പെണ്‍വേട്ടയുടെ കാരണങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്‌ No image

നങ്ങളുടെ സൈ്വര ജീവിതത്തിന് ഭംഗം വരാത്തവിധം ശാന്തിയും സമാധാനവും നിറഞ്ഞുനില്‍ക്കുകയും പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യപ്പെടുകയും ചെയ്യുക എന്നത് ഒരു നല്ല നാടിന്റെ ലക്ഷണമാണ്. അപ്രകാരം നല്ല സമൂഹത്തിനും ചില പ്രത്യേകതകളുണ്ട്. സംസ്‌കാര സമ്പന്നമായ ജനതയെ മാത്രമേ നല്ല സമൂഹമെന്ന് വിശേഷിപ്പിക്കാനാവൂ. ഒരു ജനതയുടെ സാംസ്‌കാരിക ഔന്നത്യം അളക്കുന്നതിനുള്ള പല മാനദണ്ഡങ്ങളിലൊന്ന് അവരുടെ വൈജ്ഞാനിക അഭിവൃദ്ധിയാണ്. വിവരങ്ങളുടെ ശേഖരണത്തിനപ്പുറം തിരിച്ചറിവും അവബോധവും നല്‍കുന്നതാവണം വിദ്യാഭ്യാസം. 'തന്നത്താന്‍ അറിഞ്ഞവന്‍ ദൈവത്തെ അറിഞ്ഞു' എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. താന്‍ ആരാണെന്ന തിരിച്ചറിവ് മനുഷ്യന് നല്‍കാത്ത വിദ്യാഭ്യാസമാണ് ആധുനിക ഭൗതിക നാഗരികതയുടെ അടിസ്ഥാന ദൗര്‍ബല്യങ്ങളിലൊന്ന്. അതുവഴി സൃഷ്ടിക്കപ്പെടുന്ന സമൂഹത്തിന്റെ അനിവാര്യമായ അപചയമാണ് ഇന്ന് നാം അനുഭവിക്കുന്ന സാംസ്‌കാരിക ജീര്‍ണതകളും സാമൂഹിക ദുരന്തങ്ങളും. എനിക്ക് എന്നെ തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ സമൂഹത്തിലെ ഒരംഗത്തെയും തിരിച്ചറിയാനാകില്ല. താന്‍ പിതാവാണെന്നും ഈ പെണ്‍കുട്ടി തന്റെ മകളാണെന്നും തിരിച്ചറിയാന്‍ ഒരു മനുഷ്യന് സാധ്യമായില്ലെങ്കില്‍ എന്ത് സംഭവിക്കുന്നുവെന്നതിന്റെ ദാരുണ ദൃശ്യങ്ങളാണ് മകളെ പീഡിപ്പിച്ച അഛനും മുത്തഛനും നമുക്ക് നല്‍കുന്നത്. പീഡനത്തില്‍ പങ്കാളിയാകുന്ന സഹോദരനും മകളെ കൂട്ടിക്കൊടുക്കുന്ന മാതാവും പിതാവുമൊക്കെ ഈ ചങ്ങലയില്‍ കണ്ണികളാണ.് മൂല്യബോധവും തിരിച്ചറിവുമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെ കൂടി പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടല്ലാതെ ഈ അപായ കാലത്തെ നമുക്ക് വിചാരണ ചെയ്യാനാകില്ല.
