മരുമകള്‍ വേലക്കാരിയല്ല

അഷ്‌റഫ് കാവില്‍ / ലേഖനം No image

         ''ര്‍ത്താവിന്റെ വീട്ടില്‍ വേലക്കാരിയേക്കാള്‍ കഷ്ടമാണ് എന്റെ അവസ്ഥ. പുലര്‍ച്ചെ ആറ് മണിക്കെണീറ്റാല്‍ രാത്രി പതിനൊന്ന് മണി വരെ കാണും എന്റെ വീട്ടു പണികള്‍. എന്നിട്ടും അമ്മായിയമ്മയുടെ കുത്തുവാക്കും പരിഹാസവുമാണ് എനിക്ക് കിട്ടുന്നത്. കല്യാണം കഴിഞ്ഞതില്‍ പിന്നെ വിശ്രമമെന്താണെന്ന് ഞാനറിഞ്ഞിട്ടില്ല.'' ഗാര്‍ഹിക പീഡനനിരോധന നിയമത്തിന്റെ പ്രൊട്ടക്ഷന്‍ ഓഫീസറായിരുന്ന എന്നോട് ഒരു സ്ത്രീ പങ്കുവെച്ച അനുഭവമാണിത്.
ഇതുപക്ഷേ അവരുടെ മാത്രം കഥയല്ല. ഭര്‍തൃവീട്ടില്‍ വേലക്കാരിയെപോലെ കഴിയേണ്ടിവരുന്ന നിരവധി ഭാര്യമാര്‍ നമുക്കിടയിലുണ്ട്. 'മരുമകള്‍ വേലക്കാരിയല്ല' എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഇത്തരം സ്ത്രീകള്‍ക്ക് ആശ്വാസമാകുകയാണ്. മരുമകള്‍ ഭര്‍തൃവീട്ടിലെ കുടുംബാംഗം തന്നെയാണെന്നും വീട്ടുവേലക്കാരിയല്ലെന്നുമാണ് ഈയിടെ സുപ്രീം കോടതി വിധിച്ചത്. തോന്നിയ സമയത്ത് മരുമകളെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കി വിടാനാകില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിന് കീഴ്‌കോടതി വിധിച്ച അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു ഇത്.
കല്ല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തുന്ന സ്ത്രീ ഭര്‍തൃവീട്ടുകാരില്‍ നിന്ന് മാന്യമായ പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. ഭര്‍തൃവീട്ടില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ബഹുമാനം വിവാഹത്തിന്റെ ഗൗരവവും പവിത്രതയുമാണ് വ്യക്തമാക്കുന്നത്. ഭര്‍ത്താവിന്റെയും അയാളുടെ ബന്ധുക്കളുടെയും മോശമായ പെരുമാറ്റത്തിനും പീഡനങ്ങള്‍ക്കും ഇരകളായി, വേലക്കാരികളേക്കാള്‍ കഷ്ടമായാണ് പല വീടുകളിലും മരുമക്കള്‍ ജീവിക്കുന്നത്. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സ്ത്രീപീഡനങ്ങളും ഗാര്‍ഹിക അതിക്രമങ്ങളും ഇതിന് തെളിവാണ്.
സംസ്ഥാന ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ 2013-ല്‍ സ്ത്രീകള്‍ക്കെതിരെ നടന്ന 12689 കുറ്റകൃത്യങ്ങളില്‍ 4395 എണ്ണവും, ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്ത്രീകളെ പീഡിപ്പിച്ച കേസ്സുകളാണ്. ലോയേഴ്‌സ് കളക്ടീവ് വിമണ്‍സ് റൈറ്റ്‌സ് ഇനീഷ്യേറ്റീവിന്റെ 2010-ലെ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ ഫയല്‍ ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരളം. ഇത്തരം കേസുകളില്‍ ഭര്‍ത്താവിനോടൊപ്പം പ്രതിസ്ഥാനത്ത് വരുന്നവര്‍ നാത്തൂനും(ഭര്‍ത്താവിന്റെ സഹോദരി) അമ്മായിയമ്മയുമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിസ്ഥാനത്ത് പലപ്പോഴും സ്ത്രീകള്‍ തന്നെയാണെന്ന് വരുന്നതും ഇതുകൊണ്ടാണ്. 2006-2008 കാലയളവില്‍ വനിതാ കമ്മീഷനില്‍ ലഭിച്ച 5171 പരാതികളില്‍ 1600 എണ്ണവും സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ളതാണ്.
