അറബ് സിനിമയിലെ പെണ്ണിടങ്ങള്‍

ഫഹദ് കെ.അബ്ദുല്‍ ഖാദര്‍ No image

സംസ്‌കാരം വ്യക്തി കേന്ദ്രീകൃതവും, അതോടൊപ്പം സമൂഹ കേന്ദ്രീകൃതവുമാണ്. ഒരാളുടെ ജീവിത വ്യവഹാരങ്ങള്‍ നിര്‍ണയിക്കുന്നത് അവന്റെ സംസ്‌കാരത്തില്‍ നിന്നാണ്. എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും, സര്‍ഗാത്മക പ്രകടനങ്ങളും അവന്റെ സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സിനിമയും സംസ്‌കാരവും പരസ്പരം പൂരകങ്ങളാണ്. വ്യത്യസ്ത സംസ്‌കാര സാമൂഹ്യ ഘടനകള്‍ നിറഞ്ഞ ഈ ലോകത്ത് വൈവിധ്യമായ സിനിമകള്‍ സംഭവിക്കുന്നത് തികച്ചും സ്വാഭാവികമാണ്.
അറബ് സംസ്‌കാരം ഒരു ചരിത്ര സന്ധിയിലാണ്. മാറ്റത്തിരുത്തലുകളും പൊളിച്ചെഴുതലുകളും നടക്കുകയാണവിടെ. സമ്പൂര്‍ണ മാറ്റത്തിന്റെ മൂര്‍ത്തമായ ഒരു ഘട്ടത്തിലൂടെയാണ് അവര്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും അന്തരീക്ഷത്തില്‍ മുഴങ്ങുന്ന സവിശേഷ സാഹചര്യം ഇവിടെ നിലനില്‍ക്കുന്നു. മുന്‍ധാരണകളുടെ വലിയൊരു ചുഴിയിലായിരുന്നു അറബ് ലോകം. കറുത്തിരുണ്ട കാലഘട്ടത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി അറബ് സംസ്‌കാരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടു. ആധുനിക മനുഷ്യന്റെ മൂല്യസങ്കല്‍പത്തിന് ഘടകവിരുദ്ധമായി ജീവിക്കുന്ന ഒരു ജനവിഭാഗമായി അവര്‍ ചിത്രീകരിക്കപ്പെട്ടു.
അതോടൊപ്പം സാമൂഹിക സാംസ്‌കാരിക വ്യക്തിത്വം പ്രകടിപ്പിക്കാന്‍ ഒരളവോളം അവര്‍ക്ക് സാധിച്ചില്ല. ഏകാധിപത്യത്തിന്റെയും, സ്വേചാധിപത്യത്തിന്റെയും പരിമിതികളില്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ ആവശ്യമായിരുന്നു. വ്യക്തികേന്ദ്രീകൃതവും, അരാഷ്ട്രീയവുമായിരുന്നു അറബ് ആവിഷ്‌കാരങ്ങളുടെ മുഖമുദ്ര. എന്നാല്‍ വിപ്ലവാനന്തരം അവരുടെ ആവിഷ്‌കാരങ്ങള്‍ക്ക് സ്വാതന്ത്ര്യവും രാഷ്ട്രീയവുമായ മുഖം ഉണര്‍വ് ഏറ്റവും കൂടുതല്‍ പ്രകടമായത് സിനിമയിലാണ്.
''പെണ്ണ്'' ആധുനിക സംസ്‌കാരത്തിന്റെ വലിയ അളവുകോലാണ്. പെണ്ണിന്റെ സാധ്യതയേക്കള്‍ പരിമിതിയാണ് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത്. വിപ്ലവാനന്തര അറബ് സിനിമകളിലും ഇറാന്‍ പോലെയുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലേയും സ്ത്രീ കഥാപാത്രങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഇടങ്ങള്‍ നിരീക്ഷിക്കുകയാണിവിടെ.
