ഗ്രാമം

കെ.വി ഇസ്ഹാഖ്‌ No image

കാട്ടുതീ പോലെയാണ് ആ വാര്‍ത്ത ഗ്രാമത്തില്‍ പടര്‍ന്നത് പൊള്ളലേറ്റ മനസ്സുകളില്‍ നിന്ന് നെടുവീര്‍പ്പുകള്‍ ഉയര്‍ന്നു. സ്ത്രീകള്‍ അവരുടെ കൈകള്‍ നെഞ്ചില്‍ ആഞ്ഞു വീശി. പുരുഷന്മാര്‍ വേദനയോടെ അവരുടെ ദുഃഖം കടിച്ചിറക്കി. കുട്ടികള്‍ വാവിട്ടു കരഞ്ഞു. കരയുന്ന കുട്ടികളെ ചിറകുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തി പേടിയകറ്റാന്‍ അമ്മമാര്‍ പാടുപെട്ടു. ദുരന്തം തലക്കുമുകളിലൂടെ പറന്നുപോകുന്നത് ഒരു നടുക്കത്തോടെ അവരറിഞ്ഞു. അത്ര പെട്ടെന്ന് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല ആ വാര്‍ത്ത. കിഴക്കു മുറി ഗ്രാമത്തെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു സംഭവം ആരും രേഖപ്പെടുത്തിയിട്ടില്ലാത്തതാണ്. അവിടുത്തെ മുത്തശ്ശിമാര്‍ അങ്ങനെ ഒരു കഥ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുമില്ല.
ഗ്രാമം പനി പിടിച്ചതുപോലെ വിറച്ചു തുള്ളി. എങ്ങനെ തുള്ളാതിരിക്കും. ഒരു വീട്ടിലെ മൂന്ന് കുട്ടികളാണ് ഒറ്റയടിക്ക് പൊലിഞ്ഞു പോയത്. മൂന്ന് പെണ്‍കുട്ടികള്‍. ഏഴും ഒമ്പതും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികള്‍. എങ്ങനെ നെഞ്ചു പിളരാതിരിക്കും. ദുഃഖം അണപൊട്ടി ഒഴുകാതിരിക്കും.
കുളിക്കാന്‍ പോയതാണത്രെ.
ചായക്കടയിലിരുന്ന് ദുഃഖിതനായ ഒരാള്‍ അപരനോട് പറഞ്ഞു.
''നീന്താന്‍ അറിയില്ലായിരുന്നോ''
അതിനെന്ത് മറുപടി പറയണമെന്നറിയാതെ മറ്റയാള്‍ പരുങ്ങി.
''മൂത്ത കുട്ടിക്ക് നീന്തലറിയാമെന്ന് കേള്‍ക്ണ് ണ്ട്''
സൈകിള്‍ യാത്രക്കാരന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
''ഇളയ കുട്ടിയെ പിടിക്കാന്‍ രണ്ടാമത്തെ കുട്ടിയിറങ്ങി''
വഴിയാത്രക്കാരന്‍ പറഞ്ഞു.
''രണ്ടാമത്തെ കുട്ടിയെ പിടിക്കാന്‍ മൂന്നാമത്തെ''
മറ്റയാള്‍ കൂട്ടിച്ചേര്‍ത്തു.
''പാടത്ത് പുല്ലരിയാന്‍ പോകുന്ന പെണ്ണുങ്ങളാണത്രെ ആദ്യം കണ്ടത്.''
ആരൊക്കെയോ തമ്മില്‍ പറഞ്ഞു അങ്ങനെ ആ വാര്‍ത്ത നാടാകെ അറിഞ്ഞു.
പാലക്കുഴി യാഥാര്‍ഥ്യത്തില്‍ കുളമായിരുന്നില്ല. പണ്ട് പണ്ട് ആരോ കുഴിച്ച കുഴി. പുഞ്ചവയല്‍ നനക്കാന്‍ അതിലെ വെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുഴി വലുതായി കുളമായി പലരുടെയും കുളിയും നനയും അതില്‍ തുടങ്ങി. കിഴക്ക് മുറി ഗ്രാമത്തിന്റെ ചരിത്രത്തോടൊപ്പം പാലക്കുഴിയുടെയും ചരിത്രം മുന്നോട്ട് നീങ്ങി. പോയ കാലത്തിന്റെ ഓര്‍മക്കായി ആ പഴയപേര്‍ ഇന്നും നിലനില്‍ക്കുന്നു. പാലക്കുഴി എന്ന പേരിനെ അന്വര്‍ഥമാക്കുമാറ് അവിടെ ഒരു മുതുക്കന്‍ പാലമരവുമുണ്ടായിരുന്നു. അതിന്റെ ചില്ലകള്‍ ആകാശത്തേക്ക് കൈകള്‍ വീശി. നിശാ ചാരികളായ പല പക്ഷികള്‍ ആ കൈകളിള്‍ ചേക്കേറി.
