മനസ്സിനുള്ളിലെ ദുഃഖ സാഗരം

നസീം പുന്നയൂര്‍ No image

                  പുത്തനത്താണി ജംഗ്ഷനില്‍ വണ്ടി നിര്‍ത്തി അടുത്ത കടക്കാരോട് വീടന്വേഷിച്ചു. അയാള്‍ പെട്ടെന്ന് വീട് പറഞ്ഞുതന്നു. അടുത്ത കവലയിലെ വലതുഭാഗത്തുള്ള ഏറ്റവും വലിയ വീട്.
ഇങ്ങനെ മുന്നറിയിപ്പില്ലാതെ കയറിച്ചെല്ലുമ്പോള്‍ ഫൈസല്‍ തികച്ചും അമ്പരക്കും.
അമ്പരക്കട്ടെ. ദുബായില്‍ ഒരേ താവളത്തില്‍ പതിനൊന്നുകൊല്ലം ഒന്നിച്ചു താമസിച്ച ഏറ്റവും അടുത്ത സുഹൃത്തായിട്ടും  പുതിയ വീടുവെച്ചു താമസിച്ചപ്പോള്‍ സാമാന്യ മര്യാദക്ക് 'നാട്ടില്‍ വരുമ്പോള്‍ ഒന്ന് വീട്ടില്‍ വരണമെന്ന്' പറയാനുള്ള മനസ്സുപോലും കാണിച്ചില്ലല്ലോ എന്ന ദുഃഖം എന്റെ മനസ്സിലെപ്പോഴുമുണ്ടായിരുന്നു. ഭാഗ്യത്തിന് ഇത്തവണ ദുബായില്‍നിന്നും ഞാന്‍ ലീവില്‍ വന്ന സമയത്ത് ഫൈസലും നാട്ടിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അയാളെ അറിയിക്കാതെ അയാളുടെ പുതിയ വീട്ടിലേക്ക് കയറിച്ചെല്ലുക. അയാള്‍ക്കൊരു സര്‍പ്രൈസാവട്ടെ.
ദുബായിലെ ബ്രിട്ടീഷ് ബാങ്കിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഫൈസല്‍. വായനയിലും സംഗീതത്തിലും സ്‌പോര്‍ട്‌സിലുമൊക്കെ അതീവ തല്‍പരന്‍. ആരുമായും എളുപ്പം അടുക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന പ്രകൃതം. ദുബായിലെ ഞങ്ങള്‍ താമസിക്കുന്ന അഞ്ചംഗമുള്ള താവളത്തിലേക്ക് ഫൈസല്‍ കടന്നുവരുമ്പോള്‍ അയാളുടെ ലഗേജിന്റെ കൂട്ടത്തില്‍ ഒരു ഗിറ്റാറുമുണ്ടായിരുന്നു. താവളത്തിലെ വിരസതയകറ്റാന്‍ അയാള്‍ ഗിറ്റാര്‍ വായിക്കും. ഒപ്പം പാടുകയും ചെയ്യും. താവളത്തിലെ അന്തേവാസികളായ സൈമണിലും സിദ്ധീഖിലുമൊക്കെ ഒളിഞ്ഞുകിടന്നിരുന്ന സംഗീതവാസനക്ക് ഫൈസലിന്റെ സാമീപ്യം ചിറകുമുളപ്പിച്ചു.
അങ്ങനെ സംഗീതവും ചര്‍ച്ചകളും തര്‍ക്കങ്ങളുമൊക്കെയായപ്പോള്‍ താവളത്തിലെ വിരസത പമ്പകടന്നു.
ഫൈസല്‍ ശരിക്കും ഒരു വിജ്ഞാനകോശം തന്നെയായിരുന്നു. ഭൂമിക്കു മുകളില്‍ ആകാശത്തിനു താഴെയുള്ള എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അയാള്‍ ചര്‍ച്ച ചെയ്യും, ഒന്നൊഴികെ.
അതയാളുടെ കുടുംബത്തെക്കുറിച്ചായിരുന്നു. ഫൈസലിന്റെ ചര്‍ച്ചകളിലും സംസാരങ്ങളിലുമൊന്നും അയാളുടെ കുടുംബമോ കുടുംബാംഗങ്ങളോ കടന്നുവരില്ല. അതിനെക്കുറിച്ചൊരു സൂചന പോലുമുണ്ടാകില്ല. ആരെങ്കിലും കയറിയങ്ങോട്ട് കുടുംബത്തെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ ആരാഞ്ഞാലുടന്‍ അയാളുടെ മൂഡ് മാറും.
