സുകുമാര്‍അഴീകോടിന്റെ പ്രസംഗത്തെ പരാചയപ്പെടുത്തിയ ബസ് ഡ്രൈവര്‍

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ആധുനിക ലോകത്തേറ്റവും ശ്രദ്ധേയവും സുശക്തവുമായ ഇസ്‌ലാമിക പ്രസ്ഥാനമാണല്ലോ അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. ശഹീദ് ഹസനുല്‍ ബന്നയാണ് അതിന്റെ സ്ഥാപകന്‍. അദ്ദേഹത്തിനു ശേഷം അതിനു നേതൃത്വം നല്‍കിയ ഈജിപ്തിലെ പ്രഗത്ഭ ജഡ്ജിയായിരുന്ന ഹസനുല്‍ ഹുദൈബി താന്‍ പ്രസ്ഥാനവുമായി ബന്ധപ്പെടാനിടയായ സംഭവം ഇങ്ങനെ വിശദീകരിക്കുന്നു: ''ഗ്രാമങ്ങളിലും പട്ടണങ്ങളിലുമൊക്കെ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പരസ്യങ്ങള്‍ കാണാറുണ്ടായിരുന്നു. ഖുര്‍ആന്‍ മനഃപാഠം പഠിക്കാനും ദരിദ്രരെ സഹായിക്കാനും മരിച്ചവരെ മറമാടാനും നമസ്‌കാരവും നോമ്പും ഉപദേശിക്കുവാനുമുള്ള ഒരു സാധാരണ സംഘടനയാണ് അതെന്നാണ് ഞാന്‍ കരുതിയത്. ഇഖ്‌വാനെ കുറിച്ച് കൂടുതലറിയാന്‍ ഞാനൊട്ടും ശ്രമിച്ചതുമില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു നാട്ടിന്‍പുറത്തുനിന്ന് കുറച്ചു ചെറുപ്പക്കാര്‍ എന്റെ അടുത്തു വന്നു. അസാധാരണമായിരുന്നു അത്. തങ്ങളെക്കാള്‍ പ്രായവും സ്ഥാനവുമുള്ള ഒരാളെ അങ്ങനെയാരും സന്ദര്‍ശിക്കാറില്ല. അവരുടെ സംസാരം കേട്ട് ഞാനത്ഭുതപ്പെട്ടു. സാമാന്യം എഴുത്തും വായനയും മാത്രമറിയാവുന്ന അവര്‍ തങ്ങളെക്കാള്‍ വലിയ ഒരാളുടെ കൂടെ മാന്യമായി ഇരുന്ന് വര്‍ത്തമാനം പറയുന്നു. ഈജിപ്ഷ്യന്‍ പ്രശ്‌നങ്ങളെ കുറിച്ച് ഏതൊരു വിദ്യാസമ്പന്നനെക്കാളും നന്നായി അവര്‍ സംസാരിക്കുന്നു. മതകാര്യങ്ങളെക്കുറിച്ച് അനുകര്‍ത്താക്കളായിട്ടല്ലാതെ സ്വന്തമായ കാഴ്ചപ്പാടോടെ വര്‍ത്തമാനം പറയുന്നു. കൂട്ടത്തില്‍ ജനങ്ങള്‍ ഭൗതിക കാര്യങ്ങളെന്നു കരുതുന്ന വിഷയങ്ങളും ചേര്‍ത്തുപറയുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കറിയാത്ത പ്രവാചക ചരിത്രം അവര്‍ക്കറിയും.
''ഇതൊക്കെ കേട്ട് ഞാനവരോട് ചോദിച്ചു: ''എങ്ങനെയാണ് ഇതൊക്കെ നിങ്ങള്‍ പഠിച്ചത്?'' തങ്ങള്‍ ഇഖ്‌വാനികളാണെന്നായിരുന്നു മറുപടി. തങ്ങളുടെ പ്രസ്ഥാനം സമഗ്രമാണെന്നും തര്‍ബിയത്തും ധാര്‍മികതയും രാഷ്ട്രീയവും സാമ്പത്തികവും കുടുംബ സംസ്‌കരണവും തുടങ്ങി ചെറുതും വലുതുമായ മുഴുവന്‍ കാര്യങ്ങളും തങ്ങളുടെ പ്രവര്‍ത്തനവരുതിയില്‍ വരുമെന്നും അവരറിയിച്ചു. അന്നുമുതലാണ് ഞാന്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ പിന്തുടരാന്‍ തുടങ്ങിയത്. അവരുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുവാനും അവരുമായി ബന്ധപ്പെടാനും തുടങ്ങി.''