പാലമരത്തില്‍ നിന്ന് ജീവന്റെ തേങ്ങല്‍ കാലന്‍ കോഴിയുടെ ചിറകടികള്‍ക്ക് ഒപ്പം ഉയരാറുണ്ടെന്ന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പറയാറുള്ള കാര്യം കുട്ടികള്‍ അന്നാദ്യമായി ഭയത്തോടെ ഓര്‍ത്തു.
''കുട്ട്യേസന് അഞ്ച് പെണ്‍കുട്ടികളല്ലേ''
പലചരക്ക് പീടികയുടെ തിണ്ണയില്‍ ഇരുന്ന് പരീദ് ആരോടെന്നില്ലാതെ പറഞ്ഞു.
''അയ്‌നെന്താ''
കച്ചവടക്കാരന്‍ മൊയ്തീന്‍ക്കായുടെ ചോദ്യം
''പടച്ചോനൊരു വഴികാട്ടീതായിരിക്കും''
പരീദിന്റെ മുനയുള്ള വാക്കുകള്‍ മൊയ്തീന്‍ക്കായുടെ മനസ്സില്‍ തറച്ചു.
''പരീദേ അള്ളാനെ മറന്ന് സംസാരിക്ക്ല്ല്''
മൊയ്തീന്‍ക്കാ ഗൗരവം കൊണ്ടു.
''മന്‌സന്‍ ആണായാലും പെണ്ണായാലും നോക്ണത് അള്ള ഒരുത്തനല്ലേ''
''ഞാന്‍ പറഞ്ഞെന്നേയുള്ളു''
പരീദ് തന്റെ വാക്കുകള്‍ തിരിച്ചെടുക്കാന്‍ ശ്രമിച്ചു.
കുട്ടിഹസ്സന് അഞ്ച് പെണ്‍കുട്ടികളാണ്. പഴഞ്ഞി അടക്ക മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയുമാണ്. വൈകുന്നേരം വരെ വണ്ടിക്കാളയെപ്പോലെ ഭാരം ചുമക്കുന്നത് ആയിശുവിന്റെയും അഞ്ചുമക്കളുടെയും വയറ് നിറക്കുന്നതിന് വേണ്ടിയാണ്. അത്യാവശ്യമായ വീട്ടുസാധനങ്ങള്‍ വാങ്ങി തളര്‍ന്ന ശരീരവുമായി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി ഏറെ വൈകും. അതാണ് പതിവ്. ആയിശുവിന് വല്ലപ്പോഴും മാത്രം ലഭിക്കുന്ന കൂലിപ്പണിയില്‍ നിന്ന് കിട്ടുന്ന ചില്ലറയാണ് കുടുംബത്തിലെ അധിക വരുമാനം. അതുകൂടി ചേരുമ്പോള്‍ തലചായ്ക്കാമെന്നു മാത്രം. ഓര്‍ക്കാതെ കടന്നു വരുന്ന രോഗങ്ങള്‍ പലപ്പോഴും ആ കുടുംബത്തിന്റെ താളം തെറ്റിച്ച് കടന്നു പോകുന്നു. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം താങ്ങും തണലുമായ് തീരുന്നത് അടയ്ക്കാ ചുമട് തലയിലേറ്റി നട്ടെല്ല് വളയാതെ നിവര്‍ന്നു നില്‍ക്കുന്ന കുട്ടിഹസന്റെ മനക്കരുത്ത് ഒന്ന് മാത്രമാണ്.
