എഴു പെണ്‍കുട്ടികള്‍

റഹ്മാന്‍ മുന്നൂര് / ചിത്രീകരണം നൗഷാദ് വെള്ളിലശ്ശേരി No image

കഥ ഇതുവരെ
അമീര്‍ സലാഹുദ്ദീന്‍ ഈജിപ്തിന്റെ ഗവര്‍ണറും സര്‍വ സൈന്യാധിപനുമായി വരുന്നത് ഈജിപ്ഷ്യന്‍ പ്രതിരോധ സേനക്കും അതിന്റെ തലവനായ അമീര്‍ നാജിക്കും ഇഷ്ടപ്പെട്ടില്ല. കുരിശുപടയുമായി സഹകരിച്ച് അവര്‍ സലാഹുദ്ദീനെതിരെ കലാപം ആസൂത്രണം ചെയ്യുന്നു. നാജി കുരിശു പടക്കയച്ച രഹസ്യ സന്ദേശം പിടിച്ചെടുത്ത സലാഹുദ്ദീന്‍ അദ്ദേഹത്തിന് വധശിക്ഷ നല്‍കി. നാജിയുടെ ക്ഷണപ്രകാരം ഈജിപ്തിനെ അക്രമിക്കാനെത്തിയ കുരിശുപട റോമന്‍ കടല്‍ത്തീരത്ത് നിശ്ശേഷം തകര്‍ക്കപ്പെടുന്നു. കുരിശുപട ചാരപ്രവര്‍ത്തനത്തിനു നിയോഗിച്ച ഏഴുപെണ്‍കുട്ടികള്‍ സലാഹുദ്ദീന്റെ പട്ടാള ക്യാമ്പിലെത്തുകയും രാത്രി സലാഹുദ്ദീന്റെ ഒരു പടയാളിയോടൊപ്പം കെയ്‌റോവിലേക്ക് ഒളിച്ചോടുകയും ചെയ്യുന്നു. അവരെ പിന്തുടര്‍ന്ന് സലാഹുദ്ദീന്റെ രഹസ്യാന്വേഷണ ഓഫീസര്‍ അലിയ്യുബ്‌നു സുഫ്‌യാന്‍ കെയ്‌റോവിലെത്തുന്നു. ഫഖ്‌റുല്‍ മിസ്‌രിയെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി അലിയ്യുബ്‌നു സുഫ്‌യാന്റെ മുമ്പില്‍ ഹാജരാക്കി. മോബി, ബാലിയാന്‍ എന്നിവര്‍ പടത്തലവനോടൊപ്പം ഒളിച്ചോടിയതാണെന്ന വിവരം ലഭിച്ചു. സുഡാനി കലാപം അടിച്ചമര്‍ത്തിയ ശേഷം സലാഹുദ്ദീന്‍ അവര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി.
തുടര്‍ന്ന് വായിക്കുക...

കാഴ്ച: ഇരുപത്
സലാഹുദ്ദീന്റെ അടുക്കല്‍ നിന്നും തിരിച്ചുവന്ന അലിയ്യുബ്‌നു സുഫ്‌യാന്‍ ഉടനെത്തന്നെ ബഹാഉദ്ദീന്‍ ഇബ്‌നു ശദ്ദാദിന് കത്തെഴുതി. കടല്‍ത്തീരത്തെ തടങ്കല്‍ പാളയത്തില്‍ താമസിപ്പിച്ചിരിക്കുന്ന ആറു പെണ്‍കുട്ടികളും അഞ്ച് യുവാക്കളും നാലു കച്ചവട വേഷധാരികളും അടങ്ങുന്ന ചാരസംഘത്തെ കെയ്‌റോവില്‍ എത്തിക്കാനുള്ള നിര്‍ദേശമായിരുന്നു അതിലെ ഉള്ളടക്കം. കത്തുമായി ഒരു ഭടനെ കടല്‍ത്തീരത്തേക്ക് അയച്ച ശേഷം അലിയ്യുബിനു സുഫ്‌യാന്‍, മോബിയെയും അവളോടൊപ്പം ഒളിച്ചോടിയ ബാലിയാന്‍ എന്ന സുഡാനി പടത്തലവനേയും അന്വേഷിച്ചു പുറപ്പെട്ടു. സഹായികളായി