പര്‍ദയുടെ പ്രൗഢി പ്രകടമാക്കിയ ഇറാന്‍ വിപ്ലവം

ശൈഖ് മുഹമ്മദ് കാരകുന്ന്‌ No image

രാഷ്ട്രീയ കാരണങ്ങളാലാണ് ശീഇസം രൂപം കൊണ്ടത്. ഭരണാധികാരം നബി കുടുംബത്തിനായിരിക്കണമെന്ന് ശീഇകള്‍ വിശ്വസിക്കുന്നു. അതിനാല്‍ പ്രവാചകനു ശേഷം ഒന്നാം ഖലീഫയാവേണ്ടിയിരുന്നത് പ്രവാചക പുത്രി ഫാത്വിമയുടെ ഭര്‍ത്താവ് അലിയാണെന്നും. പില്‍കാലത്ത് അതിന് മതപരമായ മാനം കൈവന്നു. സുന്നികളില്‍ നിന്ന് വ്യത്യസ്തമായ വിശ്വാസ വീക്ഷണങ്ങളും ആചാരാനുഷ്ഠാനങ്ങളും അവരില്‍ രൂപം കൊണ്ടു. മുസ്‌ലിം സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ന്നു വന്നതില്‍ അവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്.
മുസ്‌ലിം സമുദായത്തിലെ ഒരു അവാന്തര വിഭാഗമായാണ് ശീഇകള്‍ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അവരും ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമായി എക്കാലത്തും അംഗീകരിക്കപ്പെട്ടു പോന്നിട്ടുണ്ട്. അതുകൊണ്ടാണ് 1907-ല്‍ ആള്‍ ഇന്ത്യ മുസ്‌ലിം ലീഗ് രൂപീകൃതമായപ്പോള്‍ ശീഇകളിലെ ഖ്വാജാ വിഭാഗത്തില്‍ പെട്ട ആഗാഖാനെ അതിന്റെ പ്രസിഡന്റാക്കിയത്. 1912-വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നു. 1935 മുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയും പാകിസ്താന്‍ രൂപീകരിക്കപ്പെടുകയും ചെയ്യുന്നതു വരെ മുസ്‌ലിംലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന മുഹമ്മദലി ജിന്ന ഖ്വാജ വിഭാഗത്തില്‍ പെട്ട ശീഇയാണ്. ലോക ഇസ്‌ലാമിക പണ്ഡിത സംഘടനയുടെ നേതൃസ്ഥാനത്തു തന്നെ ഇറാനിലെ ശീഈ പണ്ഡിതനുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദികളായ ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയിലും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിലും ബാബരി മസ്ജിദ് കോ-ഓഡിനേഷന്‍ കമ്മറ്റിയിലുമെല്ലാം ശീഈ നേതാക്കളും പങ്കാളികളാണ്.
