ഖബറിനെക്കുറിച്ചുള്ള കരുതിവെപ്പുകള്‍

അബ്ദുല്‍ ബാരി കടിയങ്ങാട്‌ No image

എത്രയെത്ര യുവമിഥുനങ്ങളാണ് തങ്ങള്‍ സുരക്ഷിതരെന്ന് കരുതി രാപ്പകല്‍ നിര്‍ഭയരായി കഴിഞ്ഞുകൊണ്ടിരിക്കുന്നത്! തൊട്ടടുത്ത തുണിക്കടയില്‍ തങ്ങള്‍ക്കുള്ള ക ഫന്‍പുടവ നെയ്തുവെച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യത്തെ കുറിച്ച് അവര്‍ വിസ്മൃതരുമാണ്.
ഐഹികജീവിതത്തിന്റെ നശ്വരതയെ കുറിച്ച് ഹൃദയത്തില്‍ നിന്നും കോറിയിട്ട ഈ കവിതാശകലങ്ങളെ നമ്മിലെത്രപേര്‍ ഗൗരവതരമായി സമീപിച്ചിട്ടുണ്ട്. ഖബറിനായി ഒരുക്കൂട്ടിയ നമ്മുടെ പാഥേയങ്ങളും കരുതിവെപ്പുകളും എന്തെല്ലാമാണ്. എത്രയെത്ര ഹാജിമാരാണ് തങ്ങള്‍ ഇഹ്‌റാമില്‍ പ്രവേശിച്ച മൂന്ന് കഷ്ണം ശുഭ്രവസ്ത്രത്തുണി തങ്ങളുടെ കഫന്‍പുടവയാക്കാന്‍ വസിയ്യത്ത് ചെയ്തിരിക്കുന്നത്. ബദര്‍ രണാങ്കണത്തില്‍ ധരിച്ച വസ്ത്രങ്ങള്‍ തങ്ങളുടെ കഫന്‍പുടവയാക്കണമെന്ന് വസിയ്യത്ത് ചെയ്ത സഹാബികളുടെ ചരിത്രവും നാം കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഖബറെന്ന ഗേഹത്തിനായി നാമോരോരുത്തരും കരുതിവെച്ചതെന്താണ്.
മൂന്നാം ഖലീഫ ഉസ്മാന്‍ (റ) സ്വര്‍ഗനരകങ്ങളെ കുറിച്ച് വിവരിക്കപ്പെട്ടാല്‍ കരയാറുണ്ടായിരുന്നില്ല. എന്നാല്‍ ഖബറിനെ കുറിച്ച് ഓര്‍മിക്കപ്പെട്ടാല്‍ പൊട്ടിപ്പൊട്ടി കരയാറുണ്ടായിരുന്നു. അതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ)യുടെ ഒരു വചനമാണ് അദ്ദേഹം പ്രതിവചിച്ചത്. ''ഖബര്‍ പരലോകത്തിലെ പ്രഥമ ഭവനം ആണ്. അതില്‍ നിന്ന് രക്ഷ പ്രാപിച്ചവന്റെ ജീവിതം സുരക്ഷിത മായിരിക്കും.'' പരാജയപ്പെട്ടവന്റെ തുടര്‍ ജീവിതം പ്രയാസം നിറഞ്ഞതും കാഠിന്യമേറിയതുമാ യിരിക്കും. ചില കോഴ്‌സുകളുടെ പ്രവേശനപ്പരീക്ഷ പ്രയാസമേറിയതാകും. അതില്‍ വിജയിക്കുകയാ ണെങ്കില്‍ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ അനായാസം തരണം ചെയ്യാന്‍ സാധിക്കുന്നതുമാണ്. അപ്രകാരം ഖബറിലെ പരീക്ഷണ ങ്ങളുടെ ഗതിവിഗതിക ള്‍ക്കനുസൃതമായിട്ടാണ് ഒരു മനുഷ്യന്റെ ജയപരാജയങ്ങള്‍ നിര്‍ണയി ക്കുന്നത്. സഹാബികളും പൂര്‍വ്വസൂരികളും ഖബ്‌റിലെ ജീവിതത്തെയും ചോദ്യങ്ങളെയും ഭീകരാവസ്ഥയെ കുറിച്ചും നിരന്തരമായി