സമരതന്ത്രികളില്‍ വീണമീട്ടുമ്പോള്‍

ബഷീര്‍ കളത്തില്‍ No image

പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ഒറ്റയാള്‍ സമരത്തില്‍ ജസീറക്ക് ശേഷം മറ്റൊരു പരിസ്ഥിതി സംരക്ഷണ സമരപ്രവര്‍ത്തക കൂടി കണ്ണൂര്‍ ജില്ലയില്‍നിന്ന് ശ്രദ്ധ നേടുകയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ കുടമാറ്റവും കൂടുമാറ്റവും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് കൊണ്ടാകാം വീണാമണിയെന്ന മുപ്പത്തിരണ്ടുകാരി പരിസ്ഥിതിവാദിയുടെ സമരം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത്.
തളിപ്പറമ്പിലും കിഴക്കന്‍ മലയോരമേഖലകളിലും ജനങ്ങളില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന വീണാമണിയെ ഇരിക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലിട്ടത് വൃക്ഷസ്‌നേഹം കൊണ്ട് നടത്തിയ പ്രതികരണത്തിനാണ്.
സംഭവത്തെക്കുറിച്ച് വീണാമണി പറയുന്നതിങ്ങനെ: ഇരിക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ താന്‍ തന്നെ നട്ടുപിടിപ്പിച്ച വൃക്ഷങ്ങള്‍ തീയിട്ടു നശിപ്പിക്കുന്നതിനെതിരെ എസ്.ഐയോട് പരാതി പറഞ്ഞു. അസഭ്യവും കൈയേറ്റവുമായിരുന്നത്രെ പരാതിക്ക് ലഭിച്ച മറുപടി. തന്നോട് അധികാരികള്‍ കാണിച്ച അതിക്രമത്തിനെതിരെ അടുത്ത ദിവസം തന്നെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിക്കാതെ സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും മോശപ്പെട്ട രീതിയില്‍ പെരുമാറുകയും സ്വഭാവദൂഷ്യം ആരോപിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്. വീണാമണിയുടെ നിരപാധിത്വം ബോധ്യപ്പെട്ട കോടതി ഉപാധികളില്ലാത്ത ജാമ്യം അനുവദിച്ചു. പോലീസിന്റെ മേധാവിത്വമനോഭാവവും സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയേറ്റവും തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് ജനുവരി 27 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഫെബ്രുവരി ഒന്നിന് തീര്‍ത്തും അവശയായ വീണാമണിയെ പോലീസ് നീക്കംചെയ്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
തിരുവനന്തപുരം വെള്ളായനി കാര്‍ഷിക കോളേജില്‍ നിന്നും ബിരുദമെടുത്ത വീണാമണി അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ തനിക്ക് ലഭിച്ച ഉദ്യോഗം രാജിവെച്ചാണ് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. മണ്ണും പച്ചപ്പും പ്രകൃതി സ്‌നേഹവുമാണ് വീണാമണിയുടെ സ്വപ്നത്തിലുള്ളത്. പ്രകൃതിക്കു നേരെയുള്ള അനധികൃത കൈയേറ്റങ്ങളെ ചെറുക്കുന്നതിന് വീണാമണി സാധ്യമാവുന്ന സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അനധികൃത മണല്‍ഖനനങ്ങളുടെ ഫോട്ടോകള്‍ അധികൃതര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും നടപടികള്‍ ഉണ്ടാകാറില്ലെന്ന് വീണാമണി പരിതപിക്കുന്നു.
പരിസ്ഥിതി സംരക്ഷണ സംബന്ധമായ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കോണ്‍ഫറന്‍സുകളില്‍ ഒന്നിലധികം പ്രബന്ധങ്ങള്‍ വീണാമണി അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണി കണ്ണൂര്‍ നിലയത്തിലെ കിസാന്‍ വാണിയില്‍ കാര്‍ഷിക സംബന്ധമായ പഠനങ്ങള്‍ നിരവധി തവണ അവതരിപ്പിച്ച വീണാമണിക്ക് മനോരമ പരിസ്ഥിതി അവാര്‍ഡ്, ബാലകൃഷി ശാസ്ത്ര അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
സമരത്തിന്റെ ആദ്യനാളുകളില്‍ പത്തു വയസ്സുകാരനായ മകന്‍ വിജയ്ശ്രീ ഹരിയും ഏഴു വയസ്സുകാരി വാണിശ്രീ ലക്ഷ്മിയും അവരുടെ കൂടെ തന്നെയുണ്ടായിരുന്നു.
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പ്രകൃതിയോടു ചെയ്യുന്ന ക്രൂരത തന്നെയാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആശുപത്രിക്കിടക്കയില്‍ നിന്ന് വീണാമണി ആരാമത്തോട് പറഞ്ഞു.
പച്ചപ്പിനെ സ്‌നേഹിക്കുകയും പരിസ്ഥിതിയുടെ കാവല്‍ മാലാഖയായി മാറാനാഗ്രഹിക്കുകയും ചെയ്ത ഇവര്‍ ജില്ലാ ആശുപത്രിയിലെ ജനറല്‍വാര്‍ഡില്‍ അവശയായി കിടന്നപ്പോള്‍ അധികൃതരാരും ഈ വഴി തിരിഞ്ഞു നോക്കാന്‍ തയ്യാറായിരുന്നില്ല. പൂര്‍ണാരോഗ്യം തിരിച്ചു കിട്ടാത്ത വീണാമണിയെ പരിചരിച്ചുകൊണ്ട് കര്‍ഷകനായ ഭര്‍ത്താവ് മണി കൂടെയുണ്ടായിരുന്നു. ഈ സത്യാഗ്രഹം വെറുതെയായില്ല. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെ വീണാമണി സമരമവസാനിപ്പിക്കുകയായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top