അയലത്തുള്ളവരോട്

സീനത്ത് ചെറുകോട്

കുടുംബത്തിനും സഹജീവികള്‍ക്കും കാരുണ്യത്തിന്റെ സാന്ത്വനമാകേണ്ടവനാണ് വിശ്വാസി. ഊട്ടിയുറപ്പിച്ചു നിര്‍ത്തേണ്ട ബന്ധങ്ങളില്‍ ഇസ്ലാം ഊന്നിപ്പറഞ്ഞ ഒന്നാണ് അയല്‍പക്കബന്ധം.
അയല്‍പക്കബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ പുരുഷനേക്കാളേറെ, സമയവും സൌകര്യവും കിട്ടുക പലപ്പോഴും സ്ത്രീകള്‍ക്കായിരിക്കും.
അല്ലാഹുവിനെ സാക്ഷിനിര്‍ത്തി മൂന്നു തവണ പ്രവാചകന്‍ ആവര്‍ത്തിച്ചു പറഞ്ഞത്, ഏതൊരുവന്റെ ഉപദ്രവത്തില്‍ നിന്ന് തന്റെ അയല്‍വാസി സുരക്ഷിതനാവുന്നില്ലയോ അവന്‍ വിശ്വാസിയല്ല എന്നാണ്.
പല മതങ്ങളില്‍ വിശ്വസിക്കുന്നവരും മതമേ ഇല്ലാത്തവരും സമ്പന്നനും ദരിദ്രനും വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനുമൊക്കെ അയല്‍വാസികളാവാം. അവരോടെല്ലാം മാന്യമായി ഇടപെടാനും കടമകള്‍ നിറവേറ്റാനും വിശ്വാസി ബാധ്യസ്ഥനാണ്. സത്യവിശ്വാസി കുത്തുവാക്ക് പറയുന്നവനും ശപിക്കുന്നവനും ചീത്ത പറയുന്നവനും അശ്ളീലം പ്രചരിക്കുന്നവനുമല്ലെന്നും ആരെങ്കിലും ദൈവവിശ്വാസവും പരലോക വിശ്വാസവുമുള്ളവനെങ്കില്‍ അവനവന്റെ അയല്‍വാസിയെ ആദരിക്കട്ടെയെന്നും തിരുദൂതര്‍ പഠിപ്പിച്ചിട്ടുണ്ട്. സ്വന്തം കൈയില്‍ നിന്നും നാവില്‍ നിന്നും മറ്റുള്ളവര്‍ സുരക്ഷിതരാവുമ്പോഴാണ് ഒരാള്‍ ശ്രേഷ്ഠനാവുന്നത് എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
കര്‍മങ്ങളുടെ ലോകമാണ് ദുനിയാവ്. ബന്ധങ്ങളുടെ ചരടുകള്‍ വലിച്ചുമുറുക്കി കെട്ടേണ്ട ഇടം. നമ്മുടെ നാവില്‍ നിന്ന് വരുന്ന ഒരു വാക്കു പോലും മറ്റുള്ളവരെ വേദനിപ്പിക്കുന്നില്ലെന്നും മഹ്ശറയുടെ പെരുംചൂടില്‍ തന്റെ നാവിന്റെയും കൈയുടെയും ദുരിതങ്ങള്‍ക്ക് സ്വര്‍ഗത്തെ തെണ്ടം കൊടുക്കേണ്ടി വരില്ല എന്നും ഉറപ്പു വരുത്തേണ്ട ഇടം. ആ ഉറപ്പ് ഏറ്റവും കൂടുതല്‍ കിട്ടേണ്ടത് നമ്മുടെ അയല്‍വാസിയില്‍ നിന്നാണ്. നിന്റെ അയല്‍വാസി നിന്നെപ്പറ്റി നല്ലതു പറഞ്ഞാല്‍ നീ നല്ലവനാണ്. അയല്‍വാസി നിന്നെപറ്റി മോശം പറഞ്ഞാല്‍ നീ മോശമാണ് എന്ന് പഠിപ്പിച്ചപ്പോള്‍ അയല്‍വാസിയുടെ അഭിപ്രായമാണ് നാം നല്ലതോ ചീത്തയോ എന്നറിയാനുള്ള മാനദണ്ഡം എന്നു പറഞ്ഞു തരികയാണ് പ്രവാചകന്‍.
