പെണ്‍ മികവിന്റെ മലേഷ്യന്‍ മാതൃക

മുനീര്‍ മുഹമ്മദ് റഫീഖ് /ഫീച്ചര്‍ No image

     ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഉസൂലൂദ്ദീന്‍ ആന്റ് കംപാരറ്റീവ് റിലീജ്യനില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് പ്രമുഖ പണ്ഡിത കമര്‍ ഓനിയ കമറുസ്സമാനെ പരിചയപ്പെടുന്നത്. ഇന്ത്യയിലെ മതങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ മാസ്റ്റര്‍ തിസീസിന് പഠനം നടത്തവെ കേരളത്തിലെ ഹൈന്ദവ-മുസ്‌ലിം സമുദായങ്ങള്‍ക്കിടയിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തെ സംബന്ധിക്കുന്ന ഒരു റിസര്‍ച്ച് പ്രൊപ്പോസലുമായാണ് യൂണിവേഴ്‌സിറ്റിയിലെ മത താരതമ്യ പഠന വിഭാഗത്തിലെ കമര്‍ ഓനിയ കമറുസ്സമാനെ കാണാന്‍ ചെല്ലുന്നത്. പല പ്രാവശ്യം ഫോണില്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അനുവദിച്ച സമയത്തായിരുന്നു കൂടിക്കാഴ്ച. എന്റെ റിസര്‍ച്ച് പ്രൊപ്പോസല്‍ വായിച്ച ശേഷം അവരുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. 'a research proposal is not a Khuthuba' (റിസര്‍ച്ച് പ്രൊപോസല്‍ ഒരു ഖുതുബയല്ല) ചെയ്യാന്‍ ഉദ്ദേശിക്കുന്ന പഠനത്തെ കുറിച്ചുള്ള എന്റെ പ്രൊപോസല്‍ അക്കാദമിക നിലവാരത്തിലുള്ളതായിട്ടില്ലെന്ന് സാരം. ഒരു അക്കാദമിക പഠനം എങ്ങനെയായിരിക്കണമെന്നുള്ള പ്രാഥമിക നിര്‍ദേശങ്ങള്‍ തന്ന്, ഒരിക്കല്‍ കൂടി പ്രൊപോസല്‍ എഴുതി സമര്‍പ്പിക്കാന്‍ പറഞ്ഞ് എന്നെ പ്രൊഫസര്‍ യാത്രയാക്കി. മതതാരതമ്യ പഠനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതരില്‍ ഒരാളായ കമര്‍ ഓനിയ കമറുസ്സമാനുമായുള്ള ആദ്യ കൂടിക്കാഴ്ച ഇങ്ങനെയായിരുന്നു.
     പേര് മാത്രമല്ല, പ്രകൃതവും സംസാരശൈലിയുമെല്ലാം പുരുഷന്മാരുടേതു പോലെ തികഞ്ഞ തന്റേടമാണ് പ്രൊഫസര്‍ക്ക്. അറുപത് വയസ്സിനോടടുത്തേ പ്രായമുമുള്ളുവെങ്കിലും അതില്‍ കൂടുതല്‍ തോന്നിക്കും. കാര്യങ്ങള്‍ വളരെ വ്യക്തമായും ദൃഢമായും തുറന്നു പറയുന്ന പ്രകൃതം. പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ അല്‍പം പോലും മടിയില്ല. ആദ്യ കൂടിക്കാഴ്ചക്ക് ശേഷം അവരുടെ തന്നെ വിദ്യാര്‍ത്ഥിയായി ഒരു സെമസ്റ്ററില്‍ പഠിക്കാനും അവരുമായി വൈജ്ഞാനിക ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും പിന്നീട് ഭാഗ്യമുണ്ടായി.
     മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് റിവീല്‍ഡ് നോളജ് ആന്റ് ഹെറിറ്റേജ് കുല്ലിയ്യയിലെ അസോസിയേറ്റ് പ്രൊഫസറാണ് മലേഷ്യന്‍ പൗരയായ കമര്‍ ഓനിയ കമറുസ്സമാന്‍. അക്കാദമിക രംഗത്തെ പെണ്‍മികവിന് ആധുനികലോകത്ത് ഒരുത്തമ മാതൃകയാണിവര്‍. വൈജ്ഞാനിക മേഖലയില്‍ ജീവിതം ഉഴിഞ്ഞു വെച്ച് വാര്‍ധക്യത്തിലേക്കു കാലെടുത്തു വെക്കുന്ന ഈ പണ്ഡിത അവിവാഹിതയാണ്. സന്താനങ്ങളും ദാമ്പത്യവും ഭര്‍ത്താവുമൊന്നും തന്റെ ചിന്തയില്‍ ഇല്ലെന്ന് തുറന്നു പറയുന്ന ഇവര്‍ പ്രണയിച്ചതും സ്‌നേഹിച്ചതും പുസ്തകങ്ങളെയും എഴുത്തിനെയുമാണ്. കുട്ടികള്‍ക്കും ദാമ്പത്യത്തിനും വേണ്ടി ചിലവഴിക്കുന്ന സമയം വിജ്ഞാന രംഗത്ത് വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ഇവര്‍ സാധാരണ സ്ത്രീകള്‍ക്കുണ്ടായേക്കാവുന്ന അത്തരം ചിന്തകള്‍ തന്നെ അലട്ടുന്നില്ലെന്ന് നിസ്സങ്കോചം പറയാറുണ്ട്.
