സൗദയെ ഓര്‍ക്കുമ്പോള്‍

ഫാത്തിമാ മൂസ / അനുസ്മരണം No image

ന്റെ മൂത്ത മകളെ ചേന്ദമംഗല്ലൂര്‍ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. അവിടെ വെച്ചാണ് ഞാന്‍ സൗദയെ കാണുന്നത്. അന്ന് അവിടുത്തെ വിദ്യാര്‍ഥിനിയായിരുന്നു അവര്‍. ഊര്‍ജസ്വലതയുള്ള, തന്റേടത്തോടെ ഓടിനടക്കുന്ന പാവാടക്കാരി. മൂസമൗലവി കണ്ണൂര്‍ ജില്ല നാസിമായ കാലം. എന്റെ ഔദ്യോഗിക കാലത്തെ ഇടവേളയിലൊരുവര്‍ഷം കണ്ണൂര്‍ വാദിഹുദയില്‍ അധ്യാപികയായി എന്നെ നിശ്ചയിച്ചിരുന്നു. പ്രസ്ഥാനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും വിവിധ പരിപാടികളില്‍ ഞങ്ങള്‍ പങ്കെടുക്കാറുണ്ട്. അക്കൂട്ടത്തില്‍ സൗദയുടെ നാടായ പടന്നയിലും ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. മുസ്‌ലിം സ്ത്രീകള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന, അന്ധവിശ്വാസാചാരങ്ങളില്‍ മുഴുകിയ, മാമൂലുകളും ആചാരങ്ങളും വേണ്ടുവോളം നിലനില്‍ക്കുന്ന ഒരിടമായിരുന്നു അത്. അതുകൊണ്ട് അന്നത്തെ പ്രവര്‍ത്തകര്‍ക്ക് തെല്ല് ആശങ്കയുമുണ്ടായിരുന്നു. പരിപാടിക്ക് ഞങ്ങള്‍ എത്തിയപ്പോള്‍ യാഥാസ്ഥിതികരായ ചെറുപ്പക്കാര്‍ ഒരു നിലക്കും പരിപാടി നടത്താന്‍ അനുവദിച്ചില്ല. യോഗത്തിന് വന്ന സ്ത്രീകളെ അവര്‍ ഓടിച്ചു. മൈക്ക് സാമഗ്രികള്‍ പിടിച്ചു വാങ്ങി. ഞങ്ങളോട് തടികേടാക്കാതെ സ്ഥലം വിട്ടോളണമെന്ന് മുന്നറിയിപ്പു നല്‍കി. അങ്ങനെ ജീവിതത്തിലാദ്യമായി ദുഃഖകരമായ സംഭവത്തിന് സാക്ഷിയായി.
ഇത്തരം പ്രദേശത്ത് നിന്നാണ് ആ നാടിന്റെ, മുസ്‌ലിം സ്ത്രീകളുടെ അഭിമാനമായി വാഗ്മിയും അധ്യാപികയും കഴിവുറ്റ സംഘാടകയുമായ സൗദ എന്ന ചെറുപ്പക്കാരിയെ പ്രസ്ഥാനത്തിന് ലഭിച്ചത്.
ജി.ഐ.ഒവിന്റെ ഉത്തരവാദിത്വം കൊണ്ടോട്ടി അബ്ദുറഹ്മാന്‍ സാഹിബിന് ശേഷം മൂസ്സ മൗലവിയും ഞാനും ഏറ്റെടുത്ത ശേഷമാണ് സൗദ ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് പദവിയില്‍ വരുന്നത്. ജി.ഐ.ഒയെ ശരിയായ ദിശയിലേക്ക് നയിക്കാനും വിദ്യാര്‍ഥിനികളില്‍ ഇസ്‌ലാമിക അവബോധം വളര്‍ത്തിയെടുക്കാനും കാമ്പസുകളില്‍ ജി.ഐ.ഒക്ക് അഡ്രസ്സുണ്ടാക്കാനും അതുവഴി അവരെ സജ്ജമാക്കാനും സാധിച്ചു. കൂടിയാലോചിച്ചായിരുന്നു ഏത് കാര്യവും ക്രിയാത്മകമായി നടപ്പിലാക്കിയിരുന്നത്. ആ കാലഘട്ടങ്ങളില്‍ ഞങ്ങളുടെ കൂടെ കേരളത്തിലുടനീളം പ്രസരിപ്പോടെ ഓടിനടന്നു. ഈ മികവുകൊണ്ട് തന്നെയായിരുന്നു മൂന്ന് മീഖാത്തിലും പ്രസിഡണ്ട് പദവിയില്‍ അവര്‍ക്ക് തുടരാനായത്.
