വിരശല്യം കുട്ടികളില്‍

ഡോ: ശിഹാബ് എം.ടി (ബി.എച്ച്.എം.എസ്)

കുഞ്ഞുങ്ങളില്‍ സാധാരണയായി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് വിരബാധ. പരിസരശുചിത്വം കാത്തുസൂക്ഷിക്കുന്നതിലും ഭക്ഷണ ശീലങ്ങളിലും മുതിര്‍ന്നവര്‍ കാണിക്കുന്ന അലംഭാവമാണ് കുട്ടികളിലെ വിരബാധക്ക് പ്രധാന കാരണം. വിരബാധകള്‍ പലതരത്തിലുണ്ട്. ഉരുളന്‍ വിര, കൃമി, കൊക്കപ്പുഴു, നാട വിര എന്നിവ കുട്ടികളില്‍ പ്രധാനമായും കണ്ടുവരുന്ന വിരകളാണ്.
ഉരുളന്‍ വിരബാധ
മലിനമായ ആഹാര പദാര്‍ഥങ്ങളിലൂടെ ഇത്തരം വിരകളുടെ മുട്ടകള്‍ കുടലിലെത്തുന്നു. കുടലില്‍ ഇവ ലാര്‍വകളായി മാറുന്നു. ലാര്‍വ രക്തക്കുഴല്‍ വഴി ശ്വാസകോശത്തിലെത്തുന്നു. ഈ സമയത്ത് പനി, ചുമ, ഇസ്നോഫീലിയ, തിണര്‍പ്പ്, ശ്വാസംമുട്ടല്‍ എന്നിവയുണ്ടാകും. ലാര്‍വ ശ്വാസകോശത്തിലെത്തി പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ വയറുവേദന, കുടല്‍ തടസ്സം, പിത്തസഞ്ചിയിലേക്കുള്ള നാളിയില്‍ തടസ്സമുണ്ടായി മഞ്ഞപ്പിത്തം എന്നിവ വളരെ വിരളമായി ഉണ്ടാകാറുണ്ട്.
ശരീരത്തിലെത്തുന്ന ആഹാരത്തില്‍ ഇരുപത്തഞ്ച് ശതമാനത്തോളം ഉരുളന്‍ വിരബാധയിലൂടെ നഷ്ടമാകുന്നു. വിര കൂടുമ്പോള്‍ ഛര്‍ദിച്ചോ മൂക്കിലൂടെയോ പുറത്തുപോകുന്നു.
കൃമി
രാത്രി സമയത്ത് മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന കടുത്ത ചൊറിച്ചിലാണ് പ്രധാന ലക്ഷണം. ഉറക്ക തടസ്സം, യോനീനാളങ്ങളിലും മൂത്രനാളത്തിലും ചൊറിച്ചില്‍, രാത്രി കിടന്നു മൂത്രമൊഴിക്കല്‍ എന്നീ ലക്ഷണങ്ങളും കാണുന്നു. കൃമികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കുട്ടികളിലെ ചൊറിച്ചിലും മറ്റും അസഹനീയമാകും.
വെളുത്ത നൂലുപോലുള്ള ചെറിയ വിരകളാണ് കൃമികള്‍. ആണ്‍കൃമികള്‍ 2-5 മില്ലി മീറ്റര്‍ നീളവും പെണ്‍കൃമികള്‍ക്ക് 8-13 മില്ലി മീറ്റര്‍ നീളവുമാണ് കാണുന്നത്. 3-5 മില്ലിമീറ്റര്‍ വരെ വണ്ണവും ഉണ്ടാകും. ചൊറിയുമ്പോള്‍ നഖത്തിലും, അടിവസ്ത്രത്തിലുമെല്ലാം അവയുടെ മുട്ടകള്‍ പറ്റിപ്പിടിക്കുന്നു. കൈകള്‍ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുമ്പോള്‍ കൃമികളുടെ മുട്ടകള്‍ അകത്ത് കടക്കുന്നു. ചെറുകുടലിലെത്തി മുട്ടകള്‍ വിരിയുകയും, ലാര്‍വകള്‍ വന്‍കുടലിലെത്തി വളരുകയും ചെയ്യുന്നു. രാത്രി സമയത്ത് പെണ്‍കൃമികള്‍ കുടലിന് പുറത്തേക്കിഴഞ്ഞ് മലദ്വാരത്തിന് ചുറ്റും മുട്ടയിടും. ഇങ്ങനെ മുട്ടയിടാന്‍ ഇഴയുന്ന സമയത്ത് ചൊറിച്ചില്‍ അസഹനീയമാകും.
