സമനീതി നടപ്പാക്കിയ ഖലീഫ അലി

സഈദ് മുത്തനൂര്‍ No image

നീതിയും ന്യായവും നോക്കി ഭരണം നടത്തിയ ഒരു ഭരണാധികാരിയായിരുന്നു ഹസ്രത്ത് അലി. ഒരിക്കല്‍ അദ്ദേഹം ഒരു വഴിക്ക് നടന്നു പോകുമ്പോള്‍ രണ്ട് പേര്‍ തമ്മില്‍ വഴക്ക്. അലി അവരോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടു. അതില്‍ ഒരാള്‍ അലി (റ)യോട് പരാതി പറഞ്ഞു; ഇയാള്‍ എന്നോട് ഒരാടിനെ വാങ്ങി. എന്നാല്‍ വ്യവസ്ഥക്കെതിരായി എനിക്കയാള്‍ വിലയായി തന്നത് കേടുപാടുള്ള ഒരു നാണയമാണ്. അത് തിരിച്ചു കൊടുത്ത് നല്ല നാണയം ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എന്റെ മുഖത്തടിച്ചു.
മറ്റെയാളോട് അലി (റ) ചോദിച്ചു: ഈ കേട്ടത് ശരിയാണോ?! അതെ, അമീറുല്‍ മുഅ്മിനീന്‍, തികച്ചും ശരി തന്നെ. അയാള്‍ സമ്മതിച്ചു.
എന്നാല്‍ കരാറനുസരിച്ച് ആടിന്റെ വില കൊടുക്കുക. അലി (റ) ആജ്ഞാപിച്ചു. പിന്നീട് പ്രതിയോട് ഇരിക്കാന്‍ പറഞ്ഞു. എന്നിട്ട് അടികൊണ്ട പരാതിക്കാരനോട് പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെട്ടു. 'ഞാന്‍ മാപ്പു കൊടുക്കുകയാണെങ്കിലോ' അയാള്‍ ചോദിച്ചു.
''അത് നിനക്ക് ചെയ്യാവുന്നതാണ്.'' അങ്ങനെ അയാള്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ഹസ്രത്ത് അലി ഈ പ്രതിയെ തന്റെ മുമ്പില്‍ ഹാജറാക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ കൊണ്ടുവരപ്പെട്ടു. അവനെ പതിനഞ്ച് അടി അടിച്ചു. ''നിന്റെ സഹോദരന്റെ പവിത്രത നശിപ്പിച്ചതിനാണിത്.'' എന്ന് അവനെ ബോധ്യപ്പെടുത്തുകയും ചെയ്തു.
മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ''ഇത് ഭരണാധികാരിയുടെ ബാധ്യതയാണ്'' എന്ന് അലി (റ) പറയുകയുണ്ടായി.
പേര്‍ഷ്യയിലെ ഇസ്ഫഹാനില്‍ നിന്ന് ബൈത്തുല്‍മാലിലേക്ക് കുറച്ച് ധനം വന്നു. അതില്‍ ഒരു പുതിയ തുണിത്തരവുമുണ്ടായിരുന്നു. ആകെ സ്വത്തിനെ ഏഴ് ഭാഗമാക്കിയപ്പോള്‍ ആ തുണിയും ഏഴ് ഭാഗമാക്കി. പിന്നീട് നറുക്കെടുപ്പിലൂടെയാണ് ഓരോരുത്തര്‍ക്കായി ആ കിറ്റുകള്‍ ഭാഗിച്ചത്. അത്ര സൂക്ഷ്മമായിരുന്നു ഖലീഫയുടെ നീതിബോധം എന്നര്‍ഥം.
അറബിയെന്നോ അനറബിയെന്നോ പരിഗണിക്കാതെയാണ് അദ്ദേഹം സമരാര്‍ജിത സ്വത്തുക്കള്‍ വിതരണം ചെയ്തത്. മാന്യനെന്നോ അമാന്യനെന്നോ അലി (റ) സ്വത്ത് ഭാഗിക്കുമ്പോള്‍ പരിഗണിച്ചില്ല. ഒരിക്കല്‍ കുറച്ച് ഭക്ഷ്യ വസ്തുക്കള്‍ ബൈത്തുല്‍മാലില്‍ നിന്ന് രണ്ട് സ്ത്രീകള്‍ക്ക് ഭാഗിച്ചു കൊടുത്തു. അതില്‍ ഒരു സ്ത്രീ അറബിയും രണ്ടാമത്തവള്‍ അനറബിയുമായിരുന്നു. രണ്ടു പേര്‍ക്കും ഒരേപോലെ ഭാഗിച്ചപ്പോള്‍ അറബി സ്ത്രീ പറഞ്ഞു. ''ഞാന്‍ ഒരറബി പെണ്ണും ഇവളാകട്ടെ അനറബി സ്ത്രീയുമാണ്.''