വിവാഹാനന്തരമാണ് അവര്‍ കണ്ണൂര്‍ക്കാരിയായത്. അതുകൊണ്ടുതന്നെ ജി.ഐ.ഒയിലുള്ളപ്പോഴും വനിതാ ഘടകത്തിലുള്ളപ്പോഴും പ്രസ്ഥാനത്തിന്റെ ഏത് പരിപാടിയും-കാമ്പയിനായാലും സെമിനാറായാലും സമ്മേളനമായാലും- മിക്കവാറും കണ്ണൂരില്‍നിന്നാണ് തുടങ്ങുക. സൗദ വന്നതിനു ശേഷമാണ് വനിതാരംഗത്ത് പിന്നാക്കം നിന്നിരുന്ന കണ്ണൂര്‍ ജില്ല വളര്‍ന്നത്. ജി.ഐ.ഒക്ക് സ്വാധീനമുണ്ടായതും ഒരുപാട് നല്ല നേതൃപാടവമുള്ളവരെ ജില്ലയുടെ പ്രസ്ഥാനത്തിന് ലഭിച്ചതും സൗദയുടെ പ്രവര്‍ത്തനഫലമായാണ്.
സൗദ സംസ്ഥാന പ്രസിഡണ്ടായ 2001-ല്‍ കണ്ണൂര്‍ അറക്കല്‍ ഗ്രൗണ്ടില്‍ വെച്ച് 'സ്ത്രീ പദവിയും മഹത്വവും ഇസ്‌ലാമില്‍' എന്ന വിഷയത്തില്‍ ജി.ഐ.ഒ ജില്ലാ സമ്മേളനം നടത്തി. ഏതാണ്ട് അയ്യായിരത്തോളം വനിതകള്‍ പങ്കെടുത്ത ആ സമ്മേളനത്തിന്റെ മുഖ്യാതിഥി ബോംബെയിലെ ഉസ്മാനാഹിദ് ആയിരുന്നു. സമ്മേളനം വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സൗദയുടെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ജില്ലയില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്.
വനിതാ നേതൃത്വത്തിലും അവര്‍ തിളങ്ങിനിന്നിരുന്നു. സ്ത്രീകള്‍ക്കെതിരെ വിശിഷ്യാ, ഇസ്‌ലാമിനും മുസ്‌ലിം സ്ത്രീകള്‍ക്കുമെതിരെ വിവിധ തലത്തില്‍നിന്ന് വരുന്ന എതിര്‍പ്പുകള്‍ക്ക് മറുപടി പറയാന്‍ കഴിയുന്ന വിരലിലെണ്ണാവുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് സൗദ. സംസ്ഥാന ജില്ലാസമിതികളില്‍ കാര്യപ്രസക്തമായ അഭിപ്രായങ്ങളും ചിന്തകളും കൊണ്ടുവരാനും അവ നടപ്പിലാക്കാനും അവര്‍ കാണിച്ചിരുന്ന ഔല്‍സുക്യം ഒന്ന് വേറെത്തന്നെയാണ്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും സൗദയെ ഏല്‍പ്പിച്ചിരുന്നു. സംസ്ഥാനതലത്തില്‍ അടുത്ത നേതൃത്വം വഹിക്കാന്‍ കഴിവുള്ള, യോഗ്യതയുള്ള വ്യക്തിത്വമാണ് പ്രസ്ഥാനത്തിന് നഷ്ടമായത്.
