സ്വപ്നങ്ങള്‍ക്കു നിറംകൊടുക്കുമ്പോള്‍

നൂറുദ്ദീന്‍ ചേന്നര No image

ഒരുവട്ടം കൂടി പഴയ കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാനായെങ്കിലെന്ന് പ്രായമായവര്‍ കൊതിക്കുന്നു. ഇതിനെ ഗൃഹാതുരത്വം എന്ന് പറയാറുണ്ട്. വീടുവിട്ടവനെ വീട്ടിലെ ചിന്തകള്‍ അലട്ടിക്കൊണ്ടിരിക്കുക എന്നതാണതിന്റെ ഉദ്ദേശ്യം. നഷ്ടസ്മൃതികളില്‍ മുഴുകിയിരിക്കുന്നതും മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തുന്നതും ഈ കാല്‍പനികപ്രവണതയാണ്.
എന്നാല്‍ സ്വപ്നങ്ങള്‍ താലോലിച്ചുനടക്കുന്ന കൗമാരമനസ്സ് വ്യാപരിക്കുന്നത് പലപ്പോഴും ഇതിന്റെ വിപരീതദിശയിലാണ്. കാല്പനികമായ ഇതിലെ നായകന്‍/നായിക ഒരിക്കലും ദുരന്തകഥാപാത്രമാവില്ല, പരാജയപ്പെടില്ല. സ്വപ്നങ്ങളിലൂടെ വിജയിച്ച് മുന്നേറിക്കൊണ്ടിരിക്കും.
ഞാനാരായിത്തീരണം എന്ന ചോദ്യത്തിന്റെ അന്വേഷണമോ ഉത്തരമോ ആയിരിക്കും മനോരാജ്യങ്ങള്‍. ആ സങ്കല്‍പക്കൊട്ടാരങ്ങളില്‍നിന്ന് യാഥാര്‍ഥ്യലോകത്തേക്ക് വരുമ്പോള്‍ പല പ്രതിസന്ധികളും നേരിടേണ്ടി വരും. സ്വപ്നങ്ങളില്‍ ചിലത് മാറ്റിവെക്കേണ്ടി വരും. നടക്കാതെ പോകുമെന്ന് ബോധ്യമാവുമ്പോള്‍ അവ വേദനയോടെ വഴിയിലുപേക്ഷിക്കുന്നു. ഇല്ലെങ്കില്‍ മുന്നോട്ടുള്ള യാത്രയില്‍ നമുക്കത് ഭാരമായിത്തീരും.
എന്നാല്‍ ചിലര്‍ സ്വപ്നങ്ങള്‍ക്കൊത്ത് അത് നേടിയെടുക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുന്നവരായിരിക്കും. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് ഒടുവില്‍ താന്‍ ആഗ്രഹിച്ച ലോകത്തെത്തിച്ചേരുന്നവരാണ് അവര്‍.
ഭാവി സങ്കല്‍പങ്ങള്‍
യാഥാര്‍ഥ്യബോധത്തോടെയായിരിക്കണം നാം ഭാവിസ്വപ്നങ്ങള്‍ നെയ്യേണ്ടത്. നമ്മുടെ കഴിവുകള്‍ നാം തിരിച്ചറിയണം. ആദ്യമായി ഞാനാരാണ് എന്ന ചോദ്യം സ്വയം ചോദിക്കുക. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍, ഏറെ അംഗീകാരം ലഭിച്ച നിമിഷങ്ങള്‍, നമുക്കുണ്ടെന്നു കരുതുന്ന കഴിവുകള്‍ തെളിയിക്കാന്‍ കിട്ടിയ അവസരങ്ങള്‍, മറ്റുള്ളവരുടെ പ്രതികരണം, നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ എന്നിവ ജീവിതവുമായി ബന്ധപ്പെടുത്തി നന്നായി വിലയിരുത്തണം.
