വൈകല്യം ശാപമല്ല

അഷ്‌റഫ് No image

അംഗവൈകല്യം ഒരു ശാപമല്ല; രോഗവുമല്ല. മറിച്ച് അപകടമോ രോഗമോ വഴി ആര്‍ക്കും വരാവുന്ന ഒരവസ്ഥ മാത്രമാണിത്. അംഗപരിമിതര്‍ക്ക് ആവശ്യം സഹതാപമല്ല, സ്‌നേഹവും സാന്ത്വനവും പിന്തുണയുമാണ്. അവര്‍ 'കഴിവില്ലാത്തവര'ല്ല; മറിച്ച് 'വ്യത്യസ്തമായ കഴിവുള്ളവരാ'ണ്. അന്ധയും മൂകയുമായ ഹെലന്‍ കെല്ലര്‍ സൂമൂഹ്യപ്രവര്‍ത്തനത്തിലും, ബധിരനായ ബിഥോവന്‍ സംഗീതത്തിലും, മാനസിക വൈകല്യമുണ്ടായിരുന്ന വിന്‍സന്റ് വാന്‍ഗോഗ് ചിത്രകലയിലും, പഠനവൈകല്യമുണ്ടായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശാസ്ത്ര മേഖലയിലും ലോകപ്രശസ്തരാകുക വഴി തെളിയിച്ചത് ആ സത്യമാണ്.
കഴിവും ആത്മവിശ്വാസവും കൊണ്ട് വൈകല്യത്തെ അതിജീവിച്ച് ജീവിത വിജയം നേടുന്ന ധാരാളം വ്യക്തികള്‍ ഇന്നും നമുക്കിടയിലുണ്ട്. അതുകൊണ്ടാണ് ഇത്തരക്കാരെ 'വികലാംഗര്‍' എന്ന് വിളിച്ച് നിന്ദിക്കുന്നതിന് പകരം 'ഭിന്നശേഷിയുള്ളവര്‍' എന്ന് വിശേഷിപ്പിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവര്‍, അംഗപരിമിതര്‍, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, വ്യത്യസ്തമായി കഴിവുള്ളവര്‍ തുടങ്ങിയ പേരുകള്‍ കൊണ്ട് ഇന്ന് അര്‍ഥമാകുന്നതും ഈ വിഭാഗക്കാരെയാണ്.

തടസ്സങ്ങള്‍ മാറ്റാം
ലോകാരോഗ്യ സംഘടനയുടെ 2011-ലെ 'വേള്‍ഡ് ഡിസെബിലിറ്റി റിപ്പോര്‍ട്ട്' പ്രകാരം ലോകത്ത് 100 കോടി ജനങ്ങള്‍ ഏതെങ്കിലുമൊരു രീതിയില്‍ വൈകല്യം അനുഭവിക്കുന്നവരാണ്. ഇത് ആകെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം വരും. ഇതില്‍ പത്ത് കോടി പേര്‍ കുട്ടികളാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ 25 ശതമാനം അംഗപരിമിതരാണ്. അതായത് നമ്മുടെ രാജ്യത്ത് നാലില്‍ ഒരാള്‍ വീതം ഏതെങ്കിലും വിധത്തില്‍ വൈകല്യമുള്ളവരാണെന്നര്‍ഥം! കേരളത്തില്‍ അംഗപരിമിതരുടെ എണ്ണം 29 ലക്ഷമാണ്. അംഗപരിമിതരുടെ ജനസംഖ്യയും അതനുസരിച്ച് അവരുടെ പ്രശ്‌നങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ്, 'തടസ്സങ്ങള്‍ മാറ്റുക; വാതിലുകള്‍ തുറക്കുക' എന്ന സന്ദേശവുമായി, ഈ വര്‍ഷത്തെ, ഭിന്നശേഷിയുള്ളവരുടെ സാര്‍വദേശീയ ദിനം ഡിസംബര്‍ മൂന്നിന് ലോകരാഷ്ട്രങ്ങള്‍ ആചരിച്ചത്. വൈകല്യം അനുഭവിക്കുന്നവര്‍ ഇന്ന് കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കണമെന്നും അവസരങ്ങളുടെ വാതിലുകള്‍ അവര്‍ക്കായി തുറന്നിടണമെന്നും അതുവഴി ഒരു ഭിന്നശേഷി സൗഹൃദലോകം സൃഷ്ടിക്കണമെന്നുമുള്ള സന്ദേശമാണ് ഈ ദിനം നമുക്ക് നല്‍കിയത്.

