മക്കളുടെ പ്രേമബന്ധങ്ങള്‍

എന്‍.പി ഹാഫിസ് മുഹമ്മദ് No image

 കൗമാരത്തിലെത്തിയ മകളുടെ പ്രേമം കണ്ടുപിടിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു: ''അവളിങ്ങനെയൊന്ന് ഒപ്പിക്കുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍പോലും കരുതിയതല്ല. മിണ്ടാപൂച്ചയായിരുന്നു. യാദൃശ്ചികമായാണ് അവളുടെ കൈയില്‍നിന്ന് മൊബൈല്‍ കണ്ടെത്താനായത്. അതോടെ അവള്‍ ഒരുവനുമായി കടുത്ത പ്രേമത്തിലാണെന്ന് മനസ്സിലാവുകയും ചെയ്തു. ഞങ്ങളവനെപറ്റി അന്വേഷിച്ചു. ഒരു കാരണവശാലും അവള്‍ക്ക് ചേര്‍ന്ന ബന്ധമല്ല. അവള്‍ക്കാണെങ്കില്‍ അവനെയല്ലാതെ ഒരാളെയും വേണ്ടാന്ന്. പക്ഷേ, അവള്‍ ചാടിപ്പോയാ പിന്നെ ഞങ്ങള്‍ക്കങ്ങനെയൊരു മകളില്ല. അതു തീര്‍ച്ച. തൂങ്ങിച്ചത്താലും വിധീന്ന് വിചാരിച്ച് സഹിക്കും. എന്നാലും ഈ ബന്ധം പറ്റൂല. സാറൊന്ന് അവളെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്ക്വോ...''
മക്കളുടെ പ്രേമം തുടക്കത്തിലേ അറിഞ്ഞവരുമല്ലവര്‍. കൗമാരക്കാര്‍ പ്രേമം വീട്ടുകാരെ അറിയിച്ചല്ല ആഘോഷിക്കുക, വീട്ടില്‍ പ്രശ്‌നമുണ്ടാക്കും. ഈ പ്രേമമെന്തെന്നറിയാത്ത ഒരാളും കേരളനാട്ടില്‍ ഉണ്ടാവാനുമിടയില്ല. സൗഹൃദങ്ങളെക്കുറിച്ചവര്‍ പറഞ്ഞിരിക്കും. പക്ഷേ, സുഹൃത്ത് കാമുകനോ കാമുകിയോ ആയി മാറിയത് പറയാനിടയില്ല. അതൊളിപ്പിച്ചു വെക്കാനവര്‍ സാഹസപ്പെടുന്നു. എത്രയൊളിപ്പിച്ചാലും എങ്ങനെയെങ്കിലും രക്ഷിതാക്കളതറിയുന്നു. പ്രേമം തുടങ്ങുമ്പോള്‍ വരുന്ന മാറ്റങ്ങള്‍തന്നെ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. നിരന്തരമായി ഫോണ്‍ ചെയ്യുമ്പോഴോ രാത്രിയിലെ സന്ദേശക്കൈമാറ്റം കാണുമ്പോഴോ ചിലപ്പോള്‍ വൈകി വരുമ്പോഴോ രക്ഷിതാവ് സംശയിക്കും. ഒരു തിരിഞ്ഞുകളിയുണ്ടല്ലോ. ചോദ്യം ചെയ്യുമ്പോള്‍ നിഷേധിക്കും. ചിലപ്പോള്‍ പൊട്ടിത്തെറിക്കും. രക്ഷിതാക്കളാദ്യം വിശ്വസിക്കും. ഒടുവില്‍ തെളിവോടെ പിടിക്കുന്നു. അപ്പോള്‍ അവര്‍ തല്ലും. കടുത്ത വിലക്കുകളേര്‍പ്പെടുത്തും. പിന്നെയിനി അവനുമായി ബന്ധപ്പെടില്ലെന്ന് ശപഥം ചെയ്യിക്കും. എന്നാലും സംശയത്തോടെയായിരിക്കും മകളെ നിരീക്ഷിക്കുക. ഒടുവില്‍ വീണ്ടും അവളുടെ ബന്ധം തുടരുന്നുണ്ടെന്നറിഞ്ഞ് സ്വയം തകരുന്നു.
