മത കലാലയത്തിലെ വിദ്യാര്‍ത്ഥിനി വൈവാഹിക പരസ്യത്തിലെ ഒരാകര്‍ഷക പദം മാത്രമാണ്‌

ബഷീര്‍ തൃപ്പനച്ചി No image

കേരളത്തിലെ പ്രശസ്തമായ ഒരു ഇസ്‌ലാമിക കലാലയത്തിലെ അധ്യയന വര്‍ഷത്തിന്റെ അവസാന നാളുകള്‍. തൊട്ടടുത്ത വര്‍ഷങ്ങളില്‍ മാത്രം സ്ഥാപനത്തില്‍ പ്രവേശനം അനുവദിക്കപ്പെട്ട ഏതാനും വിദ്യാര്‍ഥിനികള്‍ അവരുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ കാമ്പസ് ആക്ടിവിസങ്ങള്‍ അവലോകനം ചെയ്യുകയാണ്. വരും വര്‍ഷത്തിലേക്കുള്ള പരിപാടികള്‍ കൂടി ആസൂത്രണം ചെയ്യുന്ന ആ പെണ്‍കൂട്ടായ്മയുടെ ചര്‍ച്ച കേട്ടിരിക്കുവാന്‍ വിദ്യാര്‍ഥി സംഘടനയുടെ ഭാഗമെന്ന നിലയില്‍ അവസരം ലഭിച്ചു. തൊണ്ണൂറ് ശതമാനം പഠിതാക്കളും സ്റ്റാഫും അധ്യാപകരും ആണുങ്ങളായുള്ള കാമ്പസില്‍ അവര്‍ അനുഭവിക്കുന്ന പരിമിതികളും വിവിധ പ്രശ്‌നങ്ങളുമാണ് ചര്‍ച്ചയില്‍ മുഴങ്ങി നിന്നത്. ആണ്‍കുട്ടികളെ മാത്രം മുന്നില്‍കണ്ട് നിര്‍മിക്കപ്പെട്ട സ്ഥാപനവും അതിന്റെ മുഴുവന്‍ പദ്ധതികളും ഗേള്‍സ് ഫ്രന്റ്‌ലി ആവാന്‍ അല്‍പം സമയമെടുക്കുമെന്ന് ചര്‍ച്ചയിലിടപെട്ട് അഭിപ്രായം പറഞ്ഞപ്പോള്‍ ഒരു വിദ്യാര്‍ഥിനി ചാടിയെഴുന്നേറ്റു. ''എല്ലാം സഹിക്കാം. പക്ഷേ, അധ്യാപകരും സ്റ്റാഫും സീനിയര്‍ വിദ്യാര്‍ഥികളും തന്നെ ഞങ്ങളുടെ പഠനമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നത് എങ്ങനെ പൊറുക്കും?.'' എന്റെ മനസ്സിലാകയ്ക ബോധ്യപ്പെട്ടതു കൊണ്ടാകാം വാക്കുകളിലെ വൈകാരികത അല്‍പം കുറച്ച് അവള്‍ തുടര്‍ന്നു. ''ഞങ്ങള്‍ വല്ലവരും നന്നായി പഠിക്കുകയും സര്‍ഗാത്മക രംഗത്തും മറ്റും പ്രശോഭിക്കുകയും ചെയ്താല്‍ ഉടനെ അവര്‍ക്ക് വിവാഹാലോചനകള്‍ വരികയായി. അതിന് പലപ്പോഴും ഇടനിലക്കാരായി നില്‍ക്കുന്നതാവട്ടെ ഞങ്ങളുടെ അധ്യാപകരും സ്റ്റാഫും സീനിയര്‍ വിദ്യാര്‍ഥികളുമാണ്. മിക്കവാറും നല്ല രീതിയില്‍ ഞങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നവരായിരിക്കും ഇങ്ങനെ കെട്ടിച്ചയക്കപ്പെടുന്നവരില്‍ പലരും. വിവാഹത്തോടെ അവര്‍ പഠനം ഉപേക്ഷിക്കുകയും ഞങ്ങള്‍ക്ക് നേതൃത്വം നഷ്ടപ്പെടുകയും ചെയ്യുന്നു.'' മതകലാലയ പരിസരത്ത് കുറച്ചുകാലം ജീവിച്ച ഞാനടക്കമുള്ളവരെ പ്രതിചേര്‍ത്ത് ആ വിദ്യാര്‍ഥിനി സമര്‍പ്പിച്ച കുറ്റപത്രം ഒരു വലിയ ശരിയായി (അതോ തെറ്റോ) ഇന്നും തുടരുന്നു.