കൊക്കപ്പുഴു
ചെരുപ്പിടാത്ത മലിന പരിസരത്തിലൂടെ നടക്കുക വഴി കാലിലെ ചര്‍മത്തിലൂടെയാണ് ലാര്‍വകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് രക്തത്തിലൂടെ സഞ്ചരിച്ച് ശ്വാസകോശത്തിലും കുടലിലുമെത്തുന്നു. കുടലിലെ ശ്ളേഷ്മസ്തരത്തോട് ചേര്‍ന്നിരുന്ന് ഇവ രക്തം വലിച്ച് കുടിക്കും. രക്തം കട്ടിയാകാതിരിക്കാനുള്ള സ്രവം ഉത്പാദിപ്പിക്കുന്നതിനാല്‍ രക്തസ്രാവം അമിതമാകാറുണ്ട്. കുഞ്ഞുങ്ങളില്‍ കൊക്കപ്പുഴുബാധ ശാരീരിക-മാനസിക വളര്‍ച്ച പോലും മുരടിപ്പിക്കും.
മനംപുരട്ടല്‍, വയറിളക്കം, വയറുവേദന, വിളര്‍ച്ച, കറുത്ത മലം, ആഹാരത്തിന്റെ കുറവുമൂലം വിശപ്പില്ലായ്മ, ശരീരം മെലിച്ചില്‍ എന്നിവയാണ് കൊക്കപ്പുഴു ബാധയുടെ പ്രധാന ലക്ഷണങ്ങള്‍.
നാടവിര
മൃഗങ്ങള്‍ വഴിയാണ് നാടവിര മനുഷ്യ ശരീരത്തിലെത്തുന്നത്. പോത്ത് വിര (ടീനിയ സജിനേറ്റ), പന്നി വിര (ടീനിയ സോളിയം) പട്ടി വിര (എക്കിനോ കോക്കസ് ഗ്രാനുലോസസ്) എന്നിവയാണ് പ്രധാന നാടവിരകള്‍.
നന്നായി പാകം ചെയ്യാത്ത ഇറച്ചി കഴിക്കുന്നതിലൂടെയാണ് ടീനിയ സജിനോര്‍യും ടിനിയ സോളിയം ലാര്‍വകളും ശരീരത്തിലെത്തുന്നത്. ടീനിയ സോളിയം രക്തത്തിലൂടെ കുട്ടികളുടെ തലച്ചോറിലും പേശികളിലും വന്നടിയുന്നു. തലച്ചോറിലെത്തിയാലുടന്‍ ഇവയുടെ ജീവന്‍ നഷ്ടമാകും. ഈ മൃതശരീരങ്ങളില്‍ കാത്സ്യം അടിഞ്ഞുകൂടും. ഇതേ തുടര്‍ന്ന് അപസ്മാരമുണ്ടാകും. തലവേദനയും ഛര്‍ദിയും കാണപ്പെടും. പട്ടിവിര പ്രധാനമായും പട്ടികളുടെ മലത്തിലാണ് കാണപ്പെടുന്നത്. ഇത് കാലിലെ ചര്‍മം വഴി രക്തത്തില്‍ കടന്ന് ഏത് അവയവത്തെയും ബാധിക്കാം. കരള്‍, തലച്ചോര്‍ എന്നിവിടങ്ങളില്‍ മുഴ രൂപപ്പെടുന്നു. ഇത്തരം വിരബാധകള്‍ വളരെ വിരളമാണ്.
ഹോമിയോപ്പതിയില്‍ വിരബാധക്ക് 50-ലേറെ മരുന്നുകളുണ്ട്. രോഗികളുടെ ശാരീരിക, മാനസിക പ്രത്യാഘാതങ്ങളും രോഗ ലക്ഷണവുമനുസരിച്ചാണ് മരുന്ന് നിര്‍ണയിക്കപ്പെടുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top