മുഖത്ത് വിഷാദം കാര്‍മേഘം പടര്‍ത്തും. പിന്നെ എല്ലാ പരിപാടികളും നിര്‍ത്തി രംഗം വിട്ടു കക്ഷി. ഫൈസലിന്റെ ഈ സ്വഭാവം ആദ്യമൊന്നും ഞങ്ങള്‍ക്കു മനസ്സിലായില്ല. പിന്നെ മനസ്സിലായപ്പോള്‍ ഞങ്ങള്‍ അക്കാര്യത്തില്‍ നിന്നും വിട്ടുനിന്നു. എങ്കിലും ഞങ്ങള്‍ക്കിടയില്‍ എപ്പോഴും ഫൈസലിന്റെ കാര്യം  ചര്‍ച്ച ചെയ്യപ്പെട്ടു. എല്ലാവര്‍ക്ക് അവരുടെതായ എന്തെങ്കിലും സ്വകാര്യ ദുഃഖം ഉണ്ടാകും, ചിലര്‍ക്കത് മറ്റുള്ളവരറിയുന്നത് ഇഷ്ടമാവുകയില്ല. അത്തരക്കാരുടെ രഹസ്യങ്ങളുടെ അകത്തളങ്ങളിലേക്കിറങ്ങിച്ചെല്ലാതിരിക്കുകയാണ് ഉത്തമമെന്ന് തോന്നിയതുകൊണ്ട് ഞങ്ങളതിന് മെനക്കെട്ടില്ല.
കടക്കാരന്‍ സൂചിപ്പിച്ച പ്രകാരം ഫൈസലിന്റെ വീട് എളുപ്പം കണ്ടുപിടിച്ചു. വലിയ ബംഗ്ലാവിന് ജുമേര ബീച്ചിലെ അറബി വില്ലയോട് രൂപസാദൃശ്യമുണ്ടായിരുന്നു.
ഞാന്‍ കോളിംഗ് ബെല്ലടിച്ചു. നിമിഷങ്ങള്‍ക്കകം വാതില്‍ തുറന്നു. തുറന്ന വാതിലിനപ്പുറം ഫൈസല്‍. ഫൈസലിന്റെ മുഖത്ത് ആശ്ചര്യം. ''എന്തേ പ്രതീക്ഷിച്ചില്ല അല്ലേ'' ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
അയാള്‍ പറയാതെത്തന്നെ ഞാന്‍ വരാന്തയിലേക്ക് കയറി.
ഏറെ നാള്‍ ഒന്നിച്ചുകഴിഞ്ഞ സുഹൃത്ത് വീട്ടില്‍ വന്ന സന്തോഷമൊന്നും അവന്റെ മുഖത്ത് കണ്ടില്ല. പകരം ഒരുതരം പരിഭ്രമമായിരുന്നു. വിശേഷം ചോദിച്ചറിയുന്നത് പോയിട്ട് ഒന്ന് ഇരിക്കാന്‍ പോലും പറഞ്ഞില്ല.
അയാളുടെ ഭാര്യ അതിനിടയില്‍ ചായ കൊണ്ടുവന്നു.
ഭാര്യ എന്നോട് വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കെ  അകത്തുനിന്നെന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും അലര്‍ച്ചയും കേട്ടുകൊണ്ടിരുന്നു.
ഞാന്‍ ഫൈസലിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ പരിഭ്രമം കൊണ്ടവന്റെ മുഖം കൂടുതല്‍ കറുത്തുവരുന്നതായി തോന്നി.
