ആത്മഹര്‍ഷത്തിന്റെ സൂര്യോദയം തേടി

റഹീം വാവൂര്‍ No image

ജീവിത യാഥാര്‍ഥ്യത്തിന്റെ സാമൂഹിക തലങ്ങളെ അടയാളപ്പെടുത്തുന്ന സര്‍ഗ്ഗാത്മകതയുടെ അനിര്‍വചനീയമായ ഇടങ്ങളിലൊന്നാണ് കവിതകള്‍. ബോധാവബോധത്തിന്റെ നൂലിഴ നേര്‍ത്തില്ലാതാവുമ്പോള്‍ ജ്ഞാനിയുടെ നാവിന്‍തുമ്പ് രുചിക്കുന്ന പാഥേയമാണ് കവിതയായി പിറക്കുന്നത്. അറിയലിന്റെയും പറയലിന്റെയും ഇടയിലെ സാഫല്യമാണത്. അക്ഷരങ്ങള്‍ ആത്മാര്‍പ്പണത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കവിത പെയ്യുന്നു. അവ പ്രേമ ദീനങ്ങളാകുന്നു. സങ്കട കണ്ണീരാകുന്നു. അരുതെന്ന വാക്കിന്റെ തീവ്രഘോഷങ്ങളാകുന്നു.
അകതാരിലെ നോവും വേവും വ്യഥയും വിലാപവും പ്രതീക്ഷയും പ്രാര്‍ഥനയും അതില്‍ സംവേദനം ചെയ്യപ്പെടുന്നു. തിന്മയുടെ നിഴലാട്ടംകൊണ്ട് വെളിച്ചം കെട്ടുപോകുന്ന കലയിലും സാഹിത്യത്തിലും നേരുപറയുന്നതും നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്നതും അപകര്‍ഷതയാണിന്ന്. ഇവിടെയാണ് നേരിന്റെ നറുനിലാവായി വിരിയുന്ന സത്താര്‍ ആദൂരിന്റെ 'ഇലാഹി' കവിതാ സമാഹാരം ശ്രദ്ധേയമാകുന്നത്. നേരിനോട് നീതി, നെറികളോട് നീരസം എന്ന ഇസ്‌ലാമിക കലാ സാഹിത്യത്തിന്റെ ആശയത്തെയും ലക്ഷ്യങ്ങളേയും സാക്ഷാല്‍കരിക്കുന്നതാണ് ഇതിലെ ഓരോ വരികളും. സത്താറിനെ സംബന്ധിച്ചിടത്തോളം കവിത അക്ഷരങ്ങള്‍ക്കിടയിലൂടെയുള്ള അലച്ചിലല്ല, വാക്കുകള്‍ കൊണ്ടുള്ള കരച്ചിലാണ്. അകക്കാഴ്ചയുടെ വെളിച്ചം മുനിഞ്ഞുകത്തുന്നുണ്ടിതില്‍.
''യാ അല്ലാഹ്,...
വിരല്‍ തുമ്പുകളോട് പറയുക
ഒരു പ്രവാഹമായി പരന്നൊഴുകാന്‍
നഷ്ട ദിനങ്ങളുടെ മോക്ഷ പ്രാപ്തിക്കായി മാപ്പിരക്കാന്‍
നാഥാ, എന്റെ നെഞ്ചിലെ ചൂട്
നിന്റെ കൃപാ കടാക്ഷമല്ലാതെന്ത്?''
അനേകായിരം ചോദ്യങ്ങള്‍ക്കുത്തരം കിട്ടാതെ വിഷമിക്കുന്നവന്റെ ഉള്ളം തണുപ്പിക്കാനും, ഉള്‍താപം മൂലം ദൈവപ്രീതിയില്‍ നിന്നകന്ന് പോയവര്‍ക്ക് ആശ്വാസത്തിന്റെ അനുഭൂതി പകരാനും, സ്വയമറിയാതെ പാപങ്ങളുടെ നിലാമുറ്റത്ത് നിത്യസന്ദര്‍ശകരായി ആത്മാവ് കറുത്തുപോയവര്‍ക്ക് നേരിന്റെ നല്ല വാക്കുകള്‍ നേരാനും ഭാഷയുടെ അനിതര സാധാരണമായ ഈ ഒഴുക്കിന് കഴിയുന്നുണ്ട്.
