ഖുര്‍ആന്‍ പഠനത്തിന് ഒരു സ്ത്രീ മാതൃക

ഇഖ്ബാല്‍ പെരുമ്പാവൂര്‍ No image

55 വയസ്സുകാരി ഇഫ്ഫത്ത് ഹസന്‍ ഇന്ത്യക്കാരിയാണ്. കൃത്യമായി പറഞ്ഞാല്‍ ഹൈദരാബാദുകാരി വീട്ടമ്മ. ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ ചിക്കാഗോയില്‍ താമസിക്കുന്ന രണ്ടു കുട്ടികളുടെ മാതാവായ അവര്‍ ഖുര്‍ആന്‍ പഠിപ്പിക്കുക കൂടി ചെയ്യുന്നു. ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചിക്കാഗോയില്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് ഹിഫ്‌ളും അറബിയും പഠിപ്പിക്കുന്നു.
ജീവിതത്തില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോഴാണ് നാം അല്ലാഹുവോട് കൂടുതല്‍ അടുക്കുക. എന്റെ ജീവിതത്തില്‍ ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ അല്ലാഹു എന്റെ പ്രാര്‍ഥന സ്വീകരിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചുകൊണ്ട് തഹജ്ജുദ് നമസ്‌കരിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായ പ്രാര്‍ഥനമൂലം അല്ലാഹു എന്റെ പ്രയാസം ദൂരീകരിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു. എല്ലാ നമസ്‌കാരങ്ങളിലും ഒരേ സൂറത്തുകളാണ് ഞാന്‍ പാരായണം ചെയ്യുന്നത്. അതെനിക്ക് മടുപ്പുണ്ടാക്കി. അതിനാല്‍ കൂടുതല്‍ ജുസ്അ് മനപ്പാഠമാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ''എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യും. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്‌തെന്നുവരാം. അല്ലാഹു അറിയുന്നത് നിങ്ങള്‍ അറിയുന്നില്ല (2:216).'' എന്റെ അനുഭവമെടുത്താല്‍ ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത ഒരു സംഗതിമൂലമാണ് എനിക്ക് തഹജ്ജുദും ഹിഫ്‌ളും എന്ന മഹാനുഗ്രഹങ്ങള്‍ കിട്ടിയത്. ഞാന്‍ മുപ്പത്തേഴാമത്തെ വയസ്സിലാണ് ഖുര്‍ആന്‍ മനപ്പാഠമാക്കിയത്.
എനിക്ക് ഹാഫിളായ ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവളെ ആരാധനയോടെയാണ് ഞാന്‍ കണ്ടിരുന്നത്. ഞാന്‍ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പൂര്‍ണ പിന്തുണയുമായി എന്നോടൊപ്പമുണ്ടായിരുന്നു. എളുപ്പവഴികളും സൂത്രങ്ങളും എനിക്ക് പകര്‍ന്നുനല്‍കി. അല്ലാഹുവിന്റെ അദമ്യമായ സ്‌നേഹമാണ് ഇതിന് എന്നെ പ്രാപ്തയാക്കിയത്. 'നമ്മുടെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെട്ടവരാരോ അവരെ നമ്മുടെ വഴിയിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്' (29:69) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. വ്യക്തമായ ലക്ഷ്യബോധം നമുക്കാവശ്യമാണ്. അല്ലാഹുവിന്റെ സഹായമുണ്ടെങ്കില്‍ ഏത് കാര്യവും പൂര്‍ത്തീകരിക്കാന്‍ പറ്റുമെന്ന ഉറച്ച ബോധ്യം നമുക്കുണ്ടാവേണ്ടതുണ്ട്. മഹത്തായ ലക്ഷ്യം നേടിയെടുക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ സമയക്രമീകരണം എളുപ്പമായിത്തീരും. അനുവദനീയമായ കാര്യങ്ങള്‍ മാത്രമാണ് നാം അനുഷ്ഠിക്കുന്നതെങ്കില്‍ നമുക്ക് ധാരാളം സമയം കണ്ടെത്താം. സമയമാണ് ജീവിതം. സമയം നഷ്ടപ്പെടുത്തിയാല്‍ ജീവിതം നഷ്ടപ്പെടുത്തിയവനെപ്പോലെയാണ്. വിചാരണനാളില്‍ നമ്മുടെ ഒഴിവുസമയത്തെ എങ്ങനെ ഉപയോഗിച്ചു എന്ന് അല്ലാഹു ചോദിക്കുമ്പോള്‍ നമുക്ക് മറുപടിയുണ്ടായിരിക്കണം.
