കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍

നൂറുദ്ദീന്‍ ചേന്നര No image

ഹമീദാ ഖുതുബിന്റെ മനസ്സ് കഴിഞ്ഞ കാലത്തിന്റെ കരയിലൂടെ സഞ്ചരിച്ചു.
ആ രാത്രി അവളുടെ ഓര്‍മയില്‍ തെളിഞ്ഞു. ആഗസ്റ്റ് പത്തൊമ്പതായിരുന്നു അന്ന്. ഗ്രാമം സ്വയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുപോലുള്ള ഒരു രാത്രി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രവര്‍ത്തകരെ രാജ്യത്തിന്റെ മുക്കുമൂലകളില്‍നിന്ന് പെറുക്കിയെടുത്ത് ജയിലറകള്‍ നിറക്കുന്ന കാലം. അതിനിടയിലാണ് തന്റെ കുടുംബത്തിലേക്ക് ഭരണകൂടത്തിന്റെ കിങ്കരന്മാര്‍ കടന്നുവന്നത്. ലൗഡ് സ്പീക്കറിലൂടെ രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ഖുര്‍ആന്‍ പാരായണം ഗ്രാമം മുഴുവന്‍ അലയടിച്ചുകൊണ്ടിരുന്നു. ജയില്‍ ജീവിതത്തിലേക്ക് യാത്രപോകുന്നവര്‍ക്കുള്ള യാത്രാമൊഴിപോലെ ശോകസാന്ദ്രമായ സ്വരത്തിലുള്ള ആ ഖുര്‍ആന്‍ പാരായണം ഇസ്‌ലാമികപ്രവര്‍ത്തകരെ വികാരനിര്‍ഭരരാക്കി.
വീടിലേക്ക് കയറി വരുന്ന പോലീസുദ്യോഗസ്ഥരുടെ ക്രൂരമുഖങ്ങള്‍. അവരുടെ കണ്ണു നിറയെ പകയും ഈര്‍ഷ്യവുമായിരുന്നുവെന്ന് ഹമീദ ശ്രദ്ധിച്ചു. ആ ദേഷ്യമെല്ലാം ചെന്നു ചേരുന്നത് ഒരൊറ്റ വ്യക്തിക്കു നേരെയായിരുന്നു. സയ്യിദ് ഖുതുബ് എന്ന ആ ധിഷണാശാലിക്കുനേരെ. എന്തുകൊണ്ട് തന്റെ ജ്യേഷ്ഠനോട് അവര്‍ ഇത്ര പക വെച്ചു പുലര്‍ത്തുന്നുവെന്ന് അവള്‍ക്ക് നന്നായി അറിയാം.
ആ ആര്‍ജ്ജവം അവരെ കുഴക്കിയിട്ടുണ്ട്. കൊടും ഭീകരതയുടെ ചവിട്ടേറ്റിട്ടും വഴങ്ങാത്ത അദ്ദേഹത്തിന്റെ സ്ഥൈര്യം അവരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. പ്രലോഭനങ്ങള്‍ വാരി വിതറി നോക്കിയതാണവര്‍. പക്ഷേ, അങ്ങനെ വഴങ്ങാന്‍ ആദര്‍ശം അദ്ദേഹത്തെ അനുവദിക്കില്ലല്ലോ. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തിരുദൂതര്‍ ഖുറൈശിക്കൂട്ടത്തോട് പറഞ്ഞ മറുപടി തന്നെയാണ് അദ്ദേഹവും ആവര്‍ത്തിച്ചത്. ''
''അല്ലാഹുവാണ, സൂര്യനെ വലതുകൈയിലും ചന്ദ്രനെ ഇടതുകൈയിലും വെച്ചാലും ഈ ധര്‍മം ഞാനുപേക്ഷിക്കുകയില്ല.''
അദ്ദേഹം തന്റെ ചെരുപ്പ് കാണിച്ചുകൊടുത്തുകൊണ്ട് അവരോട് പറഞ്ഞു.
'അധികാരവും അതിന്റെ പകിട്ടുമൊക്കെ ഈ ചെരുപ്പുവള്ളികളേക്കാള്‍ എനിക്ക് നിസ്സാരമാണ്.''
