വായിച്ച് വളര്‍ന്ന ഒരു മനുഷ്യായുസ്സ്

അബ്ദുല്‍ റസാക്ക് പുലാപ്പറ്റ /ലേഖനം No image

     ജീവിതത്തിന്റെ മുന്നോട്ടുളള പ്രയാണത്തിന് ഇന്ധനമാണ് വായന. അത് ജീവിതാനന്ദമാക്കിയവരും അലര്‍ജിയായി കാണുന്നവരും നമുക്കിടയില്‍ ഇല്ല എന്ന് പറയാനാകില്ല. വായിക്കാത്തവരും വായനയെ ഇഷ്ടപ്പെടാത്തവരും ചിലപ്പോഴെങ്കിലും ചിലതെങ്കിലും വായിക്കേണ്ടതായി വരും. എന്നാല്‍ വായന തന്നെ ജീവിതമാക്കിയവര്‍ വിരളമായിരിക്കും. അത്തരത്തിലുളള ഒരു വല്ല്യുമ്മയെ നമുക്ക് പരിചയപ്പെടാം. പേര് ആമിന. പാലക്കാട് ജില്ലയുടെ ഉള്‍ഗ്രാമമായ പുരമറ്റം പ്രദേശത്ത് ആയിശയുടെയും സൈതലവിയുടെയും മകളായി 1936-ലാണ് ആമിന ഉമ്മ ജനിക്കുന്നത്. നാട്ടുകാര്‍ക്ക് തുറന്ന പുസ്തകവും കുട്ടികള്‍ക്ക് നിറഞ്ഞ പുസ്തകവുമാണ് ഉമ്മ. ശാരീരിക ബലഹീനതയും പ്രായാധിക്യവും വരണ്ട് ചുളുങ്ങിയ ചര്‍മ്മവും കണ്ട് ക്ഷീണിച്ചെന്ന് പറയാന്‍ വരട്ടെ, ഒന്ന് സംസാരിച്ച് നോക്കണം ഉമ്മയോട്; മൂര്‍ച്ചയുളള വാചകങ്ങള്‍, അച്ചടി ഭംഗിയുളള ഭാഷ, ഈടുറ്റ പ്രയോഗങ്ങള്‍, കനപ്പെട്ട ഉദാഹരണങ്ങള്‍, സാഹിത്യ സമ്പുഷ്ടമായ സംസാരം, ഇതെല്ലാമാണ് ആമിന ഉമ്മ. അതുകൊണ്ടുതന്നെയാവാം പ്രായത്തിന്റെ കൊഞ്ചലും അവശതയും വാക്കുകള്‍ക്ക് ഉണ്ടായിരുന്നില്ല. ഒരു പക്ഷെ 78-ാം വയസ്സിലും എണീറ്റ് നടക്കുന്നത്, അവസാന ശ്വാസം വരെ പൊരുതിയിട്ടും പ്രാണന്‍ വെടിയുംവരെ യുദ്ധം ചെയ്തും ജീവിതത്തില്‍ തളരാത്ത അസാമാന്യ യോദ്ധാക്കളെ അവതരിപ്പിച്ച സാഹസികത നിറഞ്ഞ നോവലുകളുമായുളള കൂട്ടായിരിക്കാം.
