മോഹമരങ്ങള്‍ / കഥ

ജയശ്രീ കിഷോര്‍ No image

നിറം മങ്ങിയ ഗോവണിയിലൂടെ യാന്ത്രികമായി താഴേക്ക് ഇറങ്ങിപ്പോവുകയാണ് വീണ്ടും താന്‍. ദിവസവും നിരവധി പേര്‍ കയറിയും ഇറങ്ങിയും പോകുന്ന കോടതിയുടെ കാലങ്ങള്‍ പഴക്കമുള്ള തടികൊണ്ട് പണിത ചവിട്ടുപടി. നിരപരാധികളായി കയറിപ്പോകുന്ന ചിലര്‍.
കുറ്റവാളികളായി ഇറങ്ങിപോകുന്ന ചിലര്‍.
കറുത്ത കോട്ടണിഞ്ഞ നീതിപീഠം. സത്യം കണ്ടില്ലെന്ന് നടിക്കുന്ന നീതി ത്രാസ്സ് ഏന്തി കണ്ണുകള്‍ മൂടിക്കെട്ടി ക്കന്ന വനിത. യുവര്‍ ഓണറും, ഒബ്ജക്ഷനും പ്രൊസീഡും കേട്ട് കേട്ട് എത്രയോ നാളായി തന്റെ ചെവികള്‍ തഴമ്പിച്ചു പോയിരുന്നു.
കോടതി വരാന്തയുടെ തൂണും ചാരി പതിവുപോലെ വക്കീല്‍ ഗുമസ്തന്‍ കൈമടക്കിന് കാത്തുനില്‍ക്കുന്നു. കേസ് പത്ത് കൊല്ലത്തിന് മുമ്പ് തുടങ്ങുമ്പോള്‍ ഇരുപത്തിയഞ്ചു രൂപയില്‍ തുടങ്ങിയതാ. അതിപ്പോള്‍ ഇരുനൂറ്റി അമ്പതു രുപയായി.
അടുത്തേക്ക് നടന്നെത്തിയപ്പോള്‍ ഗുമസ്തന്റെ സ്തിരം പല്ലവി. ''കേസ് മാറ്റിയതു നന്നായി. ഈ കോടതി മാറും. ഇയാള്‍ ഇത്തിരി തണ്ടനാ. അറുത്തുമുറിച്ചു വിധി പറയും. കീഴ്‌മേല്‍ നോക്കത്തില്ല.
ഫോണ്‍ നമ്പറ് മാറ്റമില്ലല്ലോ. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം''
തനിക്ക് ഒന്നും മിണ്ടാനാകുന്നില്ല. മിണ്ടിയിട്ട് കാര്യമില്ല. കൈയില്‍ കരുതിയ രൂപ നീട്ടി. അതറിയാത്ത പോലെ വാങ്ങി അയാള്‍ ഇത്രയും പറഞ്ഞു: ''വലിയ വക്കീലിന് ഇപ്പോ പഴയതുപോലെ ഓര്‍മ നില്‍ക്കുന്നില്ല. വേണമെങ്കില്‍ നമുക്ക് കേസ് കുറച്ചു കൂടി ചെറുപ്പക്കാര്‍ക്ക് കൊടുക്കാം.''
''ആ... ഞാന്‍ പറയാം.'' എനിക്ക് വല്ലാത്ത നിസ്സംഗത തോന്നി.
കോടതി വരാന്തയിലൂടെ നടന്നു. പരിചിതമായ വഴികള്‍. പരിചയമില്ലാത്ത പുതിയ മുഖങ്ങള്‍. വാകമരങ്ങള്‍ പൂത്തു നില്‍ക്കുന്ന വഴിത്താരയിലൂടെ നടന്നു.
മനസ്സ് കത്തുന്നു. കത്തിപ്പുകയുന്നു. ആഴത്തില്‍ ഓര്‍മകള്‍ ഉറങ്ങുന്നു. എന്തിനാണ് കഴിഞ്ഞ എട്ട് ഒമ്പത് വര്‍ഷങ്ങളായി താന്‍ ഈ കോടതിയില്‍ കയറിയിറങ്ങുന്നത്? ഈ വാകമരത്തിന്റെ തണല്‍ തേടി നടക്കുന്നത്?
