ഫാത്വിമയാകാമോ?

ഇല്‍യാസ് മൗലവി No image

ഒരു മാതൃകാ കുടുംബം ആവിഷ്‌ക്കരിക്കുന്നതില്‍ തിരുമേനി(സ)യില്‍ നിന്ന് പരിശീലനം ലഭിച്ച മഹതിയാണ് അവിടുത്തെ പുന്നാര മകളായ ഫാത്വിമ(റ). മുമ്മദ്-ഖദീജ ദമ്പതികളുടെ മാതൃകാ പുത്രി. ദീനുല്‍ ഇസ്‌ലാമിനെ നെഞ്ചേറ്റിയ ഉത്തമയായ മാതാവിന്റെ ഉത്തമയായ പുത്രി. തന്റെ മാതാവായ ഖദീജയോടൊപ്പം ഇസ്‌ലാമിന്റെ ശൈശവവും ബാല്യവുമെല്ലാം ദര്‍ശിച്ച, അതിന്റെ ഓരോ നാഡീമിടിപ്പുകളും അനുഭവിച്ചറിഞ്ഞ ഫാത്വിമ. മാതാവിന്റെ വിയോഗത്തിന് ശേഷം പല കയ്‌പേറിയ രംഗങ്ങള്‍ക്കും അവര്‍ സാക്ഷിയാവുകയുണ്ടായി. പിതാവായ തിരുമേനി അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണ്ട് കരയാനേ ആ പുത്രിക്ക് അന്ന് കഴിഞ്ഞിരുന്നുള്ളൂ. ഉദാഹരണങ്ങള്‍ പലതും ചരിത്രകൃതികള്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിലേറ്റവും ദുഃഖകരമായത് ഖുറൈശികളില്‍പ്പെട്ട ഒരു ഭോഷന്‍ പ്രവാചകന്റെ ശിരസ്സ് ചെളികൊണ്ട് അഭിഷേകം ചെയ്തതായിരുന്നു! അദ്ദേഹം എന്തു ചെയ്തുവെന്നോ! ശിരസ്സു നിറയെ ചെളിയുമായി നേരെ വീട്ടില്‍ ചെന്നു. മകള്‍ ഫത്വിമ അതു കഴുകി വൃത്തിയാക്കിക്കൊടുത്തു! ഫാത്വിമ കരയുന്നുണ്ടായിരുന്നു. സന്താനങ്ങളുടെ കരച്ചില്‍ അത്യന്തം വേദനകരമാണ്. കരയുന്നത് പെണ്‍മക്കളാണെങ്കില്‍ അങ്ങേയറ്റം അസ്വാസ്ഥ്യ ജനകവുമാണ്. പെണ്‍മക്കളുടെ കണ്ണില്‍ നിന്നടര്‍ന്നുവീഴുന്ന ഓരോ തുള്ളിയും ഹൃദയത്തെ പൊള്ളിച്ചുകളയുന്ന തീക്കനലുകളാണ്. അതിന്റെ താപത്തില്‍ നാം തന്നെ ഉരുകിപ്പോവും! പെണ്‍കുട്ടിയുടെ നെടുവീര്‍പ്പുകളും നൊമ്പരങ്ങളും ഒരു പിതാവിന് അസഹ്യമത്രെ. മുഹമ്മദാകട്ടെ സ്വന്തം പെണ്‍മക്കളോട് അളവറ്റ സ്‌നേഹവും അനുകമ്പയുമുള്ള പിതാവായിരുന്നു. അടുത്ത കാലത്ത് മാത്രം മാതാവ് നഷ്ടപ്പെട്ട ആ പെണ്‍കുട്ടി, ഇപ്പോള്‍ പിതാവിന് നേരിട്ട ആപത്തിന്റെ പേരില്‍ വിലപിക്കേണ്ടി വന്നിരിക്കുന്നു. ഈ ഘട്ടത്തില്‍ ആ പിതാവ് എന്താണ് ചെയ്യുക? ഹൃദയത്തെ കൂടുതലായി അല്ലാഹുവിലേക്ക് തിരിക്കുവാനും അവന്റെ സഹായത്തിലുള്ള വിശ്വാസം ദൃഢമായി പ്രഖ്യാപിക്കുവാനും മാത്രമേ അദ്ദേഹം മുതിര്‍ന്നുള്ളൂ. നിറഞ്ഞ കണ്ണുകളോടെ മുമ്പില്‍ നില്‍ക്കുന്ന പുത്രിയെ നോക്കി അദ്ദേഹം പറഞ്ഞു: 'കരയാതെ മകളെ! അല്ലാഹു നിന്റെ പിതാവിനെ സംരക്ഷിച്ച് കൊള്ളും.'' (ഹൈക്കലിന്റെ 'മുഹമ്മദ്')