സ്വഫാസമ്മേളനത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്താണ് സൗദയില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയത്. എങ്കിലും അത് വകവെക്കാതെ സമ്മേളന വിജയത്തിനുവേണ്ടി ഓടിനടന്നു. ശബ്ദത്തിന് പ്രയാസമുണ്ടായിട്ടും വതോരാതെ പ്രസംഗിച്ചു. പിന്നീടാണ് രോഗം ക്രമാതീതമായി ആക്രമിക്കാന്‍ തുടങ്ങിയത്.
രോഗത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ് ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കെ ഈ മീഖാത്തിന്റെ ആദ്യ സംസ്ഥാന സമിതിയില്‍, വനിതാവകുപ്പ് വിപുലീകരിക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ കാര്യപ്രസക്തമായ നിര്‍ദേശങ്ങളാണ് അവര്‍ നല്‍കിയത്. തുടര്‍ന്ന് അവരുടെ അഭിപ്രായം എഴുതി ഓഫീസിലേക്ക് അയച്ചുതരികയും ചെയ്തു. രോഗം മൂര്‍ച്ഛിച്ച് പയ്യന്നൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് ഞാനും, സുഹറടീച്ചര്‍, സഫിയ അലി, ആര്‍.സി സാബിറ, ഇ.സി ആയിശ, റുഖിയ എന്നിവരും അവരെ സന്ദര്‍ശിച്ചു. ഞങ്ങള്‍ വരുന്നുണ്ടെന്നറിഞ്ഞ് വളരെ സന്തോഷത്തോടെ രോഗത്തിന്റെ അവശതയിലും ഞങ്ങളെ സല്‍ക്കരിക്കാനായിരുന്നു അവര്‍ തുനിഞ്ഞത്. രോഗിയായി കിടക്കുന്ന സൗദയെയല്ല ഞങ്ങള്‍ കണ്ടത്.  ചിരിച്ചുകൊണ്ട് ഉമ്മറപ്പടിയില്‍ ഞങ്ങളെ കാത്തുനില്‍ക്കുന്ന പുതുമണവാട്ടിയെയാണ് കണ്ടത്. കെട്ടിപ്പിടിച്ചും കുശലങ്ങള്‍ ചോദിച്ചും ഒന്നിച്ച് നമസ്‌കരിച്ചും ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഞങ്ങളോടൊന്നിച്ച് ഭക്ഷണം കഴിച്ചും സന്തോഷത്തോടെ യാത്രയാക്കി. പിന്നീട് രണ്ട് തവണ വിളിച്ചന്വേഷിച്ചു. ഓരോ പ്രാവശ്യം വിളിക്കുമ്പോഴും മകനാണ് എടുത്തതെങ്കിലും ഞാനാണ് എന്നറിഞ്ഞാല്‍ ഫോണ്‍ വാങ്ങി സംസാരിച്ചു. 'സംസാരിക്കാന്‍ പ്രയാസമുണ്ടോ' എന്ന് തിരക്കിയപ്പോള്‍ 'നിങ്ങളെപ്പോലുള്ളവര്‍ വിളിക്കുമ്പോള്‍ മനസ്സിന് ആശ്വാസമാണ്. നിങ്ങളുടെയും മൗലവിയുടെയും പ്രാര്‍ഥനയില്‍ എന്നെക്കൂടി ഉള്‍പ്പെടുത്തണ'മെന്ന് പ്രത്യേകം ആവശ്യപ്പെട്ടു.
പിന്നീട് എറണാകുളത്ത് പോകാന്‍ എനിക്ക് കഴിഞ്ഞില്ല. ഇത്രവേഗം അവസാനമാകുമെന്ന് കരുതിയില്ല.
നേതൃരംഗത്തും പ്രാസ്ഥാനികരംഗത്തും തിളങ്ങി നിന്ന സൗദയുടെ ആകസ്മിക മരണം വനിതാ നേതൃത്വത്തിനും അതിലുപരി കുടുംബത്തിനും വലിയ നഷ്ടമാണുണ്ടാക്കിയത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top