ഇരുട്ടിന്റെ കഥ തന്ന വെളിച്ചം

മലിക മറിയം.വി /എഴുത്തുകാരി No image

      മുസ്‌ലിം പെണ്ണ് എഴുതിയ നോവല്‍ എന്ന കൗതുകത്തോടും ആകാംക്ഷയോടും പിന്നെ, സത്യം പറഞ്ഞാല്‍ ഒട്ടനവധി മുന്‍വിധികളോടും കൂടിയാണ് 'രണ്ടാം യാമങ്ങ'ളുടെ കഥ എന്ന സാമാന്യം കട്ടിയുള്ള പുസ്തകം 'ബുക്ക് ഹൗസ് തപ്പിത്തിരച്ചില്‍' എന്ന ഇടക്കിടെയുള്ള കലാപരിപാടിക്കിടയില്‍ സ്വന്തമാക്കാന്‍ തീരുമാനിക്കുന്നത്. ഒരു പുസ്തകം വാങ്ങണമെങ്കില്‍ എന്തെല്ലാം ആലോചിക്കണം! ആദ്യം ഏതു പുസ്തകവും കാണുമ്പോള്‍ ഒരാക്രാന്തമാണ്. വാങ്ങിയിട്ടുതന്നെ ബാക്കിക്കാര്യം എന്നാലോചിച്ചു അടുത്തുചെന്ന് തിരിച്ചും മറിച്ചും നോക്കി, അവതാരിക ഒരു കഷ്ണം വായിച്ച്, വില ഒളിഞ്ഞുനോക്കി, പേജുകള്‍ മറിച്ച് കണക്കെടുത്ത്, എഴുത്തുകാരനെ അളന്ന് ഒരഞ്ചുമിനുട്ട് കഴിയുമ്പോഴേക്കും തോന്നും, അല്ലെങ്കി ഇപ്പോ വാങ്ങണോ? എന്താ വില? ആരെയെങ്കിലും കയ്യിലുണ്ടാകുമല്ലോ, അത്ര സംഭവമൊന്നുമുണ്ടാകില്ല. 'ഇന്നാള് ഇങ്ങനെ വാങ്ങിയതില് എത്രയെണ്ണം വായിച്ചു എന്നൊക്കെ പിന്നെ വിപ്ലവരാഹിത്യത്തിന്റെ നിമിഷങ്ങളാണ്. ഒടുക്കം എടുക്കാതെ പോരും. അത്രതന്നെ. പക്ഷേ, മുസ്‌ലിം പെണ്ണിന്റെ പുസ്തകമോ അവളെപ്പറ്റിയുള്ള പുസ്തകമോ ആണെങ്കില്‍ എന്തോ ഒരു അടുപ്പവും അകല്‍ച്ചയും ഒരുപോലെ തോന്നാറുണ്ട്. ഒന്നുമില്ലെങ്കിലും നമ്മളെപ്പറ്റിയാണല്ലോ കരക്കാര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് തോന്നും. മുന്‍വിധിയോടെ പുസ്തകം കയ്യിലെടുത്ത് പുറംചട്ട നോക്കും. അവര്‍ക്കും മുന്‍വിധിയൊക്കെത്തന്നെ ആണെന്നു കണ്ടാല്‍ സന്തോഷത്തോടെ തിരിച്ചുവെക്കും. വാങ്ങേണ്ടല്ലോ, ഭാഗ്യം.
