ദാമ്പത്യ കലഹത്തിനിടയിലെ കുടുംബം

എന്‍.പി ഹാഫിസ് മുഹമ്മദ് No image

നാല് വര്‍ഷക്കാലമായി ഭാര്യയുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് അഭിമാനത്തോടെ ഭാര്യക്കൊപ്പമിരുന്ന് അയാള്‍ പറഞ്ഞു. അക്കൂട്ടത്തില്‍ ഒരൊറ്റയൊന്നിനും സംസ്‌കാരമോ മാന്യതയോ ഇല്ലെന്നും ഞാനായതുകൊണ്ടാണ് കല്യാണം കഴിഞ്ഞ് അഞ്ചാറു വര്‍ഷം അവരെ സഹിച്ചതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. അയാള്‍ ഭാര്യയെ അവരുടെ കുടുംബവുമായി ബന്ധപ്പെടാനും സമ്മതിക്കുന്നില്ല. എന്ന് അവള്‍ ഈ കല്‍പന ലംഘിക്കുന്നുവോ അന്ന് വൈവാഹിക ബന്ധം അവസാനിക്കുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഭര്‍ത്താവിന്റെ പ്രധാന ആരോപണം തങ്ങളുടെ ബന്ധത്തില്‍ ഭാര്യയുടെ രക്ഷാകര്‍ത്താക്കള്‍ അനാവശ്യമായി കൈകടത്തുന്നുവെന്നാണ്. 'അവളെ ചീത്തയാക്കിയത് അവരാണ്. തൊട്ടതിനും തോന്നിയതിനും അവളെ ഉപദേശിക്കാനിനി ഞാന്‍ സമ്മതിക്കില്ല. അവള്‍ തീരുമാനിക്കട്ടെ, ആ എമ്പോക്കികളാണോ ഞാനാണോ പ്രധാനമെന്ന്' അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഭാര്യയുടെ ആക്ഷേപം തന്റെ കുടുംബാംഗങ്ങളുമായി മാത്രം ഈ മനുഷ്യന് അടുപ്പമില്ലെന്നാണ്. 'ഇയാളെ കച്ചവടം തുടങ്ങാന്‍ സഹായിച്ചത് അവരാണ്. കേസില്‍ കുടുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ എന്റെ ബാപ്പയല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. അവര്‍ ചെയ്തതിന് നന്ദി വേണ്ട, നന്ദികേട് കാണിക്കണോ? അവരിയാള്‍ക്ക് ദ്രോഹികളാണെങ്കില്‍ തന്നെ ഞാനെന്തിന് എന്റെ കുടുംബത്തെ ഒഴിവാക്കണം? ഇയാളുടെ കുടുംബം എന്നോട് ചെയ്തതിന്റെ പേരില്‍ ഞാനവരുമായി ബന്ധപ്പെടാതിരിക്കുന്നില്ലല്ലോ'
അടിസ്ഥാനപരമായ പ്രശ്‌നം ഭാര്യാഭര്‍ത്താക്കന്മാരുടെ പൊരുത്തമില്ലായ്മയും അവര്‍ക്കിടയിലെ സംഘര്‍ഷവും തന്നെ. പക്ഷേ, ഭാര്യയും ഭര്‍ത്താവും കുടുംബങ്ങളെ കൂടി കൊമ്പുകോര്‍ക്കുന്നുവെന്ന് മാത്രം. അറിഞ്ഞും അറിയാതെയും ഭാര്യാഭര്‍ത്താക്കന്മാരുടെ യുദ്ധത്തില്‍ അവരുടെ കുടുംബങ്ങള്‍ കൂടി കണ്ണികളായിത്തീര്‍ന്നിരിക്കുന്നു.