ആറ് കുതിരപ്പടയാളികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മരുഭൂമിയിലൂടെ ഏതാനും നാഴിക യാത്ര ചെയ്തപ്പോള്‍ ഒരാള്‍ കുതിരപ്പുറത്ത് തങ്ങളുടെ നേരെ ഓടിവരുന്നത് അവര്‍ കണ്ടു. കണ്ണുകളല്ലാത്ത ശരീര ഭാഗങ്ങളെല്ലാം മൂടിപ്പുതച്ചിരിക്കുന്നു അയാള്‍. അലിയ്യുബ്‌നു സുഫ്‌യാനും സംഘവും കുതിരകളെ നിര്‍ത്തി. വാളുകളുടെ പിടിയില്‍ കൈ മുറുക്കിക്കൊണ്ട് അവര്‍ അയാളെ കാത്തുനിന്നു. കുതിരക്കാരന്‍ അവരുടെ മുമ്പില്‍ എത്തി പുതപ്പ് മാറ്റി മുഖം വെളിപ്പെടുത്തി. അത് ഫഖ്‌റുല്‍ മിസ്‌രിയാണെന്ന് കണ്ട് അലിയ്യുബ്‌നു സുഫ്‌യാന്‍ അത്ഭുതപ്പെട്ടു. വിറച്ചുകൊണ്ട് ഫഖ്‌റുല്‍ മിസ്‌രി പറഞ്ഞു.
ഫ.മി: ഞാന്‍ നിങ്ങളെ പിന്തുടര്‍ന്ന് വന്നതാണ്. ആ ദുഷ്ടനായ ബാലിയാനെയും വൃത്തികെട്ട പെണ്‍കുട്ടിയെയും എനിക്കു കാണണം. രണ്ടു പേരെയും ഈ കൈകള്‍ കൊണ്ട് കൊന്നാലേ എനിക്ക് സമാധാനം ലഭിക്കൂ. അവര്‍ എവിടേക്കാണ് പോയതെന്ന് എനിക്കറിയാം. ഞാനവരെ പിന്തുടര്‍ന്നതാണ്. പക്ഷേ അവരോടൊപ്പം സായുധരായ ഏഴു ഭടന്മാരുണ്ട്. ഞാന്‍ ഒറ്റക്കായിരുന്നു. റോമന്‍ കടലിന്റെ തീരത്തേക്കാണ് അവര്‍ പോയത്. പക്ഷേ, സാധാരണ വഴിയിലൂടെയല്ല. കുറുക്കു വഴിയിലൂടെയാണ്. അല്ലാഹുവിനെ വിചാരിച്ച് എനിക്ക് സഹായികളായി നാല് ഭടന്മാരെ തരൂ. രണ്ടു പേരുടെയും തലയെടുത്ത് ഞാന്‍ താങ്കളുടെ മുമ്പില്‍ കൊണ്ടുവെക്കാം.''
അലിയ്യുബ്‌നു സുഫ്‌യാന്‍: നാലല്ല ആറ് ഭടന്മാരെ ഞാന്‍ തരാം. ഞങ്ങളുടെ കൂടെ വന്നുകൊള്ളുക.
ഫഖ്‌റുല്‍ മിസ്‌രിക്ക് സന്തോഷമായി. അദ്ദേഹം അലിയ്യുബ്‌നു സുഫ്‌യാന്റെ സംഘത്തില്‍ ചേര്‍ന്നു.

കാഴ്ച: ഇരുപത്തി ഒന്ന്
റോമില്‍ കുരിശ് പടത്തലവന്മാരുടെ ഒരു സമ്മേളനം നടക്കുകയാണ്. കിംഗ് അഗസ്റ്റസ്, കിംഗ് റയ്‌മോണ്ട്, ലൂയി ഏഴാമന്റെ സഹോദരന്‍ റോബര്‍ട്ട് തുടങ്ങിയവരൊക്കെ അതിലുണ്ട്. ഈജിപ്തിനെ ആക്രമിച്ച കുരിശ് കപ്പല്‍ പടയുടെ നായകന്‍ എമല്‍റിക് ആണ് മറ്റൊരാള്‍. അദ്ദേഹം അങ്ങേയറ്റം വികാര വിക്ഷുബ്ധനാണ്. അഗ്നിക്കിരയായ കപ്പലില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് അയാള്‍ രക്ഷപ്പെട്ട് ഇറ്റലിയിലെത്തിയത്.