ചിന്തിച്ചു കൊണ്ട് തങ്ങളുടെ ജീവിതത്തെ പരിവര്‍ത്തന വിധേയമാക്കിയതായി കാണാം. താബിഇകളില്‍ പെട്ട റബീഅ് ബിന്‍ ഹൈസം ഖബറിലെ രാത്രിക്കായി പ്രത്യേകം സജ്ജമായിരുന്നു. തന്റെ വീട്ടില്‍ അദ്ദേഹം ഒരു ഖബര്‍ തയ്യാറാക്കിയിരുന്നു. മനസ്സ് ദൈവചിന്തയില്‍ നിന്നും വിസ്മൃതമായി കാഠിന്യം പ്രാപിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം ആ ഖബ്‌റില്‍ പ്രവേശിച്ച് മരിച്ചതുപോലെ കിടക്കും. എന്നിട്ട് ഖബറിലെ ചോദ്യങ്ങളുടെ രംഗം മനസ്സില്‍ മന്ത്രിച്ചുകൊണ്ടിരിക്കും. ഒടുവില്‍ നിസ്സഹായനായി സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ഒരു അവസരം കൂടി നല്‍കേണമേ എന്ന് ആശിക്കുന്ന സന്ദര്‍ഭം വരെ അതില്‍ കിടക്കും. ആ അവസ്ഥ എത്തിയാല്‍ റബീഅ് നീ മടങ്ങുക! എന്നു പറഞ്ഞുകൊണ്ട് വീണ്ടും ഐഹിക ജീവിതത്തിലേക്ക് തിരിച്ചുവരും. ഈ അനുഭവ പശ്ചാത്തലത്തില്‍ അല്ലാഹുവിനോടുള്ള ഭയഭക്തിയിലും അനുസര ണത്തിലുമായി ദിവസങ്ങളോളം അദ്ദേഹം കഴിച്ചു കൂട്ടുമായിരുന്നു. ഇപ്രകാരം ഖബറിലെ ജീവിതത്തിനു വേണ്ടി ജീവിതകാലത്ത് തന്നെ തങ്ങളുടെ ഖബറുകള്‍ തയ്യാറാക്കി അതിനുവേണ്ടി സജ്ജരായ നിരവധി മഹാന്മാരെ നമുക്ക് ദര്‍ശിക്കാം.
സത്യനിഷേധികളായ ജനത ഖബറില്‍ നേരിടേണ്ടിവരുന്ന ഭീതിതമായ അവസ്ഥാ ന്തരങ്ങളെ കുറിച്ച് ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്. മലക്കുകളു ടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അവര്‍ കൈമലര്‍ത്തും. നരകത്തില്‍ നിന്നുള്ള ഒരു വിരിപ്പിനാല്‍ അവര്‍ പുതപ്പിക്കപ്പെടും. അതിന്റെ ചൂട് അതി തീക്ഷ്ണ മായിരിക്കും. നരകത്തി ലേക്കുള്ള ഒരു കവാടം അവരുടെ ഖബറിലേക്ക് തുറക്കപ്പെടും. വാരിയെ ല്ലുകള്‍ കോര്‍ത്തിണങ്ങുന്ന രീതിയില്‍ ഖബര്‍ കുടുസ്സാവും. അന്ത്യദിനം വരെ പ്രഭാതത്തിലും പ്രദോശത്തിലും നരകത്തിലെ അതിഭീകരമായ രംഗങ്ങള്‍ അവര്‍ക്ക് മുമ്പില്‍ കാണിക്കപ്പെടും. അതിനാല്‍ തന്നെ ഖബറിലെ ഭീകരമായ രംഗങ്ങളെ കുറിച്ച് സത്യവിശ്വാസികള്‍ നിരന്തരമായി ഓര്‍ക്കുകയും തങ്ങളുടെ ജീവിതത്തെ പരിവര്‍ത്തിപ്പി ക്കുകയും ഖബറിലെ ശിക്ഷയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും ചെയ്യേണ്ടതുണ്ട്.