ഇത് വായിച്ചപ്പോള്‍ ഇതിനോട് ഒട്ടൊക്കെ സമാനതയുള്ള സംഭവം ഓര്‍മ വന്നു. 1983-ഫെബ്രുവരി 19,20 തിയ്യതികളില്‍ മലപ്പുറം മക്കരപറമ്പിലെ ദഅ്‌വത്ത് നഗറില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന സമ്മേളനം നടക്കുകയാണ്. 19- ന് നടന്ന 'ഇന്ത്യന്‍ സമൂഹത്തിലെ പ്രശ്‌നങ്ങളെ' സംബന്ധിച്ച ചര്‍ച്ചാ സമ്മേളനത്തിലെ പ്രധാന പ്രസംഗകരിലൊരാള്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോടായിരുന്നു. തലേ നാളത്തെ പുസ്തക പ്രകാശന പരിപാടിയില്‍ എന്‍.പി മുഹമ്മദും ഡോക്ടര്‍ എം.എം ബഷീറും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അവരെ കോഴിക്കോടു നിന്ന് സമ്മേളന സ്ഥലത്തേക്ക് കൊണ്ടുവന്നത് കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്ന കക്കോടിയിലെ ഉസ്മാന്‍ സാഹിബായിരുന്നു. യാത്രക്കിടെ ബഷീറും എന്‍.പിയും തമ്മിലുള്ള സംസാരത്തില്‍ അഴീക്കോട് മാസ്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയാണെന്ന് അഭിപ്രായമുള്ളതിനാലാണ് വരാത്തതെന്നും പറയുന്നത് ഉസ്മാന്‍ സാഹിബ് കേള്‍ക്കാനിടയായി. അപ്പോള്‍ തന്നെ അതേക്കുറിച്ച് അവരോട് അന്വേഷിച്ചറിയുകയും ജമാഅത്തിന്റെ യഥാര്‍ഥ നിലപാട് എന്താണെന്ന് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. സമ്മേളന സ്ഥലത്തെത്തിയ ഉടനെ വിവരം അന്നത്തെ കേരള അമീറായിരുന്ന ടി.കെ അബ്ദുല്ല സാഹിബിനെയും എം.എ അഹ്മദ് കുട്ടി സാഹിബിനെയും എം.പി കുഞ്ഞിമുഹമ്മദ് സാഹിബിനെയും അറിയിച്ചു. കൂടിയാലോചനക്കു ശേഷം സുകുമാര്‍ അഴീക്കോടിനെ കൂട്ടിക്കൊണ്ടു വരാന്‍ ഡ്രൈവര്‍ ഉസ്മാന്‍ സാഹിബിനെ പരിപാടിയുടെ തലേന്നാള്‍ തന്നെ അയച്ചു. തനിക്ക് പാലായിലെ ഒരു കോളേജില്‍ പരിപാടിയുണ്ടെന്നും അതു ഓര്‍ക്കാതെയാണ് നിങ്ങളുടെ സമ്മേളനത്തില്‍ സംബന്ധിക്കാമെന്ന് വാക്ക് തന്നതെന്നും അതിനാല്‍ വരാന്‍ കഴിയില്ലെന്നും അഴീക്കോട് മാസ്റ്റര്‍ അറിയിച്ചു. അപ്പോള്‍ പാലയിലെ പരിപാടിയില്‍ എത്തിച്ച് തിരിച്ച് മലപ്പുറത്തെ ജമാഅത്ത് സമ്മേളനത്തില്‍ എത്തിക്കുന്ന കാര്യം താനേറ്റുവെന്ന് ഉസ്മാന്‍ തറപ്പിച്ചു പറഞ്ഞു. അങ്ങനെ അദ്ദേഹം അഴീക്കോട് മാസ്റ്ററെയും കൊണ്ട് പാലായിലേക്ക് പുറപ്പെട്ടു. യാത്രയില്‍ ഉസ്മാന്‍ സാഹിബ് ജമാഅത്തിനെ സംബന്ധിച്ച് സംസാരിച്ചു