അവര്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ഒരു പടയാളി അവരുടെ ഇടയിലേക്ക് കയറി വന്നു. അപരിചിതനായ ആളെ കണ്ട് അവര്‍ ആദ്യമൊന്ന് ഞെട്ടി. അപ്പോള്‍ റയ്‌മോണ്ട് അയാളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി.
റയ്‌മോണ്ട്: എന്റെ ഏറ്റവും വിശ്വസ്തനായ രഹസ്യാന്വേഷകനാണ്. ഏഴു പെണ്‍കുട്ടികളോടൊപ്പം നമ്മള്‍ ഈജിപ്തിലെത്തിച്ച ചാരസംഘത്തിലെ ഒരംഗം.
അഗസ്തസ്: സ്വാഗതം... സ്വാഗതം. എന്താണ് നമ്മുടെ കുട്ടികളുടെ വിവരം.
രഹസ്യാന്വേഷകന്‍: അവര്‍ സലാഹുദ്ദീന്റെ തടവിലാണിപ്പോള്‍. അവരുടെ സഹായികളായ കച്ചവടക്കാരില്‍ ഒരാളെ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് സലാഹുദ്ദീന്റെ ആളുകള്‍ അമ്പെയ്ത് കൊന്നു. മറ്റുള്ളവര്‍ പേടിച്ച് തങ്ങളുടെ രഹസ്യം വെളിപ്പെടുത്തി. പെണ്‍കുട്ടികളില്‍ ഒരാള്‍ സലാഹുദ്ദീന്റെ ഒരു ഭടനെ മയക്കിയെടുത്ത് അയാളോടൊപ്പം കെയ്‌റോവിലെത്തിയിട്ടുണ്ട്. സുഡാനി സൈന്യം കലാപം നടത്തുകയുണ്ടായെങ്കിലും സലാഹുദ്ദീന്‍ അത് അടിച്ചമര്‍ത്തിയിരിക്കുകയാണ്.
റയ്‌മോണ്ട്: താങ്കള്‍ എങ്ങനെയാണ് രക്ഷപ്പെട്ടത്?
രഹസ്യാന്വേഷകന്‍: ഞാന്‍ ഒരു വൈദ്യനാണെന്ന് സലാഹുദ്ദീനോട് കള്ളം പറഞ്ഞു. അപ്പോള്‍ പരിക്കുപറ്റിയ പടയാളികളെ ചികിത്സിക്കുന്ന ജോലി അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഈ വിവരങ്ങളൊക്കെ ഞാന്‍ ശേഖരിച്ചത്. എല്ലാം വിശദമായി പിന്നീട് പറയാം. ഇപ്പോള്‍ അടിയന്തരമായി നമ്മുടെ ആ കുട്ടികളെ രക്ഷിക്കണം. അവരുടെ അവസ്ഥ അങ്ങേയറ്റം അപകടകരമാണ്. പ്രത്യേകിച്ചും ആ പെണ്‍കുട്ടികളുടെ കാര്യം.
അഗസ്തസ്: അവര്‍ വെറും പെണ്‍കുട്ടികളല്ല. മികച്ച പരിശീലനം സിദ്ധിച്ച ചാരപ്രവര്‍ത്തകരാണ്. അവരെ നഷ്ടപ്പെടുത്തിക്കൂടാ.
റോബര്‍ട്ട്: മുസ്‌ലിം പ്രഭുക്കന്മാരുടെ അന്തപുരങ്ങളില്‍ അവരുടെ അഭിമാനം പിച്ചിച്ചീന്തപ്പെടും. അത് അനുവദിച്ചുകൂടാ. നമ്മുടെ കര്‍ത്താവ് അതൊരിക്കലും പൊറുത്തു തരില്ല.
റയ്‌മോണ്ട്: സലാഹുദ്ദീന്‍ അവരെ ഉപയോഗിച്ച് നമുക്കെതിരെ ചാരപ്പണി ചെയ്യിക്കുമോ എന്നാണെന്റെ ഭയം. എന്തിനും സാമര്‍ഥ്യമുള്ളവനാണ് അയാള്‍.