മകനാണ് പ്രേമമെങ്കില്‍ മലയാളി രക്ഷിതാക്കള്‍ ഇത്രത്തോളം ആശങ്കപ്പെടുന്നില്ല. ശകാരിച്ചേക്കും. പക്ഷേ, പെണ്‍കുട്ടിയെപോലെ തടവറയിലിട്ട് പീഡിപ്പിക്കുന്നില്ല. പഠനത്തെ ബാധിക്കുമെന്നായിരിക്കും ആണ്‍കുട്ടിയോട് പറയുക. മകളോട് പറയുക, 'നീ കുടുംബത്തിന്റെ മാനം കെടുത്തി'യെന്നായിരിക്കും. ചില രക്ഷിതാക്കള്‍ ആണ്‍കുട്ടികള്‍ക്കങ്ങനെ ചില കുസൃതിത്തരങ്ങളൊക്കെയാവാമെന്നും സ്വകാര്യമായി പറഞ്ഞേക്കും. എന്നാല്‍ പ്രേമം തുടരുകയും പഠനത്തെ ബാധിക്കുകയും ചെയ്താല്‍ ആണ്‍കുട്ടിയോടും രക്ഷിതാക്കള്‍ പൊട്ടിത്തെറിക്കുന്നു.
രക്ഷിതാക്കള്‍ക്ക് നമ്മുടെ നാട്ടില്‍ പൊതുവെ മക്കളുടെ പ്രേമത്തിന് അനുകൂലമായ അഭിപ്രായമില്ല. സ്വന്തം മതവിഭാഗത്തില്‍നിന്ന് മകളോ മകനോ ഒരു പുളിങ്കൊമ്പ് പിടിച്ചാല്‍ വിവാഹത്തിന് സമ്മതം നല്‍കുന്നവരുണ്ട്. എന്നാല്‍ പൊതുവെ മലയാളികള്‍ പ്രേമിച്ച് നടക്കുന്ന മക്കളെ ഇഷ്ടപ്പെടുന്നില്ല. രക്ഷിതാക്കള്‍ക്ക് മക്കളുടെ പ്രേമം അംഗീകരിക്കാനാവാതെ പോകുന്നതിന് പലവിധ കാരണങ്ങളുണ്ട്.
1. പഠിക്കുന്ന കാലത്ത് മുന്‍ഗണന കൊടുക്കേണ്ടത് പ്രേമത്തിനല്ല. പ്രേമം പഠനത്തെ ബാധിക്കും.
2. പ്രേമങ്ങളിലെ സമാനപ്രായം രക്ഷിതാക്കളിഷ്ടപ്പെടുന്നില്ല. മക്കളുടെ വിവാഹത്തെക്കുറിച്ചുളള അവരുടെ സങ്കല്‍പത്തിന് യോജിക്കുന്നതല്ല സമപ്രായം. സമപ്രായത്തിലുളളവര്‍ കല്യാണം കഴിച്ചാല്‍ പെണ്‍കുട്ടി വളരെ മുമ്പെ വാര്‍ധക്യകാലത്തിലെത്തുമെന്നും പലവിധ കുടുംബ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും വിശ്വസിക്കുന്നു.
3. കുടുംബപരമായ ചേര്‍ച്ചയില്ലായ്മയാണ് പലരുടെയും അസ്വാസ്ഥ്യത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. സമാന സ്വഭാവത്തോടു കൂടിയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുടെ കുടുംബജീവിതം പൊതുവെ സ്വസ്ഥപൂര്‍ണമായിരിക്കുമെന്നവര്‍ വിശ്വസിക്കുന്നു. മതം, സാമ്പത്തികാവസ്ഥ, സാമൂഹ്യപദവി, ജീവിതശൈലി തുടങ്ങിയ ഘടകങ്ങള്‍ വിവാഹപ്പൊരുത്തത്തിന് പ്രധാനപ്പെട്ടതാണെന്ന് രക്ഷിതാക്കള്‍ ഏറെപ്പേരും വിശ്വസിക്കുന്നു.
