പ്രകൃതിക്കുവേണ്ടി ഒറ്റക്ക്

ജസീറ/ഷര്‍നാസ് മുത്തു No image

പ്രകൃതി സംരക്ഷണത്തിനു വേണ്ടിയുള്ള സമരത്തില്‍ വേറിട്ടൊരു പോരാട്ടമാണല്ലോ താങ്കളുടേത്. ഇതിനിറങ്ങിത്തിരിക്കാനുള്ള പശ്ചാത്തലമെന്താണ്?
മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് ഞാന്‍ കോട്ടയത്തെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും കണ്ണൂരിലെ എന്റെ വീട്ടിലേക്ക് വരുന്നത്. ആ സമയത്ത് കണ്‍മുമ്പില്‍ കാണുന്നത് എന്റെ ആങ്ങളമാരും അയല്‍വാസികളുമെല്ലാം വണ്ടിയില്‍ മണലെടുത്തുകൊണ്ട്‌പോകുന്നതും കടല്‍ഭിത്തി ഇടിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നതുമാണ്. അതൊന്ന് നിര്‍ത്തലാക്കണമെന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. ഇതിനു വേണ്ടി പോലീസും വില്ലേജ്ഓഫീസറും ഉള്‍പ്പെടെ പല ഉദ്യോഗസ്ഥന്മാരെയും സമീപിച്ചപ്പോഴും അവര്‍ മണല്‍മാഫിയയെ പിന്തുണക്കുന്നതാണ് കണ്ടത്. അപ്പോള്‍ ഞാന്‍ സ്വന്തമായി ചെറുത്തുനില്‍ക്കാന്‍ തുടങ്ങി. അവരെന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നമ്മള്‍ ജനിച്ച മണ്ണില്‍ നമുക്ക് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം?
പൂര്‍ണഗര്‍ഭിണിയായ ഞാന്‍ മണല്‍നിറച്ച ലോറിക്കു മുമ്പില്‍ നിന്നു. അതു കണ്ട എന്റെ മക്കളും എന്റെ കൂടെ കൂടി. എന്നെ ഭയപ്പെടുത്താന്‍ വേണ്ടി അവര്‍ ലോറി മുന്നോട്ടെടുത്തെങ്കിലും ഞാന്‍ ദിക്‌റ് ചൊല്ലി കണ്ണടച്ച് മരണത്തിനു തയ്യാറായി ഇരുന്നു. ഗത്യന്തരമില്ലാതെ ലോറിക്കാര്‍ മണല്‍ തിരികെയിട്ടു. എനിക്ക് ആശ്വാസമായി. പക്ഷേ, രാത്രികാലങ്ങളില്‍ മണലെടുപ്പ് തുടങ്ങി. ഇതു തുടര്‍ന്നപ്പോള്‍ പ്രശ്‌നത്തിനുള്ള ശാശ്വതപരിഹാരത്തിനായി എ.ഡി.എം നെ സമീപിച്ചു. പാവങ്ങള്‍ക്ക് ജീവിക്കണ്ടേ. തുടര്‍ന്ന് വിവിധ അധികാരികളെ സമീപിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് ഇത് ഉദ്യോഗസ്ഥരും മാഫിയയും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണെന്നാണ്.പിന്നെ എന്തിനാണ് നിയമം? കടല്‍ത്തീരത്ത് കളിച്ചുവളര്‍ന്ന എനിക്ക് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു കടല്‍. ഏതായാലും മരണത്തിനു തയ്യാറായതല്ലേ, ഞാന്‍ തന്നെ ഇതിനു ഇറങ്ങിത്തിരിക്കാമെന്നു കരുതി. മാധ്യമ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ ഇത് പരിസ്ഥിതിക്കു വേണ്ടിയുള്ള സമരമാണെന്നു പറഞ്ഞു. സമരമെന്തെന്നോ പ്രകൃതിയെന്തെന്നോ കടലുതന്നെ പരിസ്ഥിതിയുടെ ഭാഗമാണെന്നോ എനിക്കറിയില്ലായിരുന്നു. ഒരു സാധാരണ വീട്ടമ്മയായി കഴിയാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.