തന്റെ മകള്‍ക്ക് പറ്റിയ വരനെ തിരുമേനി തന്നെ കണ്ടെത്തുകയായിരുന്നു. എട്ടും പൊട്ടും തിരിയാത്ത കാലത്തുതന്നെ തിരുമേനിയുടെ ആദര്‍ശം അംഗീകരിക്കുകയും കൂടെ നില്‍ക്കുകയും ആദര്‍ശമാര്‍ഗത്തില്‍ തന്റെ കൂടെ നിന്ന് എല്ലാ പ്രതിസന്ധികളും ത്യാഗങ്ങളും നേരിട്ട് കരുത്തു തെളിയിക്കുകയും കൂറ് കാണിക്കുകയും ചെയ്ത തന്റെ പിതൃവ്യപുത്രന്‍ അലി (റ)യായിരുന്നു അത്. തന്റെ മകള്‍ക്ക് എന്തെല്ലാം ഗുണഗണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭര്‍ത്താവാണോ വേണ്ടത്, അതെല്ലാം സമ്മേളിച്ച വ്യക്തി കൂടിയായിരുന്നു അലി(റ).
വിവാഹം കഴിഞ്ഞ് അല്‍പം അകലെയായിരുന്നു മകളും മരുമകനും താമസം. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും കുടുംബത്തോടും മക്കളോടും ഒപ്പം ഒത്തുകൂടാന്‍ ശ്രദ്ധയും കണിശതയും പുലര്‍ത്തിയിരുന്ന പ്രവാചകന്‍ (സ) മകള്‍ തന്റെ സമീപത്ത് തന്നെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. അത് മനസ്സിലാക്കിയ ഫാത്വിമ പറഞ്ഞു: ''പ്രിയ പിതാവേ എങ്കില്‍ താങ്കള്‍ ഹാരിസത്തുബ്ന്‍ നുഅ്മാനുമായി ബന്ധപ്പെടണം. അദ്ദേഹത്തിന്റെ വീട് തൊട്ടടുത്താണല്ലോ?'' വിവരം എങ്ങനെയോ ഹാരിസ അറിഞ്ഞു. ഉടനെ അദ്ദേഹം നബിയുടെ അരികെ വന്ന് ഇങ്ങനെ പറഞ്ഞു: ''പ്രിയ പ്രവാചകരെ, ഫാത്വിമയെ താങ്കളുടെ സമീപത്ത് പാര്‍പ്പിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. എങ്കില്‍ ഇതാ എന്റെ വീട്. അവരെ അതില്‍ പാര്‍പ്പിച്ചോളൂ. എന്റെ സമ്പത്ത് അല്ലാഹുവിനും റസൂലിനും വേണ്ടിയുള്ളതാണ്. പ്രിയപ്പെട്ട പ്രവാചകരെ, എന്റെ വീട് താങ്കള്‍ എങ്ങനെ സ്വീകരിക്കും എന്ന് പ്രയാസപ്പെടേണ്ടതില്ല. എന്നില്‍ നിന്നും സ്വീകരിക്കുന്ന സമ്പത്താണ് താങ്കള്‍ എനിക്കായി ബാക്കിയാക്കുന്ന സമ്പത്തിനേക്കാള്‍ എനിക്കിഷ്ടം. അതിനാല്‍ താങ്കളുടെ ഇഷ്ടമാണ്, താങ്കളുടെ ആഗ്രഹ സാഫല്യമാണ് എനിക്കേറ്റവും പ്രധാനം. അത് പൂവണിയുന്നതാണ് എന്റെ പരമ ലക്ഷ്യവും.'' തിരുമേനി അതുകേട്ട് സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു.