വരാതെ നോക്കാം
പതിനെട്ട് വയസ്സിന് മുമ്പോ മുപ്പത്തിയെട്ട് വയസ്സിന് ശേഷമോ ഉള്ള ഗര്‍ഭധാരണവും തുടര്‍ച്ചയായ ഗര്‍ഭഛിദ്രവും 'ഡൗണ്‍സിന്‍ഡ്രോം' പോലുള്ള ബുദ്ധിവൈകല്യങ്ങള്‍ ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് കാരണമാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഗര്‍ഭിണികള്‍ക്ക് ശരിയായ അളവിലുള്ള പോ ഷകാഹാരവും പ്രതിരോധ കുത്തിവെപ്പുകളും ലഭിക്കാതിരിക്കുന്നത് മാനസിക വളര്‍ച്ചയില്ലാത്ത കുഞ്ഞുങ്ങള്‍ പിറക്കുന്നതിനുള്ള മറ്റ് കാരണങ്ങളാണ്. ഗര്‍ഭാവസ്ഥയിലുള്ള വീഴ്ച, ലഹരി ഉപയോഗം, ഗര്‍ഭിണികളില്‍ ഹെപ്പറ്റൈ റ്റിസ്, ഹെര്‍പ്‌സ് തുടങ്ങിയ രോഗങ്ങള്‍, എച്ച്.ഐ.വി അണുബാധ എ ന്നിവയും നവജാത ശിശുക്കളുടെ ബുദ്ധിമാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളാണ്. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിപ്പിടിക്കുക, മഞ്ഞപ്പിത്തം, പ്രസവിക്കാന്‍ ദീര്‍ഘസമയം എടുക്കുക തുടങ്ങിയ പ്രശ്‌നങ്ങളും കുഞ്ഞുങ്ങളെ ബുദ്ധിമാന്ദ്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നവജാതശിശുക്കളുടെ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, എന്‍സിഫലൈറ്റിസ്, തലക്കേല്‍ക്കുന്ന കഠിനമായ ക്ഷതം, കുട്ടികളിലെ പോഷകാഹാരക്കുറവ്, തലച്ചോറിലെ മുഴ, അത് നീക്കം ചെയ്യാനുള്ള ചികിത്സ തുടങ്ങിയവയും കുട്ടികളിലെ ബുദ്ധമാന്ദ്യത്തിന് കാരണമാവാമെന്ന് വിദഗ്ദര്‍ പറയുന്നു.
മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് പലപ്പോഴും കുട്ടികളുടെ വൈകല്യം ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നതെന്ന് കാണാം. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ക്കുള്ള സാധ്യത നേരത്തെ തന്നെ കണ്ടെത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമയോചിതമായ ഇടപെടലാണ് വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം. ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നവജാത ശിശുക്കളെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കണം. കുഞ്ഞുങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യം കണ്ടെത്തിക്കഴിഞ്ഞാല്‍, മനസ്സ് തളരാതെ, കഴിയുന്നത്ര വേഗം, വൈകല്യ-നിര്‍ണ്ണയ-പുനരധിവാസ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ചികിത്സയും പരിശീലനവും നല്‍കണം. ആവശ്യമെങ്കില്‍ അല്‍പം പോലും വൈകാതെ, കൃത്രിമ സഹായ ഉപകരണങ്ങള്‍ ഘടിപ്പിക്കാനും ഉപയോഗിക്കാനും തയ്യാറാവണം. വൈകല്യ സാധ്യത യഥാസമയത്ത് കണ്ടെത്തി ഉചിതമായ ചികിത്സയും പരിശീലനവും നല്‍കിയാല്‍, അന്ധത, ബധിരത തുടങ്ങിയ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധമതം.
ബി.സി.ജി, പോളിയോ, ഡി.പി.ടി, എം.എം.ആര്‍ തുടങ്ങിയ പ്രതിരോധ കുത്തിവെപ്പുകള്‍ കുട്ടികള്‍ക്ക് കൃത്യസമയങ്ങളില്‍ തന്നെ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വൈകല്യമുള്ള കുട്ടികളുടെ പ്രത്യേക ആവശ്യവും പരിഗണനയും മുന്‍ നിര്‍ത്തിയുള്ള വിദ്യാഭ്യാസവും പരിശീലനവും ഇവര്‍ക്ക് നല്‍കണം. കഴിയുന്നതും മറ്റ് കുട്ടികളുമായി ഇടപഴകാന്‍ അനുവദിച്ചുകൊണ്ടുള്ള പരിശീലന രീതിയാണ് വൈകല്യമുള്ള കുട്ടികള്‍ക്ക് അഭികാമ്യം. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി, സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായുള്ള ബി.ആര്‍.സികളുടെ കീഴില്‍ 'ആക്ടീവ് റിസോഴ്‌സ് സെന്ററുകള്‍' പ്രവര്‍ത്തിക്കുന്നുണ്ട്.
 