സ്ത്രീ കേന്ദ്രീകൃത കഥാപാത്രം
പുരുഷ കേന്ദ്രീകൃതമായ ലോക സാഹചര്യത്തില്‍ നിന്ന് വിപ്ലവാനന്തരം അറബ് സിനിമകള്‍ വ്യത്യസ്തമാകുന്നത് സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെയാണ്. സ്ത്രീയുടെ സാമൂഹിക ഇടപെടലുകളുടെ അത്ഭുതകരമായ ആവിഷ്‌കാരമായി ഈ സിനിമകള്‍ അനുഭവപ്പെടുന്നു. അതിശക്തമായ പുരുഷനെ സൃഷ്ടിച്ച കാഴ്ചാ ശീലങ്ങളില്‍ നിന്നും ശക്തമാ. സ്ത്രീയുടെ കഥ പറയുന്ന മാറ്റം കാഴ്ചയെ സംബന്ധിച്ച് വിപ്ലവകരമായ ഒരു അനുഭവമാണ്. അമര്‍ സലാമയുടെ എയിഡ്‌സ് രോഗിയായ സ്ത്രീയുടെ കഥ പറയുന്ന 'അസ്മ'യും, നഗര്‍ അസര്‍ബൈജാന്‍ (Neger Azarbyjan)ന്റെ ഇറാന്‍ സിനിമയായ 'ഫൈസിംഗ് മിറ്റും' എല്ലാം ശക്തമായ സ്ത്രീ കഥാപാത്രങ്ങളാല്‍ സംഭവ ബഹുലമാണ്.
സ്ത്രീയുടെ സാമൂഹിക ഔന്നത്യം
അറബ് സിനിമയിലെ സ്ത്രീ നമ്മുടെതുപോലുള്ള പുരുഷ കേന്ദ്രീകൃതമായ ലോകത്ത് നിന്നും തികച്ചും വ്യത്യസ്തമാണ്. സ്വന്തമായ നിലപാടുകള്‍ സൃഷ്ടിക്കുകയും, ശക്തമായ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ടെഹ്‌റാനിലെ പുരുഷാധിപത്യ സമൂഹത്തിന്റെ അദൃശ്യമായ വേലിക്കെട്ടുകള്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്ന നൂറയും (God bye), ഭൂതകാലമന്വേഷിച്ച് നടക്കുന്ന റീമയും (Damascus with Love) പുരുഷനാകാന്‍ ശ്രമിക്കുന്ന അടീനയും (Facing Mirrors) അസ്മയുമെല്ലാം സ്ത്രീയുടെ സാമൂഹിക സംഘര്‍ഷങ്ങളെ ചര്‍ച്ച ചെയ്യുന്ന സിനിമകളാണ്. സ്ത്രീ ശരീരത്തെ മാത്രം പരിഗണിക്കുന്ന സാമൂഹിക സങ്കല്‍പത്തില്‍ നിന്നും വ്യത്യസ്തമായി സ്ത്രീയുടെ പ്രശ്‌നങ്ങളെ പരിഗണിക്കൂന്നു എന്നതാണ് വിപ്ലവാനന്തരം അറബ് സിനിമകളുടെ പ്രസക്തി.
സ്വത്വപരമായ സംഘര്‍ഷം
ഒരാളുടെ സാമൂഹിക ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നതാണ് അയാളുടെ സ്വത്വം. പുരുഷ കേന്ദ്രീകൃതമായ ലോകത്ത് സ്ത്രീ എന്ന സ്വത്വം സംഘര്‍ഷഭരിതമാണ്. അറബ് സിനിമകള്‍ ഈ സംഘര്‍ഷങ്ങളെ സര്‍ഗാത്മകമായി അവതരിപ്പിക്കുന്നു. സ്ത്രീയുടെ സ്വത്വപരമായ സംഘര്‍ഷങ്ങളെ ഏറ്റവും പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നത് ഇറാനില്‍ നിന്നുള്ള സിനിമകളാണ്. മതപരവും പുരുഷ കേന്ദ്രീകൃതവുമായ സമൂഹത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കുവാനുള്ള പരിശ്രമമായി ഇത്തരം സിനിമകള്‍ വായിക്കപ്പെടുന്നു. ‘Good bye’ലെ നൂറയും ‘Facing Mirrors’ലെ അടീനയുമെല്ലാം ഈ സ്വത്വപരമായ സംഘര്‍ഷങ്ങളെ അതിജീവിക്കുവാന്‍ പരിശ്രമിക്കുന്ന കഥാപാത്രങ്ങളാണ്.
