മക്കളെ വളര്‍ത്താന്‍ ഒരു വഴികാട്ടി

ഫെബിന്‍ ഫാത്വിമ. പി No image

ഭൂമിയിലെ ഓരോ ആണും പെണ്ണും ജീവിക്കുന്നത് തന്നെ മക്കളെ പെറ്റുപോറ്റാനും വളര്‍ത്തി വലുതാക്കാനും ആശിച്ചാണ്. ഒരോ ആണിന്റെയും പെണ്ണിന്റെയും ജീവിത ലക്ഷ്യം തന്നെ തന്റെ പൊന്നോമന മക്കള്‍ എല്ലാവരെക്കാളും മികച്ചവരാവണമെന്നാണ്. ആ ലക്ഷ്യം വല്ലാതെയൊന്നും പൂര്‍ത്തീകരിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ കൂടുതലില്ല. വിധിയെ ശപിച്ചും കാലത്തെ പഴിച്ചും നാളുകളെണ്ണി തീര്‍ക്കാനാണ് പല മക്കളെക്കൊണ്ടും രക്ഷിതാക്കള്‍ക്ക് ലഭിച്ച ഗുണം. കുഞ്ഞിനെ ഗര്‍ഭം ചുമക്കുമ്പോള്‍ മാതാവാകാന്‍ പോകുന്നവളും പിതാവാകാന്‍ പോകുന്നവനും ഒരുപാട് സ്വപ്നങ്ങള്‍ കാണും. പുത്തനുടുപ്പും കളിക്കോപ്പും പ്രസവിക്കും മുമ്പേ കരുതിവെക്കും. ഒന്നാം പിറന്നാളാഘോഷിക്കും മുമ്പേ ഏറ്റം മുന്തിയ സ്‌കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്താനുള്ള ശ്രമവും തുടങ്ങും. സാമ്പത്തിക ഭദ്രതയനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും മക്കള്‍ക്കായുള്ള കരുതിവെപ്പുകളും പ്രതീക്ഷകളും ഇതൊക്കെതന്നെ.
വാനോളം ഉയര്‍ന്ന പ്രതീക്ഷകള്‍ പാതാളത്തോളം താഴാന്‍ വെറും പത്തോ പന്ത്രണ്ടോ വര്‍ഷം മാത്രം . മക്കള്‍ കൗമാരത്തോടടുക്കുമ്പോള്‍ നാം പറയുന്നത് അവര്‍ക്കും അവര്‍ പറയുന്നത് നമുക്കും മനസ്സിലാക്കാന്‍ വല്ലാത്തൊരു പ്രയാസം. എനിക്കെവിടയാണ് പിഴച്ചത്? ഞാനെന്തെല്ലാം നല്‍കി; എന്നിട്ടുമെന്തേ എന്റെ മകനും മകളും ഇങ്ങനെ? ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന രക്ഷിതാക്കള്‍ക്കു മുമ്പിലേക്കാണ് വ്യത്യസ്തമായ ഒരുപാട് വായനാനുഭവങ്ങള്‍ നല്‍കിയ ഐ.പിഎച്ചില്‍ നിന്നും 'മക്കളെ വളര്‍ത്തുമ്പോള്‍' എന്ന ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പുസ്തകം വായനക്കാര്‍ക്ക് മുന്നിലേക്കെത്തുന്നത്. രക്ഷാകര്‍ത്വത്തെ സംബന്ധിച്ച് ഒരുപാടനുഭവങ്ങളുള്ള കൗണ്‍സിലിംഗ് രംഗത്തെ പ്രഗത്ഭവ്യക്തികളുടെ ഉപദേശ നിര്‍ദ്ദേശങ്ങളോടെ ധാര്‍മികതയുടെ പാഠങ്ങളാണ് ഈ കൊച്ചു കൃതിയില്‍ ഗ്രന്ഥകാരന്‍ മുന്നോട്ടുവെക്കുന്നത്. വാല്‍സല്യവും കരുതലും കാണിക്കാന്‍ മൊബൈലും ഇന്റര്‍നെറ്റും ടി.വി യും ആധുനിക ടെക്‌നോളിയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്താന്‍ തക്ക വിദ്യാഭ്യാസവും നല്‍കുന്ന രക്ഷിതാക്കള്‍ക്ക് എവിടെയോ വെച്ച് നല്‍കാന്‍ മറന്നുപോയ ധാര്‍മിക പാഠങ്ങള്‍ നല്‍കാനുള്ള സന്ദേശമാണ് ഇതിലെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നത്.