സംരക്ഷണത്തിന് നിയമവും
ഭിന്നശേഷി ദിനാചരണങ്ങളും ബോധവല്‍ക്കരണവും പതിവായി നടക്കുന്നുണ്ടെങ്കിലും, ശാരീരികവും മാനസികവുമായ പരിമിതികള്‍ മൂലം സമൂഹത്തില്‍ ഇന്നും അവഗണന അനുഭവിക്കുന്നവരാണ് വൈകല്യമുള്ളവര്‍. സ്വന്തം കുടുംബത്തില്‍ പോലും അവര്‍ വിവേചനത്തിന് വിധേയരാകുന്നു. എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളെയും, അവര്‍ക്ക് ലഭിക്കുന്ന സേവനങ്ങളെയും കുറിച്ച് ഭിന്നശേഷിയുള്ളവരും അവരുടെ രക്ഷിതാക്കളും ബോധവാന്മാരാവേണ്ടതുണ്ട്.
1995-ലെ അംഗപരിമിതര്‍ക്കായുള്ള 'അവസര സമത്വവും അവകാശ സംരക്ഷണവും പൂര്‍ണ പങ്കാളിത്തവും നിയമ'പ്രകാരം, പൊതുഇടങ്ങളിലും കെട്ടിടങ്ങളിലും തടസ്സരഹിതമായ സാഹചര്യം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവ അംഗപരിമിതരുടെ അവകാശങ്ങളാണ്. കേന്ദ്രസംസ്ഥാന വകുപ്പുകളിലും, സ്ഥാപനങ്ങളിലും, കമ്പനികളിലും മൂന്ന് ശതമാനം തസ്തികകള്‍ അംഗപരിമിതര്‍ക്ക് സംവരണം ചെയ്യണമെന്ന് സുപ്രീംകോടതിയും വിധിച്ചിട്ടുണ്ട്. അംഗപരിമിതരുടെ അവകാശങ്ങള്‍ അനധികൃതമായി കവര്‍ന്നെടുക്കുന്നതും അവരെ പീഡിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്.
നിയമത്തിന്റെ ഫലപ്രദമായ നിര്‍വഹണം ഉറപ്പ് വരുത്തുന്നതിന്, അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അംഗപരിമിതരുടെ പരാതികളും നിര്‍ദേശങ്ങളും കമ്മീഷണര്‍ക്ക് സമര്‍പ്പിക്കേണ്ട വിലാസം:
കമ്മീഷണര്‍,
സ്റ്റേറ്റ് ഡിസെബിലിറ്റി കമ്മീഷണറേറ്റ്,
സോഷ്യല്‍ ജസ്റ്റിസ് കോംപ്ലക്‌സ്,
പൂജപ്പുര, തിരുവനന്തപുരം-695012
ഫോണ്‍: 0471-2347704

രക്ഷിതാവാകാന്‍
ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ചിലതരം വൈകല്യമുള്ളവര്‍ക്ക്, കുട്ടിയായിരിക്കുമ്പോള്‍ മാത്രമല്ല, മുതിര്‍ന്ന് കഴിഞ്ഞാലും സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുണ്ടാവുകയില്ല. ഇത്തരം വ്യക്തികളുടെ സംരക്ഷണം, സ്വത്ത് കൈമാറ്റം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, രക്ഷാകര്‍ത്താക്കളെ നിയമിക്കുന്നതിന്, നാഷണല്‍ ട്രസ്റ്റ് ആക്ട് (1999) പ്രകാരം വ്യവസ്ഥയുണ്ട്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിമാന്ദ്യം, ബഹുവൈകല്യങ്ങള്‍ എന്നിവ അനുഭവിക്കുന്ന വ്യക്തികളുടെ സമഗ്രവികസനവും പുനരധിവാസവും ലക്ഷ്യമാക്കിയുള്ള ഈ നിയമപ്രകാരം 'നാഷണല്‍ ട്രസ്റ്റ്' സ്ഥാപിതമായിട്ടുണ്ട്. ഈ നിയമവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ബന്ധപ്പെടാം.
ബി.പി.എല്‍ പട്ടികയിലേക്ക്
മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍, പരസഹായം കൂടാതെ ജീവിതം നയിക്കാന്‍ കഴിവില്ലാത്തവര്‍, ശരീരം തളര്‍ന്ന് കിടപ്പിലായവര്‍ എന്നിവര്‍ ഉള്ള കുടുംബങ്ങളെകൂടി ബി.പി.എല്‍ കുടുംബങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കും.

