മകളുടെ മരിക്കാത്ത ഓര്‍മകള്‍

ശൈഖ് അഹ്മദ് യാസീന്‍ No image

പിതാവിന്റെ രക്തസാക്ഷ്യത്തിന് ഒമ്പത് വര്‍ഷം പിന്നിട്ടെങ്കിലും അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ ജീവിക്കുന്നു. ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ക്കും അവരോടൊപ്പം ശൈഖ് യാസീന്‍ ജീവിച്ചിരിക്കുന്നത് പോലെയാവും തോന്നുന്നത്. മനുഷ്യരെ സ്‌നേഹിച്ച്, ദൈവത്തിനു മുമ്പില്‍ മാത്രം തലകുനിച്ച്, ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ച് വീല്‍ ചെയറില്‍ മാത്രം സഞ്ചരിക്കുന്ന ആ വയോധികനെ ബോംബിട്ട് കൊല്ലുമ്പോള്‍ കാരുണ്യത്തിന്റെ ഒരു കനിവ് പോലും ഇസ്രായേല്‍ പട്ടാളത്തില്‍നിന്നുണ്ടായില്ല. ചെറുപ്പം തൊട്ടെ വായനയും ചിന്തയുമായി കഴിഞ്ഞ അദ്ദേഹം ദൈവമാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിക്കുന്നതിനെ തന്നെയായിരുന്നു ഏറ്റവും വലിയ ജീവിതാഭിലാഷമായി കൊണ്ടുനടന്നത്. സ്വരാജ്യത്തിന്റെ വിമോചനത്തിന് വേണ്ടി ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടവും അതിനോടുള്ള ഇസ്രായേല്‍ പട്ടാളത്തിന്റെ ക്രൂരതയും കണ്ടതാണ് അദ്ദേഹത്തില്‍ രക്തസാക്ഷ്യത്തിനുള്ള ആഗ്രഹം അലയടിച്ചുയരാന്‍ കാരണം. ശത്രുവുമായുള്ള സന്ധി സംഭാഷണത്തിന് അദ്ദേഹം ഒരുക്കമായിരുന്നില്ല. ഒരിക്കല്‍ ഈജിപ്തില്‍നിന്നെത്തിയ ഒരു ദൗത്യ സംഘം ഉപ്പയുടെയും മറ്റ് ഹമാസ് നേതാക്കളുടെയും ജീവന്‍ രക്ഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെയും മറ്റു ഹമാസ് നേതാക്കളുടെയും ജീവന്‍ ഭൂമിയില്‍ വീഴുന്ന ഒരു പിഞ്ചു ഫലസ്തീന്‍ കുഞ്ഞിന്റെയും ചോരയെക്കാള്‍ വിലപ്പെട്ടതല്ല.''
പിതാവ്, സഹോദരന്‍, സ്‌നേഹസമ്പന്നനായ കൂട്ടുകാരന്‍... അങ്ങനെ പലതുമായിരുന്നു ഞങ്ങള്‍ക്കദ്ദേഹം. എത്ര തിരക്കുണ്ടെങ്കിലും ദിവസവും അല്‍പനേരം അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി നീക്കിവെച്ചു. ഇസ്‌ലാമിക അധ്യാപനങ്ങളും അനുഷ്ഠാനവും ഞങ്ങള്‍ മുറുകെ പിടിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. വിവാഹിതരായ മക്കളെ ഇടക്കിടെ സന്ദര്‍ശിക്കുന്നതായിരുന്നു പിതാവിന്റെ സ്വഭാവം. മക്കള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ മുകള്‍നിലയിലേക്ക് നടന്നു കയറാനാവാത്ത വിധം കസേരയിലായിരുന്നു ആ വരവ്. സഹോദരങ്ങള്‍ ആ വീല്‍ചെയര്‍ പൊക്കി മുകളിലെത്തിക്കും. പേരമക്കളുടെ പഠനത്തില്‍ വരെ ഔത്സുക്യം കാണിച്ച അദ്ദേഹം വിജയികള്‍ക്ക് സമ്മാനം വാങ്ങി നല്‍കാനും മുന്നിലായിരുന്നു.
ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായി അനുഭവപ്പെട്ടത് അദ്ദേഹത്തിന്റെ രക്തസാക്ഷ്യവിവരമറിഞ്ഞ നേരമാണ്. ഭൂമി അതിന്റെ എല്ലാ വിശാലതയോടുമൊപ്പം ഞങ്ങള്‍ക്ക് കുടുസ്സായി അനുഭവപ്പെട്ട സന്ദര്‍ഭം. അദ്ദേഹത്തോടൊപ്പം ഞങ്ങളും രക്തസാക്ഷികളായിരുന്നെങ്കില്‍ എന്നതായിരുന്നു അപ്പോഴത്തെ ആഗ്രഹം. എങ്കിലും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം എപ്പോഴും സംഭവിക്കാമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പിതാവിന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ വേണ്ടി വീടിനെ ഒരു ചരിത്ര സ്മാരകമാക്കി ചില അറ്റകുറ്റപ്പണികള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു ബെഡ്‌റൂമും ഒരു ഹാളും മാത്രമുള്ള ഒരു ലളിത വീടായിരുന്നു ഞങ്ങളുടേത്. പിതാവ് ജയില്‍മോചിതനായപ്പോള്‍ അദ്ദേഹത്തിന് അതിഥികളെയും സന്ദര്‍ശകരെയും സ്വീകരിക്കാന്‍ മറ്റൊരു മുറികൂടി അതിനോട് ചേര്‍ത്ത് പിന്നീട് നിര്‍മിക്കപ്പെട്ടു. ഇപ്പോള്‍ ഗസ്സയിലേക്കുള്ള വഴികള്‍ തുറക്കപ്പെട്ടതോടെ ജനങ്ങളുടെ സന്ദര്‍ശന കേന്ദ്രമായി ഞങ്ങളുടെ ഭവനം മാറിയിട്ടുണ്ട്. അതിനാലാണ് ചില അറ്റകുറ്റപ്പണികള്‍ ഈയിടെ നടത്തിയത്. ഇതിനു മുമ്പ് മുപ്പത് വര്‍ഷങ്ങള്‍ക്കപ്പുറമാണ് ആ ഭവനം പെയിന്റടിച്ചിരുന്നത്. ശരീരം നിശ്ചലമായി അദ്ദേഹം ഇരിക്കുന്ന, രക്തസാക്ഷിയാകുമ്പോഴും ഇരുന്ന വീല്‍ചെയര്‍, ഒരു തലയിണ, അദ്ദേഹം ഉറങ്ങിയിരുന്ന കട്ടില്‍, അദ്ദേഹത്തിന്റെ സേവനങ്ങള്‍ പരിഗണിച്ച് വിവിധ സംഘടനകളും സ്ഥാപനങ്ങളും നല്‍കിയ ചില സമ്മാനങ്ങള്‍, അദ്ദേഹം വായിച്ച ഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന ലൈബ്രറി, കുട്ടിക്കാലത്തെയും ജയിലറയിലേയും വിദേശ പര്യടനത്തിനിടയിലേയും അദ്ദേഹത്തിന്റെ ചില ഫോട്ടോകള്‍ എന്നിവയാണ് വീട്ടിനകത്ത് ലളിതമായി സംവിധാനിച്ചിരിക്കുന്നത്. ഉപ്പയെപ്പറ്റി സിനിമ നിര്‍മിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഒരറിവുമില്ല. അത് ചെയ്യുന്നവരുണ്ടെങ്കില്‍ എല്ലാറ്റിനും മുമ്പ് അവര്‍ ഞങ്ങളുമായി ബന്ധപ്പെടണമെന്നാണ് അപേക്ഷ.
മൂന്നാണും എട്ടുപെണ്ണും ഉള്‍പ്പെടെ പതിനൊന്നു മക്കളാണ് ഞങ്ങള്‍. കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് ഞാന്‍. അതിനാല്‍ തന്നെ പ്രത്യേകമായ ഒരു മമത എന്നോട് അദ്ദേഹത്തിന് ഉണ്ടായിരുന്നു. കാരണം വീട്ടുകാര്യങ്ങളും അതിഥികളുടെ കാര്യവുമെല്ലാം കൂടുതല്‍ കൈകാര്യം ചെയ്തിരുന്നത് ഞാനായിരുന്നു. വാര്‍ധക്യത്തിലെത്തിയ വല്യുമ്മയെ പരിചരിച്ചിരുന്നതും ഞാന്‍ തന്നെ. അതിനാല്‍ ഒരിക്കല്‍ ഉപ്പ പറഞ്ഞു: ''നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മകളാണ്. കാരണം രോഗകാലത്ത് വല്ല്യുമ്മയെ പരിചരിച്ച് പുണ്യം നേടിയവളാണ് നീ. ഇപ്പോള്‍ എനിക്കും നിന്റെ സഹായം ഏറെ ലഭിക്കുന്നുണ്ട്. സന്തോഷം.''
പിതാവിന് മൂന്ന് തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ജയില്‍മോചിതനായ ശേഷമായിരുന്നു അവസാന ഹജ്ജ് നിര്‍വഹണം. മസ്ജിദുല്‍ അഖ്‌സയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിന്. എപ്പോഴും നമസ്‌കരിക്കാന്‍ അവിടെയാണ് അദ്ദേഹം പേവുക. യുവാക്കളോടും പ്രായമായവരോടും അവിടെ ചെന്ന് നമസ്‌കരിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു. അതിനുവേണ്ടി വാഹനസൗകര്യവും അദ്ദേഹം സജ്ജീകരിച്ചു. അദ്ദേഹത്തിന്റെ ജീവിതാഭിലാഷം തന്നെ ബൈത്തുല്‍ മുഖദ്ദിസിന്റെ വിമോചനമായിരുന്നു. അതില്‍നിന്നാണ് സര്‍വ പരിശ്രമവും പിതാവ് നടത്തിയത്. അവിടുന്ന് എപ്പോഴും പറയും: ''അഖ്‌സാ ഞങ്ങളുടെ ആദര്‍ശമാണ്. ജീവന്‍ പൊലിഞ്ഞാലും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ല.'' വായനാപ്രിയനും ചിന്തകനുമായിരുന്ന പിതാവ് പുതിയ പുതിയ ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് വായിക്കുക പതിവായിരുന്നു. ചിന്താപരവും പ്രബോധനപരവും നവോത്ഥാനപരവുമായ ഗ്രന്ഥങ്ങളാണ് കൂടുതല്‍ വായിച്ചിരുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ഏറെ വായിക്കുകയുണ്ടായി.
പ്രത്യേക ഭക്ഷണാഭിരുചി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അത് പറ്റില്ല, ഇത് തൊടില്ല തുടങ്ങിയ വാക്കുകളൊന്നും പറഞ്ഞിരുന്നുമില്ല. 'അല്‍ ഫത്തുശ്' എന്നറിയപ്പെടന്ന ഫലസ്തീനി ഭക്ഷണത്തോടായിരുന്നു കൂടുതല്‍ താല്‍പര്യം.          

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top