വസ്ത്രം, സൗന്ദര്യസങ്കല്‍പം
അറബ് സിനിമകളിലെ സ്ത്രീ, മറ്റ് സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് വസ്ത്ര വൈവിധ്യംകൊണ്ടാണ്. അറബ് സിനിമയിലെ സ്ത്രീയുടെ സൗന്ദര്യ സങ്കല്‍പം മതപരമായ സ്വാധീനത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. അമര്‍ സലാമയുടെ അസ്മ അറബ് വനിതകളുടെ മാറ്റത്തിന്റെ വലിയ സൂചനയാണ് പര്‍ദയും മഫ്തയുമിട്ട ശക്തമായ സ്ത്രീ കഥാപാത്രമായി അസ്മ മാറുന്നു. അറബ് ലോകത്തെ സ്ത്രീകളുടെ വസ്ത്ര വൈവിധ്യങ്ങള്‍ മനസ്സിലാക്കി തരുന്ന സിനിമകളാണ് ലാദിന്‍ ലഹാകിയുടെ 'Where do we go now?' അമര്‍ സലാമയുടെ ‘Tahrir 2011: the goog the Best and the polilician’ തുടങ്ങിയവ. അറബ് സിനിമയിലെ വസ്ത്ര സങ്കല്‍പം ബഹുസ്വരമാണ്. പര്‍ദയിട്ടപോലെ തന്നെ ബിക്കിനി ഇട്ട സ്ത്രീകളെയും കാണാന്‍ കഴിയുന്ന വര്‍ണ വൈവിധ്യങ്ങളുടെ പേരാണിന്ന് അറബ് സിനിമ.
സ്ത്രീയും മതവും
മൗലികമായി മതം ഇലാസ്തികമാണ്. അതോടൊപ്പം മനുഷ്യ കേന്ദ്രീകൃതവുമാണ്. എന്നാല്‍ പുരുഷ കേന്ദ്രീകൃതമായ സാമൂഹിക ഘടനയില്‍ മതം സ്ത്രീകളെ അടിച്ചമര്‍ത്തലിനു വിധേയമാക്കുന്നു. വിപ്ലവാനന്തര അറബ് സിനിമകള്‍ പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതിനോടൊപ്പം സ്ത്രീകളുടെ മതപരമായ സംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഇറാനില്‍ നിന്നും പുറത്ത് വരുന്ന സിനിമകളുടെ പൊതു സ്വഭാവം മതപരമായ ഐഡന്റിറ്റിക്കകത്ത് സൂക്ഷിക്കുന്നതോടൊപ്പം സ്ത്രീയെ പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നു എന്നതാണ്.
പടിഞ്ഞാറന്‍ സിനിമകള്‍ പ്രതീക്ഷിക്കുന്ന ഉദാരമായ തുറന്ന വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ അറബ് സിനിമകള്‍ മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്വ പൂര്‍ണമായ വ്യക്തിസ്വാതന്ത്ര്യമാണ്. സമൂഹത്തില്‍ ഉറങ്ങുന്ന സ്ത്രീക്ക് സാമൂഹികമായി ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യത്തോടുമൊപ്പം ചില വ്യക്തിപരമായ ഉത്തരവാദിത്വങ്ങളും ഏല്‍ക്കേണ്ടി വരുന്നു. ഇത് മതമൂല്യങ്ങളില്‍ നിന്നും വരുന്നവയാണ്.
ചുരുക്കത്തില്‍ അറബ് സിനിമയിലെ സ്ത്രീ തിരുത്തലിന്റെ പുതിയ പാത വെട്ടിത്തെളിക്കുകയാണ്. ശരീരം മാത്രമായി പ്രത്യക്ഷപ്പെട്ടിരുന്ന സ്ത്രീ ശക്തമായ കഥാപാത്രങ്ങളായി പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന തരത്തില്‍ മാറ്റത്തിരുത്തലിന് വിധേയമായിക്കഴിഞ്ഞു. പുരുഷ കേന്ദ്രീകൃതമെന്നും നിരന്തരമായി ആക്ഷേപിക്കപ്പെടുന്ന ഒരു ലോകത്ത് നിന്നും സ്ത്രീ കേന്ദ്രീകൃതമായ സിനിമകള്‍ സംഭവിക്കുന്നു എന്നത് സര്‍ഗാത്മകതയുളള്ള മറുപടിയായി മനസ്സിലാക്കുന്നതില്‍ തെറ്റില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top