  താങ്കള്‍ പറഞ്ഞതുപോലെ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ സ്ത്രീയുടെ പ്രധാന ഇടം വീടും കുടുംബവുമാണല്ലോ. ഒരു പൊതുകാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ കുടുംബത്തിന്റെ പ്രതികരണം എന്തായിരുന്നു?
ഒരു പാരമ്പര്യ കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. എന്റെ കുടുംബത്തില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് വരെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. പക്ഷേ, ഞാന്‍ അതില്‍നിന്നും പലപ്പോഴും വ്യത്യസ്തയായിരുന്നു. ഇസ്‌ലാമില്‍ സ്ത്രീക്ക് പലതും അനുവദിക്കപ്പെട്ടിട്ടുണ്ടല്ലോ. നിത്യജീവിതത്തിനു വേണ്ടി ഓട്ടോ ഓടിച്ചുതുടങ്ങിയതുപോലും ആദ്യം ആര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചില്ല. തുടക്കത്തില്‍ ഇതിനും വലിയ എതിര്‍പ്പുണ്ടായിരുന്നു. എന്റെ കാരണവര്‍പോലും എന്നോട് മിണ്ടാതെയായി. കാലങ്ങള്‍ കഴിഞ്ഞ് എന്റെ ആങ്ങള എന്റെ ഓട്ടോയില്‍ യാത്ര ചെയ്തപ്പോള്‍ എനിക്ക് വളരെയധികം സന്തോഷമായി. എന്നാല്‍ ഭര്‍ത്താവിനിതില്‍ വിയോജിപ്പുണ്ടായിരുന്നില്ല. സമരത്തിനിറങ്ങിപ്പുറപ്പെട്ടപ്പോഴും അദ്ദേഹം എതിര്‍ത്തിട്ടില്ല. ഞാന്‍ ഭ്രാന്തിയാണെന്ന് ഒരു പത്രം എഴുതിയപ്പോള്‍ തിരുത്തിയെഴുതിയില്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് അദ്ദേഹം പത്രത്തോട് പറഞ്ഞു. പക്ഷേ, പത്രം പിറ്റേ ദിവസം വാര്‍ത്തയാക്കിയത് 'ജസീറക്ക് ഭ്രാന്തില്ലെന്ന് ജസീറയുടെ ഭര്‍ത്താവ്' എന്നാണ്. ഇസ്‌ലാമിക രീതിയില്‍ വസ്ത്രം ധരിച്ചും പരിധികള്‍ പാലിച്ചും ഞാന്‍ സമരം നടത്തുന്നതില്‍ അദ്ദേഹത്തിന് യാതൊരു എതിര്‍പ്പുമില്ല.
  മരത്തോട് നാട്ടുകാരുടെയും മറ്റു സന്നദ്ധസംഘടനകളുടെയും സമീപനമെന്തായിരുന്നു?
നാട്ടില്‍ പല പൊതുവിഷയങ്ങളിലും സജീവമായി ഇടപെട്ടിരുന്ന സംഘടനകള്‍ ഇതില്‍ നിശ്ശബ്ദത പാലിച്ചു. വാക്കുകൊണ്ട് എനിക്കു പിന്തുണ നല്‍കിയ പല സാമൂഹ്യപ്രവര്‍ത്തകരും പ്രവൃത്തിപഥത്തില്‍ ഇതിനു വേണ്ടി ഇറങ്ങിത്തിരിക്കാന്‍ ഒരുക്കമല്ലായിരുന്നു. ഗുണ്ടാസംഘങ്ങള്‍ വീടിനു നേരെ കല്ലെറിയുന്നതും വീട്ടിലെ സ്ത്രീകളെ അവഹേളിക്കുന്നതും അവരെ ഇതില്‍ നിന്നും പിന്മാറ്റി. എന്റെയും മക്കളുടെയും ജീവനുതന്നെ സമരം ഭീഷണിയായി. ഓരോ ദിവസവും മക്കള്‍ സ്‌കൂളില്‍ പോയാല്‍ ഇനി തിരിച്ചുവരുമോയെന്നും ഞാന്‍ ഭയപ്പെട്ടിരുന്നു. എല്ലാം ദൈവത്തിന്റെ പക്കല്‍ വിട്ടാണ് ഞാനിവിടം വരെയെത്തിയത്. ഈ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായിരുന്നു. എം.എല്‍.എ യുടെ നേതൃത്വത്തില്‍ 1400 ആളുകള്‍ ചേര്‍ന്ന് പരമ്പരാഗത തൊഴില്‍ സംരക്ഷിക്കുക എന്നു പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്തു. അതും പരസ്യമായി, രണ്ടു ചാനലുകളെ വിളിച്ചു ചേര്‍ത്ത.