സത്യത്തില്‍ പെണ്‍കുട്ടികളെ മതകലാലയത്തില്‍ ചേര്‍ക്കുന്ന രക്ഷിതാക്കളും അവരെ പഠിപ്പിക്കുന്ന അധ്യാപകരും സമുദായവും തന്നെയും അതിലൂടെ ലക്ഷ്യം വെക്കുന്നതെന്താണ്? സമുദായത്തിന്റെ പാതിയോ അതിലധികമോ വരുന്ന സ്ത്രീകളില്‍ കുറച്ച് പേര്‍ക്കെങ്കിലും ഉന്നത ദീനീ വിദ്യാഭ്യാസം കരസ്ഥമാക്കാന്‍ അവസരമൊരുക്കുക. വിദ്യാഭ്യാസ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവരെ പ്രാപ്തരാക്കുക. മഫ്തയിട്ട പെണ്‍കുട്ടികളുടെ കളര്‍ ഫോട്ടോകള്‍ക്ക് താഴെ എല്ലാ മതകലാലയങ്ങളുടെയും പരസ്യത്തില്‍ കാണുന്ന സ്ഥിരം വാചകമാണിത്. തുടര്‍ന്ന് മഹത്തായ ഈ ദീനീസേവനം നടത്തുന്നതിന് സമുദായത്തിന്റെ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള അപേക്ഷയും കാണാം. ഇങ്ങനെ സമുദായത്തിനുവേണ്ടി സമുദായത്തിന്റെ സാമ്പത്തിക സഹായത്താല്‍ നടത്തപ്പെടുന്ന സ്ഥാപനങ്ങളില്‍നിന്ന് പുറത്തുവരുന്ന പുതിയ കാലത്തെ ഖദീജമാരും ആഇശമാരും എവിടെ? സമുദായത്തിന്റെ സജീവമായ സംസ്‌കരണ മണ്ഡലങ്ങളിലൊന്നും മഫ്തയണിഞ്ഞ അക്കൂട്ടരെ കാണുന്നില്ലല്ലോ? അവരെ നിങ്ങള്‍ തെരുവിലും ഓഫീസുകളിലുമാണോ അന്വേഷിക്കുന്നത് എന്ന മറുചോദ്യം ചിലരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നുവരുന്നുണ്ടാകാം. അല്ല സുഹൃത്തെ, അവരെ സ്ത്രീകള്‍ക്കിടയില്‍ തന്നെയാണ് അന്വേഷിക്കുന്നത്. സ്ത്രീകള്‍ സജീവമായ എല്ലാ രംഗത്തും മുമ്പില്‍ അവരുണ്ടാവുമെന്ന്/ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ചുരുങ്ങിയത് സ്ത്രീകളുടെ വിദ്യാഭ്യാസ സംസ്‌കരണ പ്രബോധന രംഗങ്ങളിലെങ്കിലും. പക്ഷേ, കാണുന്നില്ലല്ലോ! അവരെവിടെപ്പോയി? പരസ്യ പലകയില്‍നിന്നും അവരിനിയും പുറത്ത് വന്നില്ലേ? ഒരു വര്‍ഷം ചുരുങ്ങിയത് അഞ്ഞൂറ് പെണ്‍കുട്ടികളെങ്കിലും കേരളത്തിലെ വ്യത്യസ്ത മതകലാലയങ്ങളിലായി അഡ്മിഷന്‍ നേടുന്നുണ്ട്. എന്നിട്ടും ഇവരെല്ലാം എവിടെ പോകുന്നു?
