പാട് മറഞ്ഞ കൈത്താങ്ങ്

വി.കെ കുട്ടു No image

സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന പ്രപഞ്ച നാഥന്‍ പ്രാര്‍ഥന സ്വീകരിക്കുന്നവനും, ആഗ്രഹം സഫലമാക്കിത്തരുന്നവനുമാണെന്ന് അനുഭവങ്ങള്‍ പറഞ്ഞു തന്നു. അല്ലാഹുവിനു സ്തുതി.
എന്റെ വിവാഹം നടന്നത് 1959 ഡിസംബറിലായിരുന്നു. അപ്പോള്‍ എനിക്ക് ജോലി മാനന്തവാടി മൃഗാശുപത്രിയിലാണ്. ജോലിസ്ഥലത്തു നിന്നും തലശ്ശേരി വഴി ചെറുവത്തൂരിലുള്ള ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേ ഒരു ബന്ധു എന്റെ വിവാഹത്തെകുറിച്ചു സംസാരിച്ചു. എന്റെ ഉമ്മയുടെ അനുവാദമാണ് എനിക്ക് പ്രധാനമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. ഉപ്പയില്‍ നിന്നുള്ള സംരക്ഷണം ലഭിക്കാതിരുന്ന എന്നെ സ്‌നേഹിച്ചു സംരക്ഷിച്ചു പോന്നിരുന്നത് ഉമ്മയായിരുന്നു. ഉമ്മയില്‍ നിന്നും ലഭിച്ചിരുന്ന സ്‌നേഹത്തിന്റെ ഒരു ശതമാനമെങ്കിലും എനിക്കു തിരിച്ചു നല്‍കാന്‍ സാധിച്ചിടണേയെന്ന് ഞാന്‍ എന്നും ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. ഒരു ദിവസം മാതൃസഹോദരനും, വിവാഹബന്ധമന്വേഷിച്ചിരുന്ന കുടുംബത്തിലെ രണ്ട് പേരും മാനന്തവാടി മൃഗാശുപത്രിയിലെത്തി. ഈ വിവാഹബന്ധം എന്റെ ഉമ്മാക്ക് പൂര്‍ണ സമ്മതവും സന്തോഷവുമാണെന്ന് മാതൃസഹോദരന്‍ പറഞ്ഞു. എന്റെ ജോലി മാനന്തവാടിയിലും പ്രതിശ്രുത വധുവിന്റെ വീട്ടുകാരും എന്റെ ബന്ധുക്കളും തലശ്ശേരിയിലും ഉമ്മയുടെ താമസം ചെറുവത്തൂരിലുമായതിനാല്‍, അനാവശ്യ ചെലവുകളും, യാത്രകളും, ജോലിയില്‍ നിന്നുള്ള ലീവും ഒഴിവാക്കാമെന്ന വിചാരത്തോടെ എന്റെ ആവശ്യപ്രകാരം മൃഗാശുപത്രിയില്‍ നിന്നുതന്നെ എന്റെ വിവാഹ ദിവസം നിശ്ചയിച്ചു. പ്രതിശ്രുത വധുവിനേയോ അവളുടെ ഫോട്ടോയോ ഞാന്‍ കണ്ടിരുന്നില്ല. ഉമ്മ കുട്ടിയെ കണ്ടിരുന്നില്ലെങ്കിലും പരിഗണിച്ചിരുന്നത് കുട്ടിയുടെ കുടുംബത്തിന്റെ സംസ്‌കാരമായിരുന്നുവെന്ന് പിന്‍കാലാനുഭവങ്ങളില്‍ നിന്നും മനസ്സിലായി. മാത്രമല്ല, വധുവിന്റെ പിതാവ് അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചുപോയിരുന്നു.
വിവാഹ ദിവസം ഭാര്യ വീടിന്റെ വാതില്‍പടിയിലെത്തിയപ്പോള്‍, ഞാനവിടെ ഒരു മിനുട്ട് നിന്നുകൊണ്ട്, ശബ്ദം വരാത്ത വിധം മനസ്സുകൊണ്ട് പ്രാര്‍ഥിച്ചു.
'നാഥാ, നീ എനിക്കു നല്‍കുന്നത് സ്വഭാവഗുണമുള്ള ഇണയെ ആക്കേണമേ...'
എന്നാല്‍ ആദ്യദിവസം തന്നെ അല്ലാഹു എന്നെ പരീക്ഷിക്കുകയാണുണ്ടായത്.