താന്‍ ആര്?
ഭാര്യ- അമ്മ- അതിനുമുമ്പ് ബാലുവിന്റെ എല്ലാം... എല്ലാം...
പിന്നെ-
എപ്പോഴാണ് താന്‍ ബാലുവിന്റെ ഒന്നുമല്ലാതായി ത്തീര്‍ന്നത്?
അമലുവിനെ പ്രസവിച്ച ശേഷമോ?
ആരാ ഈ ബാലു?
എല്ലാം ചോദ്യങ്ങള്‍. ചോദ്യങ്ങളുടെ ശരവര്‍ഷങ്ങള്‍. അതിന്റെ ശരശയ്യ. അവിടെ ജീവന്‍ മാത്രം ബാക്കിയുള്ള ഞാന്‍... ഞാന്‍ എന്ന പ്രമീള... ഞാന്‍ എന്ന ശരീരം.
എന്റെ പ്രേമീ...
എന്തോ!
അങ്ങനെ വിളി കേള്‍ക്കുന്നതായിരുന്നു ബാലുവിന് എന്നും ഇഷ്ടം.
നിസ്സാര കാര്യങ്ങള്‍ക്ക് തല്ലുകൂടുമ്പോള്‍ ബാലു പറയും. എന്റെ പ്രേമീ നിയങ്ങ് ക്ഷമിക്ക്. മദ്യപിക്കുന്ന ശീലം ബാലുവിന് ഇല്ല. എന്നാലും ഒഴിവാക്കാന്‍ പറ്റാത്ത സൗഹൃദ കവിസദസ്സ് വരുമ്പോള്‍ ബാലു വിളിക്കു. ആ വിളി കേള്‍ക്കുമ്പോള്‍ ബാലു വിളിക്കും. ആ വിളി കേള്‍ക്കുമ്പോള്‍ തനിക്ക് മനസ്സിലാകും.
എനിക്കറിയാം ഇന്ന് കവി സദസ്സ് ഉണ്ടാകും. ദേ ബാലു രണ്ട് പെഗ്ഗില്‍ കൂടരുത്. എന്നെയും അമലുവിനെയും പിടിച്ച് സത്യം ചെയ്യ്.
എന്റെ പ്രേമീ. ഇന്ന് ഒരു ദിവസം ഇത്തിരി കൂടിപ്പോയാല്‍ അതിന്റെ പാപം ആര്‍ക്കാ? കഴിയുന്നതും നേരത്തെ ഞാനെത്തും.
ഉറക്കം വന്നാലും എനിക്ക് ബാലുവിനെ കാണാതെ കിടക്കാനാവില്ല. ഉറങ്ങില്ല. ഒപ്പം കിടക്കണം. ആ നെഞ്ചത്തെ രോമത്തില്‍ വിരലോടിച്ച് ഉറങ്ങി ശീലിച്ചു പോയി. ആ വിയര്‍പ്പിന്റെ ഗന്ധം. മുത്തശ്ശി മദ്ധ്യവേനല്‍ അവധിക്ക് ചെല്ലുമ്പോള്‍ പച്ചത്താളി തലയില്‍ തേച്ച് കുളിപ്പിക്കും. കുളത്തില്‍ മുങ്ങിക്കയറുമ്പോള്‍ നടപ്പടിയില്‍ തോര്‍ത്തുമായി നില്‍ക്കും മുത്തശ്ശി. ആ പച്ചത്താളിയുടെ മണമാണ് ബാലുവിന്റെ വിയര്‍പ്പിന്.
ഞാന്‍ പഠിക്കുമ്പോള്‍ ബാലു അധ്യാപകനായിരുന്നു. പെണ്‍കുട്ടികളുടെ പ്രേമഭാജനം. തീപ്പൊരി പ്രസംഗം. ഒഥല്ലോയും ഹാംലെറ്റും കാണാതെ ക്ലാസെെടുക്കുന്ന, സ്വര്‍ണ ഗ്ലാസ്സും കട്ടി മീശയും നേര്‍ത്ത പുഞ്ചിരിയുമുള്ള ബാലു എന്ന കവി. അധ്യാപകന്‍- നിഷേധിയുടെ ശബ്ദം.