ഇറാനില്‍ മഹാഭൂരിപക്ഷവും ശീഇകളാണ്. ഹിജ്‌റ ആറാം നൂറ്റാണ്ട് മുതല്‍ അവര്‍ക്കാണ് അവിടെ ആധിപത്യം. എന്നാല്‍ മറ്റു മുസ്‌ലിം നാടുകളിലെന്ന പോലെ ഇറാനിലും പാശ്ചാത്യ സാമ്രാജ്യ ശക്തികള്‍ ആധിപത്യം സ്ഥാപിച്ചു. അവര്‍ തങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും മറ്റിടങ്ങളിലെ പോലെ അവിടെയും നടപ്പിലാക്കി. 1926-ല്‍ പഹ്‌ലവി രാജവംശം അധികാരത്തിലെത്തിയതോടെ പാശ്ചാത്യവല്‍ക്കരണം ശക്തിപ്പെട്ടു. രിദാഖാനാണ് പഹ്‌ലവി രാജവാഴ്ചയുടെ സ്ഥാപകന്‍. അയാള്‍ റിസാ ഷാ എന്ന പേര്‍ സ്വീകരിച്ചു. ഇസ്‌ലാമിന്റെ മൂല്യങ്ങളും ചിഹ്നങ്ങളും തേച്ചു മായ്ച്ചു കളയാന്‍ ആവുന്നതൊക്കെയും ചെയ്തു. 1941-ല്‍ ഇതിനെതിരെ പ്രക്ഷോഭമാരംഭിച്ചു. 1951-ല്‍ റിസാ ഷാക്കു നാടു വിടേണ്ടി വന്നു. മുസ്വദ്ദിഖ് പ്രധാനമന്ത്രിയായി അധികാരമേറ്റു. എങ്കിലും ബ്രിട്ടന്റെയും അമേരിക്കയുടെയും സഹായത്തോടെ മുസ്വദ്ദിഖിന്റെ ഭരണം അട്ടിമറിച്ചു. ഷാ തിരിച്ചു വന്നു.1963-ല്‍ അദ്ദേഹം ധവള പത്രം പുറത്തിറക്കി. അത് ഫലത്തില്‍ ഇസ്‌ലാമിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമായിരുന്നു. അതിനെതിരെ ഇമാം ഖുമൈനിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. അദ്ദേഹത്തെ റിസാഷാ പഹ്‌ലവി ഇറാഖിലേക്ക് നാടു കടത്തി. അവിടെ വെച്ചും ഖുമൈനി വിപ്ലവ ശ്രമങ്ങള്‍ തുടര്‍ന്നു. ഇറാന്റെ തെരുവുകള്‍ പ്രക്ഷുബ്ധമായി. തദ്ഫലമായി 1979- ജനുവരി 16- ന് ഷാക്കു നാടുവിടേണ്ടി വന്നു. ബഖ്തിയാറിനെ പ്രധാനമന്ത്രിയാക്കിയാണ് അയാള്‍ രാജ്യം വിട്ടത്. അതിനാല്‍ ബഖ്തിയാറിനെതിരെ പത്ത് ലക്ഷം പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. അതോടെ ബക്തിയാറിനും അധികാരം ഒഴിയേണ്ടി വന്നു. 1979-ഫെബ്രുവരി ഒന്നിന് ഖുമൈനി ഫ്രാന്‍സില്‍ ഇറാനില്‍ തിരിച്ചെത്തി. ഫെബ്രുവരി പതിനൊന്നിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക് ഗവണ്‍മെന്റ് അധികാരമേല്‍ക്കുകയും ചെയ്തു.
ഇറാനില്‍ നടന്ന ഈ ഇസ്‌ലാമിക വിപ്ലവം ലോകമെങ്ങും ചലനങ്ങള്‍ സൃഷ്ടിച്ചു. ഏകാധിപത്യ, ഭീകര ഭരണത്തിനെതിരെ സമാധാനപരവും ജനാധിപത്യ പരവുമായ വിമോചന സമരം നയിക്കാനുള്ള ഇസ്‌ലാമിന്റെ ശേഷിയെ അത് തെളിയിച്ചു കാണിച്ചു. ശീഇ സത്തോടുള്ള എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെ ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇറാന്‍ ഇസ്‌ലാമിക വിപ്ലവത്തെ പിന്തുണച്ചു. അത് ടുണീഷ്യയിലെ റാശിദുല്‍ ഗനൂശിയെയും അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തെയും അഗാധമായി സ്വാധീനിച്ചതായി അദ്ദേഹം തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ഇറാന്‍ വിപ്ലവത്തിന്റെ പ്രതിഫലനങ്ങള്‍ കൂടുതല്‍ പ്രകടമായത് കേരളത്തിലാണ്. ആദ്യമത് ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ മാത്രമാണ് ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നതെങ്കിലും പിന്നീടത് മുസ്‌ലിം സമുദായത്തിലാകെ പടര്‍ന്നു കയറി. ഇറാന്‍ വിപ്ലവത്തെ തള്ളിപ്പറഞ്ഞവര്‍ക്കു പോലും അതിന്റെ ജനപക്ഷ നിലപാടിന്റെ സ്വാധീനത്തില്‍ നിന്നും തീര്‍ത്തും മുക്തരാവാന്‍ കഴിഞ്ഞില്ല.