'നീ ആവശ്യപ്പെട്ടത് ഞാന്‍ തരാം, എന്നാല്‍ ഞാന്‍ ആവശ്യപ്പെട്ട ക്ഷമ നീ തരുമോ എന്ന മട്ടിലായിരുന്നു അല്ലാഹുവിന്റെ പരീക്ഷണങ്ങളെന്ന് പില്‍കാലനുഭവങ്ങളിലൂടെ മനസ്സിലായി.
മണിയറയില്‍ കടന്നപ്പോള്‍, മുഖം പുറത്തു കടക്കാത്തവിധം രണ്ടുകൈകള്‍ കൊണ്ടും കസവുതട്ടം മുറുകെ പിടിച്ചു മൂലയില്‍ പതുങ്ങി നില്‍ക്കുന്ന അവള്‍ക്ക് അനക്കമില്ല. അവളുടെ അരികെ പോയി പുഞ്ചിരിച്ചുകൊണ്ട് കൈ പിടിച്ചപ്പോള്‍, കൈപിടിച്ചതില്‍ പരിഭവമുള്ളതുപോലെ പെട്ടെന്ന് കൈ വലിച്ചു. നിനക്കെന്നെ ഇഷ്ടമില്ലാത്തതുകൊണ്ടാണോ കൈ വലിച്ചതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. 'എനിക്ക് നിങ്ങളെ ഇഷ്ടമാണ്. എന്റെ കൈക്ക് ചൊറിയുള്ളതുകൊണ്ട് വേദനിച്ചതിനാലാണ് കൈവലിച്ചത്. വിവാഹം പെട്ടെന്ന് നിശ്ചയിച്ച വിവരമറിഞ്ഞപ്പോള്‍ ഉമ്മയും ഉമ്മാമയുമെല്ലാം ബേജാറായി. ഡോക്ടര്‍ നാലു ദിവസമായി ഇഞ്ചക്ഷന്‍ നല്‍കിയിട്ടും സുഖമായില്ല.'
ഞാന്‍ കട്ടിലിലിരുന്നു. പത്തു മിനുട്ടോളം എന്റെ ചിന്ത പലവഴിയിലൂടെയും കടന്നുപോയി. അല്ലാഹുവോട് നല്ല സ്വഭാവമുള്ള ഇണക്കുവേണ്ടി പ്രാര്‍ഥിച്ചിട്ട് എനിക്കു തന്നത് പകരുന്ന ചൊറി ബാധിച്ച പെണ്ണിനെ. ആഗ്രഹിച്ചുകൊണ്ടിരുന്ന മധുവിധു കാലം ഏഴു ദിവസത്തെ ലീവ് മാത്രം...
ചിന്തകള്‍ മാറിമാറി വന്നു. നല്ല സ്വഭാവമുള്ള ഇണയെ ലഭിക്കണമെന്ന എന്റെ ആഗ്രഹം പോലെ തന്നെ, എനിക്കിപ്പോള്‍ ലഭിച്ച ഇണക്കുമുണ്ടാവില്ലേ നല്ല ഇണയെ കിട്ടണമെന്ന ആഗ്രഹം എന്നില്‍ അല്‍പമെങ്കിലും നല്ല സ്വഭാവമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ട സന്ദര്‍ഭമാണിത്. എന്റെ അരികില്‍ വന്നിരിക്കാന്‍ ഞാനവളോട് പറഞ്ഞു. അവളെ ചുംബിച്ചുകൊണ്ട് ഞാനവളെ സമാധാനിപ്പിച്ചു. ഭയപ്പെടേണ്ടതില്ല. ഇത് വേഗത്തില്‍ സുഖപ്പെടുന്ന രോഗമാണ്. പഠിക്കുമ്പോള്‍ എനിക്കും ഈ രോഗം ബാധിച്ചിട്ടുണ്ട്. ശ്രദ്ധിച്ചാല്‍ നാലോ അഞ്ചോ ദിവസം കൊണ്ട് പൂര്‍ണമായും സുഖപ്പെടും. ഇതുകേട്ടപ്പോള്‍ അവളുടെ മുഖം പ്രസന്നമായി.
