സൗദയെക്കുറിച്ചോര്‍ക്കുമ്പോള്‍

ഒ. സമീറ, ചേന്ദമംഗല്ലൂര്‍ No image

ഞാന്‍ നാലാം ക്ലാസില്‍ മദ്‌റസയില്‍ പഠിക്കുന്ന കാലം. ഒരു ദിവസം രാവിലെ മദ്‌റസയിലെത്തിയപ്പോള്‍ കുട്ടികളെല്ലാം കൂട്ടംകൂടി നില്‍ക്കുന്നു. കാര്യമന്വേഷിച്ചപ്പോഴാണറിഞ്ഞത്, രണ്ടുപെണ്‍കുട്ടികള്‍ പുതുതായി മദ്രസയിലേക്ക് വന്നതാണെന്ന്. സൗദയും ജ്യേഷ്ഠത്തി റഹ്മത്തും. നാട് പടന്നയാണെന്നവര്‍ പറഞ്ഞപ്പോള്‍ പിന്നെ കുട്ടികളുടെ സംസാരം മുഴുവന്‍ പടന്നയെക്കുറിച്ചായി. ചിലരുടെ ഉമ്മാന്റെ വീടിനടുത്ത്, അമ്മായിയെ കല്യാണം കഴിച്ചതിന്റടുത്ത്, മാവൂരിന്റെ കുറച്ചപ്പുറം... വാസ്തവത്തില്‍ ഞങ്ങളാരും തന്നെ പടന്നയെക്കുറിച്ച് അതുവരെ കേട്ടിട്ടുപോലുമില്ല.
സൗദയുടെ ഉപ്പ അബ്ദുല്‍ ഖാദര്‍ ഹാജി അന്ന് ഗള്‍ഫിലാണ്. ചേന്ദമംഗല്ലൂരിലെ ദീനിപഠന സൗകര്യങ്ങളെയും മഹത്വങ്ങെളയും കുറിച്ച് ഗള്‍ഫില്‍നിന്നുള്ള കേട്ടറിവുവെച്ച് ഇവിടെ ഒരു വീട് വാങ്ങിയതാണ്. എന്റെ വീടിന്റെ നാലഞ്ച് വീടപ്പുറം. സൗദക്ക് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. ഉമ്മയും അവരുമാണ് ആ വീട്ടില്‍ താമസം. ബാപ്പ ഗള്‍ഫിലും.
സൗദ സ്‌കൂളില്‍ എന്റെ നേരെ മേലെ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ചേന്ദമംഗല്ലൂര്‍ യു.പി സ്‌കൂളില്‍ ആറാം ക്ലാസിലാണ് വന്നുചേര്‍ന്നത്. ആ കാലത്ത് ഏകദേശം ഈ പ്രായത്തില്‍ വരുന്ന വന്‍ നിരതന്നെ കൂട്ടുകാരായി ഞങ്ങളുടെ ഭാഗത്തുണ്ടായിരുന്നു. സൗദയുടെ കുടുംബംകൂടി വന്നപ്പോള്‍ ഞങ്ങള്‍് കുറച്ചു കൂടി കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലായിരുന്നു. അന്നെല്ലാം ഒരേയൊരു ചിന്ത മാത്രം- കളി. അതിനേറെ അനുയോജ്യമായിരുന്നു ഞങ്ങളുടെ കൊച്ചുഗ്രാമം. അതിരാവിലെ എണീറ്റ് കുളത്തിലേക്കുപോവും കുളിക്കാന്‍. ആ സമയത്തവിടെ കൂട്ടുകാരെല്ലാം എത്തിയിരിക്കും. അവിടെ കുളിയല്ല കളിയാണ് യഥാര്‍ഥത്തില്‍ നടക്കാറ്. അലക്കിക്കുളിക്കാന്‍ വരുന്ന സ്ത്രീകളുടെ അടുത്തുനിന്ന് പുളിച്ച തെറി കേട്ടാലും ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. വൈകുന്നേരം സ്‌കൂള്‍ വിട്ടാല്‍ പാടത്തും പറമ്പിലും ഞങ്ങള്‍ നിറഞ്ഞുനില്‍ക്കും. ഇതിലെല്ലാം താരങ്ങളായിരുന്നു സൗദയും അവളുടെ സഹോദരിമാരും.