അങ്ങനെ തന്റെ പ്രിയപ്പെട്ട മകള്‍ വിവാഹത്തിന് ശേഷവും വളരെയകലത്തല്ലാതെ താമസമാക്കി. ഒരുപാട് കാര്യങ്ങള്‍ ഈ സംഭവത്തിലൂടെ നമുക്ക് മനസ്സിലാക്കാനുണ്ട്. ഇന്ന് സാധാരണ കേള്‍ക്കാറുള്ള ആവലാതിയാണ് കുടുംബ ബന്ധങ്ങള്‍ പണ്ടത്തെ പോലെ ഊഷ്മളമല്ല എന്നത്. കാലത്തിന്റെ ഗമനത്തിനനുസരിച്ച് ജീവിതശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, പ്രകൃതിപരവും അനിവാര്യവുമായ ചില ഘടകങ്ങള്‍ തുടങ്ങി പലതും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. പക്ഷെ ചിലതെല്ലാം അശ്രദ്ധ കൊണ്ടും ദീര്‍ഘ വീക്ഷണമില്ലായ്മകൊണ്ടും വന്നുചേരുന്നവയാണ്. വിവാഹം കഴിയുന്നതോടെ അവര്‍ ഒരു പുതിയ കുടുംബമായി 'മാറുകയും' മറ്റു കുടുംബാംഗങ്ങളുമായി തികച്ചും വേര്‍പെട്ടു പോവുകയും ചെയ്യുന്നതിന്റെ ഒരു കാരണം, പരസ്പരം ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ അടയുന്നതാണ്. ഒന്നോ രണ്ടോ അതിലധികമോ ദിവസം വേണം യാത്ര ചെയ്ത് കുടുംബങ്ങളുമായി ഒത്തു കൂടാന്‍. ഈ കാലത്ത് അതിന്റെ പ്രായോഗികത എത്രമാത്രം സാധ്യമാണ് എന്ന് പറയേണ്ടതില്ല. ആഗ്രഹമുണ്ട് പക്ഷേ നടക്കില്ല. ഉപജീവനാവശ്യാര്‍ഥം മറ്റു മാര്‍ഗങ്ങളില്ലാതെ വിദൂരത്തായവര്‍, പഠനം, ജോലി, എല്ലാ നിലക്കും അനുയോജ്യമായ ഇണയെ സമീപത്ത് ലഭ്യമല്ലാത്ത സാഹചര്യം തുടങ്ങിയ ചില കാരണങ്ങള്‍ ഒരു പരിധിവരെ മനസ്സിലാക്കാനാവും. എന്നാല്‍ സ്വന്തം മാതാപിതാക്കളും മറ്റു ബന്ധുമിത്രാദികളുമൊക്കെയുള്ള പ്രദേശത്ത് നിന്ന് തന്നെ അനുയോജ്യമായ ഇണകള്‍ സുലഭമായിരിക്കെ വളരെയധികം ദൂര പ്രദേശങ്ങളില്‍ ചെന്ന് വിവാഹം ചെയ്യുന്നതും ചെയ്യിക്കുന്നതുമായ പ്രവണത പുനരാലോചന നടത്താന്‍ സമുദായം തയ്യാറാവേണ്ടതുണ്ട്. മക്കളുടെ സഹായം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഘട്ടത്തില്‍ സഹായിക്കുന്നതു പോകട്ടെ ഒരു നോക്കു കാണാന്‍ പോലും സാഹചര്യം അനുവദിക്കാതെ കരയുന്നതും സങ്കടപ്പെടുന്നതും കേള്‍ക്കാനിടയായിട്ടുണ്ട്.