നമ്മുടെ മതപ്രസിദ്ധീകരണങ്ങളിലെ വൈവാഹിക പരസ്യത്തിലെ ഏറ്റവും ആകര്‍ഷകമായ ഒരു വാചകത്തില്‍നിന്ന് അതിന്റെ ഉത്തരമന്വേഷിച്ചുതുടങ്ങാം. ''കേരളത്തിലെ പ്രശസ്തമായ മതകലാലയത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി. ദീനീനിഷ്ഠയുള്ള ചെറുപ്പക്കാരുടെ രക്ഷിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു'' ഇതാണാ പരസ്യവാചകം. സമുദായ വിവാഹ മാര്‍ക്കറ്റിലെ ദീനീനിഷ്ഠയുടെ അടയാള തഴമ്പായി മതകലാലയത്തിന്റെ പ്രശസ്തിയും അഡ്രസ്സും ചുരുങ്ങി പോകുന്നിടത്താണ് ദീനീകലാലയങ്ങളുടെ ലക്ഷ്യങ്ങള്‍ ഒരു സാധാരണ ഉല്‍പ്പന്ന പരസ്യത്തിന്റെ മേമ്പൊടിയായി ചേര്‍ക്കുന്ന വാചകങ്ങള്‍ മാത്രമാകുന്നത്. അപ്പോള്‍ വീണ്ടും മറുചോദ്യമുയരാം. ദീനീ കലാലയങ്ങളിലെ പെണ്‍കുട്ടികള്‍ വിവാഹിതരാകേണ്ട എന്നാണോ? കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ഇരുപതും അതിനപ്പുറവും പ്രായമാകില്ലേ? അപ്പോഴവരെ വിവാഹം ചെയ്യാന്‍ ആര് തയാറാകും? ഓരോ രക്ഷിതാവിന്റെയും മനസ്സിലുയരുന്ന ചോദ്യാവലി ഇനിയും വലിച്ചുനീട്ടാം. ഇംഗ്ലീഷ് വൈദ്യന്മാരുടെ മരുന്ന് കുറിപ്പടികള്‍ പോലെ നാലു വരികളില്‍ അതിന് മറുപടി എഴുതാനാവില്ല. കാരണം, പുരോഗതി ധാരാളമുണ്ടായിട്ടും ചില വിഷയങ്ങളില്‍ മാത്രം ഒട്ടും വളര്‍ച്ചയില്ലാത്ത നമ്മുടെ സാമൂഹിക ബോധമാണ് ഇവിടെ ഒന്നാം പ്രതി.
ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പെണ്‍കുട്ടികളെ കെട്ടിച്ചയക്കുന്ന ഒരു കാലം സമുദായ ഭൂരിപക്ഷത്തിനുണ്ടായിരുന്നു. പിന്നീടത് പത്താം ക്ലാസും പ്ലസ്ടുവും ഇപ്പോള്‍ ഡിഗ്രിയിലുമെത്തിയിരിക്കുന്നു. ഇപ്പറഞ്ഞത് സമുദായത്തിലെ എക്കാലത്തെയും ശരാശരിക്കാരുടെ വര്‍ത്തമാനമാണ്. അതിനപ്പുറത്തുള്ളവരുടെ പെണ്‍കുട്ടികളിന്ന് ഡിഗ്രിയും കഴിഞ്ഞ് പി.ജിയും മറ്റ് ഉന്നത വിദ്യാഭ്യാസവും നേടിക്കൊണ്ടിരിക്കുന്നു. പണ്ട് അറബിക്കോളേജുകളില്‍ മാത്രം കണ്ടിരുന്ന മഫ്തയണിഞ്ഞ പെണ്‍കുട്ടികള്‍ കേരളത്തിലെ മിക്ക കോളേജുകളിലും യൂനിവേഴ്‌സിറ്റികളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരിക്കുന്നു. എം.ബി.ബി.എസിന്റെയും എം.എസ്.സിയുടെയുമൊക്കെ റാങ്ക് ജേതാക്കളുടെ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോകളില്‍ ഇവരെയും കാണാം. ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്ന ഈ ഭൗതിക കലാലയ വിദ്യാര്‍ഥികള്‍ക്കും വിവാഹാലോചനകള്‍ വരുന്നില്ലേ? അവരും രക്ഷിതാക്കളും എങ്ങനെയാണ് പഠനം മുടക്കാതെ ആ 'പ്രതിസന്ധിയെ' മറികടക്കുന്നത്? എം.ബി.ബി.എസിന് പഠിക്കുന്ന പെണ്‍കുട്ടിക്ക് വിവാഹാന്വേഷണം വരുമ്പോള്‍ ഒന്നുകില്‍ രക്ഷിതാവ് ആ വിവാഹം അവളുടെ പഠനം അവസാനിക്കുന്നത് വരെ വേണ്ടെന്ന് വെക്കുന്നു. അല്ലെങ്കില്‍ നികാഹില്‍ മാത്രമൊതുക്കി മറ്റ് ബന്ധങ്ങളും ചടങ്ങുകളുമെല്ലാം പഠനശേഷം എന്ന് ഇരു കുടുംബങ്ങളും ഒത്തുതീര്‍പ്പിലെത്തുന്നു. അതിനും സാധ്യമല്ലെങ്കില്‍ അവളുടെ കോഴ്‌സ് പൂര്‍ത്തീകരിക്കാനുള്ള മുഴുവന്‍ സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് മുന്‍കൂര്‍ ഉറപ്പ് വാങ്ങുന്നു. തികച്ചും 'ന്യായമായ' ഈ നിബന്ധനകള്‍ക്കെല്ലാം കുടുംബാംഗങ്ങളുടെയും സമുദായത്തിന്റെയും പിന്തുണയും സഹകരണവും നിര്‍ലോഭം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്യുന്നു.
ഉന്നത ഭൗതിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ വിവാഹ വിഷയത്തില്‍ പൊതുവെ മുസ്‌ലിം സമുദായമൊന്നടങ്കം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടാണിത്. ഒരു എം.ബി.ബി.എസ് പൂര്‍ത്തീകരിച്ചവളെക്കാള്‍ സമുദായത്തിലും സമൂഹത്തിലും നിര്‍ണായകറോള്‍ വഹിക്കുന്നവരല്ലേ ഉന്നത മതവിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍. അതുപക്ഷേ, രക്ഷിതാക്കളും കുടുംബങ്ങളും സമുദായവും എപ്പോഴും ഉപേക്ഷിക്കാവുന്ന 'ദീനീ കാര്യമാക്കി' ചുരുക്കി! ഒരേ വിഷയത്തില്‍ നമ്മുടെ സാമൂഹിക ബോധത്തില്‍ അടിയുറച്ചുപോയ ഇത്തരം ധാരണാപിശകുകളാണ് മതകലാലയത്തിലെ വിദ്യാര്‍ഥിനിയുടെ തുടര്‍പഠനത്തിന് മാത്രം വിവാഹം തടസ്സമാവാന്‍ കാരണം. ഒന്നാം വര്‍ഷം മുതല്‍ ഫൈനല്‍ പരീക്ഷയുടെ തലേന്നാള്‍വരെ അവളുടെ വിവാഹദിനമായി നിശ്ചയിക്കാം. അതിന് അവളുടെ സമ്മതം പോലും സമുദായം പലപ്പോഴും ആഗ്രഹിക്കുന്നില്ല. ഒറ്റപ്പെട്ട വല്ലവരും എതിര്‍ ശബ്ദുമുയര്‍ത്തിയാല്‍ അവള്‍ അന്നോളം നേടിയ ദീനീവിദ്യാഭ്യാസത്തിന്റെ ന്യൂനതയായി അതുവരവു വെക്കപ്പെടും.