് പല വനിതാ സംഘടനകളും വന്ന് നീ എന്തിന് ഒറ്റക്കു സമരം ചെയ്യുന്നു എന്ന് ചോദിച്ച് കളിയാക്കി. പലരും എന്നെ കാര്‍ക്കിച്ചുതുപ്പി. ഉസ്താദുമാരുള്‍പ്പെടെ എനിക്കെതിരെ വന്നു. ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ സ്വീകരിക്കാന്‍ ഒരുപാടാള്‍ക്കാരുണ്ടായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരത്തിനിരിക്കുന്ന സമയത്ത് എന്റെ കൂടെ പെരുന്നാളാഘോഷിക്കാന്‍ വരുന്ന ഒരു കൂട്ടം വനിതാ പ്രവര്‍ത്തകരെ ഇന്നും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. എന്റെ ഉമ്മാക്ക് എന്നെ കാണാന്‍ വേണ്ടി അവരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തു. എന്നെ സഹായിക്കാന്‍ എന്നെപോലെ വേറെയും ആളുകളുണ്ടെന്നറിയുമ്പോള്‍ ഉമ്മാക്കാശ്വാസമാകുമല്ലോ എന്നു വിചാരിച്ചു.
  ല്‍ഹിയിലേക്കു വരാനുളള സാഹചര്യം?
കേരളത്തില്‍ നടത്തിയ സമരത്തിന് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു പരിഗണനയും ലഭിച്ചില്ല. അതുകൊണ്ട് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും വല്ല ഇടപെടലുമുണ്ടാകുമോ എന്നറിയാന്‍ വേണ്ടിയാണ് ഡല്‍ഹിയിലേക്കു തിരിച്ചത്.
  ല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ചോദ്യചിഹ്നമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഭാഷപോലും അറിയാതെ എങ്ങനെ അതിജീവിച്ചു?
ഇവിടേക്കു വണ്ടി കയറുമ്പോള്‍ എന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ഡല്‍ഹിയല്ല ഞാന്‍ നേരിട്ടനുഭവിച്ചത്. ആവശ്യത്തിനു പണമോ ഭാഷയോ ഒന്നുമില്ലാതെ ഞാനിവിടെ എത്തിച്ചേര്‍ന്നപ്പോള്‍ എനിക്കു വേണ്ട സഹായങ്ങള്‍ ചെയ്തു തന്നത് ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരും മറ്റു മലയാളികളുമാണ്. വീട്ടില്‍ ഞങ്ങള്‍ കുളിപ്പുര കെട്ടിയുണ്ടാക്കാറുണ്ടായിരുന്ന പരിചയം വെച്ച് താര്‍പായ വലിച്ചുകെട്ടി കേരളാ ഹൗസിന്റെ അടുത്തു തന്നെ ഒരു ടെന്റുണ്ടാക്കി. മക്കള്‍ക്ക് മഴയില്‍ നിന്നും ഡിസംബര്‍- ജനുവരി മാസങ്ങളിലെ കഠിനതണുപ്പില്‍ നിന്നും ഒരു ചെറിയ രക്ഷയെങ്കിലും വേണ്ടേ. പ്രാഥമികാവശ്യങ്ങള്‍ക്കും മറ്റും കേരള ഹൗസിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി.
പിന്നെ സുരക്ഷിതത്വം.... എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവനും കുഞ്ഞുങ്ങളുടെ ഭാവിയും ആണല്ലോ ഇതിലേറ്റവും പ്രധാനം. സമരം തുടങ്ങിയതു മുതല്‍ ഇത് രണ്ടും ഭീതിയുടെ നിഴലിലാണ്. ഇവിടെ ഈ ജന്തര്‍ മന്ദറില്‍ വല്ല പ്രശ്‌നവും വന്നാല്‍ പോലീസിനെ വിളിച്ചാല്‍ അവരെങ്കിലും വരും. എന്നാല്‍ കേരളത്തിലെ എന്റെ അവസ്ഥ ഇതിലും പരിതാപകരമായിരുന്നു.