സംസ്‌കാര സമ്പന്നമായ സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് അവര്‍ക്കിടയിലെ സ്ത്രീയുടെ പദവി. സ്ത്രീ സുരക്ഷിതയും ആദരിക്കപ്പെടുന്നവളുമാവുമ്പോഴാണ് പുരുഷന്‍ നല്ലവനും സംസ്‌കാര സമ്പന്നനും എന്ന് വിളിക്കപ്പെടുന്നത്, സമൂഹം ശ്രേഷ്ഠവും ഉത്തമവുമെന്ന വിശേഷണത്തിന് അര്‍ഹമാകുന്നത്. ഇസ്‌ലാം വിജയം നേടുന്ന കാലത്തെക്കുറിച്ച് നബി (സ) പറയുകയുണ്ടായി; 'അക്കാലത്ത് ഹീറയില്‍ നിന്ന് കഅ്ബാലയം വരെ ഒരു സ്ത്രീക്ക് ഒറ്റക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമുണ്ടാകും. അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും അവള്‍ ഭയപ്പെടേണ്ടി വരില്ല.' നല്ല മനുഷ്യന്‍, നല്ല സമൂഹം എന്നൊക്കെയുള്ള പദവി വ്യക്തിക്കും ജനതക്കും നല്‍കുന്നത് സ്ത്രീയോടുള്ള അവരുടെ പെരുമാറ്റവും അവള്‍ക്ക് ലഭ്യമാകുന്ന അന്തസ്സും പരിഗണിച്ചാണെന്ന് ഇതിലൂടെ നബി(സ) പഠിപ്പിക്കുന്നു. 'നിങ്ങളില്‍ ഉത്തമന്‍ സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണെ'ന്ന നബിവചനത്തിന്റെ ആശയം വളരെ വലുതാണ്.
സുരക്ഷയും സുഭിക്ഷതയുമാണ് ഒരു ക്ഷേമരാഷ്ട്രത്തിന്റെ പ്രധാന അടയാളങ്ങളെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ദൈവാനുഗ്രഹം ലഭിച്ചതെന്ന് ഒരു രാജ്യത്തെ വിശേഷിപ്പിക്കണമെങ്കില്‍ നിര്‍ഭയത്വത്തോടു കൂടിയ യാത്രാസൗകര്യങ്ങളും സമാധാനപൂര്‍ണമായ ജീവിത സാഹചര്യങ്ങളും സാധ്യമാകണം. ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും ഐശ്വര്യം ലഭിക്കുകയും വേണം. ഖുര്‍ആനിലെ ഖുറൈശ് അധ്യായത്തിന്റെ സാരാംശമിതാണ്. 'അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന് ഇബാദത്ത് ചെയ്യേണ്ടതാകുന്നു. അവര്‍ക്ക് ആഹാരം കൊടുത്ത് വിശപ്പകറ്റുകയും ശാന്തി ചൊരിഞ്ഞ് ഭയമകറ്റുകയും ചെയ്ത നാഥന്' (106-3,4)
ഇബ്രാഹീം പ്രവാചകന്റെ പ്രാര്‍ഥനക്കുള്ള ഉത്തരമായിരുന്നു മക്കക്ക് ലഭിച്ച ഈ രണ്ട് അനുഗ്രഹങ്ങളും. കുടുംബത്തെ മക്കാ ദേശത്ത് താമസിപ്പിച്ച വേളയില്‍ ഇബ്രാഹീം നബി നടത്തിയ പ്രാര്‍ഥനയില്‍ ക്ഷേമരാഷ്ട്രത്തിന്റെ സവിശേഷതകള്‍ പ്രാധാന്യത്തോടെ വിശദീകരിച്ച കാണാം. ഇബ്രാഹീം നബി പ്രാര്‍ഥിച്ചതോര്‍ക്കുക. ''എന്റെ നാഥാ ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ. ഇതിലെ നിവാസികളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ.'' (2-126).
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വര്‍ത്തമാന കാല അനുഭവങ്ങള്‍ മുമ്പില്‍ വെച്ചു വേണം ക്ഷേമ രാഷ്ട്രത്തെയും സുരക്ഷിത സമൂഹത്തെയും കുറിച്ചുള്ള ഖുര്‍ആനിക പാഠങ്ങള്‍ വിശകലനം ചെയ്യാന്‍. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കാത്ത, അവരുടെ അഭിമാനം സംരക്ഷിക്കപ്പെടാത്ത സമൂഹവും നാടും എങ്ങനെ ക്ഷേമ രാഷ്ട്രമാകും? സുരക്ഷിതവും നിര്‍ഭയവുമായി ജീവിക്കാനുള്ള അവകാശങ്ങളും ബാധ്യതകളും പരസ്പരം അംഗീകരിക്കാത്ത മനുഷ്യരെങ്ങനെ പരിഷ്‌കൃതമാകും?