പെന്‍ഷന്‍
അംഗപരിമിതര്‍ക്കുള്ള സംസ്ഥാന പെന്‍ഷന്‍ പദ്ധതിപ്രകാരം, ഭിന്നശേഷിയുള്ളവര്‍ക്ക് 700 രൂപ പ്രതിമാസ പെന്‍ഷന് അര്‍ഹതയുണ്ട്. 80 ശതമാനതിന് മുകളിലുള്ളവര്‍ക്കുള്ള പെന്‍ഷന്‍ തുക 1000 രൂപയാണ്. ഈ പെന്‍ഷനുള്ള വാര്‍ഷിക വരുമാന പരിധി 22375 രൂപയില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന പെന്‍ഷന്‍ പദ്ധതിക്ക് പുറമെ കേരളത്തില്‍ പുതുതായി നടപ്പിലാക്കിത്തുടങ്ങിയ ഇന്ദിരാഗാന്ധി ദേശീയ അംഗവൈകല്യ പെന്‍ഷന്‍ പദ്ധതിപ്രകാരം 18-നും 79-നും ഇടയില്‍ പ്രായമുള്ള അംഗപരിമിതര്‍ക്ക് പെന്‍ഷന്‍ കിട്ടും.

സാന്ത്വന
പ്രവാസി മലയാളികള്‍ക്കുള്ള 'സാന്ത്വന' പദ്ധതി പ്രകാരം, ഗുരുതരമായി അംഗവൈകല്യം സംഭവിച്ച്, വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20,000 രൂപ ധനസഹായം ലഭിക്കും.

യാത്രാനിരക്കില്‍ ഇളവ്
അംഗവൈകല്യമുള്ളവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രാനിരക്കില്‍ ഇളവ് കിട്ടും. സ്ഥിരമായ അംഗവൈകല്യമുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും സര്‍ട്ടിഫിക്കറ്റും പാസ്സും പുതുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തിന് ഒറ്റ പ്രാവശ്യം പാസ് എടുത്താല്‍ മതി.
സമഗ്ര വികസനത്തിന് മേഖലാ കേന്ദ്രം
കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള പുനരധിവാസ മേഖലാകേന്ദ്രം (CRC- Composite Regional Centre for Persons with Disabilities) കോഴിക്കോട് വെള്ളിമാട് കുന്നില്‍ പ്രവര്‍ത്തിക്കുന്നു. ഏതുതരം വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ഏതുപ്രയാസത്തില്‍ പെട്ടവര്‍ക്കും ഈ സ്ഥാപനത്തില്‍ നിന്ന് സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. പുനരധിവാസ ചികിത്സ, വൈകല്യം മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള ഇടപെടല്‍, പുനരധിവാസ മനശ്ശാസ്ത്രം, സവിശേഷ വിദ്യാഭ്യാസം, കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പരിശീലനം, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷന്‍ തെറാപ്പി തുടങ്ങി ഭിന്നശേഷിയുള്ളവരുടെ സമഗ്രവികസനത്തിനുള്ള സേവനങ്ങളാണ് ഇവിടെ ലഭിക്കുന്നത്.
വിലാസം:
വിഭിന്ന ശേഷിയുള്ളവര്‍ക്ക് വേണ്ടിയുള്ള
സംയുക്ത പുനരധിവാസ മേഖലാകേന്ദ്രം (CRC)
സാമൂഹ്യ നീതി വകുപ്പ് സമുച്ചയം
വെള്ളിമാട്കുന്ന് (പി.ഒ)
കോഴിക്കോട്- 673012
ഫോണ്‍: 0495-2730045
E-mail: crckozhikode@gmail.com

നിഷ്
സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്തവരുടെ സമഗ്രമായ പുനരധിവാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (NISH)
വിലാസം:
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ഏന്റ് ഹിയറിംഗ് (NISH)
കരിമണല്‍ (പി.ഒ)
തിരുവനന്തപുരം- 695583
ഫോണ്‍: 0471-2596919
ഫാക്‌സ്: 2596938
E-mail: nisht@vsnl.in
website: www.nishindia.org

ക്ഷേമ കോര്‍പറേഷന്‍
ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും, ഈ മേഖലയിലെ സന്നദ്ധസംഘടനകള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ ചെയ്യുന്നതിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന്, കേരള സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നു.
വിലാസം:
കേരള സംസ്ഥാനവികലാംഗ ക്ഷേമ കോര്‍പറേഷന്‍
പൂജപ്പുര, തിരുവനന്തപുരം- 675012
ഫോണ്‍: 0471-2347768
ഫാക്‌സ്: 23405858
E-mail: kshwc@yahoo.com
website: www.handicapped.kerala.gov.in