ഒരിക്കല്‍ താന്‍ കവിതയെഴുതി തിരുത്താന്‍ കൊടുത്തു. കവിത തിരുത്തിത്തന്നില്ല.
പകരം
ആ ഹൃദയം തന്നു. ഈ ജന്മത്തില്‍ എനിക്ക് വേണ്ടി സ്പന്ദിക്കാന്‍. വിവാഹം കഴിഞ്ഞ് ചെറിയ ഫ്‌ളാറ്റില്‍ കഴിയുമ്പോള്‍ സ്വന്തം വീടിനെക്കുറിച്ച് പറയും. നിറം മങ്ങിയ ഈ സ്‌കൂട്ടര്‍ മാറ്റി കാര്‍ വാങ്ങണം. ഏക്കര്‍ കണക്കിന് സ്വത്തും ധനവുമുണ്ട് ബാലുവിന്റെ അച്ഛന്. ബാലുവിന്റെ അമ്മ മരിച്ചപ്പോള്‍ അച്ഛന്റെ ശാഠ്യത്തിന് മുമ്പില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല ബാലുവിന്. പിന്നെ ബാലു വളര്‍ന്നത് അപ്പച്ചീടെ വീട്ടിലാ.
ഒരപരിചിതനെപ്പോലെ അച്ഛന്‍ ഞങ്ങളുടെ വിവാഹത്തിനു വന്നു പോയി. ഒരിക്കലും എന്നെ ബാലു അച്ഛന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയില്ല. അമലു ജനിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അറിഞ്ഞു അച്ഛന്‍ മരിച്ചെന്ന്.
ആ രാത്രി ബാലു ഉറങ്ങിയില്ല. നെടുവീര്‍പുകളും നിശ്വാസങ്ങളുമായി കഴിഞ്ഞു. ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചില്ല. എനിക്ക് എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നും അറിയില്ലായിരുന്നു.
ബാലു പോകുന്നില്ലേ?
ഇല്ല
അച്ഛന്‍... ഞാനത്രയേ പറഞ്ഞുള്ളൂ.
അതെ, സൃഷ്ടിച്ചതുകൊണ്ടുമാത്രം അച്ഛനാകുമോ. നീ കിടന്നോ. ബാലു കിടക്കയില്‍ എഴുന്നേറ്റിരുന്നു. നേരം വെളുത്തപ്പോ പറഞ്ഞു. പ്രേമീ... നീ പറഞ്ഞത് ശരിയാ... അച്ഛന്‍ പോയി. ആ വഴികള്‍... ഞാനതുവഴി നടന്നിട്ടു വരാം. പിന്നെ മൂന്ന് ദിവസം ബാലുവിനെ കണ്ടില്ല.
ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ ഏകാന്തത എന്നെ വീര്‍പ്പു മുട്ടിച്ചിട്ടില്ല. ബാലുവിനോട് എനിക്കുള്ള സ്‌നേഹം എന്തെന്ന് തിരിച്ചറിഞ്ഞ മൂന്ന് ദിവസം. ഒരു ഫോണ്‍ കോള്‍, ആ ശബ്ദമൊന്ന് കേള്‍ക്കാന്‍ ആ നിഴലൊന്ന് കാണാന്‍.
ഒടുവില്‍ ബാലു വന്നു! കുറെ വീര്‍പ്പുമുട്ടലുകളുമായി- മറ്റൊരു മനുഷ്യനായി. ബാലു എന്നോട് എന്തോ പറയാന്‍ ഭയന്നു. ബാലുവിന് അത് എന്നോട് പറയാന്‍ തന്നെ ബുദ്ധിമുട്ട് ആയിരുന്നു. അറുപത് കഴിഞ്ഞ അച്ഛന്റെ എന്തോ രഹസ്യമാകും ചിലപ്പോള്‍. ഒന്നും അറിയാനുള്ള ആഗ്രഹമുണ്ടായിരുന്നില്ല എനിക്ക്. പക്ഷേ അച്ഛന്റെ മരണ ശേഷം ബാലുവിന് ഉണ്ടായ മാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ ഒരു കവിതയുമെഴുതിയില്ല.