  നിങ്ങളുടെ സമരം മക്കളുടെ പഠനത്തിനു തടസ്സമാവുന്നുണ്ടോ? വിദ്യാഭ്യാസം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും?
എന്റെ മക്കളോട് ഞാനെപ്പോഴും പറയാറുള്ളതാണ്, എന്നാണോ ഈ ഉമ്മയുടെ സമരപ്പന്തലില്‍നിന്ന് നിങ്ങള്‍ക്ക് തിരിച്ചു വീട്ടിലേക്ക് പോകണമെന്ന് തോന്നുന്നത് അപ്പോള്‍ ഞാനതിനു വേണ്ട സൗകര്യങ്ങളൊരുക്കിത്തരും. എന്റെ ഭര്‍ത്താവ് മക്കളെ കൂടെ നിറുത്തി നോക്കാന്‍ എന്നോ തയ്യാറാണ്. പക്ഷേ, ഏത് മക്കളെയും പോലെ എന്റെ മക്കളും ഉമ്മയുടെ അരികു പറ്റി ജീവിക്കാനിഷ്ടപ്പെടുന്നു. ഡല്‍ഹിയിലെത്തിയ ശേഷം മൂന്നു ദിവസം മാത്രമാണ് ഞാന്‍ രാത്രിയിലുറങ്ങിയത് (ഭര്‍ത്താവ് ഡല്‍ഹിയിലുണ്ടായിരുന്ന ദിവസങ്ങളില്‍). നേരം പുലരുന്നതുവരെ ഉറക്കമിളച്ചു മക്കള്‍ക്ക് കാവലിരിക്കുന്നു. വിമര്‍ശകര്‍ക്ക് എന്റെ മക്കള്‍ എന്നും ഒരു ആയുധമായിട്ടുണ്ട്. തീര്‍ച്ചയായിട്ടും ഒരു സ്ത്രീയെ അടിച്ചിരുത്താന്‍ ഏറ്റവും നല്ല ആയുധം മക്കളാണല്ലോ; പിന്നെ അവരുടെ വിദ്യാഭ്യാസവും. അവര്‍ക്ക് ട്യൂഷനെടുക്കാന്‍ ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വരുന്നു. കൂടാതെ നാട്ടില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയുമായി പരീക്ഷയുടെ കാര്യങ്ങള്‍ സംസാരിച്ചുവെച്ചിട്ടുണ്ട്. മക്കള്‍ എത്രത്തോളം പഠിക്കാനാഗ്രഹിക്കുന്നുവോ അത്രത്തോളം ഞാന്‍ പഠിപ്പിക്കും.
  സാങ്കേതിക വിദ്യയെ വളരെ പോസിറ്റീവായി ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ. സമരത്തില്‍ ഇതെങ്ങനെ സാധിച്ചു?
ഞാന്‍ തിരുവനന്തപുരത്തു വെച്ചു തന്നെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ പഠിച്ചിരുന്നു. എന്റെ സമരവുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ഫെയ്‌സ്ബുക്കില്‍ വരാന്‍ തുടങ്ങിയതോടുകൂടി അതിനെതിരെ കണ്ണടക്കാന്‍ പറ്റാതായി. എനിക്ക് പറയാനുള്ളത് പോസ്റ്റ് ചെയ്യാന്‍ പഠിച്ചത് ഇവിടെ വെച്ചാണ്. എനിക്ക് പതിവായി ലൈക്കടിക്കുന്നവര്‍ പറയുന്നത് മനസ്സിലാക്കാനും തിരിച്ച് ലൈക്കടിക്കണോ വേണ്ടയോ എന്ന് അറിയാന്‍ വേണ്ടിയും പത്രം വായിക്കാന്‍ തുടങ്ങി. ആദ്യം പത്രം എടുത്താല്‍ ചരമ പേജ് വായിക്കുന്ന സ്വഭാവം മാത്രമുണ്ടായിരുന്ന എനിക്ക് പൊതുകാര്യങ്ങളില്‍ അറിവ് സമ്പാദിക്കാന്‍ ഇത് കാരണമായി.
