അക്ഷരത്താളുകളില്‍ കഥയുടെ കൈവഴികള്‍

കെ. അത്തീഫ് No image

         കഥയെഴുത്തില്‍ മാഞ്ഞുപോവുന്ന ഗ്രാമ്യഭംഗിയും നന്മയുടെ ഇത്തിരി വെട്ടവും കോറിയിട്ടും പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അക്ഷരങ്ങളില്‍ ആവിഷ്‌കരിച്ചും രണ്ട് ഇളം കഥാകാരികള്‍ പുസ്തകത്താളുകളില്‍ സംഗമിക്കുന്നു.
ജീവിതവേദനകള്‍ കണ്ട് തരിച്ച വേവലാതികള്‍ക്കിടയിലും മഞ്ഞ് തുള്ളികളേയും നെല്‍പാടങ്ങളേയും നെഞ്ചകത്ത് സൂക്ഷിച്ചും നാട്ടിടവഴികളുടെ ഇത്തിരി സ്പന്ദനങ്ങളെപ്പോലും കഥകളില്‍ ആവാഹിച്ചും ഏതോ കോണുകളില്‍ ജീവിച്ച രണ്ട് കാല്‍പനിക മനസ്സുകളുടെ ഉടമകളാണ് ഇവിടെ അക്ഷരത്തിലൂടെ ഒന്നായിത്തീരുന്നത്.
മുമ്പൊരിക്കലും പരസ്പരം കണ്ടിട്ടില്ലെങ്കിലും ചുറ്റുപാടിന്റെ വേദനകള്‍ക്ക് നേരെ തിരിച്ചുവെച്ച കണ്ണാടിയാവുന്ന കഥകള്‍ ഹൃദയത്തിന്റെ ഭാഷയില്‍ ഒഴുക്കോടെ പറഞ്ഞ് പാറല്‍ മമ്പാട്ടുമൂല എ.എച്ച്.എസിലെ എട്ടാം തരം വിദ്യാര്‍ത്ഥിനി എ.കെ മുഫീദയും പുല്ലങ്കോട് ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി വി. കാവ്യയും അഷരക്കൂട്ടുകളില്‍ ഒന്നായി ചേരുകയാണ്.
മുമ്പ് കഥ എഴുത്തുകാര്‍ ഉപയോഗിച്ച് ഇട്ട് മറന്നുപോയ ഒട്ടേറെ ഗ്രാമീണ ബിംബങ്ങളെ വീണ്ടും എഴുത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്നുള്ള കാവ്യയുടെയും മുഫീദയുടേയും ശ്രമങ്ങള്‍ ആരെയും ആകര്‍ഷിക്കും. പച്ചവിരിച്ച നെല്‍വയലുകളും വേനല്‍തുമ്പികളും തൃക്കണാംകുരുവികളും തെങ്ങോലകളുമെല്ലാം കഥകളില്‍ കേരളത്തനിമയുടെ ബിംബങ്ങളായി നിറയുമ്പാള്‍ കഥാഖ്യാനത്തിന് ആസ്വാദ്യതയേറുന്നു.
കൂടാതെ പ്രകൃതിയേയും പരിസ്ഥിതിയേയുമെല്ലാം തൊട്ടുതഴുകാനും ഇവരുടെ കഥകളില്‍ ശ്രമമുണ്ട്. ബാല്യത്തിന്റെ നിഷ്‌കളങ്കതക്കപ്പുറം കുടുംബബന്ധങ്ങളുടെ ശൈഥില്യം സൃഷ്ടിക്കുന്ന മുറിവുകള്‍ വരച്ചുകാട്ടുന്നു കാവ്യയുടെ 'നടന്നകലുന്ന കാലുകള്‍' എന്ന കഥ.
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന തലത്തില്‍ നടത്തിയ കഥാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ 'തിരികെ ഒരു യാത്ര' അടക്കം കാവ്യയുടെ അഞ്ച് കഥകളാണ് സമാഹാരത്തിലുള്ളത്. മലപ്പുറം ജില്ലയിലെ ഉദരംപൊയിലിലെ വള്ളിയാമ്പില്‍ പ്രഭാകരന്‍-രജനിമോള്‍ ദമ്പതികളുടെ മകളാണ് കാവ്യ. പ്രജിഷ് സഹോദരനാണ്.
കുഞ്ഞുനാളിലേ കഥകള്‍ കേള്‍ക്കാനും പറയാനും തല്‍പരയായിരുന്നു ഈ ബാലിക. വീടിന്റെ തൊട്ടുമുമ്പില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങളും സ്‌കൂളിലേക്ക് പോവുകയും വരികയും ചെയ്യുന്ന പാടവരമ്പും ചെറു തോടും പിന്നെ അകലെയല്ലാതെ നീലാകാശത്തെ ചുംബിച്ച് നിറഞ്ഞുനില്‍ക്കുന്ന മഞ്ഞ് പുതച്ച സഹ്യന്റെ ഹരിത കാഴ്ചയുമെല്ലാം കാവ്യയില്‍ ഭാവനയുടെ നാമ്പ് കിളിര്‍പ്പിച്ചു.
എല്‍. പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സ്‌കൂളിലെ ലൈബ്രറി പുസ്തകങ്ങളിലൂടെ അക്ഷരത്തിന്റെ സുകൃതം തൊട്ടറിയാനായി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ കഥാ രചന മല്‍സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തിന്റെ വഴിയിലേക്ക് ചുവട് വെക്കാനുള്ള ആത്മ ധൈര്യമായി. അച്ഛനമ്മമാരുടെ പ്രോല്‍സാഹനവും തന്റെ വിദ്യാലയമായ പുല്ലങ്കോട് ഗവ. ഹൈസ്‌കൂളിലെ അധ്യാപകരായ രാജീവ്, ഷാജി എന്നിവരുടെ പ്രോത്സാഹനവുമായതോടെ കാവ്യക്ക് എഴുതാനുള്ള ഉള്‍ക്കരുത്ത് പകര്‍ന്ന് കിട്ടി.
'പൊള്ളുന്ന വെയിലും ഒരു കുഞ്ഞു തണലും', 'ഒരു പുള്ളിക്കുടയുടെ ഓര്‍മ്മക്ക്', 'അവധിക്കാലം','ചൂണ്ടുവിരല്‍' എന്നീ നാല് കഥകളാണ് മുഫീദയുടേതായി സമാഹാരത്തിലുള്ളത്. കുട്ടിത്തത്തിനപ്പുറമുള്ള കാഴ്ചകളാണീ കഥകള്‍.
വെണ്ണീറില്‍ തിളങ്ങുന്ന കനലിനെ പ്രകാശമയമാക്കാനുള്ള ശ്രമങ്ങള്‍ മുഫീദയുടെ കഥയിലുണ്ടെന്ന് പുസതകത്തിന്റെ അവതാരിക എഴുതിയ കഥാകൃത്ത് രാജന്‍ കരുവാരകുണ്ട് പറയുന്നു. 'എന്റെ ജീവിതമാണ് എന്റെ കഥ'- മുഫീദ തന്റെ കഥയെകുറിച്ച് പറയുന്നതിങ്ങനെ.
മാളിയേക്കല്‍ ജി.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഏഴാം ക്ലാസ്സുകാരിയായ മുഫീദക്ക് നല്ല കഥയെഴുതിയതിന് മലയാളം പഠിപ്പിക്കുന്ന ഗിരീഷ് മാഷ് സമ്മാനമായി നല്‍കിയ ഒരു നോട്ടുപുസ്തകമാണ് കഥയെഴുത്തിലേക്ക് നടന്നടുക്കുവാന്‍ പ്രേരണമായത്. സഹപാഠികളുടെ കയ്യടികള്‍ മുഫീദയുടെ കുഞ്ഞിളം മനസ്സിന്റെ ഉള്ളില്‍ ഒളിഞ്ഞുകിടന്ന കഥാകാരിക്ക് ജീവന്‍ പകര്‍ന്നു.
പിന്നെ പുസ്തകങ്ങളുമായുള്ള പരിണയം കൂടി. വീട്ടുകാരുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ മുഫീദയില്‍നിന്നും കൂടുതല്‍ കഥകള്‍ പിറന്നു. കഥകളെല്ലാം ജീവിതത്തെ താന്‍ കണ്ടറിഞ്ഞ കാഴ്ചകളിലൂടെ വരച്ചിട്ടവ.
ചോക്കാട് മാളിയേക്കല്‍ അക്കരക്കാടന്‍ മുഹമ്മദലിയുടേയും എം.ആയിശാബിയുടേയും മകളാണ് മുഫീദ. മുനിസ, മുബീന, മുബഷിര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കോഴിക്കോട് മലയാളം ദര്‍ശനം ബുക്‌സാണ് രണ്ട് പേരും തയ്യാറാക്കിയ കഥകള്‍ പ്രസിദ്ധീകരിച്ചത്. മുഫീദയുടെ 'പൊള്ളുന്ന വെയിലും ഒരു കുഞ്ഞു തണലും' എന്ന കഥാ സമാഹാരവും 'പെയ്‌തൊഴിയാത്ത മേഘങ്ങള്‍' എന്ന കാവ്യ തയ്യാറാക്കിയ സമാഹരവുമാണ് ഒറ്റ പുസ്തകത്തിന്റെ രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചത്. മുന്‍ ഭാഗം മാത്രമുള്ള രൂപത്തിലാണ് പുസ്തത്തിന്റെ രണ്ട് ഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നത്. എഴുത്തുകാരനും അധ്യാപകനുമായ ഗിരീഷ് മാരേങ്ങലത്താണ് മുഫീദക്കും കാവ്യക്കും കഥകള്‍ പുസ്തകമാക്കാന്‍ തുണയായത്.
സ്‌കൂള്‍ കലാമേളകളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയവരാണ് രണ്ട് കൊച്ചു മിടുക്കികളും. പുസ്തകത്തിലെ കാവ്യയുടെ കഥകളുടെ സമാഹാരം പുല്ലങ്കോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടി നിലമ്പൂര്‍ ആയിശ പ്രകാശനം ചെയ്തു. മുഫീദയുടെ കഥാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത് കാളികാവില്‍ നടത്തിയ സാഹിതി കലാ സാഹിതി സാഹിത്യ കാമ്പില്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവായിരുന്നു.
കഥയിലൂടെ എഴുത്തിന്റെ കനല്‍പഥങ്ങള്‍ ചവിട്ടാന്‍ ഒരുങ്ങുന്ന ഈ ന്യൂജനറേഷന്‍ എഴുത്തുകാരികള്‍ക്ക് സഞ്ചരിക്കാനുള്ള വഴികളെ കുറിച്ച് നല്ല തിട്ടമുണ്ട്. എങ്കിലും അക്ഷരങ്ങളെ ജീവിതാനുഭവങ്ങളില്‍ ആവാഹിച്ച് എഴുത്തിന്റെ ഗിരിശൃംഖങ്ങള്‍ ചവിട്ടാന്‍ തന്നെയാണ് ഇവരുടെ ശ്രമം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top