ചിന്തക്ക് കരുത്തുപകര്‍ന്നു

വിദ്യ അനൂപ് വളപ്പട്ടണം

ചിന്തക്ക് കരുത്തുപകര്‍ന്നു

ഡിസംബര്‍ ലക്കം എന്‍.പി ഹാഫിസ് മുഹമ്മദിന്റെ `മോഹഭംഗങ്ങളെ അഭിമുഖീകരിക്കുമ്പോള്‍` എന്ന ലേഖനത്തിലെ ഓരോ വരിയും എന്റെ മനസ്സിന് വല്ലാത്ത പ്രചോദനം നല്‍കി. അദ്ദേഹം എഴുതിയ പോലെ ഒന്നിന് മാത്രം മുന്‍ഗണന കൊടുക്കുകയും അത് അസാധ്യമാക്കരുത് എന്ന വിചാരം ആര്‍ത്തിയോടെ കൊണ്ട് നടക്കുകയും ചെയ്ത് അസ്വസ്ഥപൂര്‍ണമായ പര്യവസാനം ഉണ്ടാകുമ്പോഴുള്ള സാഹചര്യത്തില്‍ ഒരുപാട് വിഷമിച്ച വ്യക്തിയാണ് ഞാന്‍. മോഹസഫലീകരണത്തില്‍ അമിതമായി ആഹ്ലാദിക്കുകയോ ആവേശം കൊള്ളുകയോ ചെയ്യരുതെന്ന് ഞാന്‍ പഠിച്ചു. ഒരുപാട് വായിക്കുമെങ്കിലും ആരാമത്തിലെ ഓരോ വരിയുമാണ് എന്നെ വല്ലാതെ മാറ്റിയത്. ശേഷക്രിയയായി എഴുതിയ പത്ത് പോയിന്റുകള്‍ ഒരുപാട് തവണ ഞാന്‍ വായിച്ചു. അഞ്ച് മാസമായി എന്റെ മനസ്സിലുണ്ടായിരുന്ന സങ്കടം ഒരൊറ്റവായനകൊണ്ട് മാറ്റിവരച്ച ആരാമത്തിനും ഹാഫിസ് മുഹമ്മദിനും നന്ദി.
വിദ്യ അനൂപ്
വളപ്പട്ടണം

 

ഫാത്തിമ ഉമറിനെ
കൂടുതല്‍ പരിചയപ്പെടാനായി

ഡിസംബര്‍ ലക്കം വളരെ നിലവാരം പുലര്‍ത്തി. `കരുത്തിട്ട വിത്തിട്ട് മുളപ്പിച്ച സന്തോഷത്തില്‍` എന്ന തലക്കെട്ടോടുകൂടി ഫാത്തിമ ഉമറിന്റെ ജീവിത ചരിത്രങ്ങള്‍ വായിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി. എന്റെ അയല്‍നാട്ടുകാരിയായ ഫാത്തിമ ഉമറിന്റെ ചരിത്രം അറിയാമെങ്കിലും ആരാമത്തിലൂടെ അതിലുപരിയായി അറിയാന്‍ സാധിച്ചതിലും ഒരു മാതൃകാ വനിതയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയതിനും ആരാമത്തിനു നന്ദി.
`അനുതാപത്തിന്റെ വിസ്മയ ശേഷി` എന്ന ലേഖനം വളരെ ആഴത്തില്‍ തന്നെ മനസ്സില്‍ തട്ടി. ദേഷ്യം പിടിച്ചാല്‍ മക്കളെ ശിക്ഷിക്കുമെങ്കിലും പെട്ടെന്ന് തന്നെ മനസ്സലിയുന്ന മാതാവിന്റെ സ്‌നേഹം കുഞ്ഞിന്റെ  മനസ്സില്‍ എത്തുമെന്നതിന് വലിയൊരു ഉദാഹരണമാണ് ഈ ലേഖനം. മക്കള്‍ക്കും മാതാവിനുമിടയിലെ ഊഷ്മള സ്‌നേഹം വരികളിലൂടെ വരച്ചുകാണിക്കാന്‍ കുഞ്ഞാലിക്കായിട്ടുണ്ട്.
ഉമ്മു തസ്ബീഹ്
ചങ്ങരംകുളം
 