മുറ്റമടിക്കല്‍, പാത്രം കഴുകല്‍, അലക്കല്‍, കന്നുകാലികളെ മേക്കല്‍, വിറകെടുക്കല്‍, അടുക്കളപ്പണി, കുട്ടികളെ നോക്കല്‍, വൃദ്ധരെ പരിപാലിക്കല്‍ തുടങ്ങി നിരവധി വീട്ടു ജോലികള്‍ ചെയ്തിട്ടും അംഗീകാരമല്ല, മറിച്ച് അവഗണനയും പീഡനവുമാണ് പല വീടുകളിലും മരുമക്കള്‍ക്ക് ലഭിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടിലെ സകല പണികളും ചെയ്തിട്ടും നിനക്കെന്താണിവിടെ ജോലി എന്ന ചോദ്യം ഭര്‍തൃവീട്ടുകാരില്‍ നിന്ന് നേരിടുന്നവരാണ് മിക്ക മരുമക്കളും. ഒരു സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍ ചെയ്യുന്ന ജോലിയുടെ മൂല്യമറിയണമെങ്കില്‍, ഇന്ത്യാനയിലെ കാത്തി തോംപ്‌സണ്‍ നല്‍കിയ വിവാഹമോചനക്കേസ് പരിശോധിച്ചാല്‍ മതി. വിവാഹ ബന്ധം പിരിയുന്നതിന് ഇവര്‍ ആവശ്യപ്പെട്ട ജീവനാംശത്തുക അഞ്ച് ലക്ഷം ഡോളറാണ്. ഇതില്‍ വീടു വൃത്തിയാക്കിയ വകയില്‍ 42000 ഡോളര്‍, തുണി അലക്കിയതിന് 17600 ഡോളര്‍, പാചകം ചെയ്ത ഇനത്തില്‍ 35200 ഡോളര്‍, പൂന്തോട്ട പരിപാലനം, മറ്റ് പുറം പണികള്‍ എന്നിവയ്ക്ക് 14800 ഡോളര്‍ എന്നിങ്ങനെ ജീവനാംശത്തുക വിഭജിച്ച് കാണിച്ചിട്ടുമുണ്ട്.
കുടുംബാന്തരീക്ഷം സന്തോഷപ്രദമായിരിക്കണമെങ്കില്‍, അമ്മായിയമ്മ-മരുമകള്‍ ബന്ധം ആരോഗ്യകരമായിരിക്കേണ്ടതുണ്ട്. ഒരു പുരുഷനെ രണ്ട് രീതിയില്‍ സ്‌നേഹിക്കുന്ന രണ്ട് സ്ത്രീകള്‍ (അമ്മയും ഭാര്യയും) തമ്മിലുള്ള മത്സരസ്വഭാവവും അതു മൂലമുണ്ടാകുന്ന പെരുമാറ്റ പ്രശ്‌നങ്ങളുമാണ് അമ്മായിയമ്മ-മരുമകള്‍ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാക്കുന്നതെന്നാണ് ചില മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അമ്മായിയമ്മ-മരുമകള്‍ ബന്ധത്തെ പറ്റി ശാസ്ത്രീയമായി പഠനം നടത്തിയ ഡോ. ടെറി ആപ്റ്ററുടെ അഭിപ്രായത്തില്‍, അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം സുദൃഢമാകണമെങ്കില്‍ ചില അടിസ്ഥാന നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. പരസ്പരം കുറ്റപ്പെടുത്താതിരിക്കണം എന്നതാണ് അതില്‍ പ്രധാനം.