കേരളത്തിലെ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ ഒറ്റപ്പെട്ട പ്രശ്‌നമല്ലിത്. മറിച്ച്, നമ്മുടെ നാട്ടിലെ ഭാര്യാഭര്‍തൃ സംഘര്‍ഷങ്ങളിലെല്ലാം രണ്ട് കുടുംബങ്ങള്‍ പങ്കാളിയോ ബലിയാടുകളോ ആയിത്തീരുന്നു. ഇത് അസ്വാഭാവികമായ ഒന്നല്ല. മലയാളികള്‍ക്കിടയിലും വിവാഹം രണ്ടുപേര്‍ തമ്മില്‍ മാത്രമുള്ള ഒരേര്‍പ്പാടല്ല. വിവാഹാലോചനകള്‍ നടക്കുമ്പോള്‍ തന്നെ കുടുംബം പ്രസക്തമാകുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ മതബോധവും മാതാവിന്റെ പാചകനൈപുണ്യവും ആങ്ങളമാരുടെ ജീവചരിത്രവും പരിഗണിച്ചാണ് വിവാഹബന്ധം വേണോ വേണ്ടെയോ എന്ന് തീരുമാനിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെ സ്വത്തും സമ്പാദ്യവും വിവാഹ ബന്ധത്തില്‍ വിലമതിക്കപ്പെടുന്നു. നാല് തലമുറ മുമ്പുള്ള കുടുംബചരിത്രം കുഴിതോണ്ടുന്നവര്‍ പോലുമുണ്ട്. കുടുംബ മഹിമയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ വിവാഹബന്ധം ഉറപ്പിക്കുന്നവര്‍ പെണ്‍കുട്ടിക്ക് വരനെ തിരയുമ്പോഴും കുടുംബാന്തരീക്ഷം പരിഗണിക്കുന്നു. അമ്മായിയമ്മയുടെയും നാത്തൂന്മാരുടെയും സ്വഭാവ വൈശിഷ്ട്യം ലബോറട്ടറിയില്‍ കൊണ്ടുപോയി പരിശോധന നടത്തി അനുകൂലമായ റിപ്പോര്‍ട്ട് കിട്ടിയാലേ വിവാഹ നിശ്ചയത്തിന് മുതിരൂ. ഒരു പെണ്‍കുട്ടിക്ക് കയറിച്ചെല്ലാന്‍ പറ്റുന്ന കുടുംബമാണോ എന്നതായിരിക്കും പരിശോധന. വരന്റെ പിതാവെങ്ങനെ, മാതാവിന്റെ സ്വഭാവമെന്ത്, നാത്തൂന്മാരും സഹോദരന്മാരും എങ്ങനെയുള്ളവര്‍ എന്ന് തുടങ്ങി സകല കുടുംബാംഗങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയാവും കല്യാണ നിശ്ചയത്തിനൊരുങ്ങുക.
കല്യാണക്കത്തില്‍ പോലും കുടുംബം കടന്നുകയറുന്നു. ചിലര്‍ മാതാപിതാക്കളുടെ താവഴിയില്‍പെട്ട മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുവിവരം ക്ഷണക്കത്തില്‍ അവതരിപ്പിക്കുന്നു. കല്യാണത്തിന് ഉടയാടകള്‍ എടുക്കുന്നത് കുടുംബങ്ങള്‍ക്ക് ഒരനുഷ്ഠാനമാണ്. ഏറ്റവും വേണ്ടപ്പെട്ടവരെ ക്ഷണിക്കാന്‍ കുടുംബസമേതം പോകുന്നു. രണ്ട് കുടുംബങ്ങള്‍ക്കും സകല ബന്ധുജനങ്ങളെയും വിളിച്ചൂട്ടിക്കാനും ആഹ്ലാദിക്കാനുമുള്ള ദിനങ്ങള്‍ കല്യാണത്തോടനുബന്ധിച്ച് ആഘോഷമാക്കി മാറ്റിയിരിക്കും. മണിയറയില്‍ തള്ളിവിടുന്നതും പഴയ കാലം കുടുംബക്കാര്‍ തന്നെ. കുടുംബങ്ങള്‍ ഓരോന്നും വിവാഹിതരെ സല്‍ക്കാരത്തിന് ക്ഷണിക്കുന്നു. ഏതെങ്കിലുമൊരു കുടുംബത്തില്‍ അവരാശിക്കുന്ന ഒരു നേരം പോയില്ലെങ്കില്‍ കുടുംബ കലഹത്തിന് ഒരു കാരണമായി. പിന്നെ ഗര്‍ഭകാലത്ത്, പ്രസവാനന്തരം, കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍... എപ്പോഴും നമ്മുടെ നാട്ടില്‍ വിവാഹിതര്‍ക്കൊപ്പം കുടുംബവും കൂടെ സഞ്ചരിക്കുന്നു. എന്തിനും ഏതിന്നും കുടുംബം കൂടെ.