നമുക്ക് ഫാത്വിമയിലേക്ക് തിരിച്ച് വരാം. മക്കളോടും പേരക്കിടാങ്ങളോടും അളവറ്റ സ്‌നേഹം പ്രകടിപ്പിച്ചിരുന്ന പ്രവാചകന്‍ തന്റെ മക്കളില്‍ ദീനീബോധം വളര്‍ത്തുന്നതിലും അതവരില്‍ രൂഢമൂലമാക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. പ്രവാചകനായി നിയോഗിക്കപ്പെട്ട ആദ്യ സന്ദര്‍ഭത്തില്‍ തന്നെ തന്റെ ബന്ധുക്കളോട് നടത്തിയ ഉദ്‌ബോധനത്തില്‍ തിരുമേനി പറഞ്ഞത് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. ''മുഹമ്മദിന്റെ മകളായ ഫാത്വിമാ, എന്റെ സമ്പത്തില്‍ നിന്ന് നിനക്കാവശ്യമുള്ളത് നീ ചോദിച്ചുകൊള്ളുക. എന്നാല്‍ അല്ലാഹുവും നീയും തമ്മിലുള്ള ഇടപാടില്‍ നിനക്കായി ഒന്നും ചെയ്യാന്‍ എനിക്ക് കഴിയില്ല. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്തമനും പ്രവാചകന്മാരുടെ ഇമാമും എല്ലാമായ നബിതിരുമേനിയുടെ സ്‌നേഹനിധിയായ മകളായിട്ട് കൂടി ആ ബന്ധം കൊണ്ടൊന്നും പരലോകമോക്ഷം സാധ്യമല്ല എന്നും അവനവന്റെ മോക്ഷം അവനവന്‍ തന്നെ നോക്കണമെന്നുമുള്ള ബോധം പ്രഥമഘട്ടത്തില്‍ തന്നെ തന്റെ കുടുംബത്തെയും മക്കളെയും ബോധ്യപ്പെടുത്തുകയായിരുന്നു തിരുമേനി. അങ്ങനെയൊരു ഉദ്‌ബോധനത്തിന്റെ ആവശ്യമോ ആ ബോധം ഉണ്ടാവാനുള്ള പക്വതയും അറിവും ഇല്ലാത്തവളോ ആയിട്ടല്ല ഫാത്വിമയോട് തിരുമേനി ഇങ്ങനെ പറഞ്ഞത്, മറിച്ച് ഒരു രക്ഷിതാവിന്റെ ദൗത്യം സമുദായത്തെ പഠിപ്പിക്കുകയായിരുന്നു. അതെ, തന്റെ കുടുംബത്തെ ആദര്‍ശവല്‍ക്കരിക്കുന്നതില്‍ പുലര്‍ത്തിയ നിഷ്‌കര്‍ഷ!
രണ്ട് മൂന്ന് മക്കളുടെ ഉമ്മയായ ഘട്ടത്തില്‍ പോലും തിരുമേനി തന്റെ മകള്‍ ഫാത്വിമയെ സ്‌നേഹം കൊണ്ട് പുണരുകയും അവര്‍ തിരുമേനിയുടെ അരികിലെത്തുമ്പോള്‍ അങ്ങോട്ട് എഴുന്നേറ്റ് ചെന്ന് നെറ്റിയില്‍ ചുംബിച്ചുകൊണ്ട് സ്വീകരിക്കുകയുമായിരുന്നു പതിവ്. ഇത്ര ഉദാത്തമായ ഒരു പിതാവിന്റെ മാതൃക എവിടെ ദര്‍ശിക്കാനാവും! എന്നാല്‍ ഈ പരന്നൊഴുകിയ സ്‌നേഹം തന്റെ മക്കളില്‍ ജീവിത ലാളിത്യം ഉണ്ടാക്കുന്നതിന് ഒട്ടും തടസ്സമായില്ല. പ്രമുഖ ഹദീസ് ഗ്രന്ഥകാരന്മാരെല്ലാം