     പൊതുരംഗത്തെ സ്ത്രീപങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള രാജ്യമാണ് മലേഷ്യ. വിദ്യാഭ്യാസ-ഉദ്യോഗ-കച്ചവട രംഗങ്ങളിലെല്ലാം സ്ത്രീകള്‍ സമൂഹത്തിന്റെ നല്ലപാതിയായിത്തന്നെ നിലകൊള്ളുന്നു. മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയുടെ റെക്ടറും അധ്യാപകരില്‍ പകുതിയിലധികവും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളില്‍ അധികവും സ്ത്രീകളാണ്. എന്നാല്‍ അവിടെയും ഒരുപിടി മുന്നിലാണ് കമര്‍ ഓനിയ. മലേഷ്യയില്‍ എന്നല്ല, ആഗോളതലത്തില്‍ തന്നെ മതതാരതമ്യ ചര്‍ച്ചകളിലും ഇന്റര്‍ ഫെയ്ത് ഡയലോഗുകളിലും ബഹുസ്വരസമൂഹത്തിലെ സമാധാനപരമായ സഹവര്‍ത്തിത്വം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളിലും അക്കാദമിക രംഗത്തെ പ്രതിനിധീകരിച്ച് കമര്‍ ഓനിയ സ്ഥിരസാന്നിധ്യമാണ്.
     ആധുനിക ലോകത്തെ പ്രഗത്ഭ പണ്ഡിതനും ഇസ്‌ലാമേസേഷന്‍ ഓഫ് നോളജിന്റെ വക്താവുമായി അറിയപ്പെടുന്ന ഇസ്മായില്‍ റാജി ഫാറൂഖിയുടെ ശിക്ഷണമാകാം പഠനമേഖലയില്‍ പല പുരുഷഗവേഷകരെയും പണ്ഡിതന്മാരെയും പിന്നിലാക്കി കമര്‍ ഓനിയയെ മുന്‍നിരയില്‍ എത്തിച്ചത്. കംപാരറ്റീവ് റിലീജ്യനില്‍ ലോകത്തെ എണ്ണം പറഞ്ഞ സ്‌കോളറില്‍ ഒരാളാണ് കമര്‍ ഓനിയ. അനേകം വിദേശ രാജ്യങ്ങളില്‍ അക്കാദമിക സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അവര്‍ അത്തരമൊരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലും എത്തിയിരുന്നു. പ്രൊഫസറെ കുറിച്ച് മനസ്സിലാക്കിയ ക്രിസ്ത്യന്‍ വിഭാഗക്കാരാണ് അന്ന് അവരെ കേരളത്തിലേക്ക് ക്ഷണിച്ചത്. മതതാരതമ്യ പഠനരംഗത്തെ എക്കാലത്തെയും മികച്ച പ്രഗല്‍ഭ പണ്ഡിതന്മാരായ അല്‍ ബിറൂനി, ഇബ്‌നു ഹസം, ശിഹിരിസ്താനി തുടങ്ങിയവരെ കുറിച്ചും അവരുടെ വൈജ്ഞാനിക സംഭാവനകളെ കുറിച്ചും ആഴത്തില്‍ പഠനം നടത്തിയ വ്യക്തിത്വവുമാണവര്‍.
     ഇന്ററാക്റ്റീവ് മുസ്‌ലിം അസോസിയേഷന്‍ (IMAN) എന്ന തന്റെ ബ്ലോഗിലൂടെ അഗോള മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച ചര്‍ച്ചകളിലൂടെ സൈബര്‍ ലോകത്തും സജീവയാണ് കമര്‍ ഓനിയ. മലേഷ്യന്‍ സമൂഹത്തില്‍ മാത്രമല്ല, പാശ്ചാത്യലോകത്ത് ഇസ്‌ലാമുമായി ബന്ധപ്പെട്ട ബൗദ്ധിക ചര്‍ച്ചകളിലും കമര്‍ ഓനിയയുടെ ശബ്ദമുണ്ട്. ഇസ്‌ലാം സ്വീകരിച്ച നിരവധി പാശ്ചാത്യ വനിതകളുടെ ചോദ്യങ്ങളും അവക്ക് കമര്‍ ഓനിയാ നല്‍കിയ മറുപടികളും ബ്ലോഗില്‍ ഏവര്‍ക്കും വായിക്കാം. Early Muslim Scholarship in Religion swissenchaft; The works of Al Briuni, Understanding Islam: Contemparary Discourses, Religion & Pluralistic coexistence: The Muhibbah Perspective, എന്നിവ ഇവരുടെ പ്രധാന പുസ്തകങ്ങളാണ്.

(മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പി.ജി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top