     അങ്ങനെയൊക്കെയുള്ള ഞാനാണ് അങ്ങനെയൊക്കെത്തന്നെ ഇരിക്കുന്ന പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് 'രണ്ടാം യാമങ്ങ'ളുടെ കഥ തപ്പിയെടുക്കുന്നത്. ചട്ടനിറയെ കറുപ്പാണ്. പര്‍ദ്ദക്കറുപ്പ്. പിന്നെ ബുര്‍ഖക്കുള്ളില്‍ നിന്നും ഒരുപാട് കണ്ണുകള്‍. കരയുന്നവ, ഭയപ്പെട്ടവ, നിസ്സംഗപ്പെട്ടവ, മുഖം പൊത്തിയവ, ചിരിക്കുന്നതുണ്ടോ? ഒരു സംശയംപോലെ. അതും ഉണ്ട്. പിന്‍ചട്ടയില്‍ വിവര്‍ത്തനം ചെയ്ത ആറ്റൂര്‍ രവിവര്‍മയുടെ വരികള്‍ക്കിടയില്‍ ഒരു വരി; ''മൂടിവെക്കല്‍ കലയും സൗന്ദര്യവും സന്മാര്‍ഗവുമായിരിക്കുന്ന സമുദായത്തില്‍ വെളിപ്പെടുത്തലിന്റെ സ്വാതന്ത്ര്യവും ആരോഗ്യവും കാട്ടുന്നതാണ് ചെറുപ്പക്കാരികളുടെ ഭാഷ''. രണ്ടുമൂന്നു വാക്കുകള്‍ക്കൊണ്ടു തന്നെ ഞാനും ഒരു തീരുമാനത്തിലെത്തി. എങ്കിലും മുസ്‌ലിം പെണ്ണിന്റെ നോവല്‍ ആണ്, പെണ്മയുടെ ലോകമാണ് എന്ന കൗതുകത്തോടെ നോവലിലേക്കിറങ്ങുമ്പോള്‍ മുന്‍വിധികള്‍ തകര്‍ന്നുതരിപ്പണമാകുന്നത് അടങ്ങാത്ത ആഹ്ലാദത്തോടെ ഞാന്‍ അറിഞ്ഞു.
     രാജാത്തി റൊക്കമ്മ എന്ന സല്‍മ തമിഴില്‍ തീക്ഷ്ണമായ വരികള്‍കൊണ്ട് സ്വയമൊരു കാവ്യലോകം പണിഞ്ഞവരാണ്. 'രണ്ടാം യാമങ്ങ'ളുടെ കഥ അവരുടെ ആദ്യ നോവലാണ്. ഒരു തമിഴ് കുഗ്രാമത്തിലെ മുസ്‌ലിം ജീവിതങ്ങളുടെ, അതും സ്ത്രീകളുടെ കഥ. വെറും സാധാരണക്കാരുടെ ജീവിതം ഇവിടെ അനാവൃതമാകുന്നു. കുഞ്ഞുപെണ്‍കുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെയുള്ളവരുടെ ജീവിതം. മണിരത്‌നത്തിന്റെ 'ബോംബെ' സിനിമയിലൊക്കെ കണ്ടിട്ടുള്ളപോലെയുള്ള തമിഴ് മുസ്‌ലിം വീടും അന്തരീക്ഷവും പിന്നെ നോവല്‍ കഴിയുവോളം നമ്മുടെയും ഇടമാകുന്നു. ആ തെരുവിലൂടെ നമ്മളും നടക്കുന്നു.