രേഖപ്പെടുത്തിയ ഒരു സംഭവം ഇവിടെ പകര്‍ത്തട്ടെ, ഇമാം അലി (റ)യാണ് സംഭവം ഉദ്ധരിക്കുന്നത്. തന്റെ ഒരു സുഹൃത്തിനോട് അദ്ദേഹം പറയുകയുണ്ടായി: 'ഞാന്‍ താങ്കള്‍ക്ക് എന്നെയും പ്രിയ പത്‌നി ഫാത്വിമയെയും പറ്റി പറഞ്ഞു തരട്ടെയോ? തിരുമേനിക്കേറെ പ്രിയപ്പെട്ടവളായിരുന്നു അവള്‍. അങ്ങനെ അവളെന്റെ സഹധര്‍മിണിയായി. ആസുകല്ല് പിടിച്ച് അവളുടെ കൈയെല്ലാം തഴമ്പ് കെട്ടി, കൂട്ടത്തില്‍ വെള്ളമെടുത്ത് മാറത്ത് താങ്ങിപ്പിടിച്ച് പാട് വീണു, വീടും പരിസരവുമെല്ലാം അടിച്ചുവാരി വൃത്തിയാക്കി, വസ്ത്രങ്ങളെല്ലാം പൊടിപിടിച്ചു. അടുപ്പില്‍ ഊതി മുഖം കരുവാളിച്ചു. ചുരുക്കത്തില്‍ ഇത്തരം ഒരുപാട് വേലകള്‍ ചെയ്ത് അവളാകെ പരവശയായി. ഒരു ഭൃത്യനെ വീട്ടുജോലികള്‍ക്ക് സഹായത്തിനായി ലഭിച്ചെങ്കില്‍ എന്ന് ഞങ്ങള്‍ കൊതിച്ചു. അങ്ങനെയിരിക്കെ ധാരാളം നീഗ്രോ അടിമകള്‍ മദീനയില്‍ നബിതിരുമേനിയുടെ അടുക്കല്‍ എത്തിച്ചേര്‍ന്ന വിവരം ലഭിച്ചു. അപ്പോള്‍ ഞാന്‍ ഫാത്വിമയോട് പറഞ്ഞു, നീ ചെന്ന് പിതാവിനോട് (നബിയോട്) പറഞ്ഞുനോക്ക്, ഒരു വേലക്കാരനെ കിട്ടിയെങ്കില്‍! അങ്ങനെ അവള്‍ പിതാവിന്റെ അടുത്തു ചെന്നു. അദ്ദേഹമാകട്ടെ അപ്പോള്‍ നവാഗതരായ ചിലരുമായി സംസാരത്തിലായിരുന്നു. അതിനിടയില്‍ (ആനക്കാര്യത്തിനിടയില്‍ ചേനക്കാര്യം എന്നു പറയാറുള്ള പോലെ) വിഷയം സംസാരിക്കുന്നതില്‍ എനിക്ക് ലജ്ജ തോന്നി. ഞാന്‍ പോയപാടെ തിരിച്ചു പോന്നു. അന്ന് രാത്രിയായപ്പോഴുണ്ട് (തന്റെ പ്രിയപ്പെട്ട മകള്‍ വന്നത് മണത്തറിഞ്ഞായിരിക്കണം) തിരുമേനി ഞങ്ങളുടെ വീട്ടിലേക്കിങ്ങോട്ട് വരുന്നു. ഞങ്ങള്‍ കിടന്നിരുന്ന പുതപ്പ് നീളം കുറവായതിനാല്‍ തല മൂടുമ്പോള്‍ കാല് പുറത്തും കാലിന്‍മേലിട്ടാല്‍ തല പുറത്തുമാകുമായിരുന്നു. അങ്ങനെ തിരുമേനി വന്ന് ഫാത്വിമയുടെ തലക്കടുത്തായി ഇരുന്നു. മടി കാരണം അവള്‍ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു. മോളെന്തിനായിരുന്നു വന്നത്? തിരുമേനി അന്വേഷിച്ചു. അലിയാണ് മറുപടി പറഞ്ഞത്: ''പ്രവാചകരെ, വീടും കുടിയും നോക്കി വെള്ളം