4. പ്ലസ്ടുവിനോ ഡിഗ്രിക്കോ പഠിക്കുന്ന പെണ്‍കുട്ടികളുടെ പ്രേമം ഏതു സമയവും തകരാം. വിദ്യാഭ്യാസം കഴിഞ്ഞും നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആണ്‍കുട്ടികള്‍ വിവാഹത്തിന് തയ്യാറാവുന്നത്. അതിനിടയില്‍ വിവാഹം നടക്കാതെ പോയാല്‍ പെണ്‍കുട്ടിയുടെ ജീവിതത്തെയാണ് ബാധിക്കുക.
5. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് നല്ല ജോലി നേടിയ ശേഷം ആണായാലും പെണ്ണായാലും അനുയോജ്യമായ ആലോചനകള്‍ അടുത്തെത്തും. പ്രേമം അതില്ലാതാക്കുന്നു.
6. കുടുംബത്തിലൊരാളുടെ പ്രേമവിവാഹം താഴെയുള്ള കുട്ടികളെ സ്വാധീനിക്കും. അവരും ഇതേ പാത പിന്തുടര്‍ന്നേക്കും. ഒരു പ്രേമവിവാഹം മറ്റ് കുട്ടികള്‍ക്ക് അനുയോജ്യരായ വധൂവരന്മാരെ കണ്ടെത്തുന്നതിന് തടസ്സമുണ്ടാക്കുമെന്ന് രക്ഷിതാക്കളില്‍ പലരും കരുതുന്നു.
7. ആണ്‍കുട്ടികള്‍ക്ക് പ്രേമം ഒരു തമാശയാണ്. ചതിക്കാനുള്ള സാധ്യത കൂടുതലാണ്. ആണ്‍കുട്ടിയെ മനസ്സിലാക്കാനുളള വിവേകം പെണ്‍കുട്ടികള്‍ക്കില്ല.
ചില രക്ഷിതാക്കള്‍ മക്കളുടെ വിവാഹം നിശ്ചയിക്കാന്‍ അവര്‍ക്കേ അവകാശമുള്ളൂ എന്ന് കരുതുന്നു. രക്ഷിതാക്കള്‍ക്കാണ് അനുയോജ്യമായ ബന്ധം കണ്ടുപിടിക്കാന്‍ സാധിക്കൂ എന്നാണവരുടെ വിശ്വാസം. പ്രേമവിവാഹം എളുപ്പം സംഘര്‍ഷത്തില്‍ ചെന്നവസാനിക്കുമെന്നാണ് ചിലരുടെ ധാരണ. പ്രേമം കഴിഞ്ഞ് വിവാഹിതരാകുമ്പോള്‍ യഥാര്‍ഥജീവിതം ആരംഭിക്കുന്നുവെന്നും അപ്പോള്‍ ജീവിത പങ്കാളിയുടെ തനിസ്വഭാവം വെളിപ്പെടുമെന്നും പലരും വാദിക്കാറുണ്ട്. ഇതൊന്നും യുക്തിയോടെയുള്ള വാദങ്ങളല്ലെങ്കില്‍ത്തന്നെയും പലരും പ്രേമവിവാഹത്തെ എതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
മൂന്നോ നാലോ ദശകങ്ങള്‍ക്കു മുമ്പ് കേരളത്തിലെവിടെയും കുടുംബങ്ങളാണ് ഒരാളുടെ വിവാഹം തീരുമാനിച്ചിരുന്നത്. ഇന്നും പൊതുവെ കുടുംബങ്ങള്‍ നിശ്ചയിക്കുന്ന വിവാഹം തന്നെയാണ് കൂടുതല്‍ നടക്കുന്നതും. എല്ലാ സമൂഹങ്ങളെയും പോലെ മലയാളി കുടുംബങ്ങളും വിവാഹം കഴിക്കാന്‍ പോകുന്നവരുടെ താല്‍പര്യത്തെ മാനിക്കുന്നുണ്ട്. നിശ്ചയിക്കും മുമ്പെ കാണാനും സംസാരിക്കാനും അവസരം നല്‍കുന്നു. ഇഷ്ടമില്ലെന്നറിയിച്ചാല്‍ സമ്മര്‍ദ്ദം നടത്തി ആ വിവാഹത്തിന് ഒരാളും മുതിരാനുമിടയില്ല. പ്രേമിച്ച് പരസ്പരമറിഞ്ഞ ശേഷമേ വിവാഹം പാടുള്ളൂ എന്ന അഭിപ്രായക്കാരുടെ എണ്ണം കൂടിവരുന്നുണ്ട്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രേമവിവാഹമോ ഇഷ്ടവിവാഹമോ ആഗ്രഹിക്കുന്നതിന് അവരുടേതായ ചില കാരണങ്ങളുണ്ട്.