സൗദയുടെ നനവുള്ള ഓര്‍മകളുമായി

നവംബര്‍ ലക്കത്തെ സൗദ പടന്നയെ കൂറിച്ചുള്ള  ആരാമത്തിന്റെ മുഴുവന്‍ പേജുകളും വായിച്ച് തീര്‍ത്തിട്ടാണ് ശ്വാസം വിട്ടത്. അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകനല്ല. ഒരു മുസ്‌ലിമായി ജീവിച്ച് മരിക്കണം എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരനാണ്. എന്നാല്‍ ആര് നന്മ ചെയ്താലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ചാലും അവരെ സ്‌നേഹിക്കുകയും അവര്‍ക്ക് എന്നാല്‍ കഴിയുന്ന സഹകരണങ്ങളും സഹായങ്ങളും നല്‍കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്.
അങ്ങനെയാണ് ആരാമം എന്റെ കയ്യില്‍ എത്തുന്നത്. ബഹുമാന്യ വനിത സൗദ പടന്ന 1000 പുരുഷന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് (ഞങ്ങളുടെ നാട്ടില്‍) ചെയ്തുതീര്‍ത്ത് നന്മയുടെ പ്രകാശമേന്തിക്കൊണ്ട് 41 വര്‍ഷം ഭൂമിയില്‍ സ്വര്‍ഗം തന്നെ പണിതു. ആരാമം വായനയിലൂടെ അവരുടെ പ്രവര്‍ത്തന മേഖല മനസ്സിലാക്കാനായി. പത്തനംതിട്ടയില്‍ കിടക്കുന്ന ഒരു സാധാരണക്കാരനായ എനിക്കുപോലും അല്ലാഹുവിനോട് അവര്‍ക്കുവേണ്ടി ദുആ ചെയ്യുവാന്‍ തോന്നിയെങ്കില്‍ അതുപോലെ അവര്‍ക്ക് വേണ്ടി എത്രപേര്‍ പ്രാര്‍ഥിക്കുന്നുണ്ടാകും! തീര്‍ച്ചയായും അവരെ വളര്‍ത്തിയ സംഘടനക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും.
ആ നഷ്ടം നികത്തുവാന്‍ അവരെപ്പോലുള്ള വനിതകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഷാജി. കെ
പത്തനംതിട്ട

നവംബര്‍ ലക്കം ആരാമം സൗദ പടന്നയെ പരിചയമില്ലാത്തവര്‍ക്കുപോലും അടുത്തറിയാന്‍ അവസരമായി.
വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിക്ക് വന്നപ്പോഴാണ് സൗദയെ  പരിചയപ്പെട്ടത്.
ജീവിച്ചിരുന്ന കാലത്തെ സമയമത്രയും പരമാവധി ഇസ്‌ലാമിക മാര്‍ഗത്തില്‍ ചിലവഴിക്കാന്‍ ശ്രമിച്ച സൗദ, നമ്മുടെ പെണ്‍കുട്ടികള്‍ക്കൊരു മാതൃകയാണെന്നതില്‍ സംശയമില്ല.
`ജീവിച്ചതിന് അടയാളങ്ങള്‍ ബാക്കിയാക്കി സൗദ യാത്രയായി` എന്ന ലേഖനം ഹൃദയസ്പര്‍ശിയായിരുന്നു.
ആമിന മുഹമ്മദ്
വണ്ടൂര്‍

നവംബര്‍ മാസത്തെ ആരാമം വായിച്ചപ്പോള്‍ സൗദയെക്കുറിച്ച് കൂടുതല്‍ അറിയുകയും കണ്ണും ഖല്‍ബും വിങ്ങുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.
സൗദയുടെ പ്രസംഗവേദികളില്‍ പങ്കുകൊണ്ട ഞങ്ങള്‍ കുറച്ച് പേര്‍ക്ക് തൃക്കരിപ്പൂരിലെ ബിരിച്ചേരി മൂലയില്‍ അവരെകൊണ്ടുവന്ന് പ്രസംഗിപ്പിക്കണം എന്ന അതിയായ മോഹം ഉടലെടുക്കുകയും അതേക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. ആയിടക്കാണ് ``തമന്ന കുടുംബശ്രീ`` അയല്‍കൂട്ടത്തിന്റെ ഒന്നാംവാര്‍ഷികം കടന്നുവരുന്നത്. ഈ അവസരം കൈമുതലാക്കി ഞങ്ങള്‍ കുറച്ച് പേര്‍ അവരെ ക്ഷണിക്കാന്‍ വിളയങ്കോട് `കാരുണ്യനികേത`നില്‍ എത്തി. കുട്ടികള്‍ ഇന്റര്‍വെല്‍ സമയമായതിനാല്‍ ക്ലാസ്സിന് പുറത്തായിരുന്നു. കുട്ടികളെ വീക്ഷിച്ചപ്പോള്‍ സങ്കടം വന്നു. ഇവരെ സൗദ കൈകാര്യം ചെയ്യുന്നതില്‍ അത്ഭുതം കൂറുകയും ചെയ്തു. അവര്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി.  വന്ന കാര്യം അവരോട് പറഞ്ഞപ്പോള്‍, ഇ.അ നോക്കാം എന്റെ തൊണ്ടക്ക് നല്ല സുഖമില്ലെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചു. അവരുടെ സംസാരത്തിന് പതര്‍ച്ചയുണ്ടായിരുന്നു. ഞങ്ങള്‍ കരുതി വല്ല ജലദോഷമോ മറ്റോ ആവാമെന്നാണ്. ഈ അടുത്ത കാലത്താണ് അവരുടെ അസുഖം അറിയുന്നത്.
സൗദയുടെ പ്രസംഗം സദസ്സ് അത്ഭുതപ്പെട്ടു. പിന്നീടുള്ള ഞങ്ങളുടെ കുടുംബശ്രീ മീറ്റിംഗിലും സൗദയുടെ പ്രസംഗത്തെക്കുറിച്ചുള്ള അതിശയോക്തി കലര്‍ന്ന സംസാരവും ചര്‍ച്ചയുമായിരുന്നു.
എന്‍.കെ.പി സുലു മുസ്തഫ
തൃക്കരിപ്പൂര്‍