തങ്ങളുടെ താന്നോന്നിത്ത ഭരണത്തിന് വിലങ്ങുതടിയായി ചിന്തകള്‍ പ്രസരിപ്പിക്കുന്ന ഈ ധിഷണാശാലിയെ നിര്‍വീര്യമാക്കാമെന്ന ചിന്തയില്‍ നിന്നാണോ ഞങ്ങളുടെ കുടുംബത്തെ ഒന്നടങ്കം ജയിലിലടക്കാന്‍ അവര്‍ തീരുമാനിച്ചത്? അങ്ങനെ ആ ധീരവിപ്ലവകാരിയെ നിശ്ശബ്ദനാക്കാനും പിന്തിരിപ്പിക്കാനും കഴിയുമെന്ന് അവര്‍ കരുതിയതിന് കുറ്റം പറയാനൊക്കില്ല. ഏതൊരു സാധാരണ മനുഷ്യന്റെയും ഹൃദയത്തെ പിടിച്ചുകുലുക്കാന്‍ ഈ ഭീകരത ധാരാളമാണ്. വീട് അത്രയും ഹൃദ്യമായ ഒരു അനുഭവമായി മാറിയ, കുടുംബത്തിന്റെ ഇഴചേര്‍ന്ന സ്‌നേഹബന്ധങ്ങളുടെ താളലയങ്ങളിലഭിരമിക്കുന്ന ഒരു സാധാരണ മധ്യവര്‍ഗ ഈജിപ്തുകാരന് അത് ഹൃദയഭേദകം തന്നെയാണ്. പക്ഷേ, ഈ ആദര്‍ശത്തിന്റെ മാധുര്യത്തെപ്പറ്റി അവര്‍ക്കറിയില്ലല്ലോ. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവന് ലഭിക്കുന്ന അറ്റമില്ലാത്ത ആത്മവിശ്വാസത്തെപ്പറ്റി അവര്‍ക്കറിയില്ലല്ലോ.
അന്ന് കിങ്കരന്മാര്‍ വീട്ടില്‍ കയറി അഴിഞ്ഞാടിയപ്പോള്‍ മുറിവേറ്റ സിംഹത്തെപ്പോലെ നിവര്‍ന്നുനിന്ന രിഫ്അത്തിന്റെ രൂപം മനസ്സില്‍ കൊത്തിവെച്ചപോലെ കിടക്കുന്നു. കൈ രണ്ടും പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയില്‍ നിസ്സഹായനെങ്കിലും തീപാറുന്ന കണ്ണുകളുമായി നില്‍ക്കുന്ന രിഫ്അത്ത്. തന്റെ സഹോദരീപുത്രന്‍.
തന്നെ പോലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ കരുത്തനായ രിഫ്അത്തിന്റെ പ്രതികരണമെന്താണെന്നു കാണാന്‍ കഴിഞ്ഞില്ല. എങ്ങനെ പ്രതികരിച്ചിട്ടെന്ത്? അസത്യം സകല ശക്തിയോടെയും പത്തിവിടര്‍ത്തിനില്‍ക്കുമ്പോള്‍...
ഭൂമിയിലെ നരകമെന്ന് വിളിക്കപ്പെടുന്ന കുപ്രസിദ്ധമായ യുദ്ധജയിലിലേക്കുള്ള യാത്രയില്‍ അവളുടെ മനസ്സില്‍ നിറയെ രിഅ്ഫത്തിന്റെ ആത്മരോഷം നിറഞ്ഞ ആ മുഖമായിരുന്നു. വശ്യമായ പുഞ്ചിരി വഴിഞ്ഞൊഴുകുന്ന ആ സുന്ദരമുഖം ഇത്രയും രുദ്രമായി ഇതിനുമുമ്പ് കണ്ടിട്ടില്ല. പൂന്തോട്ടത്തിലൂടെയുള്ള രണ്ടു പേരുടെയും ഉലാത്തലുകള്‍. ചര്‍ച്ചകള്‍, സംവാദങ്ങള്‍, പെരുന്നാള്‍ദിനത്തില്‍ ഒരുമിച്ചുള്ള അടുക്കള ജോലികള്‍ എല്ലാം അവള്‍ ഓര്‍ത്തു.