എമല്‍റിക്: ശരിയാണ്. അജയ്യമെന്ന് കരുതിയ നമ്മുടെ കപ്പല്‍പടയെ നിമിഷങ്ങള്‍ കൊണ്ടല്ലേ, അയാള്‍ ചുട്ടു ചാമ്പലാക്കിയത്. ആ കുറുക്കനില്‍ നിന്ന് നമ്മുടെ കുട്ടികളെ എങ്ങനെ രക്ഷിക്കും? ആര്‍ക്കാണതിന് തന്റേടം?
രഹസ്യാന്വേഷകന്‍: സമര്‍ഥരായ ഇരുപത് പടയാളികളെ വിട്ടുതന്നാല്‍ ഞാനത് ചെയ്യും.
അഗസ്തസ്: നിനക്കതിന് ധൈര്യമുണ്ടോ? ധൈര്യം മാത്രം പോരാ, തികഞ്ഞ സത്യസന്ധതയും വേണം. ഈജിപ്തില്‍ ചെന്ന് ഒന്നും നേടാതെ തിരിച്ച് വന്നിട്ട് നിങ്ങള്‍ നിങ്ങളുടെ വീര സാഹസകൃത്യങ്ങളെക്കുറിച്ച് ഞങ്ങളുടെ മുമ്പില്‍ വീരസ്യം പറയില്ലെന്ന് എങ്ങനെ വിശ്വസിക്കും?
റയ്‌മോണ്ട്: ഇദ്ദേഹത്തിന്റെ സത്യസന്ധതയില്‍ രാജാവ് ഒട്ടും സംശയിക്കേണ്ട. വര്‍ഷങ്ങളായി എന്റെ വിശ്വസ്ത സേവകനാണിദ്ദേഹം. മാത്രമല്ല, നമ്മള്‍ തെരഞ്ഞെടുത്തയക്കുന്ന സംഘം കാര്യം നേടാതെ തിരിച്ചു വന്നാല്‍ അവര്‍ക്ക് പിന്നെ ജീവിക്കാന്‍ അര്‍ഹതയുണ്ടാവുകയില്ല. അതാണ് നിബന്ധന.
എംലര്‍ക്: വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഒരു സംഘം കുറ്റവാളികള്‍ നമ്മുടെ സൈന്യത്തിലുണ്ട്. എന്ത് സാഹസത്തിനും സന്നദ്ധരാണവര്‍. അവരുടെ വീരപരാക്രമങ്ങള്‍ കഴിഞ്ഞ യുദ്ധത്തില്‍ ഞാന്‍ നേരിട്ടു കണ്ടതാണ്. അവരില്‍ നിന്നും ഏറ്റവും സമര്‍ഥരായ ഇരുപത് പേരെ ഇദ്ദേഹത്തിന് സഹായികളായി നല്‍കാം.
അഗസ്തസ്: അത് നല്ല ഐഡിയ. ദൗത്യം വിജയിപ്പിച്ചാല്‍ അവര്‍ക്ക് ജയില്‍ മോചനം. അല്ലെങ്കില്‍ നീചമായ മരണം. ഒന്നുകില്‍ സലാഹുദ്ദീന്റെ കൈയാല്‍, അല്ലെങ്കില്‍ നമ്മുടെ. ഹഹഹാ... ശരി. അങ്ങനെത്തന്നെ നമുക്ക് തീരുമാനിക്കാം.

കാഴ്ച: ഇരുപത്തിരണ്ട്
മരുഭൂമിയിലെ ഒരു പാറക്കൂട്ടത്തിന് നടുവില്‍ മോബിയും സുഡാനി പടത്തലവന്‍ ബാലിയാനും അവരുടെ കൂടെ എട്ട് പത്ത് ഭടന്മാരുമുണ്ട്. കടല്‍തീരത്തേക്കുള്ള ഒളിച്ചോട്ടത്തിനിടയില്‍ വിശ്രമിക്കാനായി അവിടെ തങ്ങിയതാണവര്‍. മോബി വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ച് ഭടന്മാര്‍ ഉറങ്ങാന്‍ കിടന്നു. മോബിയും ബാലിയാനും മാത്രം ഉറങ്ങാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അല്‍പം കഴിഞ്ഞ് ബാലിയാനും ഉറങ്ങിയപ്പോള്‍ മോബി പതുക്കെ എഴുന്നേറ്റ് ഉറങ്ങുന്ന ഭടന്മാരുടെ ഇടയില്‍ ചെന്ന് അതില്‍ നിന്നൊരു ചെറുപ്പക്കാരനെ തട്ടിവിളിച്ചു. അയാള്‍ ഉണര്‍ന്ന് കണ്ണുതുറന്നു. മോബിയെ കണ്ട് അത്ഭുതപ്പെട്ടു. മോബി ശൃംഗാരം നിറഞ്ഞ ഒരു ചിരിയോടെ, ശബ്ദം താഴ്ത്തി അയാളെ വിളിച്ചു.