പെണ്‍മക്കളെയോര്‍ത്ത് തീ തിന്നുന്ന മനസ്സാണ് ആയിശുവിന്റെത്. വയസ്സാകുമ്പോള്‍ താങ്ങാന്‍ ഒരാണ്‍തുണയില്ലാത്തതില്‍ കുട്ടിഹസ്സനുമുണ്ട് സങ്കടങ്ങള്‍ ഏറെ. മൂത്ത കുട്ടി ഖദീജ വലിയ പെണ്ണായെന്നറിഞ്ഞപ്പോള്‍ ആയ്ശു കുട്ടിഹസന്റെ നെഞ്ചില്‍ തലചായ്ച്ചു പൊട്ടിക്കരഞ്ഞു.
യെന്തിനാ കരേണ് നമ്മള് തനിച്ചല്ലെലൊ, പടച്ചോനില്ലേ
ആ ദൃഢ ചിത്തതയ്ക്ക് മുകളില്‍ സമാധാനത്തിന്റെ വെളുത്ത പ്രാവുകളെ ആയ്ശുവിന് കാണാന്‍ കഴിഞ്ഞിരുന്നു.
ചേക്കേറാന്‍ അങ്ങാടിയില്‍ കുട്ടിഹസനെ കഴിച്ചേയുള്ളൂ ആരും. അടക്കമാര്‍ക്കറ്റിലെ കച്ചവടക്കാരുടെയും വരവുകാരുടെയും സാക്ഷിപത്രമാണ്. കുട്ടിഹസന്‍ അതൊരു അഭിമാനമായാണ് കരുതിപ്പോന്നത്. പക്ഷെ ഇപ്പോള്‍ ആ ശരീരം ആകെ തളര്‍ന്നിരിക്കുന്നു. ഒരു പുല്‍ക്കൊടിയുടെ ഭാരം പോലും താങ്ങാന്‍ പറ്റില്ലെന്ന അവസ്ഥ. ഹൃദയം പിളര്‍ന്ന ദുഃഖം കണ്ണുകളിലൂടെ ഒഴുകി കുട്ടിഹസ്സന്റെ താടിരോമങ്ങളെ നനച്ചു. ആ നെഞ്ചില്‍ ഉമിത്തീ എരിഞ്ഞു.
കുട്ടിഹസ്സന്‍ അതിന് മുമ്പ് ഇത്രയും ശക്തമായി കരയുന്നത് ആരും കണ്ടിട്ടില്ല. പതിനാലാം വയസ്സില്‍ ചുമട്ടു തൊഴിലാളിയായി അടക്ക മാര്‍കറ്റില്‍ എത്തിയതാണ്. പല സംഭവങ്ങള്‍ ആ ജീവിത്തിലൂടെ കടന്നു പോയി. അതില്‍ സന്തോഷിക്കാന്‍ അധികമൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴൊന്നും കുട്ടിഹസ്സന് കരയണമെന്ന് തോന്നിയിട്ടേയില്ല. പക്ഷേ, ഇപ്പോള്‍ ആ ഹൃദയം തകര്‍ന്നു പോയിരിക്കുന്നു. നെഞ്ചില്‍ നുരഞ്ഞും പതഞ്ഞും പൊന്തിയ ദുഃഖത്തിന്റെ ചുമട് താങ്ങാന്‍ മറ്റൊരാളില്ലാത്ത നിസ്സഹായത. ചുറ്റും ഇരുട്ടല്ലാതെ മറ്റൊന്നും ആ കണ്ണുകള്‍ കണ്ടില്ല.
വീര്‍പ്പുമുട്ടുന്ന ഗദ്ഗദം കൊണ്ട് ആ വീട് നിറഞ്ഞു. ചെത്തിത്തേക്കാത്ത മണ്‍ചുമരിന്റെ ഈര്‍ക്കലിപഴുതില്‍ ചന്ദനത്തിരികള്‍ നീറിപ്പുകഞ്ഞു. കുട്ടിഹസ്സന് ഇരിപ്പുകിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ഇടക്ക് ഉമ്മറത്തിണ്ണയില്‍ ഇരിക്കുകയും ചെയ്തു. അകത്ത് മുങ്ങി മരിച്ച മൂന്ന് മയ്യത്തുകളുടെ മുന്നില്‍ ദുഃഖം സഹിക്കവയ്യാതെ ഉയരുന്ന സ്ത്രീകളുടെ ആര്‍ത്ത നാദം കതിലലച്ചപ്പോള്‍ നിയന്ത്രണം വിട്ടു.