  ല്‍ഹിയിലെ ജീവിതം നിങ്ങളുടെയും മക്കളുടെയും വ്യക്തിജീവിതത്തില്‍ മറ്റെന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്?
പല അറിയപ്പെടുന്ന ആളുകളുമായും നേരിട്ടിടപഴകാനുള്ള അവസരം ലഭിച്ചു. തുടക്കത്തില്‍ നാലാളുകളുടെ മുമ്പില്‍ മൈക്കില്‍ പ്രസംഗിക്കാന്‍ നില്‍ക്കുമ്പോള്‍ വിറച്ചിരുന്ന ഞാന്‍ പ്രസംഗിക്കാന്‍ പഠിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയെന്നോ ജാമിഅ മില്ലിയ്യ എന്നോ കേള്‍ക്കുകപോലും ചെയ്യാത്ത ഞാന്‍ അവിടെ പോയി വിദ്യാര്‍ഥികളും അധ്യാപകരുമായി സംവദിച്ചു. ഒമ്പതാം തരം വരെ വിദ്യാഭ്യാസമുള്ള ഞാന്‍ ചെറുതായിട്ടെങ്കിലും ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്ത് ജീവിക്കാന്‍ പഠിച്ചു.
  ര്‍ദ്ദ ധരിച്ച ഒരു മുസ്‌ലിം സ്ത്രീ ആക്ടിവിസത്തിലേക്കു വന്നപ്പോള്‍ മുഖ്യധാരാ ആക്ടിവിസിറ്റ് സമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമുള്ള പ്രതികരണം എന്തായിരുന്നു?
മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന് ഞാനാലോചിക്കാറില്ല. എനിക്ക് നല്ലതെന്ന് തോന്നുന്നത് ഞാന്‍ ചെയ്യും. ഞാന്‍ ധരിച്ചിരിക്കുന്നത് പര്‍ദ്ദയാണ്. അത് മുസ്‌ലിംകള്‍ മാത്രം ഉപയോഗിക്കുന്ന വേഷമാണ് എന്നതിനെക്കുറിച്ചൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ലെന്നുതന്നെ പറയാം. പര്‍ദ്ദ ഇതുവരെ ധരിച്ച് ആരും ഇതുവരെ സമരത്തിനിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നോടാരും അതിനെക്കുറിച്ചൊന്നും പറയാറില്ല. പക്ഷേ, കേരളത്തില്‍ വെച്ച് എന്നോട് പലരും ചോദിച്ചിട്ടുണ്ട് പര്‍ദ ധരിച്ചാണോ പരിസ്ഥിതി പ്രവര്‍ത്തനത്തിനിറങ്ങുന്നത് എന്ന്. എന്റെ വേഷം എനിക്കൊരു സുരക്ഷിതത്വം നല്‍കുന്നുണ്ട്. അത് കുഞ്ഞുങ്ങളെയും കൊണ്ട് ഒറ്റക്കിവിടെ നില്‍ക്കാനുളള ധൈര്യം പകരുന്നു. ഇവിടെ എത്ര വലിയ ജാഥ നടക്കുകയാണെങ്കിലും ഒരു ചെറിയ തുണി വിരിച്ച് ഞാന്‍ എന്റെ നമസ്‌കാരവും നിര്‍വഹിക്കുന്നു. എന്റെ വേഷം നാഷണല്‍ മീഡിയയില്‍ ഞാന്‍ പ്രത്യക്ഷപ്പെടാന്‍ കാരണമായിട്ടുണ്ട്.
  കേരളത്തിന്റെ തലസ്ഥാനത്തു നിന്നും ഇന്ത്യയുടെ തലസ്ഥാനത്തെത്തിയപ്പോള്‍ സമരത്തിനുണ്ടായ മാറ്റങ്ങള്‍?