സ്വാഭാവികമായും കുടുംബം വിവാഹിതരുടെ സംഘര്‍ഷവേളയിലും കടന്നുകൂടുന്നു. ചിലപ്പോള്‍ സംഘര്‍ഷത്തിന്റെ കാരണങ്ങളില്‍ അവരും പെടുന്നു. മക്കത്തായ സമ്പ്രദായപ്രകാരം ഭര്‍തൃവീട്ടില്‍ കഴിയുന്ന ഭാര്യ സ്വഭവനം സന്ദര്‍ശിക്കാന്‍ അനുവാദമാരായുമ്പോള്‍, രണ്ടുനാള്‍ അവിടെ കൂടാനാവശ്യപ്പെടുമ്പോള്‍ കല്യാണം കഴിഞ്ഞ ആദ്യകാലാവേശങ്ങള്‍ക്ക് അല്‍പം മങ്ങലേല്‍ക്കുന്ന കാലം പല കുടുംബങ്ങളിലും സംഘര്‍ഷത്തിന്റെ തീപ്പൊരികള്‍ പാറുന്നു. 'എന്റെ കുടുംബത്തിലെനിക്കൊരുനാള്‍ സ്വസ്ഥപൂര്‍ണം കഴിയാന്‍ അനുവദിക്കുകയില്ല അല്ലേ' എന്ന് ഭാര്യ ചോദിക്കുന്നു. രണ്ടുനാള്‍ അധികം ഭാര്യ സ്വകുടുംബത്തോടൊപ്പം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ അമ്മയുടെ മുറുമുറുപ്പ്. ഒടുവില്‍, നിന്നെ ലാളിച്ച് വഷളാക്കിയത് മറ്റാരുമല്ലെന്ന പ്രഖ്യാപനം. കലാപം കത്തിയാളുന്നു. ഭാര്യാ ഭര്‍ത്താക്കന്മാരും കുട്ടികളും എരിയുന്നു. രണ്ട് കുടുംബങ്ങളുടെ സ്വസ്ഥത ചാരമായി മാറുന്നു.
വിവാഹജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളൊക്കെയും രണ്ട് വ്യക്തികളുടെതല്ല, നമ്മുടെ നാട്ടില്‍. അത് രണ്ട് കുടുംബങ്ങള്‍ മെനഞ്ഞെടുക്കുന്നതാണ്. പരസ്പരാശ്രയത്വത്തിന്റെയും സഹകരണത്തിന്റെയും കാലം വിവാഹ ജീവിതത്തെക്കുറിച്ചുള്ള സമൂഹ സങ്കല്‍പങ്ങള്‍ ആഘോഷമാക്കി. സര്‍വരും സര്‍വാത്മനാ അതംഗീകരിച്ചു. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെക്കാളും പ്രധാനം സംഘത്തിന്റെ തീരുമാനങ്ങളായിരുന്നു മുമ്പ്. കുടുംബത്തിന്റെ ആധിപത്യ ഭാവങ്ങള്‍ അതൊക്കെ ചോദ്യംചെയ്യപ്പെടാതെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അനിഷ്ടകരമാണെങ്കില്‍ തന്നെയും വിവാഹമോചനം പോലും തീരുമാനിച്ചിരുന്നത് കുടുംബങ്ങളായിരുന്നു.