ഏകാന്തമായ നിമിഷങ്ങളില്‍ ചിന്തയിലാണ്ടിരിക്കുന്നു. പകലും മദ്യപിച്ച് തുടങ്ങുന്ന അവസ്ഥയിലേക്ക് ബാലു ചെന്നു ചേര്‍ന്നപ്പോള്‍ വേദനിപ്പിക്കാതെ എന്തെങ്കിലുമൊന്ന് പറയാന്‍ തുടങ്ങുമ്പോള്‍ ഒരഗ്നിപര്‍വതം പോലെ പൊട്ടിത്തെറിക്കുന്ന ബാലു എന്നെ കുറച്ചേറെ കരയിച്ചിട്ടുണ്ട്.
ഒന്നും പറയാതെ എങ്ങോട്ടെങ്കിലും പോവുക. ഒന്ന് ഫോണില്‍പോലും വിളിക്കാതിരിക്കുക. എനിക്ക് അറിയാത്ത ഒരു രഹസ്യത്തിലേക്ക് ബാലു യാത്ര ചെയ്യുകയാണെന്ന് തോന്നി.
അമലുവിനെ ജീവനോളം സ്‌നേഹിച്ച ബാലു അവളുടെ സാമീപ്യംപോലും ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെയും.
എനിക്കറിയാത്ത ചില സുഹൃത്തുക്കള്‍. ഒറ്റ നോട്ടത്തില്‍ അവരെ കണ്ടാല്‍ അറിയാം ബാലുവിന്റെ നിലക്കും വിലക്കും ഒരു തരത്തിലും യോജിക്കാത്തവര്‍. സഹിക്കുന്നതിന്റെ ഒരളവ് കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് വിവരം പറഞ്ഞു.
അമ്മ കരയുന്നത് ആദ്യമായി കാണുകയായിരുന്നു ഞാന്‍... അച്ഛന്റെ ശരീരം നിലത്തു കിടത്തിയപ്പോള്‍ പോലും ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാത്ത അമ്മ. വീണുടഞ്ഞുപോയ ഒറ്റ മകളുടെ ജീവിതത്തെക്കുറിച്ച് ഓര്‍ത്തു കരയുന്നു...
പിന്നെ ബാലു ജോലി രാജിവെച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയതറിഞ്ഞു. മദ്യപിച്ച് റോഡില്‍ കിടക്കുന്നതായി ഫോണ്‍ ചെയ്തത് പലരും പറഞ്ഞു. ചെക്ക് കേസില്‍ പ്രതിയായി ഒളിവില്‍ പോയി. ഞാന്‍ അമലുവിനേയും കൂട്ടി വീട്ടിലേക്ക് പോയി. മോഹങ്ങള്‍ പൂക്കാത്ത മരമായി. ശിഖരങ്ങള്‍ ഇല്ലാത്ത, അടിവേര് ബലം വെക്കാത്ത ഏതു നിമിഷവും മണ്ണില്‍ വീഴാന്‍ നില്‍ക്കുന്ന ഒരു മോഹമായി തീര്‍ന്നു ഞാന്‍.
വിവാഹമോചനത്തിന് നിര്‍ബന്ധിച്ചു അമ്മയുടെ കുടുംബം.
ഇല്ല, മറ്റൊരു വിവാഹമില്ല.
അമലു...
അവളെ വളര്‍ത്തണം. പഠിപ്പിച്ച് ഉയര്‍ന്ന നിലയിലെത്തിക്കണം. അതിന് ചെറിയ ജോലി തരപ്പെടുത്തണം. നാട്ടിലുള്ള വസ്തുക്കള്‍ വില്‍ക്കുന്നില്ല. ഒരു സ്‌നേഹിക്കുന്ന ചെറുപ്പക്കാരന് അവളെ വിവാഹം ചെയ്തുകൊടുക്കണം.