ഇരുപത്താറ് ടൈറ്റിലുകളായി തിരിച്ച് വിശുദ്ധ ഖുര്‍ആനിലെയും പ്രവാചക ചര്യയിലേയും ഉദാഹരണങ്ങള്‍ ആവശ്യാനുസരണം എടുത്തുചേര്‍ത്താണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്. പുരുഷനില്‍ പിതൃത്വ വികാരവും സ്ത്രീയില്‍ മാതൃത്വ വികാരവും ജന്മസിദ്ധമാണെന്നും ദിവ്യബോധനത്താല്‍ മനുഷ്യരില്‍ ഏറെ ഉയര്‍ന്നുനില്‍ക്കുന്ന പ്രവാചകന്മാര്‍ പോലും ഇതില്‍ നിന്നും ഒഴിവല്ലെന്നും പ്രായമേറെയായിട്ടും ഒരു കുഞ്ഞിനു വേണ്ടിയുള്ള ഇബ്‌റാഹീം നബിയുടെയും സകരിയ്യ നബിയുടെയും പ്രാര്‍ഥന ഉദാഹരണമായെടുത്ത് പ്രാര്‍ഥനയോടെയും പ്രതീക്ഷയോടെയും കുഞ്ഞിനെ കാത്തിരിക്കാനാനാണ് ഗ്രന്ഥകാരന്‍ ഉപദേശിക്കുന്നത്. ആധുനികരെന്ന് പറയുമ്പോഴും പെണ്‍പിറവിയെയും പെണ്‍ജീവിതങ്ങളെയും അഭിശപ്തമായി കാണുന്ന സംസ്‌കാരം കണ്‍മുന്നില്‍ കാണുന്നതുകൊണ്ടായിരിക്കാം തൊട്ടടുത്ത ടൈറ്റില്‍ 'പെണ്‍പിറവി അനുഗ്രഹമാണ' എന്നാക്കിയത്. വിശ്വാസദാര്‍ഢ്യത്താലും മനഃക്കരുത്തിനാലും മാത്രമല്ല, ഭൂമിയിലെ എറ്റവും ക്ലേശപൂര്‍ണമായ മാതൃത്വത്താലും ആദരിക്കപ്പെടവരായി മാറിയ ഹാജറെയും മര്‍യമിനെയും എടുത്തുചേര്‍ത്തതു വഴി സ്ത്രീത്വത്തെ മാനിക്കാനും ഗ്രന്ഥകാരന്‍ മറന്നില്ല.
കുഞ്ഞിന്റെ ചെവികളില്‍ ദൈവിക കീര്‍ത്തനം കേള്‍പ്പിക്കാന്‍ തുടങ്ങുന്നത് തൊട്ട് പേരിടുന്നതും തേനൂറും മുലപ്പാലിന്റെ മഹത്വവും പറഞ്ഞ് കുട്ടികളോട് കൂട്ടുകൂടുമ്പോള്‍ കുട്ടികളെപ്പോലെയാവാനും അവരുടെ ശൈശവം കവര്‍ന്നെടുക്കാതിരിക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും പ്രവാചക മാതൃകയിലൂടെ വരച്ചുകാട്ടുന്നു. മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയെന്ന് അന്വേഷിക്കാനും കുറ്റപ്പെടുത്തലും താരതമ്യവും ഒഴിവാക്കി പരിഗണനയും കൂടിയാലോചനയും നടത്താനും നന്മ കാണുമ്പോള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യബോധവും കഴിവും വളര്‍ത്താനും ഉപദേശിക്കുന്ന, അതിന് സഹായകമാവുന്ന ഒരുപാട് നിര്‍ദ്ദേശങ്ങളും നിയമങ്ങളും ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ആവോളം എടുത്തു ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ ശിക്ഷണത്തെ മുന്‍നിര്‍ത്തി ഒരുപാട് പുസ്തകങ്ങള്‍ ഇറങ്ങിയ വിപണിയില്‍ ഈ പുസ്തകം വേറിട്ടുനില്‍ക്കുന്നത് മത-ധാ ര്‍മികതയുടെ ബാല പാഠങ്ങളിലൂടെ രക്ഷിതാക്ക ള്‍ക്കൊരു വഴികാട്ടിയാകാന്‍ ശ്രമിച്ചു എന്നതിനാ ലാണ്. വായിക്കുമ്പോള്‍ ഇതൊക്കെ നമുക്ക് അറിയുന്നതല്ലേ എന്ന് തോന്നുമെങ്കിലും പലപ്പോഴും നാം കേട്ട ആപ്തവാക്യങ്ങളെയും സാരോപദേശങ്ങളെയും സന്ദര്‍ഭാനുസരണം കോര്‍ത്തിണക്കി ഇതൊന്നും മക്കള്‍ക്ക് നല്‍കാ നായില്ലേ എന്ന് ഓരോ രക്ഷിതാവിനെക്കൊണ്ട് ചോദിപ്പിക്കുന്നതരത്തിലേക്ക് വായനയെ കൊണ്ടുപോകാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top