കൗമാരം പിന്നിടുമ്പോഴേക്കും നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് മൂര്‍ത്തരൂപം കൊടുക്കേണ്ടതുണ്ട്. ഭിന്നമായ കഴിവുകളും യത്‌നങ്ങളും ആ ലക്ഷ്യം നേടിയെടുക്കുന്നതിലേക്ക് തിരിച്ചുവിടുക. കൃത്യമായ ലക്ഷ്യം നിര്‍ണയിക്കാനാവാത്തവര്‍ക്ക് തന്റെ സമയവും അധ്വാനവും വേണ്ടവിധം വിനിയോഗിക്കാന്‍ കഴിയില്ല. ലക്ഷ്യം നിര്‍ണയിക്കുന്നതിലുള്ള അലംഭാവത്തിന്റെ ഫലമായാണ് പലപ്പോഴും പഠനത്തില്‍ താല്‍പര്യമില്ലാതാവുന്നത്. പല കാര്യങ്ങളില്‍ താല്‍പര്യവും അഭിരുചിയും കഴിവും പ്രകടിപ്പിക്കുന്നവര്‍ക്ക് ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടണമെന്നില്ല. കാരണം, അവരില്‍ പലരും അത്യുത്സാഹത്തോടെ വ്യത്യസ്ത കാര്യങ്ങളില്‍ മുഴുകിയിരിക്കുകയാവും. സമയവും ഊര്‍ജവും പല കാര്യങ്ങളിലേക്കായി ചിതറിപ്പോവുന്ന അവസ്ഥയായിരിക്കും. എല്ലാം ശ്രദ്ധിക്കുന്നതിനാല്‍ ഒന്നിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ഇത്തരക്കാര്‍ക്ക് പറ്റിയെന്നു വരില്ല. ഇത്തരം പ്രതിഭകള്‍ കൗമാരകാലം വരെ എല്ലായിടത്തും നിറഞ്ഞുനില്‍ക്കും. പിന്നീട് എവിടെയും വേണ്ടത്ര തിളങ്ങാന്‍ കഴിയാതെ വരും. അപൂര്‍വം ചിലര്‍ തങ്ങളുടെ പ്രതിഭാവിലാസം കൊണ്ട് ചില മേഖലകളില്‍ മുന്നേറിയെന്നുവരാം. എങ്കിലും ആസൂത്രണത്തിന്റെയും അനുശീലനത്തിന്റെയും കുറവ് പലരിലും മുഴച്ചുനില്‍ക്കും.
ഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പെടുത്ത ശേഷം എം.എ മലയാളത്തിനും ലിറ്ററേച്ചറിനും സൈക്കോളജിക്കുമൊക്കെ ചേരുന്നവരുണ്ട്. ബി.എ എക്കണോമിക്‌സ് തട്ടിമുട്ടി പാസായി എം.എ മലയാളത്തില്‍ ഫസ്റ്റ് ക്ലാസ് വാങ്ങുന്നവരുമുണ്ട്. ചിലപ്പോള്‍ ഇങ്ങനെ മറുകണ്ടം ചാടാന്‍ പറ്റാത്ത അവസ്ഥയിലെത്തുമ്പോഴായിരിക്കും തിരിച്ചറിവുണ്ടാവുക. അപ്പോള്‍ പിന്നെ വിഷമത്തോടെ യാത്ര തുടരുകയേ നിര്‍വാഹമുള്ളൂ.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയശേഷം മലപ്പുറത്തെ പ്രശസ്തമായ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റിയില്‍ പഠനത്തിനു ചേര്‍ന്ന ഒരു വിദ്യാര്‍ഥിയെ അറിയാം. സയന്‍സ് ഗ്രൂപ്പെടുത്തു പഠിക്കാമായിരുന്നിട്ടും ആ തീരുമാനത്തില്‍നിന്നും അവന്‍ വിട്ടുനിന്നു. അവന്റെ ലക്ഷ്യം ഐ.എ.എസ് ആയിരുന്നു. അവന്റെ പിതാവിന്റെ ആഗ്രഹം ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കണമെന്നും. ഭാവിയില്‍ പ്രയോജനമില്ലാത്ത കോഴ്‌സ് പഠിച്ച് മറ്റൊരാളുടെ അവസരം മുടക്കുന്നതെന്തിനാ? തന്റെ ലക്ഷ്യത്തിന് ഹ്യൂമാനിറ്റീസ് ധാരാളമാണല്ലോ എന്ന നിലപാടായിരുന്നു ആ വിദ്യാര്‍ഥിയുടേത്. ഒപ്പം പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനും അവന് കഴിഞ്ഞു. യു.പി ക്ലാസ്സുതൊട്ടേ സ്വന്തം അഭിരുചികളെ തിരിച്ചറിയുകയും കൃത്യമായി ലക്ഷ്യനിര്‍ണയം നടത്തി അതിനനുസരിച്ച് സമയവും അധ്വാനവും വിനിയോഗിക്കുകയും ചെയ്ത ഒരു വിദ്യാര്‍ഥിയായിരുന്നു അവന്‍.
സാഹിത്യാഭിരുചിയും നല്ല ഭാഷാപ്രാവീണ്യവുമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനി ഹയര്‍സെക്കണ്ടറിതലത്തില്‍ സയന്‍സ് ഗ്രൂപ്പാണെടുത്തത്. ഒരു വനിതാകോളേജില്‍ പഠിച്ച അവള്‍ക്ക് പക്ഷേ, പരീക്ഷയില്‍ വേണ്ടത്ര തിളങ്ങാനായില്ലെങ്കിലും ഇപ്പോള്‍ നാട്ടിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഉത്സാഹത്തോടെ പഠിക്കുന്നു.