നവംബര്‍ ലക്കത്തിലെ ആരാമം മാസിക സപ്ലിമെന്റായി പ്രസിദ്ധീകരിച്ചത് പോലെയാണ് തോന്നിയത്. ഇതിന് വില വാങ്ങേണ്ടതില്ലായിരുന്നു.
മാസികക്കൊപ്പം ഒരു സപ്ലിമെന്റ് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഈ ആക്ഷേപം ഉയരുമായിരുന്നില്ല. മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന ആരാമം ഒരു സപ്ലിമെന്റായി മാറിയതില്‍ വളരെ ദുഃഖമുണ്ട്.
ഹംസ പി
പൊന്നാനി

നവംബര്‍ ലക്കം ഒറ്റയിരിപ്പിന് മുഴുവനായി വായിച്ചു തീര്‍ക്കുമ്പോള്‍ അറിയാതെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഇറ്റി വീഴുന്നുണ്ടായിരുന്നു. ജീവിതം അടയാളപ്പെടുത്തി തിരിച്ചുപോയ സൗദയെന്ന വിപ്ലവകാരി ഇസ്‌ലാമിക സമൂഹത്തിന്  നഷ്ടമാണ്. സമാനമായ വനിതാ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ കേരളക്കരയില്‍ അപൂര്‍വമാണ്. പല ഘടനകളിലും സജീവ വനിതാ പ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും അവര്‍ ഏതെങ്കിലും പ്രവര്‍ത്തന മേഖലയില്‍ തിളങ്ങി നിന്നപ്പോള്‍ സൗദ ടീച്ചര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃകയായി മാറി.
സൗദയുടെ ജീവിതത്തില്‍ നിന്ന് നാം വായിച്ചെടുക്കേണ്ട മറ്റൊരു പാഠം കൂടിയുണ്ട്. സൗദയെന്ന വ്യക്തിത്വത്തിന് താങ്ങും തണലും ആവേശവും നല്‍കിയ മാതൃകാ ഭര്‍ത്താവ് എസ്.എല്‍.പി സിദ്ദീഖ.് ഭാര്യമാര്‍ എത്രതന്നെ പരിചരിച്ചാലും പരാതി തീരാത്ത ഭര്‍ത്താക്കന്മാര്‍ക്ക് സിദ്ദീഖ് വലിയ പാഠമാണ്. പലപ്പോഴും ഇസ്‌ലാമിക പ്രസ്ഥാനപ്രവര്‍ത്തകര്‍ കഴിവുറ്റ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ തേടിപ്പിടിച്ച് വിവാഹം ചെയ്യുന്നു. പക്ഷേ, പിന്നീടങ്ങോട്ട് അവള്‍ക്കു പഴയതുപോലെ പ്രവര്‍ത്തിക്കാനോ അവരുടെ മേഖലയില്‍ തിളങ്ങാനോ അവസരം കൊടുക്കാതെ ഒന്നിനും പറ്റാതാക്കി മാറ്റുന്ന എത്രയോ ഭര്‍ത്താക്കന്മാരുണ്ട്. `സ്ത്രീകള്‍ അത്രയൊക്കെ പ്രവര്‍ത്തിച്ചാല്‍ മതി, ഇനി പഴയതുപോലെ നടക്കില്ല. നിന്നെ പോലെ മറ്റുള്ളവരൊന്നും പ്രവര്‍ത്തിക്കുന്നില്ലല്ലോ` എന്നിങ്ങനെ ചോദിച്ച് അവരെ നിരുത്സാഹപ്പെടുത്തുന്നു. അവര്‍ക്ക് സൗദടീച്ചറുടെ ഭര്‍ത്താവില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.
ഫസല്‍
ദേവതിയാല്‍

