പ്രീ മാരിറ്റല്‍ കൗണ്‍സ്‌ലിംഗ്‌

സല്‍വ കെ.പി No image

വ്യക്തികളെയും കുടുംബങ്ങളെയും നാടുകളെയും സംസ്‌കാരങ്ങളെയുമെല്ലാം ബാധിക്കുന്ന സംവിധാനമായ വിവാഹം, ഭാഷ, ഭക്ഷണം, ആചാര ഉപചാരങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക അടയാളങ്ങളെ ഇടകലര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരു കുടുംബത്തിന്റെയും നാടിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷതകള്‍ ഉള്ള ഒരു വ്യക്തി മറ്റൊരു നാടിന്റെയും കുടുംബത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷതകളുള്ള മറ്റൊരു വ്യക്തിയുമായി ജീവിതം പങ്കിടാന്‍ ആരംഭിക്കുന്നു. രണ്ട് നദികള്‍ ചേര്‍ന്ന് പുതിയൊരെണ്ണമായി ഒഴുകും പോലെ എന്നൊക്കെയാണ് കാവ്യഭാഷ. പക്ഷേ നാട്ടില്‍ ഫാമിലി കൗണ്‍സ്‌ലിംഗ് സെന്ററുകളും അതിന്റെ ഉപഭോക്താക്കളും ഏറിവരികയാണ്. കുടുംബ ശൈഥില്യത്തിന്റെയും വിവാഹമോചനങ്ങളുടെയും നിരക്ക് കൂടി വരുന്നു. പ്രത്യേകിച്ചും ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള വിവാഹബന്ധമാണ് പ്രശ്‌നമനുഭവിക്കുന്നവരില്‍ കൂടുതലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഫാമിലി കൗണ്‍സ്‌ലിംഗിന് മുമ്പ് പ്രീമാരിറ്റല്‍ കൗണ്‍സ്‌ലിംഗ് സംവിധാനങ്ങളാണ് ഉണ്ടാവേണ്ടതെന്നും അവര്‍ പറയുന്നു.
അറിവും തിരിച്ചറിവും ആദരവും വിട്ടുവീഴ്ചയുമൊക്കെയുള്ള ബന്ധങ്ങള്‍ മാത്രമേ സുഗമമായി പോകുന്നുള്ളൂ. ആദ്യം പറഞ്ഞ രണ്ട് വിവാഹത്തിന് മുമ്പ് തന്നെ ഉണ്ടായിരിക്കേണ്ടതും അടുത്ത രണ്ടും ഒരുമിച്ചു ജീവിക്കുമ്പോള്‍ പ്രാവര്‍ത്തികമാകേണ്ടതുമാണ്. മുന്‍പരിചയം നേടിക്കൊണ്ട് ഏര്‍പ്പെടാവുന്ന ഒന്നല്ല വിവാഹ ജീവിതം. അതുകൊണ്ട് വിവാഹ പൂര്‍വ ബോധവല്‍ക്കരണത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. ''മുമ്പൊക്കെ ഇതുണ്ടായിട്ടായിരുന്നോ കൂട്ടും കുടുംബവുമൊക്കെ ഭംഗിയായി നിലനിന്നിരുന്നത്?'' എന്ന ചോദ്യം വളരെ പ്രസക്തമാണ്. മാറിയ ജീവിത സാഹചര്യങ്ങളിലാണ് ഇതിന്റെ ഉത്തരം നാം കണ്ടെത്തേണ്ടത്. പുരുഷ കേന്ദ്രീകൃത വ്യവസ്ഥയില്‍ പുരുഷന്റെ വീട്ടിലേക്ക് കയറിവരുന്ന സ്ത്രീകള്‍ വിധേയരും കീഴൊതുങ്ങുന്നവരുമായിരിക്കണമെന്നത് നടപ്പു ശീലമായിരുന്നു. ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. പുതിയ തലമുറക്ക് ലഭിക്കുന്ന വിദ്യാഭ്യാസവും ബോധനവും അവസരങ്ങളും അവരുടെ വ്യക്തിത്വത്തെ വികസിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മലബാറിലെങ്കിലും മുസ്‌ലിം ആണ്‍കുട്ടികളെക്കാള്‍ മുമ്പിലാണ് പെണ്‍കുട്ടികള്‍. വിദ്യാഭ്യാസ കാലത്ത് ഏറെക്കുറെ തുല്യ പരിഗണനയും അവസരങ്ങളും അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഒന്നായി ഒഴുകേണ്ട ഇരു നദികളും ഇപ്പോള്‍ സമാനവും ഒരേ വിതാനത്തിലുള്ളതുമാണ്. അതുകൊണ്ടു