മൂപ്പെത്തുന്നതിന് മുമ്പെയുള്ള ഈ വിളവെടുപ്പുകളെല്ലാം കഴിഞ്ഞ് കേവലം അഫ്ദലുല്‍ ഉലമ പോലും പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം എത്രവരും? അവരോ, വിവാഹ മാര്‍ക്കറ്റിലെ ദീനീനിഷ്ഠയെന്ന ആകര്‍ഷണങ്ങളൊഴികെയുള്ളതെല്ലാം കുറഞ്ഞുപോയതിന്റെ കാരണത്താല്‍ മാത്രം ഡിഗ്രി പൂര്‍ത്തീകരിച്ചവര്‍. ആ ഒറ്റക്കാരണം മതി തുടര്‍ന്നുള്ള കാലം പരമാവധി തന്നിലേക്ക് മാത്രം ചുരുങ്ങി ജീവിക്കുന്നവരായി അവരെ മാറ്റിത്തീര്‍ക്കാന്‍. അവരില്‍ ചിലര്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമുള്ള മദ്‌റസകളിലെ അധ്യാപികമാരായോ അതിലുമധികം ഭാഗ്യമുള്ളവര്‍ വല്ല അണ്‍എയ്ഡഡ് സ്‌കൂളുകളിലോ എത്തിയാല്‍ ആയി. കേരളത്തില്‍ വ്യത്യസ്ത മതസംഘടനകള്‍ നടത്തുന്ന ഖുര്‍ആന്‍ സ്റ്റഡീ സെന്ററുകളുണ്ട്. ഇവയില്‍ ഏറ്റവുമധികം പഠിതാക്കള്‍ സ്ത്രീകളാണ്. പക്ഷേ, ആ രംഗത്ത് സ്ത്രീകള്‍ക്കുപോലും ക്ലാസെടുക്കാന്‍ വേണ്ടത്ര യോഗ്യരായ അധ്യാപികമാരെ ലഭിക്കുന്നില്ല. മുതിര്‍ന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ ക്ലാസെടുക്കുമ്പോള്‍ ഉള്ള പരിമിതികളെല്ലാം ആ രംഗത്ത് നിരന്തരം തുടരുകയും ചെയ്യുന്നു. ഇങ്ങനെ ഖുര്‍ആന്‍ പഠനരംഗത്തുപോലും സജീവ സാന്നിധ്യമാകുന്നവരെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാതെ തീര്‍ത്തും വ്യക്തിപരവും കുടുംബപരവുമായി ഇത്തരം ലക്ഷ്യങ്ങള്‍ക്ക് അവര്‍ തന്നെയാണ് കാശ് മുടക്കേണ്ടത്. ഈ പ്രവണത തുടര്‍ന്നാല്‍ വനിതാ കലാലയങ്ങള്‍ ഇല്ലാതാവുന്ന കാലം അതിവിദൂരമല്ല. ആദ്യ രണ്ട് വര്‍ഷങ്ങള്‍ക്ക്‌ശേഷം വിരലിലെണ്ണാവുന്നതിലപ്പുറം വിദ്യാര്‍ഥിനികളില്ലാത്തതിനാല്‍ പ്രശസ്തമായ പല സ്ഥാപനങ്ങളും പൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നു. ചിലയിടത്തെല്ലാം വിദ്യാര്‍ഥിനികളെക്കാള്‍ അധ്യാപകരാണ് കൂടുതല്‍. പലപ്പോഴും സ്ഥാപനം മുന്നോട്ടുകൊണ്ട് പോകുന്നതുതന്നെ അവര്‍ക്ക് വേണ്ടിയാണ്. സമീപകാലങ്ങളിലായി ചില കോളേജുകളെല്ലാം മതവിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്തി ന്യൂജനറേഷന്‍ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നു. മറ്റ് ചില സ്ഥാപനങ്ങള്‍ ദീനീവിദ്യാഭ്യാസ കോഴ്‌സുകളോടൊപ്പം സ്ഥാപനത്തില്‍തന്നെ മറ്റ് ആര്‍ട്‌സ് ഡിഗ്രി കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നു. അമ്പതില്‍ താഴെ മാത്രം ദീനീകോഴ്‌സുകളില്‍ പഠിക്കുന്നവരും ബാക്കി 450 വിദ്യാര്‍ഥിനികളും ഭൗതിക ഡിഗ്രികള്‍ മാത്രം പഠിക്കുന്നവരായിട്ടും ആ സ്ഥാപനങ്ങള്‍ മഹത്തായ പാരമ്പര്യം പേറി ഇപ്പോഴും ഇസ്‌ലാമിയാ കോളേജുകളായി പേരില്‍ തുടരുന്നുവെന്ന് മാത്രം.