നല്ല നാട്, പുരോഗമിച്ച സമൂഹം എന്നൊക്കെയുള്ള നമ്മുടെ അവകാശവാദങ്ങള്‍ തീര്‍ത്തും അര്‍ഥശൂന്യമാണെന്ന് സമകാലിക പെണ്‍വേട്ടകള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. പെണ്ണിനെ കുഴിച്ചുമൂടിയ ഏഴാം നൂറ്റാണ്ടിലെ അറേബ്യയേക്കാള്‍ ദുഷിച്ച സാമൂഹികാന്തരീക്ഷമാണ് ഇന്ന് നിലവിലുള്ളത്. ജീവനോടെ കുഴിച്ചു മൂടുമ്പോള്‍ ഏതാനും മിനുട്ടുകളുടെ വേദന സഹിച്ച പെണ്‍കുഞ്ഞിന് അന്ന് ജീവഹാനിയാണ് നേരിടേണ്ടി വന്നതെങ്കില്‍ മണിക്കൂറുകളും ദിവസങ്ങളും നീളുന്ന വേദന അനുഭവിച്ച് ജീവഹാനിയും മാനഹാനിയും ഒരുമിച്ചു നേരിടേണ്ടിവരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീത്വത്തിന്. കേരളത്തില്‍ ട്രെയിനിലും ദല്‍ഹിയില്‍ ബസ്സിലും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ ഇതിന്റെ തെളിവാണ്. ഒരിക്കല്‍ അനുഭവിച്ച പീഡനത്തിന്റെ ബാക്കി പത്രം ജീവിതകാലം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട സ്ത്രീ രൂപങ്ങളുടെ സ്ഥിതി ഇതിനേക്കാള്‍ ഭയാനകമാണ്. നാല്‍പതിലേറേ പേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തിയ സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണല്ലോ.
അര്‍ഥശൂന്യമായ മുറവിളികള്‍ക്കും അകക്കാമ്പ് കാണാത്ത ആള്‍ക്കൂട്ട അഭ്യാസങ്ങള്‍ക്കും ഭരണകൂടത്തിന്റെ കപടനാട്യങ്ങള്‍ക്കും അപ്പുറം അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനായില്ലെങ്കില്‍ സ്ത്രീപീഡനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. ദല്‍ഹിക്ക് ശേഷം പഞ്ചാബ്... പട്ടിക നീണ്ടുനീണ്ടുവരികയാണല്ലോ.
എന്തുകൊണ്ടാണ് നമ്മുടെ സ്ത്രീത്വം ഇക്കാലത്ത് ഇവ്വിധം പീഡിപ്പിക്കപ്പെടുന്നത്? ആരൊക്കെയാണിതിലെ യഥാര്‍ഥ പ്രതികള്‍? എങ്ങനെയാണ് സമൂഹത്തെ ഇതില്‍നിന്ന് രക്ഷിക്കാനാവുക? ഗൗരവമേറിയ ചര്‍ച്ചകളിലേക്കും പരിഹാര നടപടികളിലേക്കും ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ നാം വികസിക്കേണ്ടതുണ്ട്. ദല്‍ഹി സംഭവത്തിന്റെ പശ്ചാതലത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ പലതും അടിസ്ഥാന വിഷയങ്ങള്‍ പ്രശ്‌നവല്‍കരിക്കാതെ ഉപരിപ്ലവമായ വാചക കസര്‍ത്തുകളാല്‍ പരിമിതപ്പെട്ടുപോയി. അടിമുടി രോഗാതുരമായ ഒരു സമൂഹത്തില്‍ നിന്നും പുറത്തുവരുന്ന രോഗലക്ഷണങ്ങള്‍ മാത്രമാണ് സ്ത്രീ പീഡനം. സൂക്ഷ്മ നിരീക്ഷണത്തില്‍ ഇന്ന് കാണുന്ന ദാരുണമായ പതനത്തിലേക്ക് ലോകജനതയെ കൊണ്ടെത്തിച്ചതിന്റെ അടിസ്ഥാന കാരണങ്ങള്‍ നാലെണ്ണമാണെന്ന് കാണാം. ഭൗതികാസക്തിയുടെ ആധിപത്യം, ലഹരിയുടെ ഉപഭോഗം, അശ്ലീലതയുടെ വ്യാപനം, ശിക്ഷകളിലെ അപര്യാപ്തത എന്നിവയാണവ.