ചുമന്ന് വിറക് കൂട്ടി അടുപ്പില്‍ ഊതി വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കി ഭക്ഷണത്തിനായ് ആസുകല്ല് പിടിച്ച് തിരിച്ച് എന്ന് തുടങ്ങി വിശ്രമമില്ലാതെ ജോലിയെടുത്ത് അവശയായിരിക്കുന്നു ഫാത്വിമ. അങ്ങനെയിരിക്കെ കുറച്ച് അടിമകള്‍ എത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയപ്പോള്‍ ഞാന്‍ ഉന്തിപ്പറഞ്ഞയച്ചതാണവളെ. ഒരു വേലക്കാരനെ നമുക്ക് കിട്ടിയെങ്കിലോ എന്ന് കണക്കുകൂട്ടി. സാഹചര്യം അത് സംസാരിക്കാന്‍ പറ്റിയതല്ലാ എന്ന് കണ്ടപ്പോള്‍ അവള്‍ ഒന്നും പറയാതെ തിരിച്ചു പോന്നതാണ്. അതാണ് സംഭവം. അലി (റ) പറഞ്ഞു നിര്‍ത്തി. തിരുമേനി പറഞ്ഞു: ''നിങ്ങളെക്കാള്‍ അര്‍ഹരായ പലരും ഉണ്ടായിരിക്കെ അവര്‍ക്കു നല്‍കുകയല്ലാതെ നിങ്ങള്‍ക്ക് നല്‍കാന്‍ നിവൃത്തിയില്ല. നിങ്ങളീ ആവശ്യപ്പെട്ടതിനേക്കാള്‍ നിങ്ങള്‍ക്കുപകാരപ്പെടുന്ന ഒരു കാര്യം നിങ്ങളെ ഞാന്‍ പഠിപ്പിച്ചു തരട്ടെ, അതായത് നിങ്ങള്‍ ഉറങ്ങാനായി വിരിപ്പിലേക്ക് ചാഞ്ഞാല്‍ 33 പ്രാവശ്യം സുബ്ഹാനല്ലാഹ്, 33 പ്രാവശ്യം അല്‍ഹംദുലില്ലാഹ്, 34 പ്രാവശ്യം അല്ലാഹു അക്ബര്‍ ചൊല്ലിക്കിടക്കുക. അത് നിങ്ങള്‍ക്ക് ഒരു ഭൃത്യനേക്കാള്‍ ഉപകരിക്കും. കഥ അവസാനിപ്പിച്ചുകൊണ്ട് അലി പറയുകയാണ് തിരുമേനിയില്‍ നിന്ന് പഠിച്ചത് മുതല്‍ ഞാനത് ഒഴിവാക്കിയിട്ടില്ല. കേട്ടുകൊണ്ടിരുന്ന സുഹൃത്ത് ചോദിച്ചു. സ്വിഫീന്‍ യുദ്ധത്തിന്റെ രാത്രിയിലും!! അതെ, ആ കാളരാത്രിയില്‍ യുദ്ധാന്തരീക്ഷത്തിന്റെ ഭീകരതയില്‍ പോലും ഞാനത് ഉപേക്ഷിക്കുകയുണ്ടായില്ല. (ബുഖാരി, മുസ്‌ലിം, അബൂദാവൂദ് തുടങ്ങിയവ കാണുക)
ഈയൊരു സംഭവത്തെ പറ്റി ഒരുപാട് എഴുതാനുണ്ട്. അതിനൊന്നും ഇവിടെ സന്ദര്‍ഭമില്ല. പക്ഷെ ഒരു കാര്യം വ്യക്തമാക്കുകയാണ്. അതായത് പിന്നീട് ഈ ദിക്‌റുകളുടെ ഫലമായി അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു വേലക്കാരനെ വേണ്ടതില്ലാത്ത വിധം ആരോഗ്യവും ശക്തിയും ഉണ്ടാവുകയുണ്ടായി എന്ന് ചരിത്രം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top