ആദ്യ പത്ത് ജുസ്അ് മനപ്പാഠമാക്കാന്‍ ഒരു വര്‍ഷമെടുത്തു. അപ്പോഴും ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ സ്വയം ആലോചിക്കാന്‍ തുടങ്ങി, അല്ലാഹു എളുപ്പമാക്കിത്തന്ന കാര്യം ഞാന്‍ എന്തിന് ഒഴിവാക്കണം. അങ്ങനെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഞാന്‍ പഠിച്ചു. അങ്ങനെ രണ്ടുകൊല്ലംകൊണ്ട് പൂര്‍ത്തിയാക്കി. സ്ത്രീ എന്ന നിലയില്‍ എനിക്ക് കുറെ ചുമതലകളുണ്ടായിരുന്നു. കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കണം. പക്ഷേ, ഈ തിരക്കുകള്‍ക്കിടയിലും കുറച്ച് ഒഴിവുസമയം ലഭിക്കുന്നുണ്ടായിരുന്നു. ആളുകള്‍ അത്ഭുതത്തോടുകൂടി എന്നോട് ചോദിച്ചിരുന്നു, താങ്കള്‍ എത്രസമയമാണ് ഖുര്‍ആന്‍ പഠനത്തിന് വിനിയോഗിക്കുന്നതെന്ന്. രാവിലെ ഏതാനും ചില മണിക്കൂറുകളും പിന്നെ ഒഴിവുസമയം ലഭിക്കുമ്പോഴുമാണ്. എന്റെ വിട്ടുമാറാത്ത മൈഗ്രൈന്‍ വലിയൊരു പ്രശ്‌നമായിരുന്നു. ഇത് മൂലം സമയത്തിന്റെ വിലയെക്കുറിച്ച് എനിക്ക് മനസ്സിലായി. അല്ലാഹു എനിക്കു നല്‍കി അനുഗ്രഹിച്ച ഈമാനിനെക്കുറിച്ചോര്‍ത്ത് ഞാനെന്നും കരയുമായിരുന്നു. ഈ തിരിച്ചറിവാണ് ഓരോ ദിവസവും എനിക്ക് എളുപ്പമാക്കിത്തീര്‍ത്തത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സൂറത്തുല്‍ ഇഖ്‌ലാസ് ആണ്. പഠനത്തിനിടയില്‍ രണ്ടനുഭവം എന്നെ അതിരറ്റ് സന്തോഷിപ്പിച്ചു. ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ തുടങ്ങിയപ്പോള്‍ ആരോടും ഞാന്‍ പറഞ്ഞിരുന്നില്ല. പത്ത് ജുസ്അ് മനപ്പാഠമാക്കിയ ശേഷം ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അതിരറ്റ സന്തോഷമുണ്ടായി. രണ്ടാമത്തെ അനുഭവം എന്റെ മകനും എന്റെ കൂടെ പഠിച്ച് ഹാഫിളായതാണ്.
ഖുര്‍ആന്‍ പഠിക്കാന്‍ താല്‍പര്യമുള്ള ഒരുപാട് വിദ്യാര്‍ഥികള്‍ ലോകത്തുണ്ട്. പക്ഷേ, ആധുനിക സാങ്കേതികവിദ്യയുടെ ദുരുപയോഗം നമ്മുടെ സമയത്തെ കവര്‍ന്നെടുക്കുകയാണ്. പക്ഷേ, എന്റെ കുട്ടികള്‍ അവരുടെ ഐപാഡിലൂടെയും എം.പി.ത്രി പ്ലെയറിലൂടെയും ഖുര്‍ആന്‍ ശ്രവിക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട്. നമ്മുടെ സ്രഷ്ടാവിനോടുള്ള അദമ്യമായ സ്‌നേഹം നമുക്കുണ്ടാവണം. അവന്‍ നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ഈ സ്‌നേഹം കരസ്ഥമാക്കാനുള്ള മാര്‍ഗം. ഈ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവന്റെ കിതാബല്ലാതെ നമ്മുടെ മുന്നിലില്ല. ഖുര്‍ആന്‍ മനപ്പാഠമാക്കാനുദ്ദേശിക്കുമ്പോള്‍ ഓരോ ദിവസവും രണ്ടുവരിയെങ്കിലും മനപ്പാഠമാക്കണം. ആത്മാര്‍ഥതയാണ് നമുക്ക് ഇക്കാര്യത്തില്‍ വേണ്ടത്. ഖുര്‍ആന്‍ മനപ്പാഠമാക്കിക്കൊണ്ടിരിക്കുന്ന അതേ സമയത്താണ് ഞാന്‍ അറബിയുടെ അടിസ്ഥാന വ്യാകരണം പഠിച്ചുകൊണ്ട് ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഞാന്‍ അധ്യാപനം തുടങ്ങിയപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ട പുസ്തകങ്ങള്‍ എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. എന്റെ അധ്യാപകര്‍ തന്ന നോട്ടുകളില്‍ നിന്നാണ് ഞാന്‍ കുട്ടികള്‍ക്ക് അറിവു പകര്‍ന്നുനല്‍കിയത്. എന്റെ ചില വിദ്യാര്‍ഥികള്‍ ഈ നോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മറ്റുള്ളവര്‍ക്ക് ഉപകാരം ലഭിക്കുമെന്നുള്ളതുകൊണ്ട് ഞാനത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അടിസ്ഥാനപരമായി അറബി മാതൃഭാഷയല്ലാത്തവര്‍ക്കു വേണ്ടി രചിക്കപ്പെട്ടതാണത്. ഖുര്‍ആന്‍ പാരായണത്തിനും പഠിക്കുന്നതിനും ഈ പുസ്തകം വളരെ ഉപകാരപ്രദമാണ്.
(അവലംബം: productivemuslim.org-ല്‍ വന്ന റയാന ഉമറിന്റെ ലേഖനത്തിന്റെ വിവര്‍ത്തനം.)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top