അവളുടെ മുഖത്തെ ആ പ്രസന്നത ഞങ്ങളുടെ അന്‍പത്തഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിലുടനീളം എനിക്കാസ്വദിക്കാന്‍ സാധിച്ചു. (ചര്‍മത്തില്‍ ചെറിയ കുരുകള്‍ പൊന്തി ചലം നിറഞ്ഞു പൊട്ടി വൃണമാകുന്നതാണ് ചൊറി. അന്‍പതുകളില്‍ ഈ രോഗം പടര്‍ന്നിരുന്നു.) 1964-ല്‍ സര്‍ക്കാര്‍ ജോലി രാജിവെച്ചതിനു ശേഷം തുടങ്ങിയ വ്യാപാരങ്ങള്‍ തകര്‍ന്നതോടെ വര്‍ഷങ്ങളോളം സാമ്പത്തിക പ്രയാസങ്ങളും കടബാധ്യതകളും എന്നെ അലട്ടിയിരുന്നു. എനിക്ക് ഉപ്പയില്‍ നിന്നും സംരക്ഷണമോ പിന്തുടര്‍ച്ചാവകാശമോ ലഭിക്കാതിരുന്നത് പോലെ എന്റെ ഇണക്കും ഒന്നും ലഭിച്ചിരുന്നില്ല. എന്റെ പ്രയാസം മനസ്സിലാക്കിയപ്പോള്‍ അവള്‍ക്ക് ആകെയുണ്ടായിരുന്ന പതിനഞ്ചു പവന്റെ ആഭരണം തൂക്കി വില്‍ക്കാനായി അഴിച്ചു തന്നു. ഉമ്മ മരിച്ചതിനുശേഷം ചെറുവത്തൂരിലുണ്ടായിരുന്ന ഉമ്മയുടെ വീടും പറമ്പും വില്‍ക്കേണ്ടി വന്നതോടെ എന്റെയും ഭാര്യയുടെയും കുട്ടികളുടെയും താമസയിടം ഭാര്യാതറവാട്ടിലെ ഒരു അറ മാത്രമായി മാറി. 1970-ല്‍ കച്ചവടമുണ്ടായിരുന്നപ്പോള്‍ ഉളിയില്‍ നിന്നുമകലെ വിജന സ്ഥലത്ത് അര ഏക്കര്‍ തരിശു ഭൂമി എണ്ണൂറുരൂപക്ക് വാങ്ങിയിരുന്നു. അവിടെ ചെറിയൊരു വീടുപണിതു. ഓടു വാങ്ങാന്‍ കാശില്ലാത്തതുകൊണ്ട് തെങ്ങോലകൊണ്ടു മേഞ്ഞു. നിലവും ചുമരും തേക്കാത്ത വീട്ടില്‍ ഭാര്യയും മക്കളും താമസം തുടങ്ങി. പുതുതായി വന്ന താമസക്കാരെ സന്ദര്‍ശിക്കാനായി ചിലപ്പോള്‍ മൂര്‍ഖനും, ചേരയും, പാമ്പുമൊക്കെ വന്നു. തുടക്കത്തില്‍ ഭാര്യ ഭയപ്പെട്ടപ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വരികള്‍ പറഞ്ഞുകൊടുത്തുകൊണ്ടു സമാധാനിപ്പിച്ചു. ''നമ്മെ സൃഷ്ടിച്ചതുപോലെ പാമ്പുകളെയും സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. അവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കുവാന്‍ അവകാശമുണ്ട്.''
ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ കഴിഞ്ഞു വരുമ്പോള്‍ കൊണ്ടുവരുന്ന മൂത്ത പഴങ്ങളുടെ വിത്തുകള്‍ നട്ടു നനച്ചു പഴ വൃക്ഷങ്ങളാക്കി. കോഴികളേയും ആടിനേയും വളര്‍ത്തി- പാരമ്പര്യമായി അറിഞ്ഞിരുന്ന ഒടവായക്ക (Banana dry fruit) ഉണ്ടാക്കി മകനിലൂടെ തലശ്ശേരി വിപണിയിലെത്തിച്ചു. ഇല്ലായ്മയിലും സ്‌നേഹത്തോടെ മക്കള്‍ വളര്‍ന്നു. മക്കള്‍ വീടിനെ നല്ലൊരു ഇരുനില ഭവനമാക്കി.
2007-ല്‍ ഞാന്‍ കാന്‍സറിനെ തുടര്‍ന്ന് അവശനായി കിടന്നപ്പോള്‍, ഇണ എന്നെ താങ്ങി കുളിമുറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അവളുടെ കൈതാങ്ങുകള്‍ ഞാന്‍ ശ്രദ്ധിച്ചു. സുന്ദരം... ആകര്‍ഷണീയം. അവിടെ ചൊറിയുടെ പാടുകള്‍ പോലുമില്ല. എന്റെ വയറ്റിലോ കാന്‍സര്‍.