പിന്നെയൊരു ഓട്ടമായിരുന്നു... ജീവിക്കാന്‍ യൗവ്വനം പൂത്തു കൊഴിയുകയാണ്. ആണുങ്ങളുടെ അറപ്പിക്കുന്ന നോട്ടങ്ങള്‍. വെറുപ്പിക്കുന്ന ചോദ്യങ്ങള്‍.
സ്‌നേഹവും അതിനപ്പുറത്തെ ഇഷ്ടങ്ങളും പറഞ്ഞ് അടുത്തു കൂടിയവര്‍. വേണ്ട. ഈ ശരീരവും മനസ്സും ബാലുവിന് നല്‍കിയതാണ്. ഈ ശരീരത്തിലെ ബോധം നശിക്കുന്നതുവരെ അത് വേറെ ആര്‍ക്കും നല്‍കാനാവില്ല.
അമ്മയുടെ മരണം.
പിന്നെ,
മരണങ്ങളുടെ ഘോഷയാത്ര.
ബാലുവിനെ പലയിടത്തും കണ്ടതായി അറിഞ്ഞു. പലരും പറഞ്ഞിട്ടും അത് സത്യമാകരുതേ എന്ന് ആഗ്രഹിച്ചു. അറിയാതെ ഒഴുകിപ്പോകുന്ന കണ്ണുനീര്‍ ഒരു വലിയ സമുദ്രമായി. ഒരിക്കല്‍ ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോള്‍ മുമ്പില്‍ ഒരു പെണ്ണു നില്‍ക്കുന്നു. ഒറ്റ നോട്ടത്തില്‍ ഏതു പുരുഷനും ശ്രദ്ധിക്കുന്ന ചെറുപ്പക്കാരി.
ബാലു സാറില്ലേ!
ആ ചോദ്യത്തില്‍ നിന്ന് ബാലുവിന് അവളോടുള്ള സ്വാതന്ത്ര്യം തിരിച്ചറിഞ്ഞു. പ്രൈവറ്റ് ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിന് സമയം വളരെ വിലപ്പെട്ടതായതുകൊണ്ട് ഞാന്‍ പറഞ്ഞു.
എനിക്ക് ഓഫീസിലെത്താന്‍ നേരമായി. ബാലു എവിടെയാണെന്ന് അറിയില്ല. ഞാനിറങ്ങട്ടെ.
അവളുടെ മുമ്പില്‍ നിന്ന് അമലുവിനെയും കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അവളുടെ വാക്കുകള്‍ കേട്ട് സ്തംഭിച്ചു പോയി.
'ബാലുസാറിനെ കണ്ടിട്ട് കുറച്ച് ദിവസമായി. എനിക്ക് കണ്ടേ പറ്റൂ. ഇല്ലെങ്കില്‍ ഞാന്‍ എന്റെ വഴി നോക്കും. നിങ്ങളുടെ കുടുംബവും നാറും. എന്തിന് ബാലുസാറിന്റെ ഈ കുട്ടിയില്ലേ, അവള്‍ക്ക് പോലും ഒരു നല്ല വിവാഹം കിട്ടില്ല.'
കാല്‍ മുമ്പിലേക്ക് വെക്കാന്‍ പറ്റിയില്ല. ബാലുവിനെ വെറുത്തുപോയ രാത്രികള്‍... പകലുകള്‍... അവള്‍ ആരാണെന്ന് ഞാന്‍ ചോദിച്ചില്ല.
കോടതി... വിവാഹമോചനം. ബാലുവിന്റെ അച്ഛന്റെ സ്വത്തുക്കള്‍. ഒരുതരം പകയായിരുന്നു എനിക്ക് ബാലുവിനോട്. ഞാന്‍ സ്‌നേഹിച്ചതിന്റെ നൂറിരട്ടി പക. ഒന്ന് നശിച്ച് കാണാനുള്ള കോപം. ശാപങ്ങള്‍. അയാള്‍ നിലത്തു ബോധത്തോടെ കിടന്നു കാണാനുള്ള ഒരുതരം ഭ്രാന്തമായ അവസ്ഥ.