തുടങ്ങി. അതിന്റെ ആദര്‍ശവും ലക്ഷ്യവും നയപരിപാടികളും അവര്‍ഗീയ കാഴ്ചപ്പാടും മാനവിക സമീപനവും അഴീക്കോടിന് മനസ്സിലാകുംവിധം വിശദീകരിച്ചു. അവരുടെ സംസാരം കേരളീയവും ദേശീയവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളിലൂടെ കടന്നു പോയി. ഉസ്മാന്‍ സാഹിബിന്റെ സംസാരത്തില്‍ ആകൃഷ്ടനായ സുകുമാര്‍ അഴീക്കോട് വിദ്യാഭ്യാസ യോഗ്യതയും തൊഴിലുമൊക്കെ ചോദിച്ചറിഞ്ഞു. കേവലം ഏഴാം ക്ലാസുകാരനാണെന്നും ബസ്സ് ഡ്രൈവറാണെന്നും അറിയിച്ചപ്പോള്‍ അദ്ദേഹം അത്ഭുതസ്തബ്ധനായി ചോദിച്ചു: ''എന്നിട്ട് എങ്ങനെയാണ് എല്ലാ വിഷയങ്ങളെയും സംബന്ധിച്ച് ഇത്ര അഗാധവും സൂക്ഷ്മവുമായ അറിവുണ്ടായത്?''
ജമാഅത്തെ ഇസ്‌ലാമിയുടെ പുസ്തകങ്ങളും പ്രബോധനവും വായിച്ചും അതിന്റെ വാരാന്ത യോഗങ്ങളില്‍ പങ്കെടുത്തും ചര്‍ച്ച നടത്തിയുമാണെന്ന് അറിയിച്ചപ്പോള്‍ അഴീക്കോട് മാസ്റ്റര്‍ ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ചും വരാന്ത യോഗങ്ങളെപ്പറ്റിയും സ്റ്റഡീസെന്ററുകളെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു.
രാത്രി പാലായിലെ ക്രൈസ്തവ അരമനയിലെത്തിയ അഴീക്കോട് മാസ്റ്റര്‍ ഉസ്മാന്‍ സാഹിബിനെ കൂടെ ഭക്ഷണത്തിന് ഇരുത്തുകയും വളരെ അത്ഭുതത്തോടെ ഉസ്മാന്‍ സാഹിബിനെ ബിഷപ്പിന് പരിചയപ്പെടുത്തുകയും ചെയ്തു. കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെയും അത് സാധാരണക്കാരെ വലിയ പണ്ഡിതന്മാരാക്കി മാറ്റുന്നതിനെയും സംബന്ധിച്ചു സംസാരിച്ചു. അന്ന് രാത്രി അവര്‍ ഒന്നിച്ച് പാലായിലെ ബിഷപ്പിന്റെ അരമനയിലുറങ്ങി. പിറ്റേന്നാള്‍ വിദ്യാര്‍ഥികളുടെ പരിപാടിയില്‍ സുകുമാര്‍ അഴീക്കോട് പങ്കെടുത്തു. വിരലിലെണ്ണാവുന്നവര്‍ മാത്രമുള്ള കൊച്ചു പരിപാടിയായിരുന്നു അത്. അത് കഴിഞ്ഞ ഉടനെ ഉസ്മാന്‍ സാഹിബ് അഴീക്കോട് മാസ്റ്ററെ തൃശൂരിലും പിന്നീട് മലപ്പുറത്തും എത്തിച്ചു. കൃത്യസമയത്താണ് സമ്മേളന നഗരിയിലെത്തിയത്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന മഹാ സമ്മേളനമാണ് അഴീക്കോടിന് കാണാന്‍ കഴിഞ്ഞത്. ഒരു ബസ്സ് ഡ്രൈവര്‍ ഇത്രയും വിശാലമായ പരിജ്ഞാനമുള്ള ആളാണെങ്കില്‍ മറ്റുള്ളവരൊക്കെ എത്ര വലിയ പണ്ഡിതന്മാരായിരിക്കുമെന്ന ചിന്ത