സാമൂഹ്യ നീതി വകുപ്പിലൂടെ
ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വഴി നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് ഈ വകുപ്പ് വഴി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലഭിക്കും. അന്ധവിദ്യാര്‍ഥികള്‍ക്ക് റീഡേഴ്‌സ് അലവന്‍സും ലഭിക്കും. വാര്‍ഷിക വരുമാന പരിധി 36000 രൂപയാണ്. മുന്‍ വാര്‍ഷിക പരീക്ഷയില്‍ 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 10000 രൂപയില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് എഴുത്ത് പരീക്ഷക്കും ഇന്റര്‍വ്യൂവിനും പങ്കെടുക്കുന്നതിന് വകുപ്പില്‍ നിന്നും യാത്രാബത്ത അനുഭവിക്കും. വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാസഹായമായി 5000 രൂപ ലഭിക്കും. പ്രതിവര്‍ഷം 36000 രൂപയില്‍ താഴെ വരുമാനമുള്ള ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്കും വിവാഹധനസഹായമായി 10000 രൂപ കിട്ടും.
അംഗവൈകല്യമുള്ളവര്‍ക്ക് 'എ.ഡി.ഐ.പി' പദ്ധതിപ്രകാരം, കൃത്രിമ സഹായം ലഭിക്കും. 'ദീനദയാല്‍ ഡിസേബ്ള്‍ഡ് റിഹാബിലിറ്റേഷന്‍' പ്രദ്ധതി പ്രകാരം ഭിന്നശേഷിയുള്ളവരുടെ സര്‍വതോന്മുഖമായ വികസനം ലഭ്യമാക്കുന്ന പദ്ധതികള്‍ക്കും പരിപാടികള്‍ക്കും ധനസഹായം ലഭിക്കും. കൂടാതെ, ഹോം ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രന്‍ (HMDC), പ്രതീക്ഷാ ഭവന്‍, പ്രത്യാശാ ഭവന്‍, വികലാംഗ സദനം, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി ഈ വിഭാഗക്കാര്‍ക്ക് സംരക്ഷണവും പുനരധിവാസവും നല്‍കുന്നു. ഭിന്നശേഷി ക്ഷേമ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും സംസ്ഥാനതലത്തിലും ദേശീയ തലത്തിലും അവാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സാമൂഹ്യ നീതി വകുപ്പാണ്. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ അംഗപരിമിതര്‍ക്ക് നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവര്‍ക്ക് 'ആശ്വാസകിരണം' പദ്ധതി പ്രകാരം പ്രതിമാസം 525 രൂപ നല്‍കിവരുന്നു. സെറിബ്രല്‍ വാള്‍സി, ഓട്ടിസം, അസ്ഥിവൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ മൂലമുള്ള രോഗങ്ങള്‍ എന്നിവ അനുഭവിക്കുന്ന പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 'താലോലം' പദ്ധതിപ്രകാരം ചികിത്സാ ധനസഹായം ലഭിക്കും. അഞ്ച്‌വയസ്സായ ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തിയും തുടര്‍ന്ന് ഓഡിയോ വെര്‍ബര്‍ ഫെസിലിറ്റേഷനിലൂടെ സംസാര ശേഷിയും ലഭ്യമാക്കുന്ന പദ്ധതിയാണ് 'ശ്രുതിതരംഗം'. ബ്ലോക്ക് തലത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വൈകല്യം നിര്‍ണയിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നതിനുള്ള ആധികാരിക രേഖയായ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും തല്‍സമയം നല്‍കുന്ന പദ്ധതിയും സെക്യൂരിറ്റി മിഷന്‍ നടപ്പിലാക്കുന്നുണ്ട്. 'കാരുണ്യ ഡെപ്പോസിറ്റ് സ്‌കീം' പ്രകാരം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസവും മിഷന്‍ നടപ്പിലാക്കുന്നു.
ഇവ കൂടാതെ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും നിരവധി പദ്ധതികളും പരിപാടികളും ഇന്ന് നടപ്പിലാക്കി വരുന്നുണ്ട്. അംഗപരിമിതരെ സമൂഹത്തിന്റെ പൊതു ധാരയില്‍ എത്തിക്കുന്നതിനായി ഇത്തരം പദ്ധതികളുടെ സേവനം ഭിന്നശേഷിയുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനും അവര്‍ക്ക് ആവശ്യമുള്ളതായ പിന്തുണ നല്‍കുന്നതിനും സമൂഹം മുന്നോട്ട് വരേണ്ടതുണ്ട്.           

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top