'തമ്പുരാനെ ന്ക്കിത് താങ്ങാന്‍ കയ്ണില്ലാലോ' കുട്ടിഹസ്സന്റെ ഉച്ചത്തിലുള്ള വിളി പൊന്തിയപ്പോള്‍ ചിലര്‍ മുന്നോട്ട് വന്ന് സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ചു. 'യ്യ് ങ്ങനെ കരഞ്ഞാലോ, കരയുന്നോലെ സമധാനിപ്പിക്കേണ്ടോനല്ലേ യ്യ്...'
'കരയെല്ലാതെ ഞാനെന്താ ചെയ്യാ..' കുട്ടിഹസ്സന്റെ മനസ്സ് പിടഞ്ഞു. അവന്റെയും ആയിശുവിന്റെയും ഹൃദയത്തില്‍ നിന്ന് ചാലിട്ട ദുഃഖം പല നന്ദികളായി ഒഴുകി. അത് അവിടെ കൂടിയ എല്ലാവരെയും സങ്കടക്കയത്തിലാഴ്ത്താന്‍ പോന്നതായിരുന്നു.
പകല്‍ കുന്നിറങ്ങി. ആകാശം കറുത്തു. അസ്വസ്ഥമായ മനസ്സു പോലെ കാറ്റിളകി. ഗ്രാമത്തിലെ പറങ്കിമാവിന്‍ കാട്ടില്‍ നിന്ന് ജീവന്റെ ഓര്‍മകളായ കരിയിലകള്‍ കൂട്ടത്തോടെ പറന്നു. ഒരു പകലിന്റെ ഓര്‍മകളുടെ ആലസ്യത്തില്‍ കിഴക്കുമുറി ഗ്രാമം മയക്കത്തിലാണ്ടു. രാത്രിയുടെ അപ്രകാശിത ഇരുട്ടില്‍ നിന്ന് ചീവീടുകളുടെ കരച്ചില്‍ ഉയര്‍ന്നു. കൂട്ടം തെറ്റിയ ഒന്ന് രണ്ട് മിന്നാമിന്നികള്‍ കുണ്ടനിടവഴിയിലെ ഇരുട്ടില്‍ തപ്പിനടന്നു. പാടത്തെ ഏകാന്തതയില്‍ നിന്നും കാലന്‍ കോഴിയുടെ കരച്ചിലുയര്‍ന്നു. ഭയം രാത്രിയുടെ കരിമ്പടത്തില്‍ ചോരയൊലിക്കുന്ന മുറിവുകളുണ്ടാക്കി.
സര്‍പത്തെ പോലെ ഇഴയുന്ന പുല്ലാണിപ്പടര്‍പ്പും കുറുന്തോട്ടിയും കാട്ടപ്പയും വളര്‍ന്നു നില്‍ക്കുന്ന ഒറ്റയടിപ്പാതയില്‍ ടോര്‍ച്ചിന്റെ പ്രകാശം മിന്നി. ആ പ്രകാശധാരയില്‍ ഗ്രാമത്തിന്റെ ആര്‍ദ്രതയായ ഉണ്ണി മുസ്‌ല്യാര്‍ നടന്നു. എഴുപത് പിന്നിട്ട അദ്ദേഹത്തിന്റെ തളരാത്ത പാദങ്ങള്‍ വേഗത്തില്‍ സ്ഥലകാലങ്ങളെ പിന്നിലാക്കി.
ഉണ്ണിമുസ്‌ല്യാര്‍ ഗ്രാമത്തിന്റെ ആത്മീയ സാന്നിധ്യമാണ്. ഏത് ഊഷരതയിലും വറ്റാത്ത ഉറവപോലെ ആ ഏകാന്ത പതികന്‍ ചലിച്ചു. അദ്ദേഹത്തില്‍ നിന്ന് ഓത്ത് പഠിച്ചവരേ കിഴക്കുമുറി ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്നവരായുള്ളൂ. സ്വന്തമായി നാടോ വീടോ ഇല്ലാത്ത മുസ്‌ല്യാര്‍ക്ക് വീട് ഗ്രാമത്തിലെ പള്ളിയും നാട് കിഴക്കുമുറി ഗ്രാമവുമാണ്. ഗ്രാമത്തിലെ മദ്രസാ അധ്യാപനവും പള്ളിക്കാര്യവും നോക്കി കാലം കഴിക്കുന്നു. ശോകം കരഞ്ഞു കലങ്ങിയ കുട്ടിഹസ്സന്റെ മണ്‍കുടിലിനു മുന്നില്‍ മുസ്‌ല്യാര്‍ പ്രത്യക്ഷപ്പെട്ടു. മരച്ചില്ലകളില്‍ ഒച്ചയുണ്ടാക്കി തണുത്ത കാറ്റ് വട്ടം ചുറ്റി. വീടിനരികില്‍ പലയിടങ്ങളിലായി പതുങ്ങി നിന്നവര്‍ മുസ്‌ല്യാരെ കണ്ടപ്പോള്‍ വശങ്ങളിലേക്ക് ആദരവോടെ മാറിനിന്നു.