ഭൗതികാസക്തി
സമൂഹം ഭൗതികതയുടെ അടിമകളായി മാറിയതിന്റെ അനിവാര്യ ദുരന്തങ്ങളാണ് തിമര്‍ത്താടുന്ന തിന്മകള്‍. എങ്ങനെയെങ്കിലും പണമുണ്ടാക്കുക, സുഖിക്കുക എന്നതിലപ്പുറം ജീവിതത്തിന് അര്‍ഥപൂര്‍ണമായ ലക്ഷ്യങ്ങള്‍ ഇല്ലാതായി. അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച ബോധം നഷ്ടപ്പെട്ടു ദൈവത്തെയും പ്രവാചകന്മാരെയും തിരസ്‌കരിച്ച് മതത്തെ സാമൂഹിക ജീവിതത്തില്‍ നിന്നും പൂര്‍ണമായും ബഹിഷ്‌കരിച്ചു. ധാര്‍മിക പാഠങ്ങള്‍ പഠിപ്പിച്ച പ്രവാചകന്മാരെ മനസ്സില്‍ നിന്ന് ഇറക്കിവിട്ട് പകരം പിശാചിനെ കുടിയിരുത്തി. മതത്തെ ആരാധനകളില്‍ മാത്രം തളച്ചിട്ടു. ജീവിതവും നാഗരികതയും ഇരുളടഞ്ഞു പോകാന്‍ മറ്റൊരു കാരണവും വേണ്ട. നട്ടുച്ചയിലും ആ ഇരുട്ട് നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടാണ് അമേരിക്കയില്‍ നഴ്‌സറി വിദ്യാര്‍ഥികള്‍ക്ക് പോലും ജീവന്‍ നഷ്ടപ്പെടുന്നത്. സ്‌കൂളിലും പൊതു സ്ഥലങ്ങളിലും നിരന്തരം വെടിയുതിര്‍ക്കുന്ന അക്രമികള്‍ അമേരിക്കയെന്ന രാഷ്ട്രം മുന്നോട്ട് വെക്കുന്ന ഭൗതിക നാഗരികതയുടെ കൂടി ഉല്‍പന്നമാണ്. നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പോലും നിര്‍ഭയത്വം ലഭിക്കാത്ത, സ്ത്രീക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റാത്ത രാജ്യതലസ്ഥാനങ്ങളെക്കുറിച്ച് ആലോചിച്ചു നോക്കുക. ആധുനിക ഭൗതികതയാണ് ഇത് സൃഷ്ടിച്ചത്. ഇതില്‍ നിന്ന് മോചനം വേണമെങ്കില്‍ സുഖഭോഗ മാത്സര്യങ്ങളുടെ ഒറ്റക്കണ്ണു മാത്രമുള്ള ഭൗതികതയുടെ മേല്‍ ആത്മീയതയെ പ്രതിഷ്ഠിക്കണം. ദൈവത്തെയും പ്രവാചകന്മാരെയും ആരാധനാലയങ്ങളില്‍ നിന്ന് തെരുവിലേക്കും മാര്‍ക്കറ്റുകളിലേക്കും ഓഫീസുകളിലേക്കും ഭരണ സിരാകേന്ദ്രങ്ങളിലേക്കും ജനജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും തിരിച്ചുവിളിക്കാന്‍ കഴിയണം.