     കൊച്ചുപെണ്‍കുട്ടിയായ റാബിയയുടെ മനസ്സിലൂടെയാണ് കഥ ഒട്ടുമിക്കവാറും നീങ്ങുന്നത്. അവള്‍, അവളുടെ ഉമ്മ സുഹ്‌റ, പെരിയമ്മ റൈമ, റൈമയുടെ മകള്‍ വഹീദ (അവര്‍ റാബിയയുടെ പ്രിയപ്പെട്ട അക്കയാണ്) അമ്മായി സഫിയ, റാബിയയുടെ കൂട്ടുകാരി മദീന, അവളുടെ അക്ക ഫരീദ, അവരുടെ ഉമ്മ സൈനു, നാത്തൂന്‍ മുംതാസ് തുടങ്ങി പലതരം സ്ത്രീകളെ ഈ നോവലില്‍ കാണാം. അവരുടെ അടുക്കളകളിലും അയല്‍പക്കങ്ങളിലും മുന്നിലെ ഇത്തിരിപ്പോന്ന തെരുവിലും മരണവീടുകളിലും കല്ല്യാണവീടുകളിലും ഒക്കെയായി ജീവിതം മെല്ലെ മെല്ലെ പുരോഗമിക്കുന്നു. അവരില്‍ ചിലര്‍ പാവങ്ങളാണ്. ചിലര്‍, പാപക്കറ പുരണ്ടവരും. മറ്റു ചിലര്‍ തന്ത്രക്കാരികളുമാണ്. പരസ്പരം ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്നുണ്ട്. തന്റേടികളും കലഹക്കാരികളും ഉണ്ട്. അതോടൊപ്പം പറഞ്ഞറിയിക്കാനാവാത്തവിധം നിസ്സഹായരുമാണ് അവരോരോരുത്തരും. എന്നാലോ ഇവരുടെയൊക്കെ മുകളില്‍ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സമുദായ നേതൃത്വവും തിരശ്ശീലക്കപ്പുറത്താണ്. അവരുടെ സാന്നിധ്യവും നോവലിലുണ്ടെങ്കിലും സത്യസന്ധ്യമായ സ്ത്രീജീവിതത്തിന്റെ തെളിച്ചത്താല്‍ അവരെല്ലാം നിഷ്പ്രഭരായിപ്പോവുന്നുണ്ട്. മുസ്‌ലിം ജീവിതം, ശരിക്കുപറഞ്ഞാല്‍ കുഗ്രാമത്തിലെ തമിഴ് മുസ്‌ലിം ജീവിതം അവര്‍ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്നു. ആവേശമോ വിമര്‍ശനമോ വികാരത്തള്ളിച്ചയോ എവിടെയും കാണുന്നില്ല. മറ്റൊരു സ്ഥലത്തും സാഹചര്യത്തിലുമായിട്ടും അതിലെ മുസ്‌ലിം ജീവിതം നമ്മുടെ നാട്ടിലെ മുസ്‌ലിം പെണ്ണുങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട്. നമ്മുടെയൊക്കെ ജീവിതം എന്നു നമുക്ക് പറയാനാകുന്നുമുണ്ട്.
     ആറ്റൂരിന്റെ തന്നെ വരികളെടുക്കാം: ''മലയാളത്തിലെ നോവലുകളിലും നാടകങ്ങളിലും കണ്ട മുസ്‌ലിം കഥാപാത്രങ്ങളും സംഭവങ്ങളും- വൈക്കം മുഹമ്മദ് ബഷീറിന്റെയോ ശ്രീ എന്‍.