വക്കീല്‍ പറഞ്ഞു പഠിപ്പിച്ച കെട്ടിച്ചമച്ച കഥകള്‍. ദിവസങ്ങള്‍ കഴിയുംതോറും ബാലുവിന്റെ കരുത്തു ചോര്‍ന്നു പോകുന്നതു ഞാന്‍ കണ്ടു. വിവാഹമോചനത്തിന് കോടതിയില്‍ നില്‍ക്കുമ്പോള്‍ തലയുയര്‍ത്തി നോക്കിയില്ല ബാലു. തലേന്നാള്‍ മദ്യപിച്ചതിന്റെ ഗന്ധം വിട്ടുപോയിട്ടില്ലെന്ന് ഗുമസ്ഥന്‍ വന്ന് പറഞ്ഞു. എന്തിന്, എന്തിന് എന്റെ ബാലു ഇങ്ങനെയായി.
ആര്‍ക്കും ആരോടും ഒന്നും ഉത്തരം പറയാന്‍ നേരമില്ലാത്ത ലോകം. ഒരുകോംപ്രമൈസ് കോടതി പറഞ്ഞപ്പോള്‍ എനിക്ക് ഈ വൃത്തികെട്ട മനുഷ്യനോട് സംസാരിക്കേണ്ട എന്ന് പറഞ്ഞു.
വിവാഹമോചനം തന്ന കോടതി ബാലുവിനെ ശാസിച്ചപ്പോഴും നിര്‍ജീവമായി നിന്നു ബാലു. പിന്നെ തളര്‍ന്ന് ഇറങ്ങി ആടിയുലഞ്ഞ് കോടതി വരാന്തയിലൂടെ നടന്നു പോയി.
ഇപ്പോള്‍ കാലം വേഗത്തില്‍ ഓടിപ്പോയിരുന്നു. ബാലുവിനെ മരണം വരെ വേദനിപ്പിക്കുകയെന്ന ഒരു തരം മനോരോഗമായിരുന്നു എനിക്ക്. കഥയും കവിതയും മറന്ന ബാലു.
എന്നെയും അമലുവിനെയും മറന്ന ബാലു.
അമലു ഡോക്ടറായി ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ താന്‍ പൊട്ടിത്തെറിച്ചു.
നല്ലവനാണെന്ന് അമ്മ പറഞ്ഞ് കെട്ടിയ അച്ഛന്‍ എവിടെ. അമ്മ ഒന്ന് മനസ്സിലാക്കണം. ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നല്ലതാകാം. ചീത്തയുമാകാം. ഈ ജന്മത്തിന് ഒരു ഗ്യാരണ്ടിയുമില്ല. വിധി എന്താണെന്നു വെച്ചാല്‍ അതേ നടക്കൂ...
അവളുടെ വാക്കുകള്‍ക്ക് മറുപടി പറയാനായില്ല. വിവാഹം കഴിഞ്ഞ് അവള്‍ പോയി. സദ്യയുടെ കൂട്ടത്തില്‍ ഭക്ഷണം കഴിക്കാന്‍ ബാലുവുമുണ്ടായിരുന്നുവെന്ന് ആരോ പറഞ്ഞപ്പോള്‍ മനസ്സ് തേങ്ങി. അവസാനത്തെ പന്തിയില്‍ ആരും അറിയാത്ത പോലെ അനാഥര്‍ക്ക് ഒപ്പം വന്നിരുന്നുപോയി. കഴിക്കുന്ന ചോറിലേക്ക് കണ്ണീര്‍ ഇടമുറിയാതെ വീഴുന്നുണ്ടായിരുന്നത്രെ!
ബാലു-
എനിക്ക് ഇപ്പോഴും ആരോ ആകുന്നു. ബാലു കരയുന്നെന്ന് പറയുമ്പോള്‍ എനിക്കു വേദനിക്കുന്നു.
വേണ്ട ഞാന്‍ വായിച്ചു മറന്നു കളഞ്ഞ അധ്യായമാണത്. അക്ഷരത്തെറ്റും അറുബോറന്‍ വാക്കുകളുമുള്ള പുസ്തകത്താളുകള്‍.