1. അടിസ്ഥാനപരമായി വിവാഹം, അതിലേര്‍പ്പെടുന്നവരുടെ തിരഞ്ഞെടുപ്പാണ്. അത് മറ്റൊരാള്‍ നടത്തുമ്പോള്‍ വിവാഹിതരാകുന്നവരുടെ താല്‍പര്യത്തെ ഹനിക്കുന്നു.
2. പരസ്പരം മനസ്സിലാക്കാതെയോ തമ്മിലടുത്തറിയാതെയോ വിവാഹിതരായാല്‍ പൊരുത്തക്കേടുകള്‍ കൂടുതല്‍ അഭിമുഖീകരിക്കേണ്ടി വരും. പരസ്പരമറിയുന്നതിനാല്‍ പ്രേമവിവാഹം കൂടുതല്‍ ആഹ്ലാദകരമാകും.
3. വിവാഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പരസ്പരം തിരിച്ചറിയലാണ്, സമാനചിന്താഗതിയാണ്. കുടുംബം, ജോലി, സമ്പത്ത്, മതം തുടങ്ങിയ ഘടകങ്ങള്‍ക്കല്ല വിവാഹത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. ഇഷ്ടപ്പെട്ട വിവാഹം അയാളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്തുന്നു.
5. പ്രേമവിവാഹം ഒരാദര്‍ശമാണ്, ഫിലോസഫിയാണ്. അത് ജീവിതത്തോടുള്ള കാഴ്ചപ്പാടാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം കൂടിയാണ് പ്രേമവിവാഹം എന്നതിനാല്‍ അതില്‍ രാഷ്ട്രീയവുമുണ്ട് എന്ന് കരുതുന്നു.
അടുത്ത കാലത്ത് കേരളത്തിലെ പ്ലസ്ടു വിദ്യാര്‍ഥികളെ പല പ്രദേശങ്ങളിലായി അഭിമുഖീകരിക്കാനിടവന്നപ്പോള്‍ അവര്‍ വെളിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഞങ്ങള്‍ അറേഞ്ച്ഡ് ലവ് മാരേജ് ഇഷ്ടപ്പെടുന്നു. പ്രേമിച്ച് വിവാഹം കഴിക്കാനവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത് കുടുംബങ്ങളുടെ അനുവാദത്തോടെയും അനുഗ്രഹാശിസ്സുകളോടെയും ആവണം. ഉത്തരത്തിലുള്ളതെടുക്കണം, കക്ഷത്തുള്ളത് വീഴുകയുമരുത് എന്നവര്‍ ആഗ്രഹിക്കുന്നു. ഒരു പക്ഷേ, മലയാളി ചെറുപ്പക്കാര്‍ സംഘര്‍ഷത്തിനു നില്‍ക്കാനാശിക്കുന്നില്ല. എന്നാല്‍ പ്രേമിക്കാതെ വിവാഹം കഴിക്കാനുമാഗ്രഹിക്കുന്നില്ല എന്നര്‍ഥം.