എന്റെ സന്ദര്‍ശനം അവര്‍ക്കിഷ്ടപ്പെട്ടില്ലെന്നും എത്രയും പെട്ടെന്ന് എന്നെ അവിടെ നിന്ന് ഒഴിവാക്കണമെന്നും അവന്‍ ആഗ്രഹിക്കുന്നതുപോലെ തോന്നി, അപ്പോഴാണ് പെട്ടെന്ന്, ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ ഒരാള്‍ രംഗത്തേക്ക് ചാടിവീണത്. പത്തു പന്ത്രണ്ട് വയസ്സു തോന്നിപ്പിക്കുന്ന ഒരു പയ്യന്‍. മുട്ടിനുമേലെ എത്തുന്ന ഒരു വള്ളിട്രൗസര്‍ മാത്രമാണ് അവന്റെ വസ്ത്രം. ചീകിയൊതുക്കാത്ത മുടി. അവന്‍ എന്തോ കടിച്ചു വലിച്ച് തിന്നുന്നുണ്ട്. വായുടെ ഒരു അറ്റത്തുനിന്നും ഉമിനീര്‍ ഒലിച്ചിറങ്ങുന്നു. ആ വിചിത്ര രൂപത്തെ കണ്ടപ്പോള്‍ തന്നെ എനിക്കു കാര്യം മനസ്സിലായി. പെട്ടെന്നവന്‍ ഓടിവന്ന് എന്റെ മടിയില്‍ കയറിയിരുന്നുകൊണ്ട് ചോദിച്ചു: ''ആരാ, അങ്കിളാരാ..''
ഫൈസല്‍ അവനെ പിടിച്ചിറക്കിക്കൊണ്ട് ദേഷ്യത്തില്‍ അലറി:
''കുട്ടു, പോ അകത്തു പോ.''
അവന്‍ ആജ്ഞ അനുസരിച്ചില്ലെന്നുമാത്രമല്ല അവന്‍ ഫൈസലിന്റെ നേര്‍ക്കു തിരിഞ്ഞുകൊണ്ട് കൊഞ്ഞനം കുത്തി.
''പോടാ പപ്പാ...''
എന്നിട്ടവന്‍ എന്റെ പോക്കറ്റില്‍ നിന്ന് പേനയും പണവുമൊക്കെ വലിച്ചെടുക്കാന്‍ തുടങ്ങി. ഫൈസലിനതുകണ്ട് ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ കുട്ടിയെ വലിച്ചു താഴെയിറക്കി. കുട്ടി അലറിക്കരയാന്‍ തുടങ്ങി. ഞാന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫൈസല്‍ പ്രഹരം തുടങ്ങി.
അയാള്‍ നിന്നു വിയര്‍ക്കാനും കിതക്കാനും തുടങ്ങി.
''മടുത്തു സുഹൃത്തേ മടുത്തു. നിങ്ങള്‍ വല്ലപ്പോഴും ചോദിക്കാറുണ്ടല്ലോ ഞാന്‍ എന്തുകൊണ്ടാണ് എന്റെ കുടുംബത്തെക്കുറിച്ച് ഒന്നും പറയാത്തതെന്ന്. ഇപ്പോള്‍ നേരില്‍ കണ്ടില്ലേ എന്റെ കുടുംബവിശേഷം. എന്റെ മൂത്ത രണ്ടു പെണ്‍കുട്ടികള്‍ക്ക് താഴെയുള്ള ആണ്‍കുട്ടിയാണിവന്‍. ജന്മനാ തന്നെ ബുദ്ധിമാന്ദ്യത്തോടെ ജനിച്ച ഇവനെ ചികിത്സിക്കാത്ത ഡോക്ടറില്ല. കാണാത്ത മന്ത്രവാദികളില്ല. പക്ഷേ, രോഗം കൂടിയതല്ലാതെ യാതൊരു കുറവുമില്ല. മകന്‍ വളരുന്തോറും അവന്റെ രോഗവും വളര്‍ന്നു. ഒപ്പം ഞങ്ങളുടെ മനസ്സിലെ ആധിയും വ്യാധിയും വളരുകയാണ്. ഒരു മന്ദബുദ്ധിയുടെ വീട്ടില്‍ നിന്നാരെങ്കിലും കല്യാണം കഴിക്കുവാന്‍ തയ്യാറാകുമോ?'' ഫൈസല്‍ നിന്നു വിതുമ്പുകയാണ്.
എനിക്കയാളെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല.
രോഗം ദൈവനിശ്ചയമാണ്. അല്ലാതെ ആരുടെയും കുറ്റമല്ല. പക്ഷേ ആ രോഗം കൊണ്ട് മറ്റുള്ളവര്‍ കഷ്ടപ്പെടുകയും മറ്റുള്ളവരുടെ സന്തോഷകരമായ ജീവിതത്തിനു തടസ്സം വരികയും ചെയ്യുമ്പോള്‍ നാം പഴിചാരേണ്ടത് ആരെയാണ്?      

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top