ജേര്‍ണലിസത്തിന് കഴിവും താല്‍പര്യവുമുള്ളപ്പോള്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്‍ട്രന്‍സിന് ചേര്‍ന്നാല്‍ ആവശ്യത്തിന് ടെന്‍ഷനും പിന്നെ ഒന്നുരണ്ടു വര്‍ഷം പോയിക്കിട്ടുമെന്ന മെച്ചവുമുണ്ട്. വീട്ടിലിരുന്നുപോലും പല കോഴ്‌സുകളും ചെയ്യാന്‍ കഴിയുന്ന, അക്കാദമികമല്ലാതെയും അനേകം പഠനമേഖലകളിലൂടെയും മുന്നേറാന്‍ കഴിയുന്ന ഒരു കാലത്താണ് ജീവിക്കുന്നതെന്ന് പലപ്പോഴും നാം മറന്നുപോവുകയാണ്.
നമ്മുടെ ലക്ഷ്യനിര്‍ണയത്തെ ആരാണ് തെറ്റിച്ചുകളയുന്നത്? രക്ഷിതാക്കളെയും സമൂഹത്തെയും വ്യവസ്ഥിതിയെയും കുറ്റം പറയാന്‍ വരട്ടെ. കൃത്യമായ അഭിപ്രായമില്ലാതാവുമ്പോഴല്ലെ, രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരുന്നത്? സ്വയം കരിയറിസത്തില്‍ നിന്ന് മോചനം നേടാതെ സമൂഹം തന്റെ മേല്‍ അന്ധമായ കരിയര്‍ സങ്കല്‍പങ്ങള്‍ അടിച്ചേല്‍പിക്കുന്നുവെന്ന് വിലപിക്കുന്നതിലര്‍ഥമുണ്ടോ? ജീവിതസുഖങ്ങളോടുള്ള ആസക്തിയും ഭാവിയെക്കുറിച്ച അമിതമായ ഉല്‍കണ്ഠയും നമ്മളിലും നിറഞ്ഞുനില്‍ക്കുന്നില്ലേ?
നമ്മെ നാം തന്നെ നിര്‍ണയിക്കണം. നമ്മുടെ ശക്തി നാം തന്നെ അറിയണം. നമ്മുടെ ലക്ഷ്യം കൃത്യമായിരിക്കട്ടെ. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങണം. തീരുമാനങ്ങളുടെ യുക്തി മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയണം. അല്‍കെമിസ്റ്റ് എന്ന പ്രശസ്തമായ നോവലില്‍ പറയുന്നപോലെ, നാം ഒരു കാര്യം നേടാന്‍ ദൃഢനിശ്ചയം ചെയ്താല്‍ പ്രകൃതിമുഴുവന്‍ ആ കാര്യത്തില്‍ നമ്മെ സഹായിക്കുന്നതിനായി ഗൂഢാലോചനകളിലേര്‍പ്പെട്ടുകൊണ്ടിരിക്കും.
ഭാവി എന്നത് നമ്മുടെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒന്നാണ്. ജീവിതമെന്നതോ, നാമീ കാണുന്ന ജീവിതത്തിനപ്പുറത്തേക്കും നീണ്ടു കിടക്കുന്നതും. അപ്പോള്‍ നമ്മുടെ ലക്ഷ്യവും ജീവിതത്തിനപ്പുറത്തേക്ക് കടക്കണം. അപ്പോഴാണ് ധര്‍മബോധമുള്ള എന്‍ജിനീയറും കരുണയുള്ള ഡോക്ടറും നീതിമാനായ ഉദ്യോഗസ്ഥനും സത്യസന്ധനായ പത്രപ്രവര്‍ത്തകനും മനുഷ്യത്വമുള്ള ശാസ്ത്രജ്ഞനുമുണ്ടാകുന്നത്.