ഇറാന്‍ വിപ്ലവം നടക്കുമ്പോള്‍ പ്രായം ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. വിപ്ലവത്തിന്റെ കാറ്റ് കേരളത്തിലെത്തിയപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞു. ഇമാം ഖുമൈനിയുടെയും വിപ്ലവത്തിന് ദാര്‍ശനിക പശ്ചാത്തലമൊരുക്കിയ അലി ശരീഅത്തിയുടെയും രചനകള്‍ വായിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങി. അവയിലെ ശീഈ ആശയങ്ങള്‍ വേര്‍തിരിച്ചറിയാനും നിരാകരിക്കാനും ഞങ്ങള്‍ക്കൊട്ടും പ്രയാസമുണ്ടായിരുന്നില്ല.
എന്നാല്‍ മര്‍ദിതരും പാര്‍ശ്വവല്‍കൃതരുമായ ഇരകള്‍ക്കുവേണ്ടിയുള്ള ഇസ്‌ലാമിന്റെ ഇടപെടലിനെക്കുറിച്ച കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാടും ബോധവും വളര്‍ത്തുന്നതില്‍ അലി ശരീഅത്തിയുടെയും ഖുമൈനിയുടെയും ചിന്തകളും രചനകളും സ്വാധീനം ചെലുത്തി. അടിച്ചമര്‍ത്തപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്ത അവശര്‍ക്കും അശരണര്‍ക്കും ചൂഷിതര്‍ക്കും പാവങ്ങള്‍ക്കും വേണ്ടിയുള്ള ഖുര്‍ആന്റെ അധ്യാപനങ്ങളെ പ്രതിനിധാനം ചെയ്യാന്‍ അത് ഞങ്ങള്‍ക്ക് വര്‍ധിതമായ പ്രചോദനമേകി.
നമസ്‌കാരവും നോമ്പുമുള്‍പ്പെടെയുള്ള ആരാധനാകര്‍മങ്ങള്‍ പോലും നിര്‍ബന്ധമാക്കുന്നതിന് മുമ്പാണ് അനാഥകളും അഗതികളും അടിയാളരും സ്ത്രീകളും ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍കൃതര്‍ക്കുവേണ്ടി അല്ലാഹു ഖുര്‍ആനിലൂടെ മനുഷ്യരാശിയോട് സംസാരിച്ചതെന്ന യാഥാര്‍ഥ്യം മനസ്സില്‍ ശക്തമായി ഇടം നേടിയതപ്പോഴാണ്. മൂസാ നബിയുടെ നിയോഗ ലക്ഷ്യങ്ങളില്‍ മുഖ്യമായ ഒന്ന് മര്‍ദിതരുടെ മോചനമാണെന്ന് തെളിയിച്ചുകാണിക്കാന്‍ അത് പ്രേരകമായി.