     ഉമ്മ ജനിച്ച് ജീവിച്ച മണ്ണിനോട് പറഞ്ഞാല്‍ തീരാത്ത പ്രേമമാണ്. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമെന്ന ശ്രേഷ്ഠവാക്യത്തെ അക്ഷരംപ്രതി നെഞ്ചിലേറ്റിയിരിക്കുന്നു ഉമ്മ. ടിപ്പുസുല്‍ത്താന്റെ കുതിരക്കുളമ്പടിയേറ്റ ടിപ്പുറോഡ് കടന്നുപോകുന്ന പ്രദേശമാണ് പുലാപറ്റ. മണ്ണാര്‍ക്കാടിനെയും കൊണ്ടോട്ടിയേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായി ഇപ്പോള്‍ അത് മാറിയിരിക്കുന്നു. ജനവാസം താരതമ്യേന കുറവായിരുന്ന പ്രദേശത്ത് ചെറുകടകളും ബീഡിതെറുപ്പ് കേന്ദ്രങ്ങളും ഉണ്ടായിരുന്നതായി ഉമ്മ ഓര്‍ത്തെടുക്കുന്നു. പ്രസിദ്ധമായ കൊങ്ങാട് ചന്ത ഉമ്മയുടെ വാക്കുകളില്‍ മുഴച്ചുനിന്നിരുന്നു. മണ്ണാര്‍ക്കാട്, ചിറക്കന്‍ പടി, കല്ലടിക്കോട്, പുലാപറ്റ, മുണ്ടൂര്‍, തിരുവായക്കോട്, ശ്രീകൃഷ്ണപുരം, കുമ്പഴിപുരം തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കന്നുകാലികളെ ചന്തയിലേക്ക് കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്യുന്ന കാഴ്ച ഉമ്മയുടെ പഴയകാല ഓര്‍മകളില്‍ ഇന്നും തങ്ങിനില്‍ക്കുന്നു.
കാഞ്ഞിരപ്പുഴ ഡാമില്‍നിന്ന് പരിസരപ്രദേശങ്ങളിലേക്ക് ജലസേചന സൗകര്യാര്‍ത്ഥം നിര്‍മിച്ച ചെറുകനാലും പ്രധാനകനാലും കര്‍ഷക സംസ്‌കാരം നിറഞ്ഞുനില്‍ക്കുന്ന നെല്‍പാടങ്ങളും നീര്‍ച്ചാലുകളും പുലാപറ്റയുടെ മനോഹാരിതക്കുള്ള അഭിമാനസ്മരണകളായി ഉമ്മയുടെ മനസ്സിലുണ്ട്.
സന്തോഷാധിക്യത്താല്‍ നിറഞ്ഞാടിയ ബാല്യകാല കുസൃതികള്‍ വിവരിക്കുമ്പോള്‍ ഉമ്മാക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആവേശമാണ്. കൂട്ടുകുടാനും ഓടിക്കളിക്കാനും അടിപിടികൂടാനും എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു. ആണ്‍ പെണ്‍ സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ പലപ്പോഴും അപകടങ്ങളിലും വഞ്ചനകളിലുമാണ് എത്തിച്ചേരുന്നത്. അതിനാല്‍ സൗഹൃദത്തിനപ്പുറം ദുരുദ്ദേശ സ്പര്‍ശനങ്ങളും കൂടിച്ചേരലും ആപത്താണെന്ന് മക്കളെ പഠിപ്പിക്കേണ്ടത് വീട്ടുകാരാണെന്ന് ഉമ്മ ഉറച്ചുവിശ്വസിക്കുന്നു.
അധ്യാപകരെല്ലാം പരിഗണനയോടെ കണ്ടിരുന്ന കുട്ടിയായിരുന്നു ആമിന ഉമ്മ. കുസൃതിക്കുട്ടിയായിരുന്നെങ്കിലും പഠനത്തില്‍ മിടുക്കിയായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അഞ്ചാം ക്ലാസിലെ പുസ്തകം പഠിച്ചിരുന്നു. ഇഷ്ടവിഷയമാകട്ടെ എല്ലാവര്‍ക്കും ഇഴകിച്ചേരാന്‍ കഴിയാത്ത കണക്കും. ഓരോ ക്ലാസില്‍ പഠിക്കുമ്പോഴും തൊട്ടടുത്ത ക്ലാസിലെ കണക്കുകളും വഴങ്ങിയിരുന്നതായി ഉമ്മ പറയുന്നു: ''അഞ്ചാം തരം പാസായതോടെ പഠനം നിര്‍ത്തി. കുടുംബത്തില്‍നിന്ന് അത്രക്കൊന്നും പഠിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അധ്യാപകര്‍ നിരന്തരം വീട്ടില്‍ വന്ന് പഠനം തുടരാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.'' ഉമ്മ അല്‍പം വിങ്ങലോടെ പറഞ്ഞുവെച്ചു.