കോടതിയിലെ ദിവസങ്ങള്‍... ബാലു വരാതെ മാറ്റിവെച്ച കേസുകള്‍. അച്ഛന്റെ സ്വത്ത്. ബാലു വന്നപ്പോഴൊക്കെ കൊടും ക്രൂരതയോടെ ആ മുഖത്തേക്ക് നോക്കിനിന്നു. അറപ്പോടെ. അപ്പോഴും ഏതോ ഒരു ശാന്തത ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.
ബാലുവിന്റെ അച്ഛന്റെ സ്വത്ത് സംബന്ധിച്ച വിചാരണക്ക് എത്തുമ്പോള്‍ നടുക്കുന്ന സത്യങ്ങള്‍ അറിഞ്ഞു. അച്ഛന്‍ വീട്ടുജോലിക്ക് നിന്ന, മകളുടെ പ്രായം പോലും ഇല്ലാത്ത പെണ്‍കുട്ടിയെ കല്ല്യാണം കഴിച്ചത്രെ! മൂന്ന് വില്‍പത്രം. ഒക്കെ ബാലുവിന്റെ അച്ഛനെ ആ പെണ്‍കുട്ടിയുടെ ക്രിമിനലുകളായ സഹോദരന്മാര്‍ പീഡിപ്പിച്ച് എഴുതി വാങ്ങിയെന്ന സത്യം അറിഞ്ഞപ്പോള്‍ തകര്‍ന്നു തുടങ്ങി ഞാന്‍. വിഷം കഴിച്ചു മരിച്ച അച്ഛന്‍. അറുപത് വയസ്സുള്ള അച്ഛന്‍ ഇരുപത് വയസ്സുള്ള പെണ്ണിനെ കല്ല്യാണം കഴിച്ചിരുന്നു. അവള്‍ക്ക് അച്ഛനില്‍ നിന്ന് ഒരു കുട്ടി ജനിക്കുക.
ബാലു തകര്‍ന്നു തുടങ്ങിയത് അവിടം മുതലാണ്. അച്ഛന്റെ സ്വത്തുക്കള്‍ തിരിച്ചു കിട്ടാന്‍ ബാലു കോടതിയില്‍ പോരാടി. അച്ഛനില്‍ നിന്ന് ഉണ്ടായെന്ന് പറയപ്പെടുന്ന കുട്ടിക്ക് അവകാശപ്പെട്ടതു കൊടുക്കാന്‍ ബാലു തയ്യാറായിരുന്നു. പക്ഷെ ഒന്നിനുമായില്ല. എല്ലാം എന്നില്‍ നിന്ന് മറച്ചു പിടിച്ചു ബാലു. ദുരഭിമാനത്തിന്റെ ഒരുതരം വല്ലാത്ത മാനസികാവസ്ഥ.
അന്ന് വന്ന സ്ത്രീ ബാലുവിന്റെ അച്ഛന്റെ ഭാര്യയായിരുന്നു. ഒറ്റവാക്കില്‍ തീരുന്ന പ്രശ്‌നമായിരുന്നില്ല അത്. ബാലു അവരെ വെറുത്തില്ല. വാര്‍ധക്യത്തില്‍ ഉണ്ടായ ആ കുട്ടിക്ക് ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നു. അവസാനം വെള്ളത്തില്‍ വീണു മരിച്ചുവെന്നും അറിഞ്ഞു. ഇപ്പോള്‍ അവര്‍ എവിടെ എന്ന് അറിയില്ലത്രെ.
ഇത് കഥയല്ല അനുഭവമാണ്.
ഈ ജന്മം മുഴുവന്‍ അനുഭവിച്ച് കൊല്ലാന്‍ താന്‍ ശ്രമിച്ച ബാലുവിന് ഒരപകടത്തില്‍ കാല് നഷ്ടപ്പെട്ടു വെന്ന് അറിഞ്ഞപ്പോള്‍ ദൈവം കൊടുക്കുന്ന ശിക്ഷയാണെന്ന് സമാധാനിച്ചു. പക്ഷെ, എല്ലാ വേദനകള്‍ക്ക് പിന്നിലും ഒരു നടുക്കുന്ന സത്യമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍...