''ദൈവമാണെ, എനിക്ക് ഇസ്മാഈലിന്റെ മക്കളും ഇസ്ഹാഖിന്റെ മക്കളും സമമാണ്. ഇസ്ഹാഖിന്റെ സന്തതികളെക്കാള്‍ ഞാന്‍ ഇസ്മാഈല്‍ മക്കള്‍ക്ക് ഇക്കാര്യത്തില്‍ വിവേചനം കല്‍പിക്കില്ല.'' ഹസ്രത്ത് അലി (റ) മറുപടി പറഞ്ഞു. സമനീതി ഇതായിരുന്നു അലിയുടെ നീതി ന്യായത്തിന്റെ അടിസ്ഥാനം.
മറ്റൊരിക്കല്‍ അറബികളെ പ്രത്യേകം പരിഗണിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. സാധ്യമല്ല, അല്ലാഹുവാണെ, എന്റെ സ്വത്താണെങ്കില്‍ വരെ അത് പറ്റില്ല. ഇതാകട്ടെ അനറബികളുടെ കൂടി അവകാശമാണ്.
അലി (റ) ഇസ്ഫഹാനില്‍ അംറുബ്‌ന് സലമയെ ഗവര്‍ണറായി നിശ്ചയിച്ചു. അദ്ദേഹം അവിടെ നിന്നുള്ള ബൈത്തുല്‍മാല്‍ ശേഖരിച്ച് കേന്ദ്രത്തിലെത്തിച്ചു. അക്കൂട്ടത്തില്‍ ഒരു പെട്ടിയില്‍ തേനും നെയ്യും ഉണ്ടായിരുന്നു. ഈ വിവരമറിഞ്ഞ് ഒരു സ്ത്രീ അംറിന്റെ അടുക്കല്‍ ആളെ അയച്ച് കുറച്ച് തേനും നെയ്യും കൊടുത്തയക്കാനാവശ്യപ്പെട്ടു. ഒരു നിശ്ചിത അളവ് തേനും അത്ര തന്നെ നെയ്യും അംറ് കൊടുത്തു വിടുകയും ചെയ്തു. പിറ്റേന്ന് ഈ സ്വത്തുക്കളും അവയുടെ കണക്കുകളും ഖലീഫയുടെ അടുക്കല്‍ ഹാജറാക്കി. അദ്ദേഹം പരിശോധിച്ചപ്പോള്‍ ഒരു പെട്ടി തേനും നെയ്യും കാണുന്നില്ല. അതിനെ പറ്റി ഖലീഫ അലി ആരാഞ്ഞു. അംറുബ്‌ന് സലമ കാര്യം വ്യക്തമാക്കാതെ മൗനം പാലിച്ചു. എന്നാല്‍ നഷ്ടപ്പെട്ട തേനും നെയ്യും കിട്ടാതെ പറ്റില്ലെന്ന് ഹസ്രത്ത് അലി ശഠിച്ചു.
വിഷയത്തിന്റെ ഗൗരവം നമസ്സിലാക്കിയ അംറ് അവസാനം സത്യം തുറന്നു പറഞ്ഞു. ഉടനെ ആ സ്ത്രീയുടെ അടുക്കല്‍ ദൂതനെ വിട്ട് അവ രണ്ടും വരുത്തിച്ചു. അവയില്‍ നിന്നെടുത്ത തേനിന്റെയും നെയ്യിന്റെയും അളവിന് പകരമായി മൂന്ന് ദിര്‍ഹം ഫൈന്‍ ഈടാക്കിയ ശേഷമാണ് തിരിച്ചടവ് പൂര്‍ത്തിയായത്. അതിനു ശേഷം പൊതുഖജനാവിലെ ഈ സ്വത്ത് ഭാഗിച്ചു. അപ്പോള്‍ ആ സ്ത്രീക്കും അവരുടെ വിഹിതം ലഭിച്ചു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top