പി മുഹമ്മദിന്റെയോ മറ്റോ ഒഴിച്ച്- ആദര്‍ശത്തിന്റെ വെള്ള തേച്ചതോ അത്യുക്തി കലര്‍ന്നതോ ലളിതവത്ക്കരിച്ചതോ ആയിരുന്നു. കാല്‍പനികതയിലായാലും യഥാര്‍ഥത്തിലായാലും ആഗ്രഹമനുസരിച്ച രൂപങ്ങളോ കോമാളി വേഷങ്ങളോ ആയിരുന്നു അവരെന്ന് ഇന്നു തോന്നുന്നു. ആണ്‍ കണ്ണാണ് അവയില്‍. ഹിന്ദു - മുസ്‌ലിം മൈത്രി അവരുടെ മേല്‍ ഒട്ടിച്ചുവിട്ടിരുന്നു. മാപ്പിളയുടെ പുറംലോകം ആണ് മുഖ്യമായും അവയില്‍ കണ്ടത്. ഉച്ചാരണത്തിന്റെയും ശൈലിയുടെയും ശരീരഭാഷയുടെയും അടയാളങ്ങളിലൂടെ എന്നാല്‍ ഈ പരിമിതിയെ സല്‍മയുടെ കാവ്യഭംഗിയുള്ള വരികള്‍ മറികടക്കുന്നത് അനുഭവത്തിന്റെ സത്യസന്ധത കൊണ്ടും വാക്കുകളുടെ ഒതുക്കം കൊണ്ടുമാണ്.'' ഒരു നോവല്‍ സര്‍വ്വാംഗീകൃതമാവാന്‍ വേണ്ട മാര്‍ഗങ്ങളൊന്നും അവര്‍ ഈ നോവലില്‍ അവലംബിച്ചില്ല. അതുകൊണ്ടുതന്നെയായിരിക്കാം പുസ്തകം അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയത്. മറ്റൊരിടത്ത് ഈ എഴുത്തുകാരി തന്നെ ഈ കൃതി സൂക്ഷ്മതയോടെ അവഗണിക്കപ്പെട്ടതിനെക്കുറിച്ച് പറയുന്നുണ്ട്. മലാലമാരുടെയും അയാന്‍ ഹിര്‍സിമാരുടെയും പ്രതിരോധകഥകള്‍ വിപണി ഒരേ മനസ്സോടെ വിറ്റഴിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോള്‍ അത്തരം ഉദ്യമങ്ങള്‍ പലവഴിക്ക് പലഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ട് കോളറ പോലെ പടര്‍ന്ന് പോകുമ്പോള്‍ ഒരു അംഗീകൃത ഇന്ത്യന്‍ കവയിത്രി, അതും മുസ്‌ലിം സ്വാനുഭവങ്ങളുടെ നിറംപകര്‍ത്തി എഴുതിയ നോവല്‍ അപ്രസക്തമാക്കപ്പെട്ടതിന്റെ രാഷ്ട്രീയം നമുക്കറിയാവുന്നതൊക്കെ തന്നെയാണ്.
     എഴുതുകയാണെങ്കില്‍, പൊട്ടിത്തെറിക്കുകയാെണങ്കില്‍, പൗരോഹിത്യമേല്‍ക്കോയ്മയോടും പുരുഷ കേന്ദ്രീകൃത കുടുംബ സാമൂഹിക വ്യവസ്ഥയോടും കൂടുതല്‍ കലഹിക്കുവാന്‍ സല്‍മക്കാണ് അവകാശം. പതിമൂന്നാം വയസ്സില്‍ സിനിമ കാണാന്‍ കൂട്ടുകാരികളോടൊത്ത് കൊട്ടകയില്‍ കയറിയ അന്ന് അവസാനിച്ചതാണ് രാജാത്തിയുടെ സ്വതന്ത്ര ജീവിതം. പിന്നീട് അവര്‍ വീട്ടുതടങ്കലിലായ പോലെയായിരുന്നു. വിദ്യാഭ്യാസം അതോടെ അവസാനിച്ചു. വിവാഹം വരെയുളള ദിനങ്ങളില്‍ അവര്‍ കടുത്ത ഏകാന്തത അനുഭവിച്ചു. ആ ഏകാന്തതയാണ് അവരുടെ ഭാവനയേയും ഭാഷയേയും മിനുക്കിയെടുത്തത്. കിട്ടുന്നതെല്ലാം- അത് സാധനം പൊതിഞ്ഞുകൊണ്ടുവന്ന പത്രമാണെങ്കിലും - ഒരുവാക്കും വിടാതെ അവര്‍ വായിച്ചു. എഴുതിയത് മറ്റാരും അറിയാതിരിക്കാന്‍ സല്‍മ എന്ന പേരില്‍ ഉപ്പവഴി അയച്ചുകൊടുത്തു.