കോടതി വിധിയാണ് ഇന്ന്...
എല്ലാ കേസുകളും ജയിച്ചു താന്‍. ബാലുവിന്റെ അച്ഛന്റെ സ്വത്തുക്കള്‍ മുഴുവന്‍ തനിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വിധി. എല്ലാം പ്രേമി എടുത്തോളൂ എന്ന ബാലുവിന്റെ മുഖഭാവം... കോടതിയില്‍ നിന്ന് മെല്ലെ മെല്ലെ മുടന്തി നടന്നു ബാലു. ഗോവണി ഇറങ്ങുവാന്‍ കൈപിടിയില്‍ പിടിച്ചു നില്‍ക്കുന്നു. ആരോ പിടിച്ചു കയറ്റിയ ഉയരത്തിലേക്കുള്ള ഗോവണിപ്പടികള്‍... താഴേക്ക് ഇറങ്ങാന്‍ ഒരു താങ്ങിനായി നില്‍ക്കുന്നു ബാലു.
യുദ്ധം ജയിച്ച പോരാളിയെപ്പോലെ താന്‍ നിവര്‍ന്നു നടന്നു!
നിന്നു!
തോറ്റയാള്‍ മുമ്പില്‍ താഴേക്ക് ഇറങ്ങാന്‍ നില്‍ക്കുന്നു.
ജയിച്ച ആള്‍ പിന്നിലും.
തന്റെ സാമീപ്യം തിരിച്ചറിഞ്ഞതും മെല്ലെ പൊയ്ക്കാല്‍ എടുത്തു വെച്ചു. ആരോ തന്നെ പിടിച്ചു നിര്‍ത്തുന്നു. കേസ് ജയിച്ച ഗുമസ്തന്‍ ആഹ്ലാദവാനായി എത്തി.
എവിടെനിന്നോ കിട്ടിയ ശക്തിപോലെ ഗോവണിയിറങ്ങി. ബാലുവിനെ കടന്നു. അപ്പോള്‍ ആ ശബ്ദം കേട്ടു തിരിഞ്ഞു. അടുത്ത നിമിഷം ബാലു വീഴാന്‍ തുടങ്ങുന്നു.
അറിയാതെ താങ്ങിപ്പിടിച്ചു പോയി.
ആ കണ്ണുകള്‍ നിറയുന്നു. അത് കണ്ണീരിന്റെ ഹിമപാതമായിരുന്നു.
ബാലു!
തേങ്ങലുകള്‍!
അടക്കാനാവാത്ത ഗദ്ഗദങ്ങള്‍.
തന്റെ തോളത്ത് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തലചായ്ച്ച് നിന്ന് തേങ്ങുന്നു.
കാലം എല്ലാം മറക്കും. ചിലപ്പോള്‍ കാലത്തെപ്പോലും.
ബാലു എല്ലാം ഒന്ന് തുറന്ന് പറഞ്ഞിരുന്നെങ്കില്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു. അന്ന് താനും ബാലുവിനെ അറിയാന്‍ ശ്രമിച്ചില്ല.
പിന്നെ തനിക്ക് ഒന്ന് തോറ്റു കൊടുക്കാമായിരുന്നില്ലേ. ബാലുവിനോട് ഒന്ന് തോറ്റു എന്നു കരുതി നമുക്ക് എന്താ നഷ്ടപ്പെടുന്നത്?
ജീവിതത്തോട് പൊരുതി തോറ്റ രണ്ടു പേര്‍. ഇനി ജയിക്കാന്‍ മുന്‍പില്‍ ഒന്നുമില്ല. മെല്ലെ കൈപിടിച്ച് ഇറക്കി നടത്തി.
ഒരു താങ്ങായി.
ഒന്ന് തളര്‍ന്നു വീണാല്‍ ഒന്നു താങ്ങാന്‍ പരസ്പരം തോറ്റ രണ്ടു പേര്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top