പ്രേമം ഒരു പാപമല്ല. മനുഷ്യര്‍ക്ക് നിഷിദ്ധമായ ഒരു കാര്യവുമല്ല. ജീവിത സൗഭാഗ്യങ്ങളിലൊന്നാണ് പ്രേമം. അത് ജീവിതത്തിന്റെ പുതുഭാവം എന്നും നിലനിര്‍ത്താനുളള ഊര്‍ജമാണ്. പ്രേമം ഉദാത്തമായ, പരിശുദ്ധമായ മാനുഷിക ഭാവമാണ്. എന്നാല്‍ കൗമാരപ്രായത്തിലെ പ്രേമം പലപ്പോഴും ജീവിതത്തിന്റെ മറ്റു മുന്‍ഗണനകളെ പാടെ മാറ്റിക്കളയുകയോ തകര്‍ക്കുകയോ ചെയ്യുന്നുണ്ട്. ഒരാളിന്റെ വ്യക്തിത്വത്തിലെ നിര്‍ണായക ഘട്ടമാണ് കൗമാരം. ഹ്രസ്വമെങ്കിലും തീവ്രാനുഭാവങ്ങളുടെയും മാറ്റങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഒരു ഘട്ടം കൂടിയാണ് കൗമാരം. വളര്‍ച്ചയില്‍ സാരവത്തായ നിര്‍ണയം നടത്തുന്നത് കൗമാരത്തിനും അതിനു തൊട്ടു പിന്നില്‍ വരുന്ന വര്‍ഷങ്ങളിലുമാണ്. വിദ്യാഭ്യാസ കാലത്തെ നിര്‍ണായക നീക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടി വരുന്നത് മറ്റൊന്നുംകൊണ്ടല്ല. എന്തു പഠിക്കണം, എങ്ങനെ പഠിക്കണം എന്നീ ചോദ്യങ്ങള്‍ പ്രസക്തമാകുന്ന കാലത്ത് ആ മുന്‍ഗണനകളെ മാറ്റിമറിക്കുന്ന കൗമാര പ്രേമം പലരുടെയും ജീവിതത്തില്‍ കടുത്ത സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. പഠനത്തെ ബാധിക്കുന്നു, പരീക്ഷയിലെ പ്രകടനം മോശമാകുന്നു, ഒളിച്ചുവെക്കുന്ന പ്രേമം പ്രേമത്തോട് ചേര്‍ന്ന നീക്കങ്ങള്‍ കടുത്ത ആന്തരിക സംഘര്‍ഷത്തിനു കാരണമാക്കുന്നു. അത് നമ്മുടെ കുടുംബം ഒരു യുവാവില്‍നിന്നോ യുവതിയില്‍ നിന്നോ പ്രതീക്ഷിക്കുന്ന ഉത്തരവാദിത്വങ്ങളുടെ ലംഘനമായി മാറുന്നു. അതുകൊണ്ടുതന്നെ കുടുംബത്തില്‍ സംഘര്‍ഷം വിതക്കുന്നു. രക്ഷിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഉലയുന്നു. വീടകം കത്തിയെരിയുന്നു.
കുട്ടികള്‍ക്ക് ഓരോ ഘട്ടങ്ങളിലും അവരില്‍നിന്ന് പ്രതീക്ഷിക്കുന്ന മുന്‍ഗണനകള്‍ ബോധ്യപ്പെടുത്താനും സഫലീകരിക്കാനും നടപ്പില്‍വരുത്താനും രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്. അത് അടിച്ചേല്‍പിച്ചോ ഭീഷണിപ്പെടുത്തിയോ ലഭിക്കാനിടയില്ല. കുട്ടികളോട് ഏറ്റവും സൗഹാര്‍ദപൂര്‍വമായി പെരുമാറേണ്ട കാലമാണ് കൗമാരം. അവരുടെ ആന്തരിക സംഘര്‍ഷങ്ങള്‍ തിരിച്ചറിഞ്ഞ് കൂട്ടുനില്‍ക്കേണ്ട കാലമാണത്.
1. രക്ഷിതാക്കള്‍ കുട്ടിക്കാലത്തുതന്നെ അവരുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തിത്വത്തിന്റെ ഭാഗമായി മാറാനുള്ള അന്തരീക്ഷം ഒരുക്കണം.
2. ജീവിതത്തില്‍ ഗൗരവപ്പെട്ട കാര്യങ്ങളില്‍ ഒരാദര്‍ശപരമായ കാഴ്ചപ്പാടുണ്ടാക്കിയെടുക്കാന്‍ കുട്ടികളെ തയ്യാറെടുപ്പിക്കേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. വേഷം, ബാഹ്യാഢംബരങ്ങള്‍, വിനോദം, ശാരീരികമായ സന്തോഷം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്ന രക്ഷിതാക്കളുടെ മക്കളും ഇത്തരം ഘടകങ്ങള്‍ സാംശീകരിക്കാനിടയുണ്ട്. പലപ്പോഴും കുട്ടികള്‍ പ്രകടനപരതക്കും അസ്ഥാന പ്രേമത്തിനുമൊക്കെ പ്രാധാന്യം നല്‍കുന്നത് ഇതുകൊണ്ടാണ്. ജീവിതത്തിന്റെ സാരവത്തായ അര്‍ഥതലങ്ങള്‍, മൂല്യങ്ങള്‍ എന്നിവ വായന, ചര്‍ച്ച, അഭിമുഖീകരണം തുടങ്ങിയവയിലൂടെ സ്വരൂപിച്ചെടുക്കാന്‍ കുട്ടികളെ ചെറുപ്രായത്തിലേ പ്രേരിപ്പിക്കേണ്ടതുണ്ട്. പഠനം, കരിയര്‍ എന്നിവയില്‍ ലക്ഷ്യനിര്‍ണയം നടത്തുന്ന കുട്ടികളുടെ മുന്‍ഗണനകള്‍ തകിടം മറിക്കാനുള്ള സാധ്യതകള്‍ കുറവാണ്.