ഡല്‍ഹിയില്‍ വന്നതോടുകൂടി മനുഷ്യാവകാശ കമ്മീഷനിടപെട്ടു. കേരള ഗവണ്‍മെന്റിനോട് വിശദീകരണം ചോദിച്ചു. ഗവണ്‍മെന്റ് കൊടുത്ത റിപ്പോര്‍ട്ട് തൃപ്തമല്ലെന്നു പറഞ്ഞ് നോട്ടീസ് രണ്ടാമതും അയച്ചു. നാലാഴ്ച സമയം കൊടുത്തു. ഇപ്പോള്‍ നാലു മാസം കഴിഞ്ഞു. ഒരു റിപ്പോര്‍ട്ടുമില്ല. അതിനു മനുഷ്യാവകാശ കമ്മീഷന്‍ നടപടിയുമെടുത്തില്ല. മനുഷ്യാവകാശ കമ്മീഷനിങ്ങോട്ടു വന്ന് ഇടപെട്ടതാണ്. അവസാനം എനിക്ക് പിന്തുണ നല്‍കുന്നവരെയൊക്കെ രഹസ്യമായി വിളിച്ച് ജസീറയുടെ സമരം എങ്ങനെയെങ്കിലും നിര്‍ത്തലാക്കണമെന്നാണ് പറയുന്നത്. എന്ത് തന്നെയായാലും കമ്മീഷന്റെ ഇടപെടലോടുകൂടി എന്റെ സമരം ഒന്നുമല്ലാതായി. പരസ്യമായി മണലെടുക്കുന്നതിന്ന് കൂട്ടുനില്‍ക്കുന്ന നേതാക്കന്മാരുള്‍പ്പെടെയുള്ളവരുടെ നിലപാടില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള അച്ചടക്കം തന്നെയാണ് എന്റെ ഏറ്റവും വലിയ വിജയം. കേരളം വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്ന് ബോധ്യമായി. ഇതൊരു ദേശീയപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അതുമൂലം സാധിച്ചു. പല മുതിര്‍ന്ന സാമൂഹ്യ -വിദ്യാഭ്യാസ പ്രവര്‍ത്തകരും ഇവിടെ വന്ന് എനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അതിനേക്കാളുപരി എന്നെ സന്തോഷിപ്പിച്ചത് ചെറിയ കുട്ടികളില്‍ ഈ വിഷയം എത്തിക്കാന്‍ സാധിച്ചുവെന്നതാണ്. പല വിദ്യാര്‍ഥികളും പറയും ഇതിനു മുമ്പ് എന്റെ നാടിന്റെ അവസ്ഥയെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കാറേ ഉണ്ടായിരുന്നില്ല എന്ന്. ഇന്നത്തെ ഒരു സാധാരണ കുട്ടിയെ സംബന്ധിച്ചിടത്തോളം പഠനം, ഒഴിവു സമയങ്ങളില്‍ കംപ്യൂട്ടര്‍, തുടര്‍ന്നു വരുന്ന അവരുടെ ജോലി, വിവാഹം, കുടുംബം ഇതിനേക്കാളുപരി ചിന്തകളൊന്നുമില്ലല്ലോ. എന്നെ കണ്ടാല്‍ ഒഴിഞ്ഞുമാറിയിരുന്ന പലരും ഇന്ന് ഫെയ്‌സ്ബുക്ക് വഴിയും മറ്റും എനിക്കു വേണ്ടി എഴുതാന്‍ തുടങ്ങി. ധാരാളം വിദ്യാര്‍ഥികളുടെ ആശംസാ കാര്‍ഡും എനിക്ക് ലഭിച്ചു.
  ണ്ടു വര്‍ഷത്തോളമായ സമരം പിന്നിടുമ്പോള്‍ പിന്നിട്ട വഴികളെക്കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു? സമരത്തിന്റെ ഭാവി പരിപാടികളെക്കുറിച്ച് എന്താണ് പറയാനുള്ളത്?