തന്നെ ഇരു പ്രവാഹങ്ങളും ജലകണങ്ങളെ തമ്മില്‍ തമ്മില്‍ ഉള്‍ക്കൊണ്ടാവണം ഒഴുകേണ്ടത്. ഈ ബോധ്യത്തിന് നമ്മുടെ കുടുംബ സംവിധാനത്തിന് വേണ്ടത്ര വേരോട്ടം ലഭിച്ചിട്ടില്ലാത്തതിനാല്‍ വിവാഹ മോചനങ്ങളേറുന്നുണ്ട്. പ്രീ മാരിറ്റല്‍ കൗണ്‍സ്‌ലിങ്ങിനെ അനിവാര്യമാക്കുന്ന ഒരു കാരണമിതാണ്. പരസ്പരം ആദരിക്കുകയും സദാചാരം സൂക്ഷിക്കുകയും ചെയ്യുന്നതല്ല നമ്മുടെ പൊതു ഇടങ്ങള്‍. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ ചതിയും വീഴ്ചയും ഏല്‍ക്കുന്നവര്‍ കുറവല്ല. വിവാഹ പൂര്‍വ കാലത്തെ ദുരനുഭവങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്തതിനാല്‍ വൈവാഹിക ജീവിതത്തില്‍ വിള്ളലുകള്‍ വീഴുന്നുണ്ട്.
വിവാഹം സ്വാര്‍ഥകമാക്കാന്‍ ഉണ്ടായിരിക്കേണ്ട അറിവുകള്‍ പകരാനും വികലമായ ബോധ്യങ്ങളെ തിരിച്ചറിയാനുമുതകുന്ന കുടുംബ സുഹൃദ് സംവിധാനങ്ങള്‍ ഇല്ല എന്നതാണ് പ്രീ മാരിറ്റല്‍ കൗണ്‍സ്‌ലിംഗിനെ അനിവാര്യമാകുന്ന മറ്റൊരു കാരണം. ഇണയാകുന്ന വ്യക്തിയെ കുറിച്ച സൂക്ഷ്മമായ അറിവുകള്‍ വിവാഹത്തിനു മുമ്പും ശേഷവുമായി നാം ആര്‍ജിച്ചെടുക്കേണ്ടതുണ്ട്.
പുതിയ തലമുറക്ക് വിവാഹത്തെ കുറിച്ച ധാരണകള്‍ രൂപപ്പെടുന്നത് പല രീതിയിലാണ്. രഹസ്യവും ഏകപക്ഷീയവുമായിരിക്കും പലപ്പോഴുമത്. ദൃശ്യ മാധ്യമങ്ങള്‍ ഇതിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. തേച്ചു മിനുക്കിയ ശരീരങ്ങളല്ല യഥാര്‍ഥ ജീവിതത്തിലുണ്ടാവുക. അമ്മായി-മരുമകള്‍-നാത്തൂന്‍ വാര്‍പ്പു മാതൃകകളുടെ കൂടെ നാട്ടുവര്‍ത്തമാനങ്ങളും കൂടിച്ചേര്‍ന്നാല്‍ യുദ്ധം ചെയ്യുന്ന ടീമുകള്‍ വീട്ടിനകത്തു തന്നെയുണ്ടാകും. അഡ്ജസ്റ്റ്‌മെന്റ് എന്നാല്‍ അടിച്ചൊതുക്കലോ കീഴടങ്ങലോ ആണെന്ന ധാരണ പുകയുന്ന അഗ്നി പര്‍വതങ്ങളെയാണ് ഉണ്ടാക്കുക. ലൈംഗികത അനിവാര്യ തിന്മയാണെന്ന ധാരണ കുറ്റബോധത്തിന്റെ ഫാക്ടറിയായി വര്‍ത്തിക്കും. വിവാഹവും ലൈംഗികതയും സ്വയം തന്നെ വലിയ 'സംഭവ'മാണെന്ന സങ്കല്‍പം പൊളിഞ്ഞൊതുങ്ങാന്‍ അധിക ദിവസം വേണ്ടി വരില്ല. പുതുക്കത്തിന്റെ മണം മാറും മുമ്പോ പഠനവും കോഴ്‌സും തീരും മുമ്പോ കടന്നു വരുന്ന ഗര്‍ഭത്തെ അലോസരമായി കരുതി കൈകാര്യം ചെയ്യുന്നവരും കുറവല്ല. ഇത്തരം വിഷയങ്ങളില്‍ തുറന്ന സംവാദത്തിനും പങ്ക് വെപ്പിനുമുള്ള വേദികളായിരിക്കും പ്രീ മാരിറ്റല്‍ കൗണ്‍സ്‌ലിംഗുകള്‍. പ്രാദേശികവും വ്യാപകവുമായ കൂട്ടായ്മകള്‍ക്ക് ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ ഒരുപാട് ചെയ്യാനുണ്ട്. കത്തോലിക്കാ സമൂഹം ഇതില്‍ നല്ല മാതൃക കാണിച്ചു തരുന്നുണ്ട്. വിവാഹം നിശ്ചയിച്ച ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരുമിച്ചും വെവ്വേറെയും ഇരു കുടുംബങ്ങള്‍ക്കുമെല്ലാം കൗണ്‍സ്‌ലിംഗ് കൊടുക്കുന്ന മൂന്ന് ദിവസത്തെ കോഴ്‌സാണവരുടേത്.
ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രം കൊടുക്കേണ്ട കൗണ്‍സ്‌ലിംഗാണെന്ന ധാരണ വളരെ ശക്തമായി മുസ്‌ലിം സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്നുണ്ട്. രണ്ടു കൂട്ടായ്മകള്‍ നടത്താനിരുന്ന പ്രീ മാരിറ്റല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചത് പെണ്‍കുട്ടികളില്‍ നിന്ന് മാത്രമായിരുന്നു. കുടുംബത്തെ സ്ത്രീകളോട് സമീകരിച്ച് അവതരിപ്പിക്കുന്ന ഒരു സമൂഹത്തിനകത്ത് സ്ത്രീയുടെ ബാധ്യത കുടുംബം മാത്രമായും കുടുംബം സ്ത്രീയുടെ മാത്രം ബാധ്യതയായും മാറിയെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. പുതുതായി വന്ന പങ്കാളിക്കും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ പാലം പണിയേണ്ടതും പുതിയ മണ്ണിലേക്ക് പറിച്ചു നടപ്പെട്ട പെണ്‍കുട്ടിയെ അതുമായി പൊരുത്തപ്പെടാന്‍ സഹായിക്കേണ്ടതും ആണ്‍ കുട്ടിയും അവന്റെ വീട്ടുകാരുമായിരിക്കും. അതുകൊണ്ടു തന്നെ പ്രീ മാരിറ്റല്‍ കൗണ്‍സ്‌ലിംഗ് ഏറെ ഉപകാരപ്പെടുക ആണ്‍കുട്ടിക്കായിരിക്കും. കയറിവരുന്ന പെണ്‍കുട്ടിക്ക് കാര്യമായൊന്നും ചെയ്യാന്‍ അവസരമില്ലാത്ത നമ്മുടെ കുടുംബ സംവിധാനങ്ങള്‍ ഏകപക്ഷീയമായ അറിവിന്റെ ഭാരം പെണ്‍കുട്ടികളെ പ്രയാസത്തിലാക്കുന്നു. എന്തുകൊണ്ടും ഫലപ്രദമായ സമീപനമാണ് പ്രീ മാരിറ്റല്‍ കൗണ്‍സ്‌ലിംഗ്. അതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്യാതെ രോഗം വന്ന ശേഷം ചികിത്സിക്കാന്‍ ഫാമിലി കൗണ്‍സ്‌ലിംഗ് സെന്ററുകള്‍ തേടിപ്പോകുന്നവരാണ് നമ്മള്‍.

പ്ലെയിന്‍ ഗ്ലാസ്:
നിങ്ങളെപ്പോഴും വിവാഹത്തെക്കുറിച്ച് പറയുന്നതെന്തിനാണെന്ന് പലരും ചോദിക്കുന്നു. വിവാഹത്തിലൂടെ ജനിച്ച് വിവാഹത്തിലേക്ക് വളര്‍ത്തപ്പെട്ട് വിവാഹം തന്നെ സ്വര്‍ഗവും നരഗവുമായ ഒരു കൂട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മറ്റെന്താണ് പറയാന്‍ കഴിയുക?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top