നഫ്‌സ് എന്നത് കുടലുകള്‍ വഴി പുറത്തേക്ക് വരുന്ന വായുവും, റൂഹ് എന്നത് തലച്ചോറില്‍നിന്ന് നാസാരന്ധ്രങ്ങള്‍ വഴി പുറത്തേക്ക് വരുന്ന വായുവുമാണെന്നാണ് നഫ്‌സ് - റൂഹ് ബന്ധത്തെ കുറിച്ചുള്ള സൂഫി നിര്‍വചനം. ജദ്ബില്‍ (ഇല്ലായ്മ) നിന്ന് വജ്ദില്‍ (ഉണ്ടാവല്‍)എത്തുമ്പോഴാണ് തസ്വവ്വുഫ് അതിന്റെ പാരമ്യതയെ ആശ്ലേഷണം ചെയ്യുന്നത്. ദൈവ സന്നിധിയിലേക്ക് നിസ്വനായി കടന്നു ചെല്ലുന്നതിനെ കുറിച്ചുള്ള ചിന്തയുടെ ആധിയില്‍ നിന്നാണ് ആത്മാന്വേഷകന്റെ ആത്മീയത ഊര്‍ജ്ജം സംഭരിക്കുന്നത്.
സുഖലോലുപതയുടെ നിത്യവസന്തത്തിനിടെ മിഥ്യയും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ കഴിയാതെ പരിഭ്രമിച്ചുപോയ മനുഷ്യന് ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളാണിവിടെ; തിരിച്ചറിവുകളും. ഉടലിനു കൈമാറുന്നതു വരെ റൂഹിനെ സൂക്ഷിച്ചുവെച്ച, ഹൃദയവേദനകളുടെ രഹസ്യമറിയുന്ന, കണ്ണീരിന് ഉപ്പുരസം പകര്‍ന്ന ഏകനായ ദൈവത്തിലേക്ക് തന്നെ തിരിച്ചുപോവണമെന്ന മനുഷ്യനു പിന്നിലെ ഏറ്റവും വലിയ രഹസ്യത്തെയാണ് കവിതകള്‍ ആശയങ്ങളായി കോറിയിടുന്നത്.
''ഓത്തുപള്ളി മുതല്‍ ഇന്നു വരെ നാമ്പെടുക്കുന്നോരോ സംശയങ്ങള്‍ക്കും നിവാരണം തേടി/അലഞ്ഞിട്ടുണ്ടൊരുപാട്/അതിലൊരാളും ഞാന്‍ മരിക്കില്ലെന്ന് പറഞ്ഞില്ല/ഇവിടെ ശ്വാശ്വതമായൊരു ജീവിതം വാഗ്ദാനം ചെയ്തിട്ടുമില്ല/ പിന്നെയും എന്തുകൊണ്ടാണ്/മനുഷ്യന്‍ ഇത്രമേല്‍ അരാജകിയാവുന്നത്?/സ്വര്‍ഗനരകങ്ങളെ വിശ്വസിക്കുമ്പോഴും/ കാഴ്ചക്കപ്പുറത്ത് ദുഷ്ടതകള്‍ മാത്രം ചെയ്തുകൂട്ടുന്നത്!'' ജീവന്റെ ഉത്ഭവകാലം മുതല്‍ മനുഷ്യന്‍ ഉത്തരം നല്‍കാതെ സൗകര്യപൂര്‍വ്വം മാറ്റിനിര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ നമ്മോട് തന്നെ ചോദിക്കുകയാണ് കവി.
ആത്മാവിന്റെ പുസ്തകം തുറന്നുവെച്ച് അകക്കണ്ണു കൊണ്ട് നോക്കുന്നവന് മാത്രമേ നേരിന്റെ ഈ സൂര്യോദയം കാണാനൊക്കൂ. തിന്മയുടെ അനിര്‍ഗളമായ ഒഴുക്കിനിടെ അടഞ്ഞുപോയ മനസ്സാക്ഷിയുടെ ജാലകങ്ങളെ പാശ്ചാതാപത്തിന്റെ ഒരിറ്റ് കണ്ണീര്‍കൊണ്ട് തുറക്കാനാവശ്യപ്പെടുകയാണ് കവി. ഈ ഭൂമിയിലെ മനുഷ്യജീവിതത്തെ കേവല സത്രവാസകാലത്തോട് ഉപമിച്ചത് പുണ്യനബി(സ)യാണ്.