മണല്‍ മാഫിയ അല്ലെങ്കില്‍ ഗുണ്ടാസംഘത്തെ എതിര്‍ക്കുന്ന ഒരുപാട് ആളുകളുണ്ടെന്ന് മനസ്സിലായി. കടല്‍ത്തീരത്തെ സംബന്ധിച്ച് ചര്‍ച്ച വരുന്നതു തന്നെ എന്റെ സമരത്തോടനുബന്ധിച്ചാണ്. അങ്ങനെ ഒരു ചര്‍ച്ച ചെയ്യിക്കാനും ചിന്തിക്കാനും ഈ സമരത്തിനു കഴിഞ്ഞു. ജസീറ എന്ന വ്യക്തി അറിയപ്പെടുന്നതിലുപരി ഈ ആശയം ജനങ്ങളിലെത്തിക്കാന്‍ സാധിച്ചല്ലോ. നമ്മടെ മുന്‍ തലമുറ പരിസ്ഥിതിയെ സംരക്ഷിച്ചതു കൊണ്ടല്ലേ നമ്മളിന്ന് അനുഭവിക്കുന്നത്. അതുപോലെ നമ്മുടെ വരുംതലമുറക്ക് സുരക്ഷിതമായി അതിനെ ഏല്‍പിച്ചുകൊടുക്കേണ്ട ചുമതല നമുക്കുണ്ട്. ഇത് മണല്‍ പോകുന്നതിലുപരി നമ്മുടെ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമല്ലേ. പ്രതികരിച്ചതുകൊണ്ട് ഒരുപാട് മാറ്റമുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെ പല സ്ത്രീകളും ഈ വിഷയത്തില്‍ മുന്നോട്ടിറങ്ങി.
ഇനി ഞാന്‍ വിചാരിക്കുന്നത്, മനുഷ്യാവകാശ കമ്മീഷനിപ്പോള്‍ നിശ്ശബ്ദമായിരിക്കുകയാണ്. അതിന്റെ തുടര്‍നടപടികളുമായി മുന്നോട്ട് പോകണം. റവന്യൂ മന്ത്രി തീവ്രവാദി എന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കണം. ഒരാള്‍ ന്യായമായി സമരം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ അംഗീകരിക്കാം. അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കാം. അതിനുപകരം തീവ്രവാദി എന്നുപറഞ്ഞ് ഒതുക്കുന്നത് ശരിയല്ലല്ലോ. അതും ഒരു മന്ത്രി. തെളിയിക്കാന്‍ പറഞ്ഞു. അതിനും അവര്‍ക്ക് പറ്റിയിട്ടില്ല. പ്രസ്താവന പരസ്യമായി പിന്‍വലിക്കാമെന്ന് പറഞ്ഞിട്ട് അതും നടന്നിട്ടില്ല. സ്വാഭാവികമായും അതിന് കോടതിയെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ. ഇന്നവര്‍ തീവ്രവാദി എന്നാരോപിച്ചു. നാളെ അവര്‍ പിടിച്ചുകൊണ്ടുപോവില്ലെന്നാരു കണ്ടു. മണല്‍ മാഫിയയെ സംബന്ധിച്ച കാര്യങ്ങളില്‍ ഇനി ജനങ്ങള്‍ സഹായിക്കും. സമരം ഒരു വിജയമായിത്തന്നെ ഞാന്‍ കാണുന്നു. ഉന്നത തലങ്ങളുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ തന്നെയാണ് വിചാരിക്കുന്നത്.
  മാര്‍ച്ച് 8 വനിതാ ദിനമാണല്ലോ. ഈ വനിതാ ദിനത്തില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്ത്?
പ്രകൃതി അതല്ലെങ്കില്‍ പൊതുകാര്യങ്ങള്‍ എന്നുള്ളത് പുരുഷന്മാര്‍ മാത്രം ഇടപെടുന്ന ഒന്നാണെന്ന ധാരണ പല സ്ത്രീകളിലുമുണ്ട്. പുരുഷന്മാരെക്കാളും നമുക്കാണ് ഇതിനു കഴിയുക. സ്ത്രീകള്‍ക്ക് എല്ലാത്തിനെക്കാളും കറകളഞ്ഞ സ്‌നേഹമുണ്ടാകും; അത് പ്രകൃതിയോടാണെങ്കിലും. ഞാനൊരു സ്ത്രീയായതുകൊണ്ടാണ് എനിക്കിത്രയും മുന്നോട്ട് പോകാന്‍കഴിഞ്ഞത്. പൊതുകാര്യങ്ങളിലും സ്ത്രീകള്‍ ഇടപെടണമെന്നാണ് എനിക്ക് പറയാനുള്ളത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top