നോവും നിനവും നല്കി
അരുമ സഖീ
നീ പടിയിറങ്ങുന്നുവോ
ശിശിരത്തിലും വസന്തത്തിലും
നിനക്കായ് ഞാന്‍ കാത്തിരിക്കുന്നു.
ആത്മവിശുദ്ധിയുടെ
പരവതാനിയിലൂടെ
നീ എന്നിലേക്കടുക്കുമ്പോള്‍
ഹൃദയം പ്രശോഭിതമാകുന്നു
കൂരിരുട്ടിലെ ഏകാന്തതയില്‍
നീ എനിക്ക് കൂട്ടിരുന്നു.
വേനല്‍ ചൂടില്‍ ശീതളഛായയായ്
വേദനകള്‍ക്ക് സ്വാന്തനമായ്
നിന്റെ സാമീപ്യം ഞാനറിയുന്നു.
എന്നിലെ പാപക്കറകള്‍
നിന്റെ വിരല്‍ത്തുമ്പുകള്‍
കിള്ളിയെടുക്കുന്നു
എന്റെ ഹൃദയ തന്ത്രികളില്‍
നീ മീട്ടുന്ന മധുര ഗീതത്താല്‍
സാത്താന് വഴിമാറുന്നു.
എന്നിലെ മാലിന്യങ്ങളെ
കഴുകിത്തുടക്കാന്‍
പാപങ്ങളെ പിഴുതെറിയാന്‍
ഇനിയും നീ വന്നണയുമ്പോള്‍
ഇവിടെ നാം സംഗമിക്കുമോ?