വൈയക്തികതയുടെ കാലമാണിന്ന്. വ്യക്തിക്ക് പരമമായ സ്വാതന്ത്ര്യം അനുവദിക്കുന്ന കാലം. വ്യക്തിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. ആരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കണമെന്ന തീരുമാനത്തില്‍ ഇന്ന് ഏത് സമൂഹത്തിലും വ്യക്തിക്ക് സ്വാതന്ത്ര്യം മുമ്പത്തേക്കാളുമുണ്ട്. കല്യാണത്തിനും അനന്തര ജീവിതത്തിനും ഭാര്യക്കും ഭര്‍ത്താവിനും പണ്ടെങ്ങുമില്ലാത്ത അധികാരങ്ങള്‍ അനുവദിച്ചു കൊടുക്കുന്നുമുണ്ട്. എന്നാല്‍ അത് പൂര്‍ണമായി അനുവദിക്കപ്പെട്ടിട്ടില്ലിവിടെ. പാശ്ചാത്യ സമൂഹങ്ങളിലെന്നപോലെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും വിവാഹച്ചടങ്ങുകളിലുമൊക്കെ പൂര്‍ണ സ്വാതന്ത്ര്യം നമ്മുടെ ചുറ്റുവട്ടത്തിപ്പോഴും അനുവദിച്ചിട്ടില്ല. എന്നാല്‍ വ്യക്തിക്ക് മറ്റു പല കാര്യങ്ങളിലും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് കഴിയാനാവുന്നു. അതുകൊണ്ടുതന്നെ വിവാഹജീവിതത്തിലെ മറ്റുള്ളവരുടെ ഇടപെടല്‍ പലര്‍ക്കും വിഷമസന്ധികളുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
വിവാഹം കഴിഞ്ഞ് ഒറ്റക്ക് കഴിയുന്ന കുടുംബത്തില്‍പോലും അദൃശ്യതലങ്ങളില്‍ മാതാപിതാക്കളുടെ സ്വാധീനമുണ്ടാകുന്നു. അതാവട്ടെ, ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ജീവിതത്തിലേക്ക് നീണ്ടുവരുമ്പോള്‍ ജീവിതപങ്കാളി അസ്വസ്ഥരാവുന്നു. ഭാര്യയോട് ഭര്‍ത്താവ് ചോദിക്കുന്നു; 'നിന്നെ കല്യാണം കഴിച്ചത് ഞാനോ നിന്റെ അഛനോ?' അമ്മായിയമ്മയുടെ അസ്വസ്ഥകരമായ ഇടപെടലുകളുണ്ടാവുമ്പോള്‍ ഭാര്യ ചോദിക്കുന്നു; 'നിങ്ങളുടെ കെട്ട്യോള്‍ ഞാനോ നിങ്ങളുടെ അമ്മയോ?' ഭാര്യയുടെതായാലും ഭര്‍ത്താവിന്റെതായാലും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അമിതമായ ഇടപെടലുകള്‍ പല കുടുംബങ്ങളുടെയും സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്നു. മകനും മരുമകളും എപ്പോള്‍ കടപ്പുറത്ത് കാറ്റുകൊള്ളാന്‍ ഇറങ്ങണമെന്ന് തീരുമാനിക്കുന്ന അമ്മമാരുണ്ട്. എപ്പോള്‍ ശാരീരികബന്ധം മകനും മരുമകളും വെച്ചുപുലര്‍ത്തണമെന്ന് ശഠിച്ച ഒരമ്മയെ കൗണ്‍സലിംഗ് റൂമില്‍ വെച്ച് ഞാനറിഞ്ഞിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ ഇത്തരം ഇടപെടലുകള്‍ക്ക് പലവിധ കാരണങ്ങളുണ്ട്. മാതാപിതാക്കളുടെ പഴയ സങ്കല്‍പങ്ങളും കാലത്തിനിണങ്ങാത്ത മോഹങ്ങളുമാണ് പലരുടെയും ഇടപെടലിന്റെ അടിത്തറ. അവര്‍ ജീവിക്കുന്നത് അമ്പത് വര്‍ഷം മുമ്പുള്ള സമൂഹത്തിലാണ്. സ്വന്തം ജീവിതത്തിലുണ്ടായതൊക്കെയും മക്കളുടെ ജീവിതത്തിലും ഉണ്ടാകണമെന്ന് ദുര്‍വാശി പിടിക്കുന്നവരാണവര്‍. സ്വന്തം വൈവാഹിക ജീവിതത്തിലെ അസംതൃപ്തികളും സഫലീകരിക്കാതെ പോയ ആശകളും വേഷംമാറി കര്‍ശന വിലക്കുകളും ചിട്ടകളുമായി മറ്റുള്ളവരുടെ കുടുംബജീവിതത്തിലേക്ക് പരകായ പ്രവേശനം നടത്തുന്നു. തനിക്ക് ലഭിക്കാതെ പോയ ആഹ്ലാദം മറ്റൊരു സ്ത്രീയിലോ പുരുഷനിലോ ഉണ്ടാകാതിരിക്കാന്‍ അവര്‍പോലുമറിയാതെ ശ്രമിക്കുന്നു.
മരുമകളോടുള്ള ശത്രുതാ മനോഭാവത്തിന് പലവിധ കാരണങ്ങളുമുണ്ട്. ഇന്നലെ വരെ തീറ്റിപ്പോറ്റിയ തനിക്കുള്ള മേല്‍ക്കോയ്മ ഇന്നുവന്ന പെണ്‍കുട്ടിയാല്‍ നഷ്ടപ്പെടുമെന്നവര്‍ ഭയക്കുന്നു. മകനെ സദാ കീഴടക്കി സ്വന്തം ചിറകുകള്‍ക്കിടയില്‍ സൂക്ഷിക്കാനുളള അമ്മയുടെ ത്വര പലരുടെയും ആഹ്ലാദം തകര്‍ക്കുന്നുണ്ട്. അമ്മായിയമ്മയുടെ ഇത്തരം ഇടപെടലിനോട് മരുമകള്‍ക്ക് പൊരുത്തപ്പെടാനാവുകയുമില്ല. ഒറ്റ മകന്‍ മാത്രമുള്ള അമ്മക്ക് ഭര്‍ത്താവ് നേരത്തെ നഷ്ടപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മകനെ കീഴ്‌പെടുത്തിക്കളയാനുള്ള ത്വര കൂടുതലുണ്ടെങ്കില്‍ രണ്ടു കുടുംബങ്ങളുടെ ദുരിതം അതോടെ ആരംഭിക്കുകയായി.