3. കൗമാരപ്രായത്തിലെ ശാരീരികവും മാനസികവുമായ മാറ്റത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള സാധ്യതകളെക്കുറിച്ചും കുട്ടികളെ കൗമാരത്തിലെത്തും മുമ്പെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആണ്‍-പെണ്‍ ആകര്‍ഷണം സ്വാഭാവികമാണെന്ന് അവര്‍ അറിഞ്ഞിരിക്കണം. എന്നാല്‍ അത് നമ്മുടെ ഇപ്പോഴത്തെ ചുറ്റുവട്ടത്ത് പ്രേമബന്ധമോ ശാരീരികബന്ധമോ ആയി മാറുമ്പോള്‍ അവരവരുടെ ജീവിതത്തെത്തന്നെ ബാധിക്കുന്നത് എങ്ങനെയെന്നത് പറഞ്ഞു മനസ്സിലാക്കേണ്ടതുമുണ്ട്. കുടുംബത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കുട്ടികള്‍ അറിഞ്ഞിരിക്കണം. പ്രേമബന്ധങ്ങള്‍ തകരുമ്പോള്‍ അതെങ്ങനെ പ്രതികൂലമായി പലപ്പോഴും കുടുംബജീവിതത്തെപ്പോലും ബാധിക്കുന്നതെങ്ങനെയെന്ന് പല കുട്ടികളും അറിയാതെ പോകുന്നുണ്ട്.
4. വീട്ടില്‍ സൗഹാര്‍ദ്ദത്തോടെയും സ്‌നേഹത്തോടെയും രക്ഷിതാക്കള്‍ പെരുമാറാതെ പോകുമ്പോള്‍- സംശയങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കാലം- മക്കള്‍ മറ്റുളളവരോടടുക്കാന്‍ സാധ്യത കൂടുതലാണ്. എല്ലാം തുറന്നുപറയാനാവുന്ന ഒരന്തരീക്ഷം വീട്ടിലുണ്ടാവണം. കടിച്ചുകീറുന്ന കര്‍ശനനിയന്ത്രണങ്ങളടിച്ചേല്‍പ്പിക്കുന്ന, സ്വതന്ത്രമായ ചിന്തക്കോ പ്രവര്‍ത്തിക്കോ അവസരം നല്‍കാത്ത സ്വേച്ഛാധിപത്യഭാവം കൗമാരപ്രായത്തില്‍ മക്കള്‍ക്ക് അസ്വസ്ഥകരമായ അനുഭവമായിരിക്കും. അന്നേരം ആശ്വാസം നല്‍കുന്നവരുമായുള്ള സൗഹൃദം പ്രേമബന്ധമായി മാറുന്ന സാഹചര്യം ഉുണ്ടാക്കിത്തീര്‍ക്കുന്നു.
5. മക്കളുടെ ഇഷ്ടാനിഷ്ടങ്ങളെ അംഗീകരിച്ചുള്ള വിവാഹത്തിനേ പ്രാധാന്യം നല്‍കുകയുള്ളൂ എന്നത് നേരത്തെ അറിയിക്കുക. പക്ഷേ പഠനം, കരിയര്‍ എന്നിവയ്ക്ക് ഒരു നിയതരൂപം കൈവന്ന ശേഷമേ അതിനു മുതിരുകയുള്ളൂ എന്നും അവരെ നേരത്തെ ബോധ്യപ്പെടുത്തുക. എത്രയും നേരത്തെ നിന്നെ കെട്ടിച്ചുവിടും എന്ന് പ്രഖ്യാപിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളുടെ മുന്‍ഗണന തീരുമാനിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്.