'അവള്‍ ഈ വീട്ടില്‍ കാലുകുത്തിയതാണ് ഞങ്ങളുടെ നാശത്തിന്റെ തുടക്കം. അവള്‍ എന്റെ മോന് കൈവിഷം കൊടുത്തതാണ്. അവനിപ്പോള്‍ എന്നോട് മിണ്ടാന്‍ പോലും സമയമില്ല' എന്ന് മരുമക്കളെ പഴിക്കുന്ന അമ്മായിയമ്മമാരുണ്ട്. 'എന്റെ ഭര്‍ത്താവിന്റെ അമ്മയാണെന്നത് ശരി തന്നെ. പക്ഷേ ബെഡ്‌റൂമില്‍ പോലും സൈ്വര്യം തരില്ല തള്ള. എപ്പൊ നോക്കിയാലും സംശയമാ' എന്ന് അമ്മായി അമ്മമാരെ കുറ്റപ്പെടുത്തുന്ന മരുമക്കളുണ്ട്. ചില അമ്മായിയമ്മമാര്‍ പറയാറുണ്ട്, 'എന്റെ മകള്‍ക്ക് അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പരമ സുഖമാണ്. തോന്നുന്ന സമയത്ത് കിടന്നുറങ്ങാം. ഉണരാം. അവള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം വെച്ചുണ്ടാക്കിക്കൊടുക്കാന്‍ അവിടെ വേലക്കാരിയുണ്ട്. ഏതു സമയത്ത് വേണമെങ്കിലും ടി.വിയില്‍ അവള്‍ക്കിഷ്ട്ടപ്പെട്ട പരിപാടികള്‍ കാണാം. എന്നാല്‍ ഇവിടെ ഒരുത്തിയുണ്ട്. കാര്യം എന്റെ മകന്റെ ഭാര്യയൊക്കെത്തന്നെയാണ്. പക്ഷെ, വീട്ടുകാര്യങ്ങളില്‍ ഒരു ശ്രദ്ധയുമില്ല. എപ്പോ നോക്കിയാലും കാലിന്മേല്‍ കാലെടുത്തവെച്ച് ടി.വിയും കണ്ടോണ്ടിരിക്കും. സിനിമയും സീരിയലുമാണ് അവളുടെ പ്രധാന ഭക്ഷണം. തന്റെ മകള്‍ക്ക് ഭര്‍തൃവീട്ടില്‍ കിട്ടുന്ന സ്‌നേഹവും പരിഗണനയും തന്റെ മകന്റെ ഭാര്യക്ക് കൊടുക്കാന്‍ തയ്യാറാകാത്ത ഇത്തരം സ്ത്രീകളാണ് പലപ്പോഴും കോമഡി കഥാപാത്രങ്ങളായി സിനിമകളിലും ടി.വി സീരിയലുകളിലും പ്രത്യക്ഷപ്പെടുന്നത്. ബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ മൂലം 60 ശതമാനം കുടുംബങ്ങളിലും അമ്മായി അമ്മമാരും മരുമക്കളും മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും അനുഭവിക്കുന്നുണ്ടെന്ന് ചില സര്‍വ്വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. സര്‍വ്വെ പ്രകാരം അമ്മായിയമ്മമാര്‍ മരുമക്കളെക്കുറിച്ച് പറയുന്ന പരാതികള്‍ പലതാണ്. അവളെന്നെ അനുസരിക്കുന്നില്ലെന്നും, അവളെന്നെ തീരെ ഗൗനിക്കില്ലെന്നുമാണ് ചിലരുടെ പരാതിയെങ്കില്‍ , അവള്‍ തന്നിഷ്ടപ്രകാരം നടക്കുന്നു, വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നാണ് ചിലരുടെ ആവലാതി. മരുമകള്‍ വീട് ഭരിക്കാന്‍ നോക്കുന്നതിലാണ് ചിലര്‍ക്ക് ദേഷ്യം. അവള്‍ എന്നോടെല്ലാം മറച്ച് വെക്കുന്നു. ഈ വീട്ടിലെ കുറ്റങ്ങളും കുറവുകളും അവളുടെ വീട്ടുകാരോട് ചെന്ന് പറയുന്നു തുടങ്ങിയ കുറ്റങ്ങളാണ് ചിലര്‍ മരുമകളില്‍ കണ്ടെത്തുന്നത്.
അതേ സമയം അമ്മായിയമ്മമാരെ പറ്റി സര്‍വ്വെയില്‍ പങ്കെടുത്ത മരുമക്കള്‍ പറയുന്ന പരാതികള്‍ക്കും കുറവില്ല. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കണം. പക്ഷെ ആത്മാര്‍ത്ഥമായി എനിക്ക് അതിന് കഴിയുന്നില്ല എന്ന് ചിലര്‍ പറയുന്നു. അമ്മായിയമ്മയെ എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കണം. എന്നാല്‍ എനിക്കതിന് പറ്റുന്നില്ല എന്നാണ് ചിലരുടെ പ്രതികരണം. അമ്മായിയമ്മാര്‍ തങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നു. എന്നാണ് ചില മരുമക്കളുടെ പ്രശ്‌നം. അമ്മായിയമ്മയുടെ മുടിഞ്ഞ ഉപദേശമാണ് ചിലര്‍ക്ക് ഇഷ്ടപ്പെടാത്തത്. അമ്മായിയമ്മമാരുടെ പോലീസ് മുറയില്‍ ചോദ്യം ചെയ്യുന്ന സ്വഭാവവും, വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കലുമാണ് ചില മരുമക്കളെ അവരില്‍ നിന്ന് അകറ്റുന്നത്.
അമ്മായിയമ്മയും മരുമകളും തമ്മില്‍ ആരോഗ്യകരമായ ബന്ധം വളരണമെങ്കില്‍ പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ ആദ്യം ഒഴിവാക്കേണ്ടതുണ്ട്. സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള നല്ല പെരുമാറ്റം തന്നെയാണ് മറ്റെല്ലാ മനുഷ്യബന്ധങ്ങളിലുമെന്നപോലെ അമ്മായിയമ്മ-മരുമകള്‍ ബന്ധവും വളരാനുള്ള ഏറ്റവും നല്ല വഴി. തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ പരസ്പരം മത്സരിക്കാതെ പറ്റിയ തെറ്റുകള്‍ തിരുത്താനും ക്ഷമിക്കാനും നല്ല പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇരുവര്‍ക്കും കഴിയണം. മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ നോക്കി ക്കാണാനുള്ള കഴിവും നര്‍മബോധവും മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സും പരസ്പരബഹുമാനവും മുണ്ടെങ്കില്‍ അമ്മായിയമ്മ മരുമകള്‍ ബന്ധം സൗഹൃദപരമാക്കി മാറ്റാമെന്ന് പഠനങ്ങള്‍ പറയുന്നു. ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം വളര്‍ന്നു വികസിക്കാന്‍ വിട്ടുവീഴ്ചകളും അതിപ്രധാനമാണെന്ന കാര്യം മറക്കരുത്. തികച്ചും വ്യത്യസ്തമായ രണ്ട് കുടുംബ സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന രണ്ട് സ്ത്രീകളുടെ പരിചയപ്പെടലാണ്. പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള സത്യസന്ധവും മനസ്സുതുറന്നതുമായി പെരുമാറ്റം ഇതിന് ആവശ്യമാണ്.
വീട്ടില്‍ മരുമകള്‍ വന്നു കയറുന്നതോടെ ഗൃഹനാഥ എന്ന തന്റെ അധികാരവും പദവിയും നഷ്ടമാകുമെന്ന് ചില അമ്മമാര്‍ ഭയക്കുന്നു. വിവാഹ ശേഷം മകന് തന്നോടുള്ള സ്‌നേഹത്തില്‍ കുറവ് വരുമോ എന്നും ചിലര്‍ ആശങ്കപ്പെടുന്നു. വിവാഹം കഴിഞ്ഞത് കൊണ്ട് മാത്രം ഒരു മകന്റെ സ്‌നേഹം നഷ്ടമാവില്ലെന്നും മറിച്ച് മകന്റെ ഭാര്യയോട് മോശമായി പെരുമാറിയാലാണ് ആ സ്‌നേഹത്തില്‍ കുറവ് സംഭവിക്കുകയുള്ളൂവെന്നും ചിന്തിച്ചാല്‍ ഇത്തരം ആശങ്കകള്‍ ഒഴിവാക്കാവുന്നതാണ്. മരുമകള്‍ വന്നാല്‍ വീട്ടിലെ തന്റെ സ്ഥാനത്തിന് ഒട്ടും കുറവ് വരില്ലെന്നും വീട്ടിലെ പുതിയ അംഗമെന്ന നിലയില്‍ കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ മരുമകള്‍ക്കും പങ്കുണ്ടെന്നും വിശാല മനസ്സോടെയും യാഥാര്‍ഥ്യബോധത്തോടെയും ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ അമ്മായിയമ്മമാര്‍ക്ക് കഴിയണം. വിവാഹശേഷവും മകന്റെ ഹൃദയത്തില്‍ തന്റെ സ്ഥാനത്തിന് അല്പം പോലും മങ്ങലേറ്റിട്ടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ ഒരമ്മക്കും മകന്റെ ഭാര്യയോട് നീരസം തോന്നേണ്ട കാര്യമില്ല. ഇങ്ങനെ, കാര്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കാനുള്ള മാനസികാവസ്ഥയുണ്ടെങ്കില്‍ മകന്റെ ഭാര്യയെ മകളെ പോലെയോ ഉത്തമ സുഹൃത്തിനെപോലെയോ സ്‌നേഹിക്കാന്‍ ഏതൊരമ്മക്കും കഴിയുമെന്നാണ് ഡോ. ടെറി ആപ്റ്റിനെ പോലുള്ള മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അതേ സമയം അമ്മമാരുടെ ആശങ്കകളും സംശയങ്ങളും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാവാതെ നോക്കാന്‍ ആണ്‍മക്കളും അവരുടെ ഭാര്യമാരും ശ്രദ്ധിക്കുകയും വേണം. ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം മനസ്സിലാക്കി, രണ്ടുപേരും പ്രായോഗിക ബുദ്ധിയോടെ പെരുമാറുന്നത് ബന്ധം വഷളാകാതിരിക്കാന്‍ സഹായിക്കും. അമ്മയുടെ എല്ലാ അധികാരവും സ്ഥാനവും അമ്മായിയമ്മയ്ക്ക് നല്‍കാന്‍ മരുമകള്‍ക്ക് കഴിയില്ല എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് കഴിയണം. കോംപ്ലക്‌സുകളും പെട്ടെന്നുള്ള ദേഷ്യവും ഞാനെന്ന ഭാവം ഇറക്കിവെക്കാന്‍ ഇരുവരും തയ്യാറാകണം. മനസ്സുതുറന്നുള്ള സംസാരവും ആശയവിനിമയവും ഇതിന് ആവശ്യമാണ്. കുടുംബ കാര്യങ്ങളില്‍ മകന്റെ ഭാര്യക്ക് ആവശ്യമായ സഹായവും പന്തുണയും മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കാന്‍ അമ്മയിയമ്മമാര്‍ക്ക് കഴിയണം. അതേസമയം ഭര്‍ത്താവിന്റെ വീട് തന്റെയും കൂടി വീടാണെന്നും ഭര്‍തൃവീട്ടുകാര്‍ തന്റെ കൂടി ബന്ധുക്കളാണെന്നും ഉള്ള ബോധത്തോടെയുള്ള പെരുമാറ്റം മരുമകള്‍ക്കും ആവശ്യമാണ്.
കുടുംബയാത്രകള്‍ സംഘടിപ്പിക്കുന്നത് ബന്ധങ്ങള്‍ വികസിക്കുന്നതിന് നല്ലതാണ്.
മരുമകള്‍ വീട്ടില്‍ പെരുമാറേണ്ട രീതികളെ കുറിച്ചുള്ള ദുശ്ശാഠ്യം അമ്മായിയമ്മമാര്‍ ഒഴിവാക്കണം. ഞാനിങ്ങനെയൊക്കെയേ പെരുമാറൂ, മനസ്സുണ്ടെങ്കില്‍ സഹിച്ചാല്‍ മതി എന്ന വാശി മരുമകളും ഉപേക്ഷിക്കണം. ഇങ്ങനെ വാശിയും വൈരാഗ്യവും ഒഴിവാക്കുമ്പോള്‍, ഇരുവര്‍ക്കും സ്വീകാര്യമായ ഒരു ജീവിത രീതി തനിയെ വീട്ടില്‍ സംജാതമാകും. പരസ്പരം ക്ഷമിച്ചും കോപം നിയന്ത്രിച്ചും വിട്ടുവീഴ്ചകള്‍ ചെയ്തും കഴിയുമ്പോഴാണ് കുടുംബ ബന്ധത്തില്‍ പൊട്ടിത്തെറികള്‍ ഒഴിവാകുന്നത്.
താനൊരു മരുമകളായിരുന്നു എന്ന കാര്യം പലപ്പോഴും അമ്മായിയമ്മമാര്‍ മറന്നുപോകുന്നു എന്ന് ജപ്പാനില്‍ ഒരു പഴമൊഴി തന്നെയുണ്ട്. ഒരു മരുമകളായിരുന്നപ്പോള്‍ അമ്മായിയമ്മയില്‍ നിന്ന് താന്‍ പ്രതീക്ഷിച്ച നല്ല പെരുമാറ്റം തന്റെ മകന്റെ ഭാര്യ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് ഈ ചൊല്ല് ഒരു സ്ത്രീയെ ഓര്‍മ്മിപ്പിക്കുന്നത്. ഭാവിയില്‍ താനൊരു അമ്മായിയമ്മയാകുമ്പോള്‍ തന്റെ മരുമകളായി വീട്ടില്‍ വരുന്ന പെണ്‍കുട്ടിയോട് നന്നായി പെരുമാറണമെന്ന് കൂടി ഇന്നത്തെ മരുമകള്‍ തീരുമാനമെടുക്കേണ്ടതുണ്ട്. എന്നാല്‍, വിവാഹശേഷം ഭര്‍തൃവീട്ടുകാരില്‍ നിന്ന് ലഭിക്കുന്ന പെരുമാറ്റം തന്നെയാണ് പിന്നീട് ഒരു സ്ത്രീ അമ്മായിയമ്മയാകുമ്പോള്‍ അവരുടെ മരുമകളോട് പ്രകടിപ്പിക്കുന്നതെന്ന ചില മനഃശാസ്ത്രജ്ഞരുടെ അഭിപ്രായവും നാം ഓര്‍ത്തെടുക്കേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top