അദ്ദേഹത്തെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധനാക്കി. അത് പ്രസംഗത്തില്‍ പ്രകടമാകുകയും ചെയ്തു. തന്റെ പ്രഭാഷണ പരാജയം തുറന്ന് പറഞ്ഞുകൊണ്ടാണ് അഴീക്കോട് മാസ്റ്റര്‍ സംസാരം ആരംഭിച്ചതുതന്നെ. ''എന്റെ മുമ്പിലുള്ള ഈ മനുഷ്യ മഹാപാരാവാരം തന്നെ അമ്പരപ്പിച്ചു കളഞ്ഞിരിക്കുന്നുവെന്നും മൂന്നു പതിറ്റാണ്ടിലേറെയായി പ്രസംഗിച്ചു നടക്കുന്ന എനിക്ക് ആദ്യമായുണ്ടാവുന്ന പ്രഭാഷണ പരാജയമാണിതെന്നും'' അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടക്ക് വള്ളത്തോളിന്റെ കവിത ചൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ ആദ്യഭാഗം മറന്നു. അതെകുറിച്ച് അഴീക്കോട് മാസ്റ്റര്‍ പറഞ്ഞതിങ്ങനെ: ''ഞാന്‍ പറഞ്ഞില്ലേ ഈ സദസ്സ് എന്നെ അമ്പരപ്പിച്ചിരിക്കുന്നുവെന്ന്... സാധാരണ കവിതയൊന്നും മറക്കുന്ന ആളല്ല ഞാന്‍.''
അഴീക്കോട് മാസ്റ്ററും എന്‍.പി മന്മദനും റവറന്റ് മാര്‍ അപ്രേമും അടിയാറും കെ.പി കമാലുദ്ദീനും പങ്കെടുത്ത ചര്‍ച്ച. സമ്മേളനം 19-ന് ഉച്ചക്കു ശേഷമായിരുന്നു. അന്ന് രാത്രി തന്നെയാണ് എന്റെ പ്രസംഗവുമുണ്ടായിരുന്നത്. 'സാമൂഹ്യ പരിവര്‍ത്തനം: പ്രബോധകന്റെ കാഴ്ചപ്പാട്' എന്നതായിരുന്നു എനിക്ക് നിശ്ചയിക്കപ്പെട്ട വിഷയം. അത്ര വലിയൊരു ജനക്കൂട്ടത്തെ അഭിമുഖീകരിച്ച് നേരത്തെ പ്രസംഗിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നേരിയ ആശങ്കയുണ്ടായിരുന്നു. പതിവുപോലെ അന്നും പ്രസംഗം കേള്‍വിക്കാര്‍ക്കും അല്ലാഹുവിന്റെ ദീനിനും പ്രസ്ഥാനത്തിനും ഉപകരിക്കണമേയെന്ന പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. പ്രസംഗം പൂര്‍ത്തീകരിച്ച് കസേരയിലിരുന്നപ്പോള്‍ ടി.കെ അബ്ദുല്ല സാഹിബ് സന്തോഷം രേഖപ്പെടുത്തി അഭിനന്ദിച്ചത് മനസ്സിന് ആശ്വാസം പകര്‍ന്നു. എന്നാല്‍ അന്നത്തേതുള്‍പ്പെടെ ഏതു പ്രഭാഷണവും എഴുത്തും മറ്റു പ്രവര്‍ത്തനങ്ങളും വിജയിച്ചുവോ പരാജയപ്പെട്ടോ എന്നറിയുക അല്ലാഹുവിനു മാത്രമാണ്. അവങ്കല്‍ സ്വീകാര്യമായി പ്രതിഫലാര്‍ഹമാകുന്നതു മാത്രമാണ് വിജയിക്കുന്നത്. അല്ലാത്തതൊക്കെയും തികഞ്ഞ പരാജയവും നാശനിമിത്തവും തന്നെ, തീര്‍ച്ച. അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നാണ് പ്രാര്‍ഥന

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top