മരുമകനെ കൈകാര്യം ചെയ്യാനാണ് മകള്‍ക്ക് പലപ്പോഴും മാതാപിതാക്കള്‍ നിര്‍ദേശം നല്‍കുക. അവരാഗ്രഹിക്കാത്ത മരുമകന്റെ സ്വഭാവഘടകങ്ങള്‍ മകളിലൂടെ നിയന്ത്രിക്കാനോ ചിട്ടപ്പെടുത്താനോ നശിപ്പിക്കാനോ അമ്മായിയമ്മ ശ്രമിക്കുന്നു. അമ്മായിയമ്മയുടെ ദുസ്വാധീനം ഒഴിവാക്കാന്‍ വാടകവീടെടുത്ത് പോകാന്‍ തീരുമാനിച്ച ഒരു കുടുംബം കലഹിക്കുന്നത് വീടെവിടെ കണ്ടെത്തുമെന്ന തീരുമാനത്തിലായിരുന്നു. തങ്ങളുടെ പരിധിക്ക് പുറത്തായാല്‍ മകള്‍ക്ക് ഉപദേശം നല്‍കാന്‍ സാധിക്കാതെ പോകുമെന്ന് ഭാര്യാകുടുംബവും അല്‍പം ദൂരത്തായാല്‍ മകനെ നശിപ്പിച്ചുകളയുമെന്ന് ഭരതൃകുടുംബവും ഭയക്കുന്നു. മകള്‍ക്ക് കൈവന്ന ദുര്യോഗത്തില്‍ നിന്ന് രക്ഷപ്പെടുത്താനെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ ഇടപെടുക. അവര്‍ പറയുന്നു, 'ഞങ്ങളും കൂടിയില്ലെങ്കില്‍ അവളുടെ സ്ഥിതിയെന്ത്?' സ്വന്തം മാതാപിതാക്കളെ കാണുകയോ കേള്‍ക്കുകയോ ചെയ്യരുതെന്ന് കല്‍പിച്ച ഭര്‍ത്താവിന്റെ കണ്ണും കാതും വെട്ടിച്ച് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഭാര്യയെ അറിയാം. അതിനവര്‍ പ്രത്യേകമായ ഒരു സിംകാര്‍ഡ് കരുതി വെച്ചിട്ടുണ്ട്. തെരുവില്‍ വെച്ചോ തുണിക്കടയില്‍ വെച്ചോ അവര്‍ സംഗമിക്കുകയും ചെയ്യും. സി.ബി.ഐ ഉദ്യോഗസ്ഥനായി മാറുന്ന ഭര്‍ത്താവ് ഇത് കണ്ടുപിടിക്കുന്നു. വഴക്ക്, അടിപിടി. ഭാര്യ ചോദിക്കുന്നു, 'നിങ്ങള്‍ക്ക് നിങ്ങളുടെ അഛനും അമ്മയും വേണം. എനിക്കെന്താ അത് പറ്റില്ലേ?' അയാള്‍ പറയുന്നു, 'നിന്നെ നശിപ്പിക്കുന്നതവരാണ്. ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ അവര്‍.'
നമ്മുടെ സങ്കല്‍പത്തില്‍ വിവാഹം രണ്ട് കുടുംബങ്ങള്‍ തമ്മിലാണെന്നതുള്ളതുപോലെ ഒരു വ്യക്തി വിവാഹാനന്തരം പുതിയ റോളുകള്‍ ഏറ്റെടുക്കുന്നുവെന്നത് പലരും അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കത്തിന് കാരണമാകുന്നത്. മകന്‍ കല്യാണം കഴിക്കുന്നതോടെ ഭര്‍ത്താവ്, മരുമകന്‍, ബന്ധു എന്നിങ്ങനെയുള്ള വ്യത്യസ്ത റോളുകളിലേക്ക് തന്റെ വ്യക്തിത്വത്തെ പടര്‍ത്തുന്നുണ്ട്. അതനിവാര്യമാണുതാനും. എന്നാല്‍ ചിലര്‍ മകന്റെയോ മകളുടെയോ മരുമകന്റെയോ മരുമകളുടെയോ പുതിയ ധര്‍മനിര്‍വഹണത്തെ അംഗീകരിക്കുന്നില്ല. മരുമക്കള്‍ പങ്കാളിയുടെ വിവാഹത്തിനു മുമ്പുള്ള റോളുകളെ മുറിച്ചു മാറ്റണമെന്ന വിചാരക്കാരാണ്. വിവാഹാനന്തരം പങ്കാളി പഴയപോലെ കുടുംബാംഗങ്ങളുമായി ബന്ധം വെച്ചുപുലര്‍ത്തരുതെന്ന് ചിലര്‍ ശഠിക്കുന്നു. മനുഷ്യന്‍ ഒരേ സമയം പഴയതും പുതിയതുമായ സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെയാണ് ജീവിതം കൂടുതല്‍ ആനന്ദകരമാക്കുന്നതെന്നവര്‍ മറക്കുന്നു.
വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് വരാനിരിക്കുന്ന ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാനുള്ള അറിവും പരിശീലനവും നല്‍കേണ്ടതുണ്ട്. വിവാഹപൂര്‍വ കൗണ്‍സലിംഗിന് ഇന്ന് ഏറെ പ്രസക്തിയേറുന്നത് ഇതുകൊണ്ടുകൂടിയാണ്. അനാരോഗ്യകരമായ ഇടപെടലുകള്‍ നടത്തി പ്രിയപ്പെട്ടവരുടെ ജീവിതം അസ്വസ്ഥപൂര്‍ണമാക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും ഇന്നും നമ്മുടെ സമൂഹത്തില്‍ പിറന്നുകൊണ്ടേയിരിക്കുന്നതിനാല്‍ മക്കളുടെ വിവാഹത്തിനു മുമ്പില്‍ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും പൊതുവിദ്യാഭ്യാസവും പരിശീലനവും നല്‍കേണ്ട അവസ്ഥാ വിശേഷമാണ് നമ്മുടെ നാട്ടില്‍ വന്നെത്തിയിരിക്കുന്നത്.

ശേഷക്രിയ


1. വിവാഹ ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാണ് പ്രമുഖരായി മാറിക്കൊണ്ടിരിക്കുന്നത്. ഇത് ഭാര്യയും ഭര്‍ത്താവും മാത്രമല്ല, അവരുടെ കുടുംബാംഗങ്ങള്‍കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇക്കാര്യം അറിയാത്തവരെങ്കില്‍ പരിശീലനക്കളരിയിലൂടെയോ കൗണ്‍സലിംഗിലൂടെയോ അവബോധനം നല്‍കണം.
2. വിവാഹാനന്തരം ഒരാളും മാതാപിതാക്കളെ എക്കാലത്തേക്കുമായി പൂര്‍ണമായും മുറിച്ചുമാറ്റാന്‍ പാടില്ല. ഭാര്യയും ഭര്‍ത്താവും ഇതംഗീകരിക്കുമ്പോള്‍ മാത്രമാണ് കുടുംബങ്ങളുടെ സ്വാസ്ഥ്യം കെട്ടിപ്പടുക്കുന്നത്.
3. ഭാര്യയുടെയും ഭര്‍ത്താവിന്റെയും കുടുംബത്തെ ആരോഗ്യകരമാകും വിധം വൈവാഹിക ജീവിതവുമായി വിളക്കിച്ചേര്‍ക്കാനാണ് ശ്രമിക്കേണ്ടത്. അതിനുളള നീക്കങ്ങള്‍ നടത്തുകയും വേണം. കുടുംബങ്ങളുടെ സ്വത്തും സമ്പാദ്യവും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നുവെങ്കില്‍, ബന്ധത്തിന്റെ ആഹ്ലാദകരമായ അവസ്ഥ ഉണ്ടാക്കിയെടുക്കുന്നതില്‍ അവരെ മാറ്റിനിര്‍ത്തുന്നതില്‍ അര്‍ഥമില്ല.