6. കൗമാരകാലത്ത് മക്കള്‍ക്കുളള സുഹൃത്തുക്കള്‍ ആരാണെന്ന് അറിഞ്ഞിരിക്കണം. അവരെക്കുറിച്ച് കുട്ടികള്‍ പറയുമ്പോള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കാനും ശ്രമിക്കണം. ആണ്‍-പെണ്‍ സുഹൃത്തുക്കള്‍ ആരാണെന്നറിഞ്ഞ് അവരെ വീട്ടിലേക്കു ക്ഷണിക്കുക. മക്കളുടെ സുഹൃത്തുക്കളുടെ കുടുംബവുമായി അടുക്കുക. സൗഹാര്‍ദം നല്ല ബന്ധമായിത്തന്നെ നിലനിര്‍ത്താന്‍ ഈ അന്തരീക്ഷം കുറെയൊക്കെ സഹായിക്കും. രഹസ്യബന്ധങ്ങള്‍ മക്കള്‍ വെച്ചുപുലര്‍ത്താനാരംഭിച്ചാല്‍ സൗഹാര്‍ദ്ദത്തോടെ അവരെക്കുറിച്ചറിഞ്ഞ് അവരുമായി രക്ഷിതാക്കള്‍ അടുക്കുക. മക്കളുടെ സുഹൃത്തുക്കളുടെ രക്ഷിതാക്കള്‍ ഒരിക്കലും പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുംവിധം സംസാരിക്കരുത്.
ഇങ്ങനെയൊക്കെയുള്ള ഗൃഹാന്തരീക്ഷത്തിലും അസ്ഥാനത്തുള്ള പ്രേമവും അതിനോടനുബന്ധിച്ച സംഘര്‍ഷങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ല. കൗമാരക്കാരുടെ വീടിനു പുറത്തുള്ള സാഹചര്യങ്ങള്‍ ആ വിധം തീവ്രമാണ്. ക്ലാസ് ഒന്നിന് പഠിക്കുന്ന ഒരു പെണ്‍കുട്ടി കൗണ്‍സലിംഗ് റൂമില്‍ വെച്ചാണ് പറയുന്നത് സ്‌കൂളില്‍ 80% പേര്‍ക്ക് പ്രേമമാണെന്ന്. പ്രേമമില്ലാത്തവര്‍ക്ക് എന്തോ തകരാറുണ്ടെന്നും രണ്ടും ശരിയല്ല. പക്ഷേ, പ്രേമിക്കാത്തവര്‍ എന്തോ ഒരു പോരായ്മയുള്ളവരാണെന്ന തെറ്റിദ്ധാരണ പല കൗമാരക്കാര്‍ക്കുമുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനാണ് പല കുട്ടികളും പ്രേമിക്കുന്നത്. പ്രേമം മറ്റുള്ളവരെ അറിയിക്കുന്നത് മൊബൈല്‍, ഇന്റര്‍നെറ്റ്, ചങ്ങാതിമാര്‍, ഒന്നിച്ചുണ്ടാകുന്ന സാഹചര്യങ്ങള്‍ എന്നിവ അസ്ഥാനത്തുള്ള പ്രേമത്തെ എളുപ്പമാക്കിത്തീര്‍ക്കുന്നു. അതുണ്ടാവാതിരിക്കാനും ഉണ്ടായാല്‍ സമചിത്തതയോടെ അതിവൈകാരികത മാറ്റിമറിച്ചും അഭിമുഖീകരിച്ച് പരിഹാരം കാണാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്. ആവശ്യമെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടാമെന്ന് മാത്രം.

ശേഷക്രിയ
1. കൗമാര പ്രേമം ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടരുന്നതായി തോന്നിയേക്കാം. എന്നാല്‍ അതിനു പിന്നില്‍ കുട്ടികളുടെ വ്യക്തിത്വത്തിന്റെ ചില പ്രധാന ഘടകങ്ങളുണ്ട്. ഈ ഘടകങ്ങള്‍ വളരാതിരിക്കാന്‍ കുടുംബാന്തരീക്ഷം അതിനനുസൃതമായ രീതിയില്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്. കുട്ടികളുടെ ചിന്താശേഷി, സര്‍ഗവാസന, മതബോധം, നേതൃത്വവാസന, അഭിരുചി എന്നിവ വളര്‍ത്തിയെടുക്കാനുള്ള പരിശീലനം നല്‍കുക.