പലതും പ്രസിദ്ധീകരിച്ച് വന്നു. ഒടുവില്‍ നിരന്തരമായ വിവാഹസമ്മര്‍ദ്ധങ്ങളെ തടുത്ത് മാറ്റിയപ്പോള്‍ ഉമ്മ അറ്റാക്കെന്ന സിനിമാ ടെക്‌നിക്ക് എടുത്ത് വിവാഹത്തിന് സമ്മതിപ്പിച്ചു. വിവാഹാനന്തരം 'രാജാത്തി' എന്ന പേര് മുസ്‌ലിമിന് കുറവായതിനാല്‍ ഭര്‍ത്യവീട്ടുകാര്‍ 'റൊക്കയ' എന്നാക്കി. കവിത എഴുതുന്നത് ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ വരികളിലെ തീക്ഷ്ണതയും ഒളിവില്ലായ്മയും അയാള്‍ക്ക് മുമ്പില്‍ തെളിഞ്ഞപ്പോള്‍ ഭീഷണിയായി. എഴുതിയ പലതും അയാള്‍ കത്തിച്ച് കളഞ്ഞു. ഒടുക്കം മുഖത്ത് ആസിഡ് ഒഴിക്കുമെന്നായി. മകനെ മുഖത്തോട് ചേര്‍ത്തുവെച്ചാണ് അവര്‍ പിന്നീട് ഉറങ്ങിയത്. മകനെ അയാള്‍ ഉപദ്രവിക്കില്ലെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ശേഷം സ്ത്രീ സംവരണത്തോടുകൂടി വന്ന ഒരു ടൗണ്‍ പഞ്ചായത്ത് തെരഞ്ഞടുപ്പിന് ഭര്‍ത്താവ് ആവശ്യപ്പെട്ടത് പ്രകാരം അവര്‍ നില്‍ക്കുകയും ജയിക്കുകയും ചെയ്തു. ഒരു നിമിഷത്തെ ആ തീരുമാനം അവരുടെ ജീവിതത്തെ തന്നെ മാറ്റി. പതിയെ പതിയെ ആര്‍ജ്ജവമാര്‍ജ്ജിച്ച് അവര്‍ ഏറ്റെടുത്ത സ്ഥാനം ഭംഗിയായി നിര്‍വ്വഹിച്ചു. ഇതിനിടെ പ്രശസ്തിയാര്‍ജ്ജിച്ച 'എഴുത്തുകാരി സല്‍മ രാജാത്തി റൊക്കയയാണെന്ന് പുറംലോകമറിഞ്ഞു'. അറിഞ്ഞപ്പോള്‍ നാട്ടിലുണ്ടായ കോലാഹലം വേറെ. എങ്കിലും കര്‍തൃത്വത്തിന്റെ പുതിയ മേഖലയിലേക്ക് കടന്ന അവരുടെ ജീവിതം ഒരു തിരിച്ചുപോക്കിനും തളര്‍ച്ചക്കും സാധ്യതയില്ലാത്ത വിധം ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു. ഇത്രയെല്ലാം തീക്ഷ്ണമായ അവരുടെ ജീവിതാനുഭവങ്ങളിള്‍ പലതും ഈ നോവലില്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന് കൂട്ടുകാരോടൊപ്പം സിനിമക്ക് പോവുന്നതൊക്കെ. പക്ഷെ, അതൊക്കെ വിവരിക്കുമ്പോള്‍ പോലും ഭാഷയുടെ ഒതുക്കവും വികാരങ്ങളിലെ അമര്‍ച്ചയും ഇതവരുടെ അനുഭവങ്ങള്‍ തന്നെ എന്ന് സംശയിച്ചുപോകും. ഇതൊരു ആഹ്വാന പുസ്തകമല്ല എന്നത് തന്നെ അതിന്റെ കാരണം. ആദ്യവരി തൊട്ട് അവസാന വരിവരെ തെളിഞ്ഞ നോവലാണത്.