മോബി: വാ... അവിടെ ആ പാറയുടെ മറവില്‍ പോയിരിക്കാം. അതിസുന്ദരിയായ മോബിയുടെ പ്രേമചേഷ്ടയില്‍ അയാള്‍ പെട്ടെന്നു തന്നെ മയങ്ങിവീണു. മോബി അയാളെയും കൊണ്ട് ഒരു പാറക്കല്ലിന്റെ പിറകില്‍ ചെന്നിരുന്നു. അയാളോട് മുട്ടിച്ചേര്‍ന്നിരുന്ന്, അയാളുടെ വലതു കൈ എടുത്ത് മൃദുലമായി തടവിക്കൊണ്ട് അവള്‍ പറഞ്ഞു.
മോബി: ഞാന്‍ ആരാണെന്നും എവിടെനിന്ന് വന്നതാണെന്നും എന്താണെന്റെ ദൗത്യമെന്നും താങ്കള്‍ക്കറിയാമല്ലോ. വിദേശിയായ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണത്തില്‍ നിന്ന് മോചനം നേടാനുള്ള നിങ്ങളുടെ പോരാട്ടങ്ങളെ സഹായിക്കാനാണ് ഞാന്‍ വന്നത്. എന്നാല്‍ നിങ്ങളുടെ ഈ പടത്തലവനുണ്ടല്ലോ- ബാലിയാന്‍. അയാള്‍ സ്വാര്‍ഥനും സുഖലോലുപനുമാണ്. ബുദ്ധിപൂര്‍വം കലാപം ആസൂത്രണം ചെയ്യുന്നതിന് പകരം എന്റെ സൗന്ദര്യത്തിലായിരുന്നു അയാളുടെ താല്‍പര്യം. കലാപത്തില്‍ നിങ്ങള്‍ ദയനീയമായ പരാജയം നേരിടേണ്ടി വന്നത് അയാളുടെ ഉദാസീനത കൊണ്ടു മാത്രമാണ്. കലാപത്തിനു നേതൃത്വം കൊടുക്കാതെ എന്നെയും കൂട്ടി ഒളിച്ചോടാനുള്ള അയാളുടെ തീരുമാനം അയാളുടെ സുഖദോതൃഷ്ണയെ അല്ലാതെ മറ്റെന്തിനെയാണ് അടയാളപ്പെടുത്തുന്നത്? ഞാന്‍ അയാളെ വിവാഹം കഴിക്കണമെന്നും ഞങ്ങളുടെ സൈന്യത്തില്‍ ഒരു ഉയര്‍ന്ന പദവി അയാള്‍ക്ക് നേടിയെടുക്കണമെന്നുമാണ് അയാള്‍ പറയുന്നത്. സമുദ്രതീരം വരെയുള്ള യാത്രയില്‍ സ്വന്തം രക്ഷക്ക് വേണ്ടി മാത്രമാണ് അയാള്‍ നിങ്ങളെ ഒപ്പം കൂട്ടിയിരിക്കുന്നത്. കപ്പലില്‍ കയറ്റിക്കഴിഞ്ഞാല്‍ നിങ്ങളെ അയാള്‍ ഉപേക്ഷിക്കും. അതാണയാളുടെ പദ്ധതി.
യുവഭടന്‍: ഇതെല്ലാം അയാള്‍ നേരിട്ട് പറഞ്ഞതാണോ?
മോബി: അതെ. പക്ഷേ, അയാളെ കൊണ്ടുപോകാന്‍ എനിക്കൊട്ടും ആഗ്രഹമില്ല. അയാളെപ്പോലൊരു കിഴവനെ ഞാന്‍ വിവാഹം കഴിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? അയാളില്‍ നിന്ന് എന്നെ രക്ഷിക്കണം. ഇത് പറയാനാണ് താങ്കളെ ഞാന്‍ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത്.
യുവഭടന്‍: ഞാന്‍ എന്ത് ചെയ്യണം?