2. ജീവിതത്തില്‍ ഉത്തരവാദിത്വബോധത്തോടെ തീരുമാനമെടുക്കാന്‍ കിട്ടികളെ പരിശീലിപ്പിക്കുക. ഉചിതമായ തീരുമാനങ്ങള്‍ സ്വയമെടുക്കുന്ന കുട്ടിയെ രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
3. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ നോ, പറ്റില്ല, സാധ്യമല്ല എന്ന് പറയാനും ആ സാഹചര്യത്തെ സധൈര്യം നേരിടാനും കുട്ടികള്‍ക്ക് സാധിക്കണം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരു ബന്ധത്തിന്റെയോ ചൂഷണത്തിന്റെയോ പീഡനത്തിന്റെയോ നേരം അങ്ങനെ പ്രതികരിക്കാനുള്ള മാനസികമായ പക്വത ഉണ്ടാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം.
4. കുട്ടികളുടെ കൗമാരകാല വളര്‍ച്ചയെക്കുറിച്ച് വസ്തുനിഷ്ഠമായ അറിവുകള്‍ നല്‍കുക, കൗമാരം, കൗമാരപ്രേമം, കൗമാരസാഹസികത തുടങ്ങിയ വിഷയങ്ങളവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ മക്കള്‍ക്ക് സമ്മാനമായി നല്‍കു. മക്കളോട് നേരിട്ട് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക.
5. കൗമാരകാലത്തു തന്നെ വിവാഹപൂര്‍വ കൗണ്‍സലിംഗ് നല്‍കുവാന്‍ സൗകര്യമുണ്ടാക്കുക. യുവതീയുവാക്കള്‍ക്കും ഇതിന്റെ തുടര്‍ കൗണ്‍സലിംഗ് ആവശ്യമാണ്.
6. കൗമാരകാലത്ത് മക്കള്‍ വെച്ചുപുലര്‍ത്തുന്ന സൗഹൃദങ്ങള്‍ രക്ഷിതാക്കളുമറിയണം. സൗഹാര്‍ദപൂര്‍വത്തോടെ മക്കളോട് ആശയവിനിമയം നടത്തുമ്പോഴേ ഇത് സാധ്യമാവൂ. സുഹൃത്തുക്കളുടെ കുടുംബവുമായും ബന്ധം പുലര്‍ത്തുക.
7. പ്രേമത്തിന്റെ സൂചനകള്‍ നേരത്തെ കണ്ടറിയാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. കൗമാരകാലത്ത് സൗഹാര്‍ദ്ദത്തോടെ അവര്‍ക്കൊപ്പം കഴിയുന്ന രക്ഷിതാക്കള്‍ക്ക് അത് സാധിക്കും. അസ്ഥാനത്തുള്ള പ്രേമത്തെക്കുറിച്ചറിയുമ്പോള്‍ ശ്രദ്ധാപൂര്‍വം ഇടപെടണം.
8. മുന്‍ഗണനകള്‍ തെറ്റിക്കുന്ന പ്രേമബന്ധം കണ്ടുപിടിച്ചാല്‍ ആദ്യം അതിനെക്കുറിച്ച് കഴിയാവുന്നത്ര വിവരശേഖരണം നടത്തണം. ഊഹങ്ങളൊഴിവാക്കുക. സുഹൃത്തിന്റെ ചങ്ങാതിമാര്‍, അധ്യാപകര്‍, സമപ്രായത്തിലുള്ള അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട് വസ്തുനിഷ്ഠപരമായ വിവരങ്ങള്‍ ശേഖരിക്കുക.
10. സങ്കീര്‍ണവും കൂടുതല്‍ സംഘര്‍ഷപൂരിതവുമായ സാഹചര്യങ്ങള്‍ പ്രേമബന്ധത്താല്‍ ഉണ്ടാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മകനെയോ മകളെയോ ബോധ്യപ്പെടുത്തി ഒരു കൗണ്‍സലറെയോ മന:ശാസ്ത്രജ്ഞനെയോ സമീപിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top