ലഹരിയുടെ ഉപയോഗം
പുരോഗമിച്ച സമൂഹത്തിന്റെ ലക്ഷണമാണ് യഥേഷ്ടം ലഹരി സേവിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവുമെന്നതാണ് ലോക രാജ്യങ്ങളുടെ പ്രഖ്യാപിത നയം. മദ്യമുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വികസനത്തിന്റെ വഴിയായി വാഴ്ത്തപ്പെടുകയാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനേക്കാള്‍ ജാഗ്രതയും വേഗതയും മദ്യഷാപ്പുകള്‍ നിലനിര്‍ത്താനും മദ്യനയം രൂപപ്പെടുത്താനുമാണ്. ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും ലഹരിയുടെ പിടുത്തത്തിലാണ്. ജോലി, വരുമാനം, ടൂറിസം, സ്വാതന്ത്ര്യം എന്നിവയൊക്കെയാണ് മദ്യം വിളമ്പാനുള്ള ന്യായങ്ങള്‍. പെരുകുന്ന സ്ത്രീ പീഡനത്തിന്റെയും ക്രിമിനല്‍ വല്‍കരണത്തിന്റെയും പ്രധാന കാരണം മദ്യമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. കൊലപാതകത്തിലേക്ക് വരെ എത്തിയ സ്ത്രീപീഡന കേസുകള്‍ പരിശോധിച്ചാല്‍ മദ്യം അതില്‍ വഹിച്ച പങ്ക് വ്യക്തമാകും. മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാതെയും ലഹരിയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാതെയും സ്ത്രീ പീഡനം അവസാനിപ്പിക്കാനാവില്ല. 'മദ്യം എല്ലാ തിന്മകളുടെയും മാതാവാണെന്നും നിങ്ങള്‍ മദ്യം ഉപേക്ഷിക്കണമെന്നും' മുഹമ്മദ് നബി പഠിപ്പിച്ചതിന്റെ പ്രസക്തി സമൂഹത്തോട് ഉറക്കെ പറയേണ്ട സമയമാണിത്. നാടുനീളെ മദ്യഷാപ്പുകള്‍ തുറന്നുവെക്കുകയും ജനങ്ങളെ മൂക്കറ്റം കുടിപ്പിക്കുകയും ചെയ്തതിന് ശേഷം സ്ത്രീപീഡനത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ഘോരമായി പ്രസംഗിക്കുകയും നിയമം നിര്‍മിക്കുകയും ചെയ്യുന്ന ഭരണാധികാരികളെ വിചാരണ ചെയ്യണം.