എല്ലാമാസവും ആരാമം വായിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. വ്യത്യസ്തമായ ഉള്ളടക്കത്താലും ദിശാബോധവും ചിന്തകളും കൊണ്ട് നിറക്കുന്ന മുഖമൊഴിയാലും ആരാമം വ്യത്യസ്ഥത പുലര്‍ത്തുന്നു. അനുഗ്രഹീത കലാകാരി സ്വാലിഹയെ വായക്കാര്‍ക്ക് പരിചപ്പെടുത്തിയ ആരാമം തുടര്‍ന്നും ഇത്തരം ഫീച്ചറുകള്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാറയില്‍ ഫസലു
തിരൂര്‍

സമുദായ നേതൃത്വമാണ് പ്രതിക്കൂട്ടില്‍

ജീവിതത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് വിവാഹം. ഈ ചടങ്ങുകള്‍ പോലും അതിരുകടന്ന ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെതുമാക്കിമാറ്റുന്നു. കല്ല്യാണത്തിന് അനാവശ്യ ചടങ്ങുകള്‍ നിയന്ത്രിക്കേണ്ട മതപണ്ഡിതന്മാര്‍ ഇത്തരം ആര്‍ഭാട ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രമാണിമാരുടെയും സമ്പന്നരുടെയും വീട്ടില്‍ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന പണ്ഡിതന്മാരും മത നേതാക്കന്മാരും ഇത്തരം ദുര്‍വ്യയം നിറഞ്ഞ ആഘോഷങ്ങളില്‍ പങ്കാളിയാവുകയും ആ സന്ദര്‍ഭത്തില്‍ യാതൊരു പ്രതികരണവും ബഹളവും നടത്താതെ സാധാരണക്കാര്‍ തന്റെ വീട്ടില്‍ പണക്കാരനെ മാതൃകയാക്കി അല്‍പം പൊങ്ങച്ചത്തോടെ നടത്തിയാല്‍ അതിനെതിരെ ബഹളം വെക്കുകയും അവരില്‍ വിശ്വാസമര്‍പ്പിച്ച അണികളെക്കൊണ്ട് ഇത്തരം ചടങ്ങുകളെ തടയുകയും ചെയ്യുന്നത് മതനേതാക്കന്മാരുടെ ഇരട്ടത്താപ്പിനെയാണ് സൂചിപ്പിക്കുന്നത്. ഇതൊരു അനീതിയാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും ഒരുപാട് പെണ്‍കുട്ടികള്‍ കല്ല്യാണം കഴിയാതെ ഉണ്ട്. ഇതിനുവേണ്ടി എന്തു നടപടിയാണ് ഇവരില്‍ നിന്നുണ്ടായത്?
ചലനാത്മകമായ ആധുനിക യുഗത്തിന്റെ മുഖമുദ്ര തന്നെ മൂല്യനിരാസമായി മാറിയിരിക്കുന്നുവെന്നാണ് വിവാഹ ക്ഷണക്കത്തുകള്‍ സൂചിപ്പിക്കുന്നത്. മഹിമകാണിക്കാന്‍ സമ്പന്നര്‍ അടിച്ചിറക്കുന്ന വിവാഹക്കത്തുകളാണ് പാവപ്പെട്ടവന്റെ മാതൃക. മുന്‍കാലങ്ങളില്‍ രാത്രിയിലാണ് വിവാഹാഘോഷങ്ങള്‍ നടന്നിരുന്നത്.  ഇപ്പോള്‍ കല്ല്യാണരാത്രി ചിലയിടങ്ങളിലെങ്കിലും മദ്യസല്‍ക്കാരം  പതിവാണ്. ഇത്തരത്തിലുള്ള അതിക്രമങ്ങളെ മഹല്ല് കമ്മറ്റികള്‍ എതിര്‍ക്കാറില്ല. സമൂഹത്തില്‍ ഉണ്ടാകുന്ന അനാശാസ്യതകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ മഹല്ല് കമ്മറ്റികള്‍ സന്നദ്ധരല്ലെന്നാണ് ഇത് തെളിയിക്കുന്നത്.
അബ്ദുശുക്കൂര്‍
വേങ്ങര  

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top