നമ്മുടെ ഭാവി നമ്മുടെ മാത്രം തീരുമാനപ്രകാരമല്ല രൂപപ്പെടുന്നതെന്ന കാര്യം മറന്നുപോകരുത്. ഭൂമിയിലെ എല്ലാ തീരുമാനങ്ങള്‍ക്കും ചുവടെ, മറ്റൊരാളുടെ കൈയൊപ്പുണ്ട്. സ്രഷ്ടാവായ ദൈവത്തിന്റെ. അതിനാല്‍ ഒന്നിനെക്കുറിച്ചും അമിതമായ ഉല്‍കണ്ഠ വേണ്ട. പരിശ്രമത്തോടൊപ്പമുള്ള പ്രാര്‍ഥന. കൗമാരത്തിന്റെ ആഘോഷത്തിമിര്‍പ്പിലും ദൈവത്തിന്റെ സ്‌നേഹസ്വരത്തിന് ചെവികൊടുക്കുക. ചിലപ്പോള്‍ ആ ആഘോഷത്തിമിര്‍പ്പില്‍ മതിമറന്ന് നാമെടുക്കുന്ന ചില പക്വതയില്ലാത്ത തീരുമാനങ്ങള്‍ നമ്മുടെ ഭാവിജീവിതത്തിലാകെ കരിനിഴല്‍ വീഴ്ത്തിയേക്കാം. അതിനാല്‍ യാത്രയില്‍ ഏറെ ജാഗ്രത പുലര്‍ത്തുക. നേടിയെടുക്കാനുള്ള ലക്ഷ്യത്തെക്കുറിച്ച് എപ്പോഴും ബോധവാന്മാരാവുക.
എല്ലാം നാമുദ്ദേശിക്കുന്ന രീതിയില്‍ത്തന്നെ നീങ്ങണമെന്നില്ല. അങ്ങനെ വന്നാല്‍ നിരാശരാവാതിരിക്കുക. ഭാവിയെക്കുറിച്ച സ്വപ്‌നങ്ങളിലഭിരമിച്ച് മുന്നോട്ടുപോകുന്ന ജീവിതനൗക യാഥാര്‍ഥ്യങ്ങളുടെ മഞ്ഞുമലകളില്‍ തട്ടുമ്പോള്‍ പലര്‍ക്കും നിയന്ത്രണം നഷ്ടപ്പെടുന്നു. ജോലിയെക്കുറിച്ച സങ്കല്‍പങ്ങള്‍, ഭാവിവരനെക്കുറിച്ചും വധുവിനെക്കുറിച്ചുമുള്ള സങ്കല്‍പങ്ങള്‍, വീടിനെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തുടങ്ങിയവയുടെ കുഴപ്പം എത്ര മനോഹരമാണെങ്കിലും അവ സങ്കല്‍പങ്ങളാണെന്നതാണ്. യാഥാര്‍ഥ്യലോകം ഒരിക്കലും അതുപോലെയായിരിക്കില്ല. എത്ര വലിയ ഭാഗ്യം ചെയ്തവര്‍ക്കും സങ്കല്‍പത്തിനും യാഥാര്‍ഥ്യത്തിനുമിടയില്‍ ഒരല്‍പമെങ്കിലും അകലമുണ്ടാവാതിരിക്കാന്‍ വഴിയില്ല. വിവാഹജീവിതത്തിലാണ് ഇത് ഏറ്റവും പ്രതിഫലിക്കുക. മറ്റെല്ലാ കാര്യങ്ങളിലും പിന്നെയും നമുക്ക് പല തെരഞ്ഞെടുപ്പിനും അവസരമുണ്ട്. വിവാഹജീവിതത്തില്‍ ഒരു തിരിച്ചുപോക്ക് അത്ര അഭികാമ്യമല്ലല്ലോ. അതിനാല്‍ സ്വപ്നങ്ങളുടെ ക്യാന്‍വാസില്‍ വര്‍ണങ്ങള്‍ വാരിവിതറാതിരിക്കുന്നതാണ് നല്ലത്. കഴിയുന്നതും യാഥാര്‍ഥ്യങ്ങളുടെ നിറങ്ങളുപയോഗിച്ച് കോറിയിടുക.
വിജയകരമായി മുന്നേറുന്നതിലല്ല, പരാജയത്തില്‍ നിന്ന് കരകയറുന്നതിലാണ് തീരുമാനമെടുക്കാനുള്ള നമ്മുടെ കഴിവ് തെളിയിക്കേണ്ടത്. ആത്മവിശ്വാസവും ദൈവവിശ്വാസവും ഒത്തുചേര്‍ന്ന് നമ്മുടെ രക്ഷക്കെത്തുന്ന നിമിഷങ്ങളാണത്. അങ്ങനെ വരുമ്പോള്‍ ഏത് കപ്പല്‍ച്ചേതത്തിലും സ്വപ്നനായകന്‍ ദുരന്തകഥാപാത്രമാവാതെ നീന്തി കരപറ്റും.
ജീവിതം സുന്ദരമാണ്. പക്ഷേ, ശുഭാപ്തിവിശ്വാസമുള്ളവര്‍ക്കേ അത് ആസ്വദിക്കാനാവൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top