അശ്ലീലതയുടെ വ്യാപനം
നഗ്നതയെ പൂജിക്കുന്ന സമൂഹമാണ് ഇന്ന് നിലവിലുള്ളത്. കണേണ്ടതും കാണിക്കേണ്ടതുമായ ശരീര ഭാഗങ്ങള്‍ എന്താണെന്നതിനെക്കുറിച്ച ധാര്‍മിക ബോധത്തിന്റെ എല്ലാ അതിര്‍വരമ്പുകളും തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. സിനിമ, ചാനല്‍, പത്രം, പരസ്യം തുടങ്ങി എവിടെയും അശ്ലീലതയും ലൈംഗിക ആഭാസങ്ങളും തിമിര്‍ത്താടുന്നു. എല്ലാ അത്യന്താധുനിക സംവിധാനങ്ങളുമുപയോഗിച്ച് നഗ്നതയും രതിവൈകൃതങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു വെക്കുന്നു. 'പുതുതലമുറ സിനിമ'കള്‍ വൃത്തികെട്ട അശ്ലീലങ്ങളാലാണ് വേറിട്ട് നില്‍ക്കുന്നത്. സിനിമാ തീയറ്ററിലും ഓഫീസിലും വീട്ടിലും ഇതെല്ലാം ആവോളം കണ്ടാസ്വദിച്ച് തെരുവിലേക്കിറങ്ങുന്ന ഞരമ്പു രോഗികള്‍, മുന്നില്‍ കാണുന്ന സ്ത്രീ ശരീരങ്ങളില്‍ ഇതെല്ലാം പരീക്ഷിക്കും. ഒരേ കമ്പനിയുടെ രണ്ട് ചാനലുകള്‍ പരിശോധിക്കുക. വാര്‍ത്താ ചാനലില്‍ സ്ത്രീപീഡനത്തിനെതിരായ വികാര വിക്ഷോഭങ്ങള്‍! അവരുടെ തന്നെ വിനോദ ചാനലില്‍ ആളുകളെ കാമരോഗികളാക്കുന്ന രതിവൈകൃതങ്ങളും! സ്ത്രീകളുടെ വസ്ത്രധാരണ രീതിയും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. പെട്ടെന്ന് വികാരങ്ങള്‍ക്ക് ചൂടുപിടിക്കുന്ന ശരീരപ്രകൃതിയുള്ളവരെ അസ്വസ്ഥരാക്കുന്ന അര്‍ധനഗ്‌ന വസ്ത്രധാരണ രീതി സ്ത്രീകളില്‍ വ്യപകമായിക്കൊണ്ടിരിക്കുന്നു. ഇതും ഒരു കാരണമാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കവെ, പിന്നെ എങ്ങനെയാണ് സ്ത്രീപീഡനം അവസാനിക്കുക?
ശിക്ഷകളുടെ അപര്യാപ്തത
കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്തവിധം, സമൂഹത്തിന് പാഠമാകുന്ന രൂപത്തില്‍ കടുത്ത ശിക്ഷകള്‍ നല്‍കിയാല്‍ മാത്രമേ ക്രിമിനിലിസത്തിന് കുറവുവരുത്താനാവൂ. എന്നാല്‍, എത്രക്രൂരനായ സ്ത്രീ പീഡകനും രക്ഷപ്പെടാവുന്ന തരത്തില്‍ ചെറിയ ശിക്ഷ നല്‍കിക്കൊണ്ടാണ് നമ്മുടെ നീതിന്യായ വ്യവഹാരങ്ങളും നടപടിക്രമങ്ങളും മുന്നോട്ടുപോകുന്നത്. സ്ത്രീപീഡകരെ എങ്ങനെയൊക്കെ രക്ഷപ്പെടുത്താം എന്നാണ് ചര്‍ച്ച. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യങ്ങളും പഴുതുകളും ഏറെയാണ്. ഇരകള്‍ കൊല്ലപ്പെട്ട കേസില്‍ പോലും ഏറിയ ശിക്ഷ പത്തോ പതിമൂന്നോ വര്‍ഷത്തെ തടവാണ്. നമ്മുടെ നിയമവ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ വിളിച്ചോതുന്നതാണ് ബലാല്‍സംഗ കേസിലെ പ്രതികളുടെ രക്ഷപ്പെടല്‍. ബലാത്സംഗ വീരന്മാര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ വേണ്ടിയുള്ള മുറവിളികളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കടുത്ത കുറ്റകൃത്യങ്ങള്‍ക്ക് അതിനനുസരിച്ചുള്ള ശിക്ഷ നല്‍കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നത് തെറ്റിലേക്കുള്ള വഴികള്‍ അടച്ചുകൊണ്ട് ഭൂമിയില്‍ സമാധാന പൂര്‍ണമായ ജീവിതം സാധ്യമാക്കാനാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top