''ഇന്നിനെ ഞാനറിഞ്ഞ് തുടങ്ങിയിട്ടുണ്ട്/പകലില്‍ എനിക്ക് വെളിച്ചത്തെ കുറിച്ചോര്‍മ്മയില്ല/രാത്രി ഞാനതിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെട്ട് വിഷമിക്കുന്നു/രാത്രിയുടെ കറുത്ത നിഴലുകളെ/വിരല്‍ത്തുമ്പുകളെ കൊണ്ട് വകഞ്ഞുമാറ്റാന്‍ ശ്രമിച്ച്/നിലവിളിക്കാന്‍ പോലും ഭയന്ന്/ ഒരു കൈക്കുഞ്ഞിനെ പോലെ ഞാനൊളിച്ചിരിക്കുന്നത്/ഏതു കുഴിവെട്ടുകാരന്റെ വീട്ടുവരാന്തയിലാണാവോ?
യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ തിരിച്ചുവെച്ചതാണീ വാക്കുകളത്രയും. അവ ചെന്നുതറക്കുന്നത് അനേകം പേരുടെ ഉള്ളകങ്ങളിലും.
പ്രാര്‍ഥനയുടെ അതിഗഹനമായ അപാരതയില്‍ അലിയുമ്പോള്‍ പ്രാണപ്രിയനോടുള്ള ഹുബ്ബിന്റെ രാഗശോണിമയില്‍ അലിഞ്ഞില്ലാതാവുകയാണ് ഓരോ തേട്ടക്കാരനും. ഈ ഒഴുക്കിന്റെ താളം നിലക്കുമ്പോള്‍ ശരിയായ വിശ്വാസിയുടെ മനസ്സ് വേദനിക്കും. അവിടെ അവന്റെ ഹൃദയം തണുപ്പിക്കുന്നത് ദൈവത്തിലേക്കും അവന്റെ സന്ദേശങ്ങളിലേക്കുമുള്ള തിരിഞ്ഞുനടത്തങ്ങളാലാണ്.
ദൈവത്തോടുള്ള ആത്മാവിന്റെ സംവേദനങ്ങളാണ് ദിക്‌റുകള്‍. ഹൃദയാന്തരങ്ങളിലേക്ക് അത് കാറ്റും വെളിച്ചവും കടത്തുന്നു. പുലരിയിലെന്ന പോലെ സാന്ദ്രമായ ഒരു ശൈത്യം ആത്മാവിനത് പ്രദാനം ചെയ്യുന്നു. ഇലാഹിന്റെ അപദാനങ്ങളെ വാഴ്ത്തി പറയുമ്പോള്‍ വിശുദ്ധമായ ഒരു ഭാരതത്തിന് മനസ്സ് കീഴ്‌പ്പെടുന്നു. ഇലാഹോര്‍മയില്‍ ദിക്‌റും ശുക്‌റുമായി സ്ഥലകാല ബോധങ്ങളുപേക്ഷിച്ച് ചിന്താനിമഗ്നരായി അലഞ്ഞു നടക്കുന്ന സൂഫികളുണ്ടായിരുന്നു ചരിത്രത്തില്‍. മുപ്പത്തിമൂന്നാം വയസ്സില്‍ ബഗ്ദാദിലെ നിസാമിയ്യ അക്കാദമിയില്‍ പ്രൊഫസറായിരുന്ന ഗസ്സാലി അത് രാജിവെച്ചാണ് സ്വയം സാക്ഷാല്‍കാരത്തിനായി പന്ത്രണ്ട് വര്‍ഷത്തെ പുറപ്പാടിനിറങ്ങിയത്.
ലൗകികമായ സര്‍വകാര്യങ്ങളുടെയും വേരറുത്ത് ആത്മാവിന്റേതു മാത്രമായ ആവശ്യത്തിലേക്ക് മനസ്സിനെ തിരിക്കുമ്പോള്‍ അയാള്‍ ശാന്തിയിലേക്കുള്ള ചവിട്ടുപടികള്‍ കയറുകയാണ്. ആത്മാവിന്റെ അഭിലാഷം ഖല്‍ബിനെ ഉരുക്കിയൊലിപ്പിക്കുമ്പോള്‍ പ്രണയതാപം കൊണ്ട് മനസ്സില്‍ അഗ്നി കത്തുകയാണ്. ഹൃദയ സങ്കീര്‍ത്തനത്തിന്റെ അന്ത പ്രചോദത്തിലലിഞ്ഞ മനസ്സ് കനലടുപ്പിലെ വിറകു കൊള്ളിയാകുമ്പോള്‍ അമീര്‍ ഖുസ്രുവിനെ പോലെ നമുക്ക് പറയേണ്ടി വരുന്നു 'ഇശ്ഖ ഫനാകാ നാമ് ഹെ' എരിഞ്ഞടങ്ങലിന്റെ പേരാണ് പ്രണയം.