''ഫറവോന്‍ നാട്ടിലഹങ്കരിച്ചു നടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു, തീര്‍ച്ച. എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ച് ഒതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളാക്കണമെന്നും. അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും. അങ്ങനെ ഫറവോനും ഹാമാനും അവരുടെ സൈന്യത്തിന്നും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചു കൊടുക്കണമെന്നും.'' (ഖുര്‍ആന്‍ : 28:4-6) 'നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല. മര്‍ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്. 'ഞങ്ങളുടെ നാഥാ, മര്‍ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്നും ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ' (4:7,5) തുടങ്ങിയ സൂക്തങ്ങള്‍ ചിന്തയെ ചൂടുപിടിപ്പിച്ചതില്‍ അലി ശരീഅത്തിയുടെ പുസ്തകങ്ങള്‍ അനല്‍പമായ പങ്കുവഹിച്ചു. നേരത്തെ സയ്യിദ് ഖുത്വുബിന്റെ 'ഇസ്‌ലാമിലെ സാമൂഹ്യ നീതി' മനസ്സിലുണര്‍ത്തിയ മുതലാളിത്തവിരുദ്ധ ചിന്തയെ അത് കൂടുതല്‍ തെളിമയുള്ളതാക്കി. അങ്ങനെ കമ്യൂണിസം പോലെയോ അതിനേക്കാള്‍ കൂടുതലോ അപകടകാരിയാണ് മുതലാളിത്തമെന്ന ബോധം വളര്‍ന്നുവന്നു. പ്രസംഗങ്ങളിലും എഴുത്തുകളിലും മുതലാളിത്തം വിമര്‍ശന വിധേയമായി. അക്കാലത്ത് തന്നെ 'മുതലാളിത്തം, കമ്യൂണിസം, ഇസ്‌ലാം' എന്ന തലക്കെട്ടില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ ശ്രദ്ധേയമായ സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടു. മുതലാളിത്തത്തിനെതിരായ ഇസ്‌ലാമിന്റെ സമീപനം വിശദീകരിക്കുന്ന ലേഖന പരമ്പര ഈയുള്ളവന്‍ തന്നെ തയ്യാറാക്കി പ്രസിദ്ധീകരിച്ചു.
മുതലാളിത്തത്തിന്റെ അടിസ്ഥാനമായ സമ്പത്തിന്റെ പരമാധികാരം വ്യക്തികള്‍ക്കാണെന്ന തത്വം ഇസ്‌ലാമികാദര്‍ശത്തിനെതിരാണെന്നും അതിന്റെ മുഖ്യ ചോദനയായ ആര്‍ത്തിയാണ് സകല നാശങ്ങള്‍ക്കും കാരണമെന്നും കൂടുതല്‍ തെളിമയോടെ ഊന്നിപ്പറയാന്‍ തുടങ്ങി. മുതലാളിത്തം നിലകൊള്ളുന്നത് ഭൗതികതയിലാണെന്നും അതിനെയും മുതലാളിത്തത്തിന്റെ ലക്ഷണങ്ങളായ ധൂര്‍ത്തിനെയും ദുര്‍വ്യയത്തെയും പൊങ്ങച്ച പ്രകടനത്തെയും ശക്തമായി എതിര്‍ക്കേണ്ടതുണ്ടെന്നുമുള്ള ആശയത്തിന് എഴുത്തുകളിലും പ്രസംഗങ്ങളിലും കൂടുതല്‍ ഊന്നല്‍ നല്‍കി. ഇസ്‌ലാമിക അടിത്തറയില്‍ നിന്നുകൊണ്ട് മുതലാളിത്തത്തിനെതിരെ നടത്തുന്ന ജനാധിപത്യപരമായ സമരമാണ് കമ്യൂണിസത്തെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും ഇത് ബോധ്യപ്പെടുത്തി. ഇസ്‌ലാമിന്റെ വിമോചന വശത്തെയും അതിന്റെ സാധ്യതയെയും തെളിയിച്ചു കാണിക്കാനും ഈ സമീപനം സഹായകമായി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശക്തമായ ഇടപെടല്‍ കാരണമായി മനുഷ്യ മനസ്സുകളിലും സ്റ്റേജുകളിലും പേജുകളിലും ഇടം നേടിയ ഇസ്‌ലാമിന്റെ വിമോചനാശയത്തിന് പ്രകടമായ പ്രായോഗിക മാനം ലഭിച്ചത് സോളിഡാരിറ്റിയുടെ രംഗ പ്രവേശത്തോടെയാണ്. അതേവരെ ഇരകളോടും മര്‍ദിതരോടും ചൂഷിതരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവരുടെ പക്ഷത്തു നില്‍ക്കാനും സാധിച്ചിരുന്നത് പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും സേവന പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമായിരുന്നു. എന്നാല്‍ സോളിഡാരിറ്റി പാര്‍ശ്വവല്‍കൃതര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് ജനാധിപത്യ സാധ്യതകളെ പരമാവധി ഉപയോഗിക്കാന്‍ തുടങ്ങി. പ്ലാച്ചിമടയിലെയും ചെങ്ങറയിലെയും ഉള്‍പ്പെടെ കേരളത്തിലെ നൂറിലേറെ പ്രദേശങ്ങളിലെ പാര്‍ശ്വവല്‍കൃത സമൂഹം ഇസ്‌ലാമിന്റെ വിമോചനപരതയുടെ അനുഗ്രഹം അനുഭവിച്ചറിഞ്ഞു. ഇത് ഇസ്‌ലാമിന്റെ മാനവികവശത്തെ തെളിയിച്ചു കാണിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചുകൊണ്ടിരിക്കുന്നു.