മോബി: ബാലിയാനെ കൊന്ന് എന്നെ രക്ഷപ്പെടുത്തണം.
യുവഭടന്‍: എന്നിട്ട് ഞാന്‍ അപകടപ്പെടണം, അല്ലേ?
മോബി: അല്ല. നമ്മള്‍ രണ്ടുപേരും രക്ഷപ്പെടുന്നു.
യുവഭടന്‍: എന്ന് വെച്ചാല്‍?
മോബി: എന്നോടൊപ്പം താങ്കളും എന്റെ നാട്ടിലേക്ക് കപ്പല്‍ കയറുന്നു. അവിടെ വെച്ച് നമ്മുടെ വിവാഹം. പിന്നെ ഞങ്ങളുടെ സൈന്യത്തില്‍ താങ്കള്‍ക്ക് ഉയര്‍ന്ന പദവി. ബാലിയാന്‍ എന്നെക്കൊണ്ട് എന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം താങ്കള്‍ക്ക് ഞാന്‍ തരും.
മോബി: അയാളുടെ കൈയെടുത്ത് തന്റെ തോളിലൂടെയിട്ട് അയാളോട് ഒന്നുകൂടി ഒട്ടിച്ചേര്‍ന്നിരുന്നു. അയാള്‍ പ്രേമ വിവശനായി അവളെ ആശ്ലേഷിക്കാനായി മുന്നോട്ടാഞ്ഞു. മോബി ചാടി എഴുന്നേറ്റ് അയാളുടെ പിടി വിടുവിച്ചു കൊണ്ട് പറഞ്ഞു.
മോബി: അതൊക്കെ പിന്നെ. അങ്ങോട്ടു ചെല്ലൂ. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഇതാണ് പറ്റിയ സന്ദര്‍ഭം. അയാളെ കൊന്നിട്ടു വരൂ... വേഗം.
മോബി അയാളെ മുന്നോട്ട് തള്ളി. തിരിഞ്ഞു നിന്ന് ഒന്നുകൂടി മോബിയെ നോക്കി. ധൈര്യമായി പോകാന്‍ മോബി ആംഗ്യം കാണിച്ചു. അയാള്‍ അരയില്‍ നിന്നും വാള്‍ ഊരിപ്പിടിച്ചു. പെട്ടെന്ന് ഒരു അമ്പ് അയാളുടെ മുതുകില്‍ വന്നു തറച്ചു. ഒരു നിലവിളിയോടെ അയാള്‍ കുഴഞ്ഞു താഴെ വീണു. അപകടം മണത്ത മോബി ഓടാനൊരുങ്ങിയപ്പോഴേക്കും പിറകില്‍ നിന്ന് ഒരു അജ്ഞാത കരം അവളെ പിടികൂടി. ഉറങ്ങിക്കിടന്ന ഭടന്മാരില്‍ ഒരാളായിരുന്നു അത്. മോബിയെ വലിച്ചിഴച്ച് ബാലിയാന്റെ മുമ്പിലേക്ക് എറിഞ്ഞിട്ട് അയാള്‍ പറഞ്ഞു:
ഭടന്‍: ഞങ്ങള്‍ ഇദ്ദേഹത്തിന്റെ കാവല്‍ക്കാരാണ്. ഞങ്ങളില്‍ ഒരാളെയും നിനക്ക് വഴി തെറ്റിക്കാനാവില്ല. വഴിതെറ്റിയവന് അതിനുള്ള ശിക്ഷയും ലഭിച്ചു കഴിഞ്ഞു.
മോബി: നിങ്ങള്‍ എവിടേക്കാണ് പോകുന്നത് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
ഭടന്‍: അതറിയേണ്ട കാര്യം നിനക്കോ ഞങ്ങള്‍ക്കോ ഇല്ല. ബാലിയാന്‍ എങ്ങോട്ടാണോ ഞങ്ങളെ കൊണ്ടുപോകുന്നത് അവിടേക്ക് ഞങ്ങളും പോകും. അത് സമുദ്രത്തില്‍ മുങ്ങിച്ചാവാനാണെങ്കിലും.
ബാലിയാന്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ശരിക്കും മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. മറ്റു ഭടന്മാര്‍ അയാള്‍ക്കും മോബിക്കും കാവലായി ചുറ്റും നിലയുറപ്പിച്ചു.

(തുടരും)


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top