മനുഷ്യന് കാണാന്‍ കഴിയാത്ത പ്രാണന്റെ രഹസ്യങ്ങളും, ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും മാറ്റിവെച്ച് ഇലാഹിന്റെ സവിധത്തിലേക്ക് തിരിഞ്ഞുനടക്കുമ്പോള്‍ പെയ്യുന്ന പാശ്ചാതാപത്തിന്റെ നനവ് 'ഇലാഹി'യിലെ ഓരോ വരികളെയും നനച്ചിടുന്നുണ്ട്. ആത്മീയതയെ കച്ചവടവല്‍ക്കരിക്കുകയും ജീവിത സങ്കേതനം അനിയന്ത്രിതമാംവിധം വികസിക്കുകയും ചെയ്ത വര്‍ത്തമാനകാലത്തിനു നേരെ തിരിച്ചുവെച്ച ദൈവിക ചിന്തയുടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പുസ്തകം കാലിക പ്രസക്തമാക്കുന്നത്. കൂടാതെ മിസ്റ്റിക് കവിതകളുടെ രുചിക്കൂട്ടുള്ള കവിതകള്‍ വര്‍ത്തമാന മലയാളത്തില്‍ നന്നേ ചുരുക്കമാണെന്ന യാഥാര്‍ഥ്യം വായനാ വിഹായസ്സില്‍ ഇതിനൊരു നല്ല ഇടം നല്‍കുകയും ചെയ്യുന്നു.
വേര്‍പാട് ഒരു ഒളിച്ചോട്ടമാണ്. ഇരുട്ടില്‍ നിന്ന് ഇരുട്ടിലേക്ക്... മരണത്തിന്റെ മുഖമാണ് അതിന്. അരികിലുണ്ടെങ്കിലും കണ്ടുപിടിക്കാനാവാത്ത ഒളിച്ചുകളിയുടെ രൂപമാണിതിന്. നീ വേര്‍പ്പെട്ടുപോകുമെന്നറിയുമ്പോള്‍ അതൊരു തണല്‍ മരത്തിന്റെ ശൂന്യതയാണ്. സ്‌നേഹത്തിന്റെ ചാറ്റല്‍ മഴയില്‍ ഒത്തൊരുമയുടെ കുട ചൂടി തന്നവന്റെ ഒഴിഞ്ഞുപോക്കാണ്. വരണ്ടുണങ്ങിയ ജീവിതത്തിന്റെ ചോരയൊലിക്കുന്ന മുറിവുകളെ അതിന്റെ നിസ്സഹായതയുടെ മിടിപ്പുകളോടെ തുറന്ന് കാട്ടാനുള്ള തുരുത്തിന്റെ നഷ്ടപ്പെടലാണ്. വഴി വളഞ്ഞ വയനാടന്‍ ചുരങ്ങളില്‍ നീ ഒളിച്ചുകളിക്കുന്നത് ജീവിതത്തില്‍ പലപ്പോഴായി ഞാന്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഇതാദ്യമായാണ്. ഒളിച്ചുകളിയില്‍ മരിച്ചവര്‍ക്കുള്ള വിരുത് നീ കാണിക്കുന്നത്.
കാല നൈരന്തര്യത്തില്‍ പാപക്കറ കൊണ്ട് കറുത്ത് പോകുന്ന ഹൃദയത്തെ ശാന്തമാക്കുന്നതും ശുദ്ധീകരിക്കുന്നതും ദിക്‌റുകളാണെന്ന് പറയുന്നു. ജീവിതത്തില്‍ ഓരോ ശ്വസന-താളങ്ങളിലും ദൈവസ്മരണയുടെ സൂഷ്മാംശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന വിശ്വാസിയുടെ ചിത്രമാണ് ഇലാഹിയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top