4. ഭാര്യാ ഭര്‍ത്താക്കന്മാരുടെ പിണക്കങ്ങളില്‍ കുടുംബാംഗങ്ങള്‍ തുടക്കം മുതലേ കൈ കടത്താതിരിക്കുകയാണ് നല്ലത്. അത്തരം സന്ദര്‍ഭങ്ങളെ അവഗണിക്കേണ്ടതില്ല. എന്നാല്‍ അവ കൈകാര്യം ചെയ്യാന്‍ വിവാഹിതരെത്തന്നെ പ്രാപ്തരാക്കുന്നതാണ് വിവേകം. മകന്റെയോ മകളുടെയോ ആശ്രയത്വം ഏറ്റെടുക്കുന്നവിധം ഇടപെടലുകള്‍ നടത്തുമ്പോള്‍ കാര്യനിര്‍വഹണശേഷിയെ ബാധിക്കുന്നു. പില്‍ക്കാലത്ത് കുടുംബ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി അത്തരം ഇടപെടലുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
5. വിവാഹിതര്‍ അവര്‍ക്കിടയിലെ കൊച്ചു സംഘര്‍ഷങ്ങളിലൊക്കെയും സ്വന്തം മാതാപിതാക്കള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കാതിരിക്കുകയാണ് നല്ലത്. അവര്‍ക്കത് വൈകാരിക പ്രശ്‌നമാകയാല്‍ ഇടപെടലുകള്‍ യുക്തിപൂര്‍വമാകാതെ പോകുന്നു. പലപ്പോഴും ഈ ഇടപെടല്‍ കൂടുതല്‍ സംഘര്‍ഷത്തിന് കാരണമായേക്കും.
6. സംഘര്‍ഷങ്ങളെകുറിച്ച് മാതാപിതാക്കളെ അറിയിക്കാതിരിക്കണമെന്നില്ല. പക്ഷേ ഏത് കാര്യം അറിയിക്കണം, ഏത് കാര്യം അറിയിക്കേണ്ട എന്നത് തീരുമാനിക്കുന്നതില്‍ യുക്തിയും വിവേകവും വെച്ചുപുലര്‍ത്തണം. ഒപ്പം അതിവൈകാരികതയോടെ മാതാപിതാക്കള്‍ ഇടപെടുന്നത് തന്ത്രപൂര്‍വം തടയുകയും വേണം.
7. വിവാഹിതരുടെ സംഘര്‍ഷങ്ങളില്‍ പൊതുവെ രക്ഷിതാക്കള്‍ക്ക് ക്രിയാത്മകമായി ഇടപെടല്‍ നടത്താന്‍ സാധിക്കാറില്ല. അത് സാധിക്കുന്ന രക്ഷിതാക്കളാണോ തങ്ങളെന്ന് യുക്തിപൂര്‍വം വിലയിരുത്തേണ്ടത് വിവാഹിതരാണ്. അവരുടെ ഇടപെടല്‍ ഫലപ്രദമാണെന്ന് ആദ്യകാലാനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ സംഘര്‍ഷവേളകളില്‍ അവരുടെ സഹായം തേടുക.
8. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ കുടുംബാംഗങ്ങളുമായി തെറ്റിദ്ധാരണയോ അഭിപ്രായ വ്യത്യാസമോ പരാതിയോ ഉണ്ടെങ്കില്‍ തുടക്കത്തില്‍തന്നെ ഒന്നിച്ചിരുന്ന് ക്ഷമാപൂര്‍വം ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം തേടുക.
9. യാതൊരു കാരണവശാലും ഭാര്യാഭര്‍ത്താക്കന്മാരുടെ സംഘര്‍ഷവേളകളില്‍ കുടുംബാംഗങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളുന്നയിക്കാതിരിക്കുക. ആരോപണങ്ങള്‍ക്ക് ഭാര്യയോ ഭര്‍ത്താവോ ന്യായീകരണം നല്‍കാതിരിക്കുക. കുടുംബാംഗങ്ങളെ നീതീകരിക്കാനുള്ള ശ്രമം നടത്താതിരിക്കുക.
10. ഭാര്യാഭര്‍ത്താക്കന്മാരുടെ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതില്‍ രണ്ടു കുടുംബത്തിലെയും പ്രധാന അംഗങ്ങളെ പങ്കാളികളാക്കുക. ആവശ്യമെങ്കില്‍ രണ്ടു കുടുംബത്തിലെ അംഗങ്ങള്‍ക്കും കൗണ്‍സില്‍ നല്‍കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top