സ്‌കൂളുകളില്‍ പ്ലസ്ടു വിദ്യാഭ്യാസം ആരംഭിച്ചതോടെ തന്നെ അറബിക് കോളേജുകളിലെ പ്രിലിമിനറിക്ക് കുട്ടികളെ കിട്ടാതായിരുന്നു. ഒട്ടും ആകര്‍ഷകമല്ലാത്ത സിലബസും അതുവരെ കുട്ടികള്‍ സ്‌കൂളില്‍ പഠിച്ച രീതിയില്‍നിന്ന് പാടെ വ്യത്യസ്തമായി പണ്ടുമുതലെ പിന്തുടരുന്ന അധ്യാപനരീതിയും ഒട്ടു സൗഹൃദമല്ലാത്ത കലാലയ ഹോസ്റ്റല്‍ അന്തരീക്ഷവും മതവിദ്യാഭ്യാസത്തേക്കാള്‍ ഭൗതിക കോഴ്‌സുകള്‍ മുന്‍ഗണന നല്‍കുന്ന സമകാലിക സാമുദായികാവസ്ഥയുമെല്ലാം ഈ കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങളാണ്. ഏതായാലും വനിതാ മതവിദ്യാഭ്യാസരംഗം ഇങ്ങനെ തുടര്‍ന്നാല്‍ പിന്നെ മതസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്ന ദീനീവിദ്യാഭ്യാസവും കാഴ്ചപ്പാടുമുള്ളവര്‍ എങ്ങനെ വളര്‍ന്നുവരും? അവരില്ലാതാവുമ്പോള്‍ ഉയര്‍ന്ന ഭൗതിക വിദ്യാഭ്യാസവും അല്‍പസ്വല്‍പ്പം മതവിഷയങ്ങളില്‍ ധാരണയുമുള്ളവര്‍ അത്തരം രംഗങ്ങളില്‍ നേതൃത്വം കൊടുക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന വീഴ്ചകള്‍ക്ക് ആരാണ് യഥാര്‍ഥ ഉത്തരവാദികള്‍? ഉത്തരേന്ത്യന്‍ കാമ്പസുകളിലടക്കം ചെന്ന് മലബാറിലെ മഫ്തയിട്ട പെണ്‍കുട്ടികള്‍ മാനവിക വിഷയങ്ങളിലും പ്രഫഷണല്‍ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസവും റിസര്‍ച് സ്റ്റഡീസും നടത്തുന്ന ഇക്കാലത്ത് മതകലാലയത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി റിസര്‍ച്ച് നടത്തുന്ന ഒരു പെണ്‍കുട്ടി ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു. ദീനീകലാലയത്തിലെ വിദ്യാര്‍ഥിനികളെ വിവാഹത്തിന് ശേഷമോ അതിനു മുമ്പോ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സാഹചര്യങ്ങളൊരുക്കാത്തിടത്തോളം കാലം അതൊരു സ്വപ്നമായിതന്നെ അവശേഷിക്കും. ഒപ്പം അവര്‍ക്കായി കാത്തുകെട്ടി കിടക്കുന്ന ഇടവും ശൂന്യമായി തുടരും.

ഈ ലേഖനത്തോടുള്ള വായനക്കാരുടെ പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top