സ്‌കൂള്‍ യുവജനോത്സവങ്ങളിലും മദ്‌റസ സാഹിത്യ സമാജങ്ങളിലും പരിപാടികളില്‍ പങ്കെടുക്കുന്നതോടൊപ്പം അവയുടെ അണിയറയിലും സജീവമായിരുന്നു സൗദ. ഞങ്ങള്‍ നേരത്തേയുള്ള കൂട്ടുകാരെല്ലാം ഇസ്‌ലാഹിയയില്‍ തന്നെയാണ് കോളജില്‍ ചേര്‍ന്നത്. പോക്കിലും വരവിലുമൊക്കെയുള്ള ഞങ്ങളുടെ ഹരങ്ങളില്‍ മായാത്ത മുഖങ്ങളിലൊന്നായിരുന്നു അവള്‍.
തുടര്‍ന്ന് ഡിഗ്രി പഠിക്കാനും അവള്‍ മറ്റെവിടെയും തിരക്കിയില്ല. അതും ഇസ്‌ലാഹിയയില്‍ തന്നെ. ഈ ഇടക്കാണ് സൗദ കോളജ ് സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃനിരയില്‍ വന്നത്. അപ്പോഴേക്കും അവളുടെ കുടുംബം പടന്നയിലേക്കുതന്നെ തിരിച്ചുപോവുകയും സൗദയെ ഹോസ്റ്റലില്‍ ചേര്‍ക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് സൗദ തീര്‍ത്തും മാറിയതായി തോന്നിയത്. പി.ഡി.സി വരെ പ്രസ്ഥാനത്തിലൊന്നും അത്ര സജീവമല്ലായിരുന്ന അവള്‍  ജി.ഐ.ഒവിന്റെ ഒരു സജീവ പ്രവര്‍ത്തകയായി മാറുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്നെ പലപ്പോഴും ഈ മാറ്റം അത്ഭുതപ്പെടുത്തി. നല്ല പക്വതവന്ന ഒരു പ്രവര്‍ത്തക. ഇതിനെക്കുറിച്ച് ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു: ''എന്റെ നാട് ദീനി ആയിട്ട് വളരെ പിന്നിലാണ്. ഞാനൊക്കെ തിരിച്ചുപോയാല്‍ അവര്‍ക്കിടയിലല്ലേ ജീവിക്കേണ്ടത്.'' ആ ഒരു തിരിച്ചറിവായിരിക്കാം പില്‍ക്കാലത്ത് അവളെ ജി.ഐ.ഒവിന്റെ മുന്‍നിരയിലേക്ക് എത്തിച്ചത്.
ജി.ഐ.ഒവിന്റെ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുത്തപ്പോഴുള്ള ചേന്ദമംഗല്ലൂര്‍ യൂനിറ്റിന്റെ സ്വീകരണ പരിപാടിയിലാണ് സൗദയെ പിന്നീട് കാണുന്നത്. മറുപടി പ്രസംഗം തുടങ്ങിയത് അവളുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ 'എന്റെ മജ്ജയിലും മാംസത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് ചേന്ദമംഗല്ലൂരിന്റെ രക്തമാണെന്ന് പറഞ്ഞാല്‍ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല...' ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഞാന്‍ ശരിക്കും അവളുടെ കുട്ടിക്കാലം ഓര്‍ക്കുകയായിരുന്നു.
തുടര്‍ന്നുള്ള എന്റെ പ്രവാസ ജീവിതത്തില്‍ കൂടുതലായി അവളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും ഇടക്കുവെച്ച് കാണാന്‍ അവസരം കിട്ടിയപ്പോഴൊക്കെ ഞങ്ങളുടെ ആ പഴയ കൂട്ടുകാരെ കുറിച്ചെല്ലാം സ്‌നേഹത്തോടെ അന്വേഷിക്കുമായിരുന്നു. കണ്ണൂരില്‍നിന്ന് വിവാഹം കഴിച്ച എന്റെ സഹോദരന്റെ കല്യാണത്തിന് അവളുടെ എല്ലാ പരിപാടികളും മാറ്റിവെച്ച് വന്നപ്പോള്‍ പറഞ്ഞത് 'എനിക്ക് ചേന്ദമംഗല്ലൂര്‍ക്കാരെ കാണാലോ' എന്നായിരുന്നു. അന്നെല്ലാവരെയും കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചത് ഞാനിപ്പോഴും കണ്ണില്‍ കാണുകയാണ്. അതാണവളുടെ സ്വഭാവം. എത്ര ഉന്നത പദവിയിലായിരുന്നാലും ആ ഒരു സ്‌നേഹം നിലനിര്‍ത്താനവള്‍ ശ്രമിച്ചു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top