തിരുസന്നിധിയില്‍ രണ്ട് സ്ത്രീകളുടെ സ്വഭാവങ്ങള്‍ പരിചയപ്പെടുത്തുന്നു ഒരാള്‍. ആദ്യസ്ത്രീ ആരാധനാ കാര്യങ്ങളില്‍ കണിശക്കാരി. ദാനധര്‍മങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നവള്‍. എന്നാല്‍ അയല്‍വാസികള്‍ക്ക് അവളുടെ നാവില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നില്ല. രണ്ടാമത്തവള്‍ സുന്നത്ത് കര്‍മങ്ങള്‍ വളരെ കുറവ്. പാല്‍ക്കട്ടിയുടെ ചെറിയ കഷ്ണങ്ങള്‍ മാത്രം ദാനം ചെയ്യുന്നവള്‍. പക്ഷേ അയല്‍വാസികള്‍ക്ക് അവളെക്കൊണ്ട് ഒരുപദ്രവവുമില്ല. ആദ്യത്തവള്‍ നരകത്തിലും രണ്ടാമത്തവള്‍ സ്വര്‍ഗത്തിലുമെന്നായിരുന്നു പ്രവാചകന്റെ പ്രതികരണം.
നല്ല വാക്കിലും നോക്കിലും പ്രവൃത്തിയിലും മാത്രമല്ല നമ്മുടെ ഭക്ഷണത്തിലും പങ്കാളികളാക്കേണ്ടവരാണ് അയല്‍വാസികള്‍. അയല്‍വാസി വിശന്നവനായിരിക്കെ തന്റെ വയറു നിറച്ചവന്‍ വിശ്വാസത്തിന്റെ മൂല്യമില്ലാത്തവനെന്ന വചനം അര്‍ഥമറിഞ്ഞു വായിക്കേണ്ടതുണ്ട്.
നമ്മുടെ ഓട്ടത്തിനിടയില്‍ തൊട്ടടുത്ത് പാര്‍ക്കുന്നവരുടെ കണ്ണിലെ വിശപ്പിന്റെ തളര്‍ച്ച കാണാന്‍ നമുക്ക് സമയം കിട്ടാറുണ്ടോ? ഒഴിവു നേരങ്ങളുടെ കാഴ്ചയാഘോഷങ്ങളില്‍ കുക്കറി ഷോകളുടെ റെസിപി മനസ്സിന്റെ പാഡിലേക്ക് ചേര്‍ത്തു വെയ്ക്കുമ്പോള്‍ തൊട്ട വീട്ടിലെ കുഞ്ഞുങ്ങളുടെ കരച്ചില്‍ വിശന്നിട്ടല്ല എന്നുറപ്പാക്കാന്‍ നമുക്ക് കഴിയാറുണ്ടോ? നല്ല വസ്ത്രം ധരിച്ച് കണ്ടാല്‍ ഒരു കുഴപ്പവുമില്ലാതെ നടക്കുന്ന നമ്മുടെ അയല്‍വാസി- അവനൊരിക്കലും ഇല്ലായ്മ പറഞ്ഞ് നമ്മുടെ അടുത്ത് വന്നിട്ടില്ല. അവന്റെ മുണ്ട് വല്ലാതെ മുറുകിയിരിക്കുന്നത് പട്ടിണിയുടെ കാഠിന്യം അറിയാതിരിക്കാനല്ല എന്ന് ഉറപ്പാക്കാന്‍ നമുക്ക് കഴിയാറുണ്ടോ? ഇല്ല എന്നാണ് നമ്മുടെ ഉത്തരമെങ്കില്‍ നമ്മുടെ ഉള്ളിലെ വിശ്വാസത്തിന് വല്ലാതെ ക്ളാവു പിടിച്ചിരിക്കുന്നു എന്നു നാം ഓര്‍ക്കേണ്ടതുണ്ട്.
വീടിനെക്കാള്‍ വലിയ മതില്‍ മുറ്റത്തും അതിനെക്കാള്‍ വലിയ മതില്‍ മനസ്സിലും കെട്ടി പാര്‍ക്കുന്ന നാം ഇടക്കൊക്കെ അയല്‍വാസികളുടെ അടുക്കളയില്‍ വേവുന്നതെന്തെന്നും അവരുടെ മനസ്സുകളില്‍ എരിയുന്നതെന്തെന്നും നോക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
വീട്ടില്‍ കൃഷി ചെയ്യുന്നതോ നമുക്ക് വിശിഷ്ടമായി ലഭിച്ചതോ ആയതില്‍ ഒരു പങ്ക് അയല്‍വാസിക്കു വേണ്ടി നീക്കി വെയ്ക്കുക. ബന്ധങ്ങള്‍ ഉറപ്പുള്ളതാകാന്‍ അതേറെ ഉപകരിക്കും. "മുസ്ലിം സ്ത്രീകളേ, ഒരയല്‍ക്കാരിയും തന്റെ അയല്‍ക്കാരിക്ക് പാരിതോഷികം നല്‍കുന്നത് നിസ്സാരമായി കാണരുത്. അതൊരാട്ടിന്‍കുളമ്പാണെങ്കിലും ശരി'' എന്ന പ്രവാചക വചനം നമുക്ക് വെളിച്ചമാകണം. വിശേഷിച്ചെന്തെങ്കിലും പാകം ചെയ്യുമ്പോള്‍ ഇത്തിരി വെള്ളം ചേര്‍ത്തിട്ടാണെങ്കില്‍ കൂടി അതില്‍ അയല്‍വാസിയെയും പങ്കു ചേര്‍ക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നു.