സത്യവിശ്വാസികള്‍ക്ക് ഖബറില്‍ മലക്കുകളുടെ ചോദ്യത്തിന് മുമ്പില്‍ സ്ഥൈര്യത്തോടെയും മനസ്സമാധാ നത്തോടെയും ഉത്തരം നല്‍കാന്‍ കഴിയും. മലക്കുകള്‍ അവനുവേണ്ടി പ്രാര്‍ഥിക്കും. 'പുതുമണവാളന്‍ ഉറങ്ങുന്നതുപോലെ ഉറങ്ങുക' എന്ന് അവനോട് പറയും. സ്വര്‍ഗീയ വൃക്ഷങ്ങളില്‍ നിന്ന് അവന്‍ ആഹരിക്കും. സ്വര്‍ഗീയാരാമങ്ങളുടെ സുന്ദരചിത്രങ്ങള്‍ അവന് മുമ്പില്‍ പ്രദര്‍ശിക്കപ്പെടും. ഖബറിനെ കുറിച്ച് ഓര്‍ക്കുകയും അതിനുവേണ്ടി ഇഹലോകത്ത് വെച്ച് തന്നെ സജ്ജരാവുകയും ചെയ്തവര്‍ക്കാണ് ഈ അനുഭൂതികള്‍ ലഭ്യമാവുക.
സൂഫികളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സംഭവമുണ്ട്. മഹാന്മാരായ സൂഫികളുടെ ഖബര്‍സ്ഥാന്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് കൂടി ഒരാള്‍ സഞ്ചരിച്ചപ്പോള്‍ അവിടെയുള്ള മീസാന്‍ കല്ലുകളില്‍ വ്യത്യസ്തമായ നമ്പറുകള്‍ (അഞ്ച് വര്‍ഷം, രണ്ട് വര്‍ഷം, ആറ് മാസം) രേഖപ്പെടുത്തിയത് ശ്രദ്ധയില്‍ പെടുകയുണ്ടായി. അതിന്റെ ആശയം മനസ്സിലാവാത്ത അയാള്‍ പ്രദേശത്തെ പ്രായംചെന്ന ഒരാളുടെ മുമ്പില്‍ യാഥാര്‍ത്ഥ്യം തിരക്കിയ പ്പോള്‍ അദ്ദേഹം പ്രതിവചിച്ചു. മഹാന്മാരായ സൂഫികളു ടെ ഖബര്‍സ്ഥാന്‍ ആണ് അത്. ജീവിതത്തിന്റെ സായംസന്ധ്യയില്‍ തങ്ങളുടെ ജീവിതത്തെ അവര്‍ വില യിരുത്തിനോക്കി. ഏകദേശം തങ്ങളുടെ ആയുസ്സിന്റെ അര്‍ധഭാഗം ഉറക്കത്തിലായി കഴിഞ്ഞുപോയി. കുട്ടിക്കാ ലത്തിലും അശ്രദ്ധയിലുമായി കുറേ വയസ്സുകള്‍ കൊഴിഞ്ഞുപോയി. അവസാനം ദൈവമാര്‍ഗത്തില്‍ പൂര്‍ണമായി സമര്‍പ്പിക്കാനും ചിലവഴിക്കാനുമായി ലഭിച്ച സമയം വിലയിരുത്തിയപ്പോള്‍ അവര്‍ക്ക് കിട്ടിയ ഉത്തരങ്ങളായിരുന്നു അഞ്ച് വര്‍ഷം, രണ്ട് വര്‍ഷം, ആറ് മാസം തുടങ്ങിയവ... ഖബ്‌റിനെ കുറിച്ച സ്മരണകളാല്‍ ജീവിതത്തെ ധന്യമാക്കുകയും നവീകരിക്കുകയും സ്വര്‍ഗത്തിനുവേണ്ടി നാം സജ്ജരാവുകയും ചെയ്യേണ്ട തുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top