ഇറാന്‍ വിപ്ലവം നടക്കുന്നതുവരെ പര്‍ദ സ്ത്രീ വിരുദ്ധതയുടെയും പീഡനത്തിന്റെയും പതിത്വത്തിന്റെയും അടയാളമായി ആക്ഷേപിക്കപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കന്‍ പിന്തുണയോടെ കടുത്ത ഏകാധിപത്യ ഭരണം നടത്തിയ റിസാ ഷാ പഹ്‌ലവിക്കെതിരെ നടന്ന ജനാധിപത്യ പോരാട്ടത്തില്‍ പതിനായിരക്കണക്കിന് പര്‍ദാധാരിണികള്‍ പങ്കാളികളായതോടെ ഈ അവസ്ഥക്ക് ഗണ്യമായ മാറ്റം സംഭവിച്ചു. വിപ്ലവാനന്തര ഇറാനില്‍ പര്‍ദാധാരിണികള്‍ സമൂഹജീവിതത്തിന്റെ എല്ലാ തലങ്ങളിലും സജീവമായി പങ്കുവഹിക്കാന്‍ തുടങ്ങി. പാഠശാലകളിലും പാര്‍ലമെന്റിലും പത്രസ്ഥാപനങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലുമെല്ലാം പര്‍ദയണിഞ്ഞ സ്ത്രീകള്‍ വളരെ വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങി. ഇത് പര്‍ദയുടെ പ്രതാപവും പ്രൗഢിയും പ്രകടമാക്കുന്നതില്‍ അനല്‍പമായ പങ്കുവഹിച്ചു.
പര്‍ദയിന്ന് മുതലാളിത്തത്തിന് എതിരിലുള്ള അതി ശക്തമായ ഒരു സമരായുധം കൂടിയാണ്. കമ്പോളമാണല്ലോ മുതലാളിത്തത്തിന്റെ മുഖമുദ്ര. മുതലാളിത്തം വളര്‍ത്തിയെടുത്ത കമ്പോള സംസ്‌കാരത്തില്‍ മേധാവിത്തം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കാണ്. അവിടെ ആധിപത്യം വാഴുന്നതുപോലും അതാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ഇതൊക്കെയും കേന്ദ്രീകരിക്കുന്നത് സ്ത്രീയെയാണ്. പര്‍ദ അവയെ അപ്രസക്തമാക്കുന്നു. പര്‍ദ കേവലം ഒരു വസ്ത്രധാരണ രീതി മാത്രമല്ലല്ലോ. അതുകൊണ്ട് തന്നെ മുതലാളിത്തവിരുദ്ധ പോരാട്ടത്തില്‍ അതി ശക്തമായ പ്രതിരോധ ആയുധമാണ് ഇന്ന് പര്‍ദ. പുതിയ കാലത്തെ വിമോചന പോരാട്ടങ്ങളുടെ എടുത്തു കാണിക്കാവുന്ന ചിഹ്നവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top