അയല്‍വാസിയുടെ ജീവിതത്തിന് പ്രയാസങ്ങള്‍ ഉണ്ടാക്കുംവിധം ഒരു പ്രവര്‍ത്തനവും വിശ്വാസിയില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല. അവരോടുള്ള മര്യാദകളും ബാധ്യതകളും എത്രത്തോളം ഗൌരവമുള്ളതാണെന്ന്, "അയല്‍വാസിയെക്കുറിച്ച് ജിബ്രീല്‍ എന്നെ ഉപദേശിച്ചു കൊണ്ടിരുന്നു. അയല്‍വാസി എന്റെ അനന്തരാവകാശി ആകുമോ എന്നെനിക്ക് തോന്നുവോളം'' എന്ന തിരുവചനത്തില്‍ നിന്ന് മനസ്സിലാക്കാം.
അയല്‍ക്കാരുടെ സ്വകാര്യതകളിലേക്ക് എത്തിനോക്കി അവരെ പ്രയാസപ്പെടുത്തുക, അവര്‍ക്ക് കാറ്റും വെളിച്ചവും തടയുന്ന രീതിയില്‍ കെട്ടിടങ്ങള്‍ ഉയര്‍ത്തുക, വിശ്രമവേളകളില്‍ ഉച്ചത്തിലുള്ള പാട്ടോ അതുപോലുള്ള ശബ്ദകോലാഹലങ്ങളോ ഉണ്ടാക്കി അവരെ ശല്യപ്പെടുത്തുക തുടങ്ങിയവയൊന്നും ഇസ്ലാം അനുവദിക്കുന്നില്ല. നമുക്കവരെ സ്വന്തം കൂടപ്പിറപ്പിനെപോലെ സ്നേഹിക്കാനും പരിഗണിക്കാനും കഴിയണം.
അയല്‍പക്കബന്ധം ഹൃദ്യമാക്കുന്നതില്‍ തടസ്സമാകുന്നത് ഇസ്ലാം കര്‍ശനമായി താക്കീതു ചെയ്ത സ്വഭാവ ദൂഷ്യങ്ങള്‍ തമ്മിലുണ്ടാകുമ്പോഴാണ്. അതില്‍ ഏറ്റവും പ്രധാനം അഹങ്കാരമാണ്.
അഹങ്കാരമെന്നത് കാര്യങ്ങളുടെ തുറന്നു പറച്ചിലോ പ്രശ്നങ്ങളോടുള്ള സജീവമായ ഇടപെടലുകളോ അല്ല. പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പ്രഖ്യാപിക്കുന്ന ആളുകളെ നമുക്ക് അഹങ്കാരി എന്ന് തോന്നാറുണ്ട്. നിലപാടുകള്‍ ഉണ്ടാവുന്നതല്ല അഹങ്കാരം. നിലപാടുകള്‍ തന്നിലേക്കു മാത്രം ചുരുങ്ങുകയും അപരന്റെ ലോകത്തേക്ക് ഒട്ടും ഫോക്കസ് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുമ്പോഴാണ് അത് അഹങ്കാരമാവുന്നത്.
അഹങ്കാരമെന്നത്, സഹജീവിയില്‍ നിന്ന് മുഖം തിരിക്കലാണ്. എനിക്കാരുടേതും ഒന്നും കേള്‍ക്കുകയോ കാണുകയോ ചെയ്യേണ്ടതില്ല. എനിക്കെന്റെ കാര്യം തന്നെ മതി എന്ന ചിന്തയാണ്.
അഹങ്കാരമെന്നത് ഒരു വിലയുമില്ലാതെ സഹജീവിയുടെ അഭിമാനം ചവിട്ടിയരക്കലാണ്. ഞാനേറ്റവും ഉത്കൃഷ്ടന്‍ മറ്റുള്ളവര്‍ എന്റെ താഴെ എന്ന മാനസികാവസ്ഥയാണ്.