2012-മാര്‍ച്ച് ജിദ്ദയില്‍ നിന്നും മകന്റെ ഫോണ്‍ വന്നു. എണ്‍പതിനായിരം ഉറുപ്പിക അയച്ചിരിക്കുന്നു. ഉപ്പയും ഉമ്മയും ഉംറ നിര്‍വഹിക്കുവാനായുള്ള യാത്രക്കായി കടലാസുകളും ടിക്കറ്റും ശരിപ്പെടുത്തി ഒരുങ്ങുമല്ലോ. ഉംറ ഗ്രൂപ്പിലല്ല, നിങ്ങള്‍ തനിച്ചാണ് വരേണ്ടത്. അതിനുള്ള കടലാസുകള്‍ അയച്ചിരിക്കുന്നു. മകനും ഭാര്യയും പേരക്കുട്ടികളും ഞങ്ങളെ ജിദ്ദ വിമാനത്താവളത്തില്‍ വന്നു സ്വീകരിച്ചു. മക്കത്തെത്തിയപ്പോള്‍ മകളും മകളുടെ ഭര്‍ത്താവും മക്കളും ഞങ്ങളെ സ്വീകരിക്കുവാനും കൂടെ ഉംറ നിര്‍വഹിക്കുവാനുമായി അവിടെ എത്തിയിരുന്നു. ഉംറ നിര്‍വഹിച്ച ശേഷം ഞങ്ങള്‍ മദീനയിലേക്ക് പുറപ്പെട്ടു. മദീനയില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് മസ്ജിദുന്നബവിക്ക് തൊട്ടടുത്തുള്ള ഇന്റര്‍നാഷണല്‍ കോണ്‍ഡിനെന്റ് ഹോട്ടലില്‍ മകന്‍ മുന്‍കൂട്ടി രണ്ട് ഡബിള്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. സ്വന്തമായി ഒരു വീടിന്റെ പണിപോലും പൂര്‍ത്തിയാക്കാത്ത മകന്റെ സാമ്പത്തികാവസ്ഥക്ക് യോജിച്ചതായിരുന്നില്ല അത്. മകനെ നോക്കി ശകാരസ്വരത്തില്‍ ഞാന്‍ പറഞ്ഞു: ''അനുവദനീയമല്ലാത്തതാണ് നീ ചെയ്തത്. വിശുദ്ധ ഖുര്‍ആനില്‍ ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. എന്നു പറഞ്ഞിരിക്കുന്നു.'' മകന്റെ ക്ഷമാപണത്തിലുള്ള മറുപടി കേട്ട് ഞാന്‍ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.
''ഉമ്മാന്റെ പ്രായവും രോഗവും അറിഞ്ഞിട്ടും എനിക്കു നാട്ടില്‍ വന്ന് അടുത്തുനിന്നു ശുശ്രൂഷിക്കുവാന്‍ സാധിക്കാത്ത ദുഃഖമുണ്ട്. നിങ്ങള്‍ക്കുവേണ്ട പണം അയച്ചുതരുന്നുണ്ട് എന്ന സമാധാനം അടുത്തുനിന്നും ശുശ്രൂഷിക്കുന്നതിനു സമമാകുകയില്ലല്ലോ? മസ്ജിദുന്നബവിയില്‍ നിന്നും അഞ്ചുനേരം ജമാഅത്തായി നമസ്‌കരിക്കുവാന്‍ ഉമ്മാക്ക് കൂടുതല്‍ നടക്കുമ്പോഴുള്ള പ്രയാസം ഓര്‍ത്താണ് പള്ളിക്കേറ്റവും അടുത്തുള്ള ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്തത്. ''
തിരക്കു കുറഞ്ഞ രാത്രികളില്‍ ഒരുമണിക്ക് ഞങ്ങള്‍ റൗളാശരീഫിനും ബാബുജിബ്‌രീലിനും ഇടയില്‍ എത്തി. മുഹമ്മദ് നബി (സ)യും പത്‌നി ആയിഷാ ബീവിയും താമസിച്ചിരുന്ന സ്ഥലം. അല്ലാഹുവിന്റെ വചനങ്ങള്‍ ജിബ്‌രീല്‍ (അ) അല്ലാഹുവിന്റെ ദൂതന് എത്തിച്ചിരുന്ന പുണ്യസ്ഥലം.
''വിശ്വസിച്ചവരെ ക്ഷമകൊണ്ടും നമസ്‌കാരം കൊണ്ടും അല്ലാഹുവിനോട് സഹായമഭ്യര്‍ഥിക്കുക. അല്ലാഹു ക്ഷമാശാലികളോടൊപ്പമാണ്''

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top