ആറ്റൂര്‍ തന്നെ മറ്റൊരിടത്ത് പറയുന്നത് ശ്രദ്ധേയമാണ്: ''ഫെമിനിസ പ്രത്യയശാസ്ത്രമനുസരിച്ച് ചമച്ചവയല്ല സല്‍മയുടെ കഥാവ്യക്തിത്വങ്ങള്‍. എന്നാല്‍ ഈ കൃതിയില്‍ ആഴത്തില്‍ പെണ്മയെ പറ്റിയുളള ചരിത്രവും വര്‍ത്തമാനവും പാഠങ്ങളും ബോധവും പ്രവര്‍ത്തിക്കുന്നുണ്ട്. അത്രയേറെ തന്മയത്വത്തോടെ തമിഴ് മുസ്‌ലിം ജീവിതങ്ങളെ അവതരിപ്പിച്ചിട്ടും ഈ നോവല്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ അതില്‍ നമ്മള്‍ വിഷമിക്കേണ്ടതുണ്ട്. നാമോരോരുത്തരും മുസ്‌ലിം സ്ത്രീകളെ, എഴുത്തുകാരികളെ ഇത്തരമൊരു എഴുത്തിലേക്ക് ക്ഷണിച്ചിട്ടും സാഹിത്യത്തിലെ മുസ്‌ലിം ജീവിത അഭാവത്തെ ചൊല്ലി പരാതി പറഞ്ഞിട്ടും ഇത്തരം ഒരു നോവല്‍ അശ്രദ്ധമാക്കപ്പെട്ടു എന്നുളളത് വേദനിപ്പിക്കുന്നതാണ്.''
     റാബിയയുടെയും അവളുടെ ചുറ്റുമുളളവരുടെയും കഥ രണ്ടാം യാമങ്ങളുടേതാണ്. അതായത് പാതിരാ കഴിഞ്ഞനേരം കനത്ത അന്ധകാരമാണ് അവിടെ കൂട്ട്. ഇത്തിരി വട്ടത്തില്‍ ഒതുങ്ങിയ അവരോരുത്തരും ഒരായുസ്സിന്റെ ശ്വാസംമുട്ടലനുഭവിക്കുന്നുണ്ട്. ഉമ്മയുടെ കൈയില്‍നിന്നും വിഷം വാങ്ങിക്കുടിച്ച് ജീവിതമവാസാനിപ്പിക്കേണ്ടി വന്ന ഫിര്‍ദൗസ്, കുടുംബത്തിനകത്ത് നടന്ന ആരംഭകല്യാണത്തിന് മണവാട്ടിയായി കിനാവ് മുറിഞ്ഞു പോയ വഹീദ, ബുദ്ധിയില്ലാത്ത ഇരട്ടക്കുട്ടികളുമായി കഷ്ടപ്പെടുന്ന സൈനു, ഒരേ പുരുഷന്റെ രണ്ട് വ്യത്യസ്ത ഇരകളായ സുഹറയും മാരിയായും... അങ്ങനെ ഒരുപാട് പെണ്‍ ജീവിതങ്ങള്‍. കനല്‍പാടുളള വഴികളെങ്കിലും ആ തെരുവിലൂടെ നടന്നാല്‍ കല്ല്യാണത്തിന് കൂടാം. കുറച്ച് മുണുമുണുപ്പ് കേള്‍ക്കാം. മരണവീട്ടില്‍ ചെന്ന് വ്യസനിക്കാം. പിന്നെ തമിഴ് മുസ്‌ലിം സവിശേഷമായ രുചിയുളള ഒട്ടനവധി ആചാരങ്ങളില്‍ പങ്കാളിയാവാം. പരിഭാഷയില്‍ തമിഴ് തനിമ ഒട്ടും ചോരാതെ നോക്കുന്നതില്‍ ആറ്റൂര്‍ രവിവര്‍മ വിജയിക്കുന്നുണ്ടെങ്കിലും വായിച്ചു തീരുമ്പോള്‍ ഒരു സങ്കടം മാത്രം ബാക്കി. ഈ നോവല്‍ മൂലഭാഷയില്‍ - ശുദ്ധതമിഴില്‍ - വായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top