ഇബ്ലീസിന്റെ കഥ എന്നെത്തേക്കുമുള്ള പാഠമായി ഖുര്‍ആനിലുണ്ട്. ഇബ്ലീസിനെ ഇത്രയും നിന്ദിതനാക്കിയത് മനസ്സിലെ അഹങ്കാരമാണ്. എല്ലാവരും എന്നെ ശ്രദ്ധിക്കണമെന്ന ഇബ്ലീസിയന്‍ ചിന്താഗതിയുള്ള ഒരാള്‍ക്ക് അയല്‍വാസിയുടെ മനസ്സറിയുന്നതെങ്ങനെ? അവരുടെ പട്ടിണി കാണാനുള്ള കണ്ണുണ്ടാവുന്നതെങ്ങനെ? അവന്റെ വാക്കുകളുടെ മൂര്‍ച്ചയില്‍ നിന്ന് പാവപ്പെട്ട അയല്‍വാസി രക്ഷപ്പെടുന്നതെങ്ങനെ?
അയല്‍പക്ക ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളിലെ പ്രധാന വില്ലനാണ് അസൂയ. ഒരാള്‍ക്ക് നന്മ വരുമ്പോള്‍ മനസ്സില്‍ തോന്നുന്ന അസ്വസ്ഥത അസൂയയുടെ പ്രാഥമിക ലക്ഷണമാണ്. പിന്നെയത് വളര്‍ന്ന് ബന്ധങ്ങള്‍ വഷളാക്കുന്ന സകല തിന്മകളിലേക്കും വഴി തുറക്കുന്നു. അസൂയാലുവിന്റെ വിപത്തുകളില്‍ നിന്ന് രക്ഷ തേടാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് വെറുതെയല്ല.
അല്ലാഹു ഓരോ മനുഷ്യന്റെയും കഴിവുകള്‍ വ്യത്യസ്തമാക്കിയാണ് അവനെ ഭൂമിയിലേക്കയച്ചത്. നൂറു ശതമാനവും പരിപൂര്‍ണനായ ഒരാളില്ല. നൂറു ശതമാനവും ന്യൂനതകളുള്ളവനുമില്ല. ഒരാള്‍ക്ക് ഒരു മേഖലയില്‍ കഴിവുണ്ടെങ്കില്‍ മറ്റൊരാള്‍ക്ക് മറ്റൊരു മേഖലയിലുണ്ട്. സമ്പത്തിന്റെയും ജീവിതവിഭവങ്ങളുടെയുമൊക്കെ കാര്യത്തില്‍ അങ്ങനെത്തന്നെ. അപ്പോള്‍ അയല്‍വാസിയുടെ വീടിന്റെ വലിപ്പത്തിലോ തങ്ങള്‍ക്കില്ലാത്ത വാഹനത്തിന്റെ പേരിലോ ജീവിത വിഭവങ്ങളുടെ പേരിലോ ഒരാള്‍ക്കും അസൂയ തോന്നേണ്ടതില്ല.
പല അയല്‍പക്ക ബന്ധങ്ങളും ശത്രുതയുടെ പാളത്തിലേക്ക് ഉരുണ്ടുപോയതും പല കുടുംബങ്ങളും കടക്കെണിയുടെ ഊരാക്കുടുക്കില്‍പെട്ട് തകര്‍ന്നതും അസൂയയില്‍ നിന്നുണ്ടായ പകയുടെയും അന്ധമായ അനുകരണത്തിന്റെയും കിടമത്സരത്തിന്റെയും ഫലമാണെന്നു കാണാം.
അസൂയ ബന്ധങ്ങളെ മാത്രമല്ല നമ്മുടെ കര്‍മങ്ങളെയും നശിപ്പിക്കും. ഈ ലോകവും പരലോകവും നഷ്ടപ്പെടുത്തും. "അസൂയയെ സൂക്ഷിക്കുക. കാരണം തീ വിറകിനെയെന്ന പോലെ അസൂയ നന്മകളെ തിന്നു തീര്‍ക്കു''മെന്ന തിരുമൊഴി ഓര്‍ക്കേണ്ടതാണ്.
രണ്ട് ശ്വാസങ്ങള്‍ക്കിടയിലെ നേര്‍ത്ത ഇടവേളയാണ് ജീവിതം. അത്രയും ചെറിയ സമയത്ത് നമ്മള്‍ ജീവിച്ച ദിവസങ്ങളെ നന്മകള്‍ കൊണ്ട് അടയാളപ്പെടുത്താനായാല്‍, ബന്ധങ്ങളുടെ ഊഷ്മളത കൊണ്ട്, പ്രാര്‍ഥനയുടെ വെളിച്ചം ഖബ്റിന്റെ ഇരുട്ടിലേക്കെത്താനായാല്‍ ജീവിതം അര്‍ഥപൂര്‍ണമാകും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top