മരച്ചീനി(കപ്പ)

ഡോ: മുഹമ്മദ് ബിന്‍ അഹ്മദ് No image

കപ്പക്കിഴങ്ങ്, പൂളക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ്, മാത്തോക്ക്, മരച്ചീനി എന്നിങ്ങനെ കേരളത്തില്‍ തന്നെ പല പേരില്‍ അറിയപ്പെടുന്ന ആഹാരമാണിത്. പാവങ്ങളുടെ ഭക്ഷണമായാണ് ഇതറിയപ്പെട്ടിരുന്നത്. പണക്കാരില്‍ അധികവും കൃഷിചെയ്ത് വിറ്റ് കാശാക്കുകയല്ലാതെ ഭക്ഷ്യയോഗ്യമാക്കിയിരുന്നില്ല. അന്ന് പുഴുങ്ങികഴിക്കുന്ന ശീലമായിരുന്നു. വര്‍ഷകാലമായാല്‍ പട്ടിണി വര്‍ധിക്കുമെന്ന് കരുതി മരച്ചീനി തൊലികളഞ്ഞ് നുറുക്കി വെയിലത്തുവെച്ചുണക്കി സൂക്ഷിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇന്ന് സാധാരണക്കാരുടെ കൂടി ആഹാരമായി കഴിഞ്ഞു മരച്ചീനി. ഒരു നാള്‍ കേരളത്തില്‍ അരിക്കു ക്ഷാമം നേരിട്ടപ്പോള്‍ ഇതില്‍ നിന്ന് മക്രോണി എന്ന പേരില്‍ ഒരു ഭക്ഷ്യോത്പന്നം പിറന്നുവീണു. വിവിധരൂപത്തില്‍ പാകം ചെയ്യാന്‍ പറ്റുന്നതും ദീര്‍ഘകാലം സൂക്ഷിക്കാന്‍ പറ്റുന്നതുമായ ഇത് വളരെ രുചിയുള്ളതാണ്. മരച്ചീനി മൂന്നാം മാസം, ആറാം മാസം, വര്‍ഷം തികഞ്ഞു പറിക്കുന്നത് എന്നിങ്ങനെ മൂന്ന് തരത്തില്‍ കണ്ടുവരുന്നു. ചെറുതായി നുറുക്കി നേന്ത്രക്കായ പോലെ വറുത്തെടുത്ത് ദീര്‍ഘകാലം കേടുവരാതെ ഉപയോഗിക്കാനും പറ്റും. കപ്പ വെള്ള നിറത്തിലും സ്വല്‍പം ചുവപ്പുകലര്‍ന്ന നിറത്തിലും കണ്ടുവരുന്നു. ഉഷ്ണമേഖലയിലാണ് കണ്ടുവരുന്നതെങ്കിലും കേരളീയര്‍ വര്‍ഷകാലത്തിനു ശേഷം വേനലാരംഭത്തോടെ കൃഷിചെയ്യുന്നു. ചിലയിനത്തിന് കട്ട് (വിഷം) ഉണ്ടാകാറുണ്ട്. അതിന്റെ ഇലകളും തണ്ടും കിഴങ്ങുകളുടെ തൊലിയും ആടുകള്‍ക്ക് വിശിഷ്ടാന്നമാണ്. എന്നാല്‍ ചിലപ്പോള്‍ ഇതിന്റെ വിഷം ഏറ്റ് (കട്ട്) വയറു വീര്‍ത്ത് മലവിസര്‍ജനമില്ലാതെ കിടന്ന് ചിലപ്പോള്‍ മരണം വരെയുണ്ടാകാറുണ്ട്. ചിലര്‍ പൂളക്കിഴങ്ങ് തൊലികളഞ്ഞ് കഷ്ണങ്ങളാക്കി (വട്ട്) മഞ്ഞള്‍വെള്ളത്തില്‍ പുഴുങ്ങി വെയിലത്തുവെച്ചുണക്കി സൂക്ഷിക്കാറുണ്ട്. കാലപ്പഴക്കം കൊണ്ട് കേടുവരാതിരിക്കാനാണ് മഞ്ഞള്‍വെള്ളത്തില്‍ പുഴുങ്ങുന്നത്. വിഷാംശമുണ്ടെങ്കില്‍ അത് നഷ്ടപ്പെടുകയും ചെയ്യും. സാധാരണ അരികൊണ്ടുണ്ടാക്കുന്ന പലഹാരങ്ങളെല്ലാം തന്നെ പൂളപ്പൊടികൊണ്ടുണ്ടാക്കാന്‍ സാധിക്കും. മനുഷ്യര്‍ക്കെന്നപോലെ കാലികള്‍ക്കും കോഴികള്‍ക്കും താറാവുകള്‍ക്കും ഇപ്പോള്‍ മീനിന്നു പോലും ആഹാരമായി ഇതിനെ ഉപയോഗിച്ചുവരുന്നു.
കപ്പയുടെ ജനനം അമേരിക്കയിലാണ്. 'യുഫോര്‍ബിയേസി' കുടുംബത്തിലാണ് ജനനം. ഉഷ്ണരാജ്യങ്ങളിലെല്ലാം കണ്ടുവരുന്ന ഇത് 75 ശതമാനത്തോളം കൃഷിചെയ്യുന്നത് കേരളത്തിലാണ്. സയോനോ ജനിക് ഗ്ലൂക്കോ സൈഡ് ആണ് പ്രധാനമായി മരച്ചീനിയില്‍ അടങ്ങിയിട്ടുള്ളത്. വിഷമയമുള്ള കിഴങ്ങില്‍ ഹൈഡ്രോസയനിക് അമ്ലവും ഉണ്ട്. ഇതാണ് മരച്ചീനിയിലെ വിഷം. വിറയല്‍, വെപ്രാളം, ദാഹം, തലകറക്കം, ഓര്‍മക്കുറവ്, പരിഭ്രാന്തി, ഓക്കാനം എന്നിവയാണ് ഈ വിഷം അടങ്ങിയ കപ്പ കഴിച്ചാലുള്ള ലക്ഷണങ്ങള്‍. ഈ വിഷം അധികമായാല്‍ കരളിനെ ബാധിക്കുന്നു. വിഷമേറ്റു എന്നു തോന്നിയാല്‍ പ്രഥമ ചികിത്സയായി അവയെ ഛര്‍ദിപ്പിച്ചു കളയുക എന്നതാണുത്തമം. നന്നായി കഴുകി വൃത്തിയാക്കി ആവികൊള്ളിച്ചെടുത്താല്‍ ഇത് ശുദ്ധിയായി.
കാലിത്തീറ്റ ഉണ്ടാക്കുന്നതിനും ബിസ്‌കറ്റുണ്ടാക്കുന്നതിനുപോലും പൂള ഉപയോഗിച്ചുവരുന്നു. സ്വല്‍പം ചാണകപ്പൊടിയും പച്ചിലയും ചേര്‍ത്ത് മരച്ചീനിക്ക് തീറ്റ കൊടുത്താല്‍ വമ്പന്‍ വിളയുണ്ടാകും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top