'കുട്ടിഹസ്സാ' ഉണ്ണിമുസ്‌ല്യാര്‍ വിളിച്ചു.
അടഞ്ഞ കണ്‍പോളകള്‍ തുറക്കാന്‍ കുട്ടിഹസ്സന്‍ പ്രയാസപ്പെട്ടു.
'കുട്ട്യേസാ... കുട്ട്യേസാ' പല ശബ്ദങ്ങള്‍ രാത്രിയുടെ ഇരുട്ടിലേക്ക് തെറിച്ചു അവന്‍ കണ്ണു തുറന്നു. തളര്‍ന്ന ശരീരം ചലിപ്പിച്ചു.
'കുട്ടിഹസ്സാ' ഉണ്ണിമുസ്‌ല്യാര്‍ വീണ്ടും.
'ന്റെ റബ്ബേ' അവന്റെ തൊണ്ടയിടറി. മുസ്‌ല്യാര്‍ അവന്‍ കിടക്കുന്ന കട്ടിലിനരികിലിരുന്നു. അവന്റെ കൈകള്‍ സ്വന്തം കൈയിലെടുത്തു. വേദന കാഴ്ചകള്‍ മറച്ച കണ്ണുകളില്‍ നിന്ന് ഉരുണ്ടു വീണ ചുടുബാഷ്പം അദ്ദേഹത്തിന്റെ കൈപടത്തെ പൊള്ളിച്ചു.
'സങ്കടപ്പെടാതെ കുട്ടിഹസ്സാ...'
''സങ്കടപ്പെടല്ലാതെ ഞാനെന്തു ചെയ്യും...''
യ്യ് ങ്‌നെ കുട്ടികളെപ്പോലെ കരയാന്‍ തുടങ്ങിയാല്‍ അയ്ശുവിന്റെ സ്ഥിതിയോര്‍ത്തോക്ക്...''
യ്‌ക്കോര്‍ക്കാന്‍ പറ്റ്ണില്ല... കുട്ടിഹസ്സന്റെ ഹൃദയം നീറി.
കുട്ടിഹസ്സാ... ഉണ്ണിമുസ്‌ല്യാര്‍ ശബ്ദമുയര്‍ത്തി. അപ്പോള്‍ ആ ശബ്ദത്തിനൊരു ആജ്ഞാ
ഹ്‌ഹെന്താ... കുട്ടിഹസ്സന്‍ വിളികേട്ടു.
നീ സമാധാനപ്പെട്... ഉണ്ണിമുസ്‌ല്യാര്‍ പഞ്ഞു.
''ഹെന്റെ മക്കള്‍...'' കുട്ടിഹസ്സന്‍ ഏങ്ങലടിച്ചു.
ഉണ്ണിമുസ്‌ല്യാര്‍ കുട്ടിഹസ്സന്റെ ശിരസ്സിലും നെഞ്ചിലും തടവി. അവാച്യമായൊരു നിര്‍വൃതി കുട്ടിഹസ്സന് അനുഭവപ്പെട്ടു.
''കരയാതെ...'' എല്ലാത്തിനും സമാധാനമുണ്ടാകും. നമ്മള് സങ്കടപ്പെട്ടതുകൊണ്ട് കാര്യമില്ല.
അതിന് കുട്ടിഹസ്സന്‍ മറുപടിയൊന്നും പറഞ്ഞില്ല. തന്റെ ഹൃദയത്തെ ഞെരുക്കിയമര്‍ത്തിയ ഭാരം ഇറക്കിവെച്ചതുപോലെ ഏതോ ഒരു വികാരം മനസ്സിനെ പൊതിഞ്ഞു. നിലാവിന്റെ നേര്‍ത്ത അലകളില്‍ ഉണ്ണി മുസ്‌ല്യാരുടെ ശബ്ദം അശരീരി പോലെ കുട്ടിഹസ്സന്റെ കാതുകളില്‍ വന്നു പതിച്ചു.
''ആദിമുതല്‍ അവസാനം വരെയുള്ള എല്ലാ മനുഷ്യരെയും വീണ്ടും ഒരുമിച്ചുകൂട്ടുമെന്നത് സര്‍വ്വജ്ഞനായ ദൈവത്തിന്റെ വാഗ്ദാനമാണ്. അതുകൂടി ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ദുഃഖം എത്ര വലുതാകുമായിരുന്നു.''
ആ വാക്കുകള്‍ എരിയുന്ന കനലില്‍ കോരിയൊഴിച്ച കുളിര്‍ ജലം പോലെ മനഃശ്ശാന്തി നല്‍കുന്നതായിരുന്നു. ദൈവം വാഗ്ദാനം ലംഘിക്കുകയില്ല.
അത് അവാച്യമായ നിര്‍വൃതി കുട്ടിഹസ്സന് നല്‍കി. അസാധാരണമായ തണുപ്പ് നെഞ്ചില്‍ പടരുന്നതായി അനുഭവപ്പെട്ടു. ജീവിതത്തെ പ്രത്യാശയോടെ സമീപിക്കുന്ന ഒരാള്‍ക്ക് തോന്നുന്ന കുളിര്‍മയായിരുന്നു അത്. കുട്ടിഹസ്സന്‍ കണ്ണുകള്‍ തുറന്നു. ചുറ്റും നോക്കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. താന്‍ സ്വപ്നം കാണുകയാണോ?
അകത്ത് കൈതോലപ്പായയില്‍ കഫന്‍ പുടവയില്‍ നിശ്ചലരായി കിടന്നിരുന്ന തന്റെ മക്കള്‍ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്ന് കളിക്കുന്നു. തന്നെ മാടി വിളിക്കുന്നു. സന്തോഷമടക്കാന്‍ കഴിഞ്ഞില്ല. എന്താണ് താന്‍ കാണുന്നത്? ഹൃദയം വീര്‍പ്പുമുട്ടുന്ന ആഹ്‌ളാദം ആരെയെങ്കിലും പറഞ്ഞറിയിക്കാന്‍ കുട്ടിഹസ്സന് തിടുക്കമായി.
ആയിശൂ... കുട്ടിഹസ്സന്‍ വിളിച്ചു. ഇതാ ഉണ്ണിമുസ്‌ലിയാര്‍ വന്നിരിക്കുന്നു.
കളിപ്പാട്ടം കൈയില്‍ കിട്ടിയ ചെറുക്കനെ പോലെ കുട്ടിഹസ്സന്‍ തുള്ളിച്ചാടി.
ഉണ്ണിമുസ്‌ലിയാരെ... കുട്ടിഹസ്സന്‍ വിളിച്ചു. ആ സന്തോഷം ക്ഷണികമായിരുന്നു. വിളി കേള്‍ക്കാന്‍ ഉണ്ണിമുസ്‌ലിയാര്‍ അവിടെയെങ്ങും ഉണ്ടായിരുന്നില്ല. കുട്ടിഹസ്സന്റെ വാക്കുകള്‍ ഇരുട്ടിന്റെ അപാരതയില്‍ പ്രതികരണങ്ങള്‍ ഇല്ലാതെ അമര്‍ന്നു. കണ്ണുകള്‍ ചുറ്റും അലഞ്ഞു.
ഒറ്റയടിപ്പാതയില്‍ ടോര്‍ച്ചിന്റെ പ്രകാശം മിന്നി. ആ വെളിച്ചം ഇരുട്ടിനെ കീറിമുറിക്കുന്നത് കുട്ടിഹസ്സന്‍ കണ്ടു. അല്‍ഭുതത്തോടെ ഒരു നിമിഷം നോക്കി നിന്നു.
മുറ്റുത്തും ഉമ്മറക്കോലായിലും കൂടി നിന്നവര്‍ എന്തൊക്കയോ അടക്കം പറയുന്നുണ്ട്. കുട്ടിഹസ്സന്‍ അകത്തേക്ക് തലയിട്ടു.
ആയിശൂ...
ആയിശു വിളികേട്ടില്ല. അവര്‍ ചലനമറ്റ് കിടക്കുന്ന മക്കളുടെ മൃതദേഹത്തിനരികില്‍ തലതാഴ്ത്തി തേങ്ങിക്കരയുകയായിരുന്നു.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top