പിന്നീട് ഒരു രാത്രിയില്‍ ജയില്‍പുള്ളികളുടെ പേരു വിളിക്കുന്ന കൂട്ടത്തില്‍ രിഫ്അത്തിന്റെ പേരും അവള്‍ കേട്ടു. അക്ഷരാര്‍ഥത്തില്‍ അവള്‍ ഞെട്ടി. അവനെയും ഈ നരകത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന ആ വാര്‍ത്ത അവളെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. ഉമിനീരുപോലും വറ്റിപ്പോയ നിലയില്‍ അവള്‍ കാല്‍മുട്ടുകളില്‍ തല ചായ്ച്ച് ഏറെ നേരമിരുന്നു.
പിന്നീടൊരിക്കല്‍ അവന്റെ രക്തസാക്ഷ്യത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് തന്നെ എതിരേറ്റത്. ഈ ഇരുണ്ട തടവുമുറിയില്‍വെച്ച്, തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. രിഫ്അത്തിന്റെ അനിയനില്‍നിന്ന്. തന്നെ കാണിക്കാനായി കൊണ്ടുവന്നതായിരുന്നു അവനെ. കീറിപ്പറിഞ്ഞ കുപ്പായത്തിനടിയില്‍ തൂങ്ങിക്കിടക്കുന്ന അവന്റെ ചുമല്‍! മര്‍ദ്ദനമേറ്റ് കരുവാളിച്ച മുഖം. അവന്റെ വായില്‍നിന്ന് എന്തൊക്കെയോ വാക്കുകള്‍ കൊഴിഞ്ഞുവീഴുന്നുണ്ട്. പുറവും നെഞ്ചും അവന്‍ കാണിച്ചു തന്നു. മാംസളമായ ഭാഗങ്ങളില്‍ സിഗരറ്റ് കുറ്റിയുടെ വട്ടത്തിലുള്ള പൊള്ളലുകള്‍ അടുത്തടുത്ത്....! പീഡനങ്ങളുടെ ഭീകരദൃശ്യങ്ങള്‍ മുറിഞ്ഞൊടിഞ്ഞുവീഴുന്ന വാക്കുകള്‍കൊണ്ട് അവന്‍ കോറിയിടുമ്പോള്‍ അതിന് നിറം കൊടുക്കാനെന്നവണ്ണം അവന്റെ കവിളിലൂടെ കണ്ണൂനീര്‍ത്തുള്ളികള്‍ ഇഴഞ്ഞുവരുന്നുണ്ടായിരുന്നു. ആ മുറിഞ്ഞ വാക്കുകള്‍ക്കിടയില്‍നിന്നാണ് രിഫ്അത്തിന്റെ രക്തസാക്ഷ്യത്തെ അവള്‍ അറിഞ്ഞത്. ''അവരെന്റെ മുഖത്തേക്ക് നമ്മുടെ രിഫ്അത്തിന്റെ ചോരപുരണ്ട വസ്ത്രമെറിഞ്ഞുതന്നു. എന്നിട്ട് പറഞ്ഞു.'പിടിച്ചോ, നിന്റെ ജ്യേഷ്ഠന്‍ മരിച്ചു. നിന്നെയും നാളെ അവന്റെയടുത്തേക്ക് ഞങ്ങള്‍ പറഞ്ഞയക്കും.' പിന്നെ ഞാന്‍ രിഫ്അത്തിനെ കണ്ടിട്ടില്ല. എന്റെ സെല്ലില്‍നിന്ന് നോക്കിയാല്‍ അവനെ കാണാമായിരുന്നു.''
 അസാധാരണമായ ശാന്തതയോടെ തന്നെ ബാധിക്കാത്ത അര്‍ഥമില്ലാത്ത ഏതോ ഒരു പറച്ചിലുപോലെ, നിസ്സംഗതയോടെയാണ് തന്റെ കാതുകളില്‍ ആ വാക്കുകള്‍ വീണതെന്നു മാത്രം ഇപ്പോള്‍ ഓര്‍മയുണ്ട്.
ദീനിന് സുന്ദരവര്‍ണം നല്‍കാന്‍ കാലം രക്തസാക്ഷികളെ ചോദിക്കുന്നു. രിഫ്അത്ത് ആ വിളിക്കുത്തരം നല്‍കിയിരിക്കുന്നു. ആ ചോരപ്പതാക അവന്‍ ഉയരത്തില്‍ പറത്തിയിരിക്കുന്നു.
(തുടരും)


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top