജീവിതത്തില്‍ ഏറ്റവും പ്രധാനം ഖുര്‍ആന്‍ തന്നെ. പന്ത്രണ്ടാം ക്ളാസു വരെ അല്‍ഐനിലാണ് പഠിച്ചത്. തിരുവനന്തപുരത്തു നിന്ന് ബിരുദവും തൊടുപുഴയില്‍ എം. എസ്സി ബയോ കെമിസ്ട്രിയും കഴിഞ്ഞു. ഖുര്‍ആന്‍ പ്രത്യേക കോഴ്സായി പഠിച്ചിട്ടില്ല. പഠിക്കണമെന്ന വല്ലാത്തൊരാശ മനസ്സിലുണ്ടായിരുന്നു. അതിനിടെ ഉപ്പയുടെ സുഹൃത്തില്‍ നിന്നും കുറച്ചു കാലം തജ്വീദ് പരിശീലിക്കാന്‍ കഴിഞ്ഞു. ഖുര്‍ആനിനെക്കുറിച്ച് കിട്ടുന്നേടത്തോളം പുസ്തകങ്ങള്‍ വായിക്കും. വ്യത്യസ്ത ഖാരിഉകളുടെ പാരായണം കേള്‍ക്കും. ഇതിന്റെയൊക്കെ ശേഖരം തന്നെയുണ്ട് നുഹയുടെ കൈയില്‍.
വീട്ടിലെപ്പോഴും ഖുര്‍ആന്റെതായ അന്തരീക്ഷമാണ്. ഉമ്മയും സഹോദരങ്ങളുമെല്ലാം അതിഷ്ടപ്പെടുന്നു. സംഗീതം ഹറാമാണെന്ന് വിശ്വസിക്കുന്ന നൂഹ മുഴുവന്‍ സമയവും ഖുര്‍ആനാണ് കേള്‍ക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു നുഹയുടെ വിവാഹം. തന്റെ നല്ലപാതിയും ഇതേ അഭിപ്രായക്കാരനായത് നുഹയെ ഏറെ സന്തോഷിപ്പിക്കുന്നു. എറണാകുളത്ത് എഞ്ചിനീയറായി ജോലി നോക്കുന്ന ലെസിന്‍ അക്ബര്‍ ഖുര്‍ആന്‍ പഠിക്കാനായി ഈജിപ്തില്‍ വരെ പോയിട്ടുണ്ട്. തന്നെക്കാള്‍ മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ലെസിന്‍ ആണെന്നാണ് നുഹയുടെ പക്ഷം. മൂന്ന് ജുസ്അ് മനഃപാഠമാക്കിയ ഇവര്‍ക്ക് ഹാഫിളാകണമെന്നാണ് ആഗ്രഹം.
ദുബൈയില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എങ്കിലും ഇത്രയധികം മത്സരാര്‍ഥികളുള്ള വേദിയില്‍ ആദ്യമായാണ്. വിധികര്‍ത്താക്കളുടെ വിലയിരുത്തല്‍ ഏറെ ഉപകാരപ്രദമായെന്നും നുഹ. അറിവിന്റെ വിശാലമായ ലോകം കുട്ടികള്‍ക്ക് മുന്നില്‍ തുറന്നിടാന്‍ മത്സരിക്കുന്ന രക്ഷിതാക്കളോട് ആദ്യം അവരുടെ മനസ്സില്‍ വെളിച്ചം നിറക്കൂ എന്നാണ് നുഹക്ക് പറയാനുള്ളത്.
'വായിക്കാനുണര്‍ത്തി ലോകത്തിന്റെ ഇരുട്ടകറ്റിയ ഖുര്‍ആന്‍ പഠിക്കാതെ ഒരു പഠനവും പൂര്‍ണമാവില്ല. ഓതാനറിയാം എന്നതല്ല, ഖുര്‍ആന്‍ ഓതുന്ന രീതി, ഹര്‍ക്കത്തുകള്‍, നിയമങ്ങള്‍ എല്ലാം പാലിച്ച് ഓതാന്‍ പഠിക്കണം. ഖുര്‍ആന്‍ പഠിച്ചവരില്‍ നിന്നും പഠിക്കണം. കൊച്ചു കുട്ടിയാവുമ്പോള്‍ തന്നെ പഠിക്കണം. ശൂന്യമായ കുഞ്ഞു മനസ്സില്‍ ആദ്യം വെളിച്ചമെത്തട്ടെ. പ്രകാശപൂരിതമായ മനസ്സില്‍ പിന്നീട് എല്ലാം വ്യക്തമാവും.' തന്റെയുള്ളില്‍ വളരുന്ന കുരുന്നും ഖുര്‍ആന്റെ മാസ്മരികത അനുഭവിച്ചറിയുന്നുണ്ടെന്ന് അവള്‍ വിശ്വസിക്കുന്നു.
ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ പ്രസിഡണ്ട് വി.എ ഇബ്രാഹിം കുട്ടിയുടെ അഞ്ചു മക്കളില്‍ നാലാമത്തെവളാണ് രണ്ടാം സ്ഥാനക്കാരി സുമയ്യ. ബി.എ അഫ്സല്‍ അല്‍ ഉലമ കഴിഞ്ഞു. തജ്വീദ് കോഴ്സായി പഠിച്ചിട്ടില്ല. ഉപ്പയുടെ കൂടെ ചെറുപ്പത്തിലേ ഖുര്‍ആന്‍ കേട്ടിരിക്കും. ഓതും. പിഴവുകള്‍ തിരുത്തി മുന്നോട്ട് നടത്തിയതും ഉപ്പ തന്നെ. പാടാനുള്ള കഴിവുണ്ടായിരുന്നു. അല്ലാഹു ഇത്രയും മനോഹരമായ ശബ്ദം തന്നിട്ട് അത് ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിച്ചില്ലെങ്കില്‍ അത് അവനോടുള്ള നന്ദികേടാവുമെന്ന ചിന്തയാണ് ഖുര്‍ആന്‍ പഠനത്തിലേക്ക് നയിച്ചത്. പഠിപ്പിച്ച അധ്യാപകര്‍ സഹായിച്ചു. ഒത്തിരി സി.ഡികള്‍ കേട്ടു. ഒരിക്കല്‍ കോളേജില്‍ ജൂനിയറായ കുട്ടികളെ തജ്വീദ് പഠിപ്പിക്കാന്‍ അവസരം കിട്ടി. അതിനായി തജ്വീദ് പഠിച്ചു. രണ്ട് പെണ്‍കുട്ടികളുടെ ഉമ്മയാണ് നൂഹ. ആറു വയസ്സുകാരി ഫാത്വിമ നെഹ്റയും മൂന്നര വയസ്സുകാരി ഹയ ഹംദാനും. ഇരുവര്‍ക്കും ഉമ്മായുടെ ഓത്ത് കേള്‍ക്കാന്‍ ഒരുപാടിഷ്ടം.
ജീവിതത്തില്‍ താങ്ങും പ്രോത്സാഹനവുമായിരുന്ന നല്ലപാതി കഴിഞ്ഞ വര്‍ഷം ഒരു ബൈക്കപകടത്തില്‍ മരിച്ചു. പ്രസ്ഥാന പ്രവര്‍ത്തകനായിരുന്ന അദ്ദേഹമായിരുന്നു സുമയ്യയുടെ പാരായണത്തിന്റെ ഏറ്റവും നല്ല ശ്രോതാവ്. മധുരമായി പാരായണം ചെയ്യുന്നത് കേട്ട് മണിക്കൂറുകളോളം അദ്ദേഹം തന്റെ അരികിലിരിക്കാറുണ്ടായിരുന്നെന്ന് സുമയ്യ.
മുസ്ലിം സമുദായം ഇപ്പോള്‍ ഒരുപാട് മുന്നിലാണ്. എന്നാല്‍ അടിസ്ഥാനപരമായി അവര്‍ക്കുണ്ടാവേണ്ടുന്ന പലതും ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. അര്‍ഥമറിയാത്തവരെയും വശീകരിക്കുന്നതാണ് ഖുര്‍ആന്റെ വരികള്‍. ആരെയും മയക്കുന്ന മാസ്മരികതയാണതിന്. വൃത്തിയായും ഭംഗിയായും ഓതാന്‍ പഠിക്കുകയാണ് വേണ്ടത്. അര്‍ഥം പഠിക്കുന്നതു പോലെത്തന്നെ പ്രധാനമാണ് മധുരമായി ഓതാന്‍ പഠിക്കുകയെന്നതും. അതിനവസരമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും സുമയ്യ നിര്‍ദ്ദേശിച്ചു. ഉമ്മയുടെ താരാട്ടിനൊപ്പം ഖുര്‍ആന്റെ വരികള്‍ കേട്ടു വളര്‍ന്നതാണീ പെണ്‍കുട്ടികള്‍. അഭൌമ സുന്ദരമായ ആ വരികള്‍ കേട്ടുറങ്ങുകയും ഉണരുകയും ചെയ്യുന്ന കുരുന്നു മനസ്സുകള്‍ ഒരിക്കലും വഴി തെറ്റിപ്പോവില്ലെന്നതാണ് സത്യം. ഇവര്‍ക്ക് ഉമ്മമാരോട് പറയാനുള്ളതും ഇതുതന്നെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top