     അഞ്ചാം തരം കഴിഞ്ഞ് അധികം താമസിയാതെ തന്നെ വിവാഹവും നടന്നു. രണ്ട് വര്‍ഷത്തിനുളളില്‍ ആദ്യത്തെ കണ്‍മണി ആണായി പിറന്നു. അപ്പോഴേക്കും അമ്മാവന്മാര്‍ തളിരിട്ടുകൊടുത്ത വായന മുളച്ചുപന്തലിച്ചിരുന്നു. കുടുംബജീവിതത്തിന്റെ തിരക്കിലും വായനക്ക് ഇടം കണ്ടെത്തി. പ്രാദേശികമായി ഉണ്ടായിരുന്ന പുസ്തകപ്പുരയില്‍നിന്ന് പുസ്തകങ്ങള്‍ എടുത്ത് അരിച്ചുപെറുക്കി അവിടെത്തന്നെ കൊണ്ടുവെക്കും. വായനാപ്രിയരായ ഏതാനും പേരുടെ തിരുശേഷിപ്പിന് നന്ദി പറയുന്നു ഉമ്മ. മാതാപിതാക്കള്‍ നന്നായി വായിച്ചിരുന്നതായും അവരുടെ കനമുളള പുസ്തകങ്ങള്‍ ചുമരലമാറയില്‍ ഇടംപിടിച്ചിരുന്നതായും ഉമ്മ ഓര്‍ക്കുന്നു. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ അക്ഷരം കൂട്ടിവായിക്കാന്‍ അഭ്യസിച്ചത് മുതല്‍ രണ്ട് വര്‍ഷം മുമ്പ് കാഴ്ചകള്‍ക്ക് അതിര്‍വരമ്പ് ഇടുന്നത് വരെ തുടര്‍ന്നു വായന. വായിക്കുന്ന കാര്യത്തില്‍ പ്രായാധിക്യവും ശാരീരിക ബലഹീനതയും ലവലേശം തളര്‍ത്തിയില്ല ഈ എഴുപത്തെട്ടുകാരിയെ.
പുസ്തകങ്ങളോടുളള ഇഷ്ടത്തെ കുറിച്ച് ഉമ്മ പറയുന്നതിങ്ങനെ: ''അതേ വേണ്ടൂ. ആകെ അതിനോടാണ് പ്രിയം.'' ജീവിതത്തിന് അര്‍ത്ഥവും ബലവും ആശ്വാസവു, നല്‍കിയത് വായനയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഭൗതിക സൗകര്യങ്ങളുടെ കുറവും ഉണ്ടായിരുന്നില്ല. എങ്കിലും മനസ്സ് സങ്കീര്‍ണ്ണമായിരുന്നു. സന്തോഷം; അകല്‍ച്ച പാലിക്കുന്നത് പോലെ. എങ്കിലും വായനയാണ്. അതില്‍നിന്നൊക്കെ ആശ്വസവുമായി മാറിയത്.
വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് ഈയുളളവന്റെ ചോദ്യങ്ങള്‍ക്ക് ഉമ്മ പ്രയാസപ്പെട്ട് ചില പുസ്തകങ്ങളുടെ തലക്കെട്ടഴിച്ചു. അതില്‍ ഇടംപിടിച്ചതാകട്ടെ അധികവും സാഹസികത നിറഞ്ഞുനില്‍ക്കുന്ന ഡിറ്റക്ടീവ് നോവലുകള്‍. ആയിരത്തൊന്ന് രാവുകള്‍, പഞ്ചതന്ത്രം കഥകള്‍, ഡ്രാക്കുള, വൈദ്യുത പ്രതിഭ, വെളുത്ത ചെകുത്താന്‍, നാലുകെട്ട്, അസുരവിത്ത്, ആനറാഞ്ചല്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റെപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്നു, പാത്തുമ്മയുടെ ആട് അങ്ങനെ ഒരുപാട് പുസ്തകങ്ങള്‍. ആറ് പതിറ്റാണ്ടിലധികം പുസ്തകങ്ങളുമായുളള ചങ്ങാത്തം. വായിച്ച് തീര്‍ത്തതാകട്ടെ ആയിരക്കണക്കിന് പുസ്തകങ്ങള്‍. ആ കരുത്ത് മനസ്സിലാവാന്‍ അല്‍പം ഉമ്മയോടൊത്ത് സംസാരിച്ചാല്‍ മതി. വീട്ടില്‍ പലപ്പോഴും അഭ്യസ്തവിദ്യര്‍ക്ക് പോലും വഴങ്ങാത്ത പദങ്ങളാണത്രെ ഉപയോഗിക്കാറുണ്ടായിരുന്നത്. മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയാണ് പതിവെന്നും മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
     വിശുദ്ധഖുര്‍ആനില്‍നിന്ന് ഏറെഭാഗവും മന:പാഠമായിരുന്നു എന്നുകൂടിയറിയുമ്പോള്‍ നമ്മള്‍ സ്തംഭിച്ച്‌പോകും. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം ''തഫ്ഹീമുല്‍ ഖുര്‍ആന്‍'' ഏറെ വിജ്ഞാനം പകര്‍ന്നു തന്നതായി ഉമ്മ പങ്കുവെക്കുന്നു.
വായിച്ച പുസ്തകങ്ങളില്‍ ശ്രദ്ധേയമായത് ഏതെന്ന ചോദ്യത്തിന് ഉത്തരം ഒരു പാടുണ്ട്. അതില്‍ മികച്ച് നില്‍ക്കുന്നത് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തന്നെ വഅളുക (ഖുത്വുബാത്ത്)ളാണെന്നും മനസ്സിന്റെ മാലിന്യങ്ങളെ തൊട്ടറിയാനും ചെയ്തുകൊണ്ടിരിക്കുന്ന മൂഢപ്രവര്‍ത്തനങ്ങളുടെ ആഴമറിയാനും സാധിച്ചത് ആ പുസ്തകത്തിലൂടെയാെണന്ന് ആവേശത്തോടെ ഉമ്മ പറഞ്ഞു.
     വായിച്ച് സ്വയം സായൂജ്യം കൊളളുകയല്ല അന്നത്തെ രീതി. ടി.വിയും റേഡിയോയും പ്രചാരത്തില്‍ വരാത്ത കാലമായതിനാല്‍ മനുഷ്യന് ഉണ്ടായ ഏകാശ്രയം രാക്കഥകളാണ്. എന്നാല്‍ രാകഥകളെ വെല്ലുന്ന പാട്ടും കഥയും ഉമ്മ സമ്മാനിച്ചിരുന്നു. ഇതിനായി വിവിധ പ്രദേശങ്ങളില്‍നിന്നും ആണ്‍ കൂട്ടങ്ങളും പെണ്‍കൂട്ടങ്ങളും ഉമ്മയുടെ വീട്ടില്‍ വരികയും ഉമ്മ വായിക്കുന്നത് കൂടിയിരുന്നു കേള്‍ക്കുകയും ചെയ്യുന്നത് പതിവായിരുന്നത്രേ. അറബി-മലയാളം വായിക്കാനറിയുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഉമ്മ. ബദര്‍പാട്ട്, ഉഹ്ദ്, സൈദ് പട, സുലൈമാന്‍ നബി, ഹിള്ര്‍ നബി എന്നീ വിഷയങ